ക്രിസ്തുവിനെ മാതൃകയാക്കാം! രോഗീപരിചാരകരോട് പാപ്പാ ഫ്രാന്‍സിസ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. രോഗികളോടും പാവങ്ങളോടും ക്രിസ്തു കാണിച്ച ഊഷ്മളത
നല്ല സമറിയക്കാരനായ ക്രിസ്തുവിന്‍റെ മാനുഷിക ഊഷ്മളതയും വ്യക്തിഗത സമീപനവും സഭയുടെ രോഗീപരിചരണമേഖലയില്‍ അനിവാര്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ്. ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍ ഫെബ്രുവരി 11-Ɔο തിയതി ചൊവ്വാഴ്ച സഭ ആചരിച്ച ലോക രോഗീദിനത്തോട് (World Day of the Sick) അനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായി നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ സമാശ്വസിപ്പിക്കാം...” എന്ന വിശുദ്ധ മത്തായുടെ സുവിശേഷം രേഖപ്പെടുത്തുന്ന ക്രിസ്തുവിന്‍റെ വാക്കുകളെ അധികരിച്ചാണ് പാപ്പാ സന്ദേശം നല്കുന്നത്.” (മത്തായി 11, 28).
2. സകലര്‍ക്കും ലഭ്യമാകേണ്ട യേശുവിന്‍റെ കാരുണ്യം
ഇന്നിന്‍റെ സാമൂഹ്യസാഹചര്യങ്ങളും, പീഡിപ്പിക്കുന്ന സാമൂഹികചട്ടങ്ങളും മുലം ക്ലേശിക്കുകയും പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ചെയ്യുന്ന പാവങ്ങളും, രോഗികളും, പാപികളുമായ നമ്മുടെ സഹോദരങ്ങള്‍ക്ക് ക്രിസ്തുവിന്‍റെ ഐക്യദാര്‍ഢ്യത്തിന്‍റെയും സാന്ത്വനത്തിന്‍റെയും വചനം സമാശ്വാസവും പ്രത്യാശയും പകരണമെന്ന് പാപ്പാ സന്ദേശത്തിന് ആമുഖമായി പ്രസ്താവിച്ചു. ക്രിസ്തു സാന്നിദ്ധ്യവും കാരുണ്യവും ജനങ്ങളെ അവരുടെ സമഗ്രതയില്‍ ആശ്ലേഷിക്കണം. പ്രത്യേകിച്ച് രോഗാവസ്ഥയില്‍ ക്ലേശിക്കുന്നവര്‍ക്ക് അവിടുത്തെ കരുണാര്‍ദ്രമായ സ്നേഹത്തിലും അവിടുത്തെ ദൈവിക ജീവനിലും പങ്കുചേരുന്ന അനുഭവം ലഭ്യമാക്കാന്‍ രോഗീശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും സാധിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.
3. മാനുഷിക വ്യഥകളെക്കുറിച്ച് അവബോധമുള്ളവര്‍
സ്വയം വിനീതഭാവം സ്വീകരിച്ച് മനുഷ്യനായി അവതരിച്ച ക്രിസ്തു മാനുഷികമായ ക്ലേശങ്ങള്‍ സഹിക്കുകയും, പീഡനമേല്‍ക്കുകയും, പരിത്യക്തനാവുകയും ചെയ്തു. അന്ത്യനാളുകളില്‍ അവിടുന്ന് പിതാവിന്‍റെ സാന്ത്വനത്തിനായി പ്രാര്‍ത്ഥിക്കുന്നതും, കരയുന്നതും, ഉറക്കെ വിളിച്ചപേക്ഷിക്കുന്നതും സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നത് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ യാതനകളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും സ്വന്തമായ നല്ല അവബോധമുള്ളവര്‍ക്കെ മറ്റുള്ളവരുടെ വേദനയോട് ക്രിയാത്മകമായും കാരുണ്യത്തോടെയും പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പാപ്പാ ആഹ്വാനംചെയ്തു.
4. പരിചരണം സ്നേഹമുള്ളതായിരിക്കണം
രോഗാവസ്ഥ ശാരീരികമോ മാനസികമോ ആവട്ടെ, എന്നാല്‍ രോഗത്തിന്‍റെ അതിതീവ്രാവസ്ഥയില്‍ എത്തിയിട്ട്, പുനരധിവാസമോ അതിതീവ്രപരിചരണമോ ആവശ്യമായ കുഞ്ഞുങ്ങളെയും ഏറെ പ്രായാധിക്യത്തില്‍ എത്തിയവരെയും പരിചരിക്കുക വലിയ വെല്ലുവിളിയാണെന്ന് പാപ്പാ അനുസ്മരിച്ചു. അങ്ങനെ മാരകമായ രോഗാവസ്ഥയിലും, സൗഖ്യപ്പെടുത്താനാവാത്തതെന്ന് വൈദ്യശാസ്ത്രം തള്ളുകയുംചെയ്യുന്ന യഥാര്‍ത്ഥമായ ചുറ്റുപാടുകള്‍ രോഗീപരിചരണത്തിന്‍റെ ഊഷ്മളത ഇല്ലാതാകുന്ന അവസ്ഥയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള പ്രത്യേക സാഹചര്യത്തില്‍ ചികിത്സയ്ക്കും ഔഷധങ്ങള്‍ക്കുമപ്പുറം രോഗിക്ക് സാന്ത്വനമാകുന്നത് സ്നേഹമാണെന്ന് പാപ്പാ അനുസ്മരിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ നാം എപ്പോഴും ഓര്‍ക്കേണ്ടത്, ഓരോ രോഗിക്കു ചുറ്റിനും – അവന്‍റെയും അവളുടെയും ചുറ്റിനും വ്യസനത്തോടും ഹൃദയവേദനയോടുംകൂടെ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ടെന്ന സത്യമാണ്. അതിനാല്‍ രോഗീപരിചാരകരുടെ ശുശ്രൂഷയും ശ്രദ്ധയും കുടുംബങ്ങളെയും കണക്കിലെടുക്കേണ്ടതാണ്. അവരും പിന്‍തുണയും സാന്ത്വനവും അര്‍ഹിക്കുന്നുണ്ടെന്ന് പാപ്പാ ആഹ്വാനംചെയ്തു.
5. സാന്ത്വനംപകരുന്ന ദൈവകൃപയുടെ കേന്ദ്രങ്ങള്‍
രോഗഗ്രസ്ഥരായ നമ്മുടെ സഹോദരങ്ങള്‍ ക്രിസ്തുവിലേയ്ക്കു തിരിയുന്നത് സ്വാഭാവികമാണ്. അവരുടെ ഹൃദയങ്ങള്‍ സൗഖ്യദാതാവും സമാധാനദാതാവുമായ ക്രിസ്തുവിനെ തേടുന്നു. ആര്‍ക്കും ക്രിസ്തു മരുന്നു കുറിച്ചുകൊടുത്തായി കേട്ടിട്ടില്ല. തിന്മയുടെയും മരണത്തിന്‍റെയും പിടിയില്‍നിന്നും ക്രിസ്തു നമ്മെ മോചിക്കുന്നത് അവിടുത്തെ പീഡകളാലും, മരണത്താലും, പുനരുത്ഥാനത്താലുമാണ്. അതിനാല്‍ സഭയും സഭയുടെ രോഗീപരിചാരകരും, ആരോഗ്യപരിചരണ സ്ഥാപനങ്ങളും “നല്ല സമറിയക്കാരന്‍ കണ്ടെത്തിയ സത്രം” പോലെയാവണം എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു (ലൂക്ക 10, 34). സാന്ത്വനംപകരുന്ന ദൈവകൃപയുടെ കേന്ദ്രങ്ങളാവണം സഭയുടെ ആശുപത്രികളും ആതുരാലയങ്ങളും. അവിടെ രോഗികള്‍ കൃപാസ്പര്‍ശവും, സാമീപ്യവും, സാന്ത്വനവും അനുഭവിക്കണമെന്ന് പാപ്പാ സന്ദേശത്തില്‍ ആഹ്വാനംചെയ്യുന്നു.
6. സഭാ സ്ഥാപനങ്ങള്‍ നല്കേണ്ട
ക്രിസ്തുവിന്‍റെ സാന്ത്വന സമീപനം
ശുശ്രൂഷയുടെ മേഖലയില്‍ പരിചാരകര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, നെഴ്സുമാര്‍ക്കും, ചികിത്സാ കേന്ദ്രങ്ങളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു ജോലിചെയ്യുന്ന മറ്റെല്ലാവര്‍ക്കും രോഗികളെ ശുശ്രൂഷിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കാണുള്ളതെന്ന് പാപ്പാ സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു. ശുശ്രൂഷിക്കുന്നവര്‍തന്നെ ചിലപ്പോള്‍ രോഗികളും, രോഗികളാകുവാന്‍ എപ്പോഴും സാധ്യതയുള്ളവരുമാകയാല്‍ നാം ചിന്തിക്കേണ്ടത് പരിചരണ തേടിവരുന്നവര്‍ക്ക് നാം ആദ്യം നല്കേണ്ടത് ക്രിസ്തുവിന്‍റെ സാന്ത്വനവും സമാശ്വാസവുമാണ്. അങ്ങനെയെങ്കില്‍ തുടര്‍ന്ന് സ്ഥാപനം നല്കുന്ന വൈദ്യസഹായവും ശുശ്രൂഷയും രോഗികളായ സഹോദരി സഹോദരങ്ങളില്‍ അത്ഭുതകരമായ ഫലപ്രാപ്തി ഉളവാക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
7. അന്ത്യംവരെ ആദരിക്കേണ്ട ജീവന്‍
രോഗീപരിചരണ മേഖലയില്‍ നമ്മു സ്ഥാപനങ്ങളിലേയ്ക്ക് സഹായം തേടിയെത്തുന്നവര്‍ രോഗികളാണെങ്കിലും, ആദ്യം അവര്‍ ഒരു വ്യക്തിയാണെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ശുശ്രൂഷയുടെ പ്രക്രിയയില്‍ പരിചരണം അല്ലെങ്കില്‍ ചികിത്സ ഓരോ വ്യക്തിയുടെയും ജീവനും അന്തസ്സും കണക്കിലെടുക്കുന്നതും, മെച്ചപ്പെടുത്തുന്നതും ആയിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ കാരുണ്യവധം, പിന്‍തുണയോടെയുള്ള ആത്മഹത്യ, ജീവനെ നശിപ്പിക്കാനുള്ള ചികിത്സാക്രമത്തിന്‍റെ ഉപയോഗം എന്നിവ രോഗിയുടെ അത്യാസന്ന അവസ്ഥയില്‍പ്പോലും നിഷിദ്ധമാണെന്ന് പാപ്പാ പ്രസ്താവിച്ചു. എല്ലാവരും ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരും, ദൈവത്തിന്‍റെ സൃഷ്ടികളുമാകയാല്‍ ജീവന്‍ പരിപാവനവും പരിശുദ്ധവുമാണ്. അത് ദൈവത്തിന്‍റേതുമാണ്. അതിനാല്‍ ജീവന്‍ നല്കിയ ദൈവം തിരികെ എടുക്കുംവരെ അതിനെ ആദരിക്കുകയും, ജീവനെ എപ്പോഴും സ്വീകരിക്കുകയും, സംരക്ഷിക്കുകയും, തുടക്കംമുതല്‍ അവസാനംവരെ പരിചരിക്കേണ്ടതും, നിലനിര്‍ത്താന്‍ പരിശ്രമിക്കേണ്ടതുമാണെന്ന് പാപ്പാ അനുസ്മരിപ്പിക്കുന്നു.
8. സൗഖ്യദാനം അസാദ്ധ്യമാകുമ്പോഴും
രോഗിയെ പിന്‍തുണയ്ക്കുക!
ജീവനെ മാനിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴും, ജീവന് എതിരായ ബോധപൂര്‍വ്വമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോഴും പാലിക്കേണ്ട അടിസ്ഥാന മാനദണ്ഡം എന്താണെന്ന് പാപ്പാ വ്യക്തമാക്കിത്തരുന്നു. സൗഖ്യം നല്കാന്‍ സാദ്ധ്യത ഇല്ലാതിരിക്കുമ്പോഴും, ജീവന്‍ സംരക്ഷിക്കാം എന്ന പ്രത്യാശയില്‍ രോഗിയെ സാന്ത്വനപ്പെടുത്തുകയും, രോഗിക്ക് സമാശ്വാസവും ധൈര്യവും ലഭിക്കുന്ന രീതിയില്‍ അവസാനംവരെ പരിചരിക്കുവാന്‍ രോഗീപരിചാരകര്‍ കടപ്പെട്ടിരിക്കുന്നു എന്ന അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെയും ജീവിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‍റെയും തത്വമാണ് ഓര്‍ക്കേണ്ടതെന്ന് പാപ്പാ സമര്‍ത്ഥിച്ചു.
9. രോഗീപരിചരണം തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങള്‍
അവസാനമായി യുദ്ധത്തിന്‍റെ സാമൂഹിക സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ആരോഗ്യശുശ്രൂഷയ്ക്ക് ഇറങ്ങിത്തിരിക്കുന്നവരായ വിദഗ്ദ്ധരെ - ഡോക്ടര്‍മാരെയും നെഴ്സുമാരെയും, അവരുടെ സഹപ്രവര്‍ത്തകരെയും ആക്രമിക്കുന്ന രീതികള്‍ നവമായി കണ്ടുവരുന്നതില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തി. അതുപോലെ രാഷ്ടീയ നേതാക്കള്‍ പ്രതിസന്ധികളുടെ ഘട്ടത്തില്‍ വൈദ്യസഹായം തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്കു മാത്രമായി തന്ത്രപൂര്‍വ്വം തിരിച്ചുവിടുന്ന രീതികളും പ്രതിസന്ധികളുടെ ചുറ്റുപാടുകളില്‍ നിരീക്ഷിക്കുന്നതും പാപ്പാ സന്ദേശത്തില്‍ രേഖപ്പെടുത്തി.
10. പാവങ്ങളെ ഒഴിവാക്കരുത്!
പാവങ്ങളായതിനാല്‍ ചികിത്സ ലഭിക്കാത്തര്‍ ലോകത്തു ധാരാളമുണ്ടെന്ന് പാപ്പാ സഭാസ്ഥാപനങ്ങളെ ഓര്‍പ്പിക്കുന്നു. അതിനാല്‍ രോഗീപരിചരണ മേഖലയിലുള്ള സ്ഥാപനങ്ങള്‍ വൈദ്യസഹായം നല്കേണ്ടത് സാമൂഹ്യ നീതിയോടെയായിരിക്കണമെന്നും, പാവങ്ങള്‍ക്ക് എവിടെയും ഒരു പ്രത്യേക പരിഗണന ഉണ്ടായിരിക്കണമെന്നും പാപ്പാ ഫ്രാന്‍സിസ് പ്രത്യേകം ഓര്‍പ്പിക്കുന്നു.
11. നന്ദിയോടെ ഉപസംഹാരം
രോഗീപരിചരണമേഖലയിലെ ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും, മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ക്കും, സന്നദ്ധസേവകര്‍ക്കും പ്രത്യേകം നന്ദിയര്‍പ്പിച്ചുകൊണ്ടും, സ്ഥാപനത്തിന്‍റെ ഭരണസംവിധാനങ്ങള്‍ക്കുമപ്പുറം “നല്ല സമറിയക്കാരാനായ ക്രിസ്തു”വിന്‍റെ സ്നേഹ സാന്ത്വനവും, സാമീപ്യവും, പരിചരിണവും രോഗികള്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ പരിശ്രമിക്കണമെന്ന് എല്ലാവരെയും അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിക്കുന്നത്.