തിരയുക

2020.02.12 Udienza Generale 2020.02.12 Udienza Generale 

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച തപസ്സുകാലസന്ദേശം

സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം

പരിഭാഷ : ഫാദര്‍ വില്യം നെല്ലിക്കല്‍ 

“ദൈവത്തോടു രമ്യതപ്പെടാനാണ് ക്രിസ്തുവിന്‍റെ നാമത്തില്‍
നിങ്ങളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്.”
-2 കൊറീന്തിയര്‍ 5, 20.

1. ആമുഖം – പെസഹാരഹ്യങ്ങള്‍ നവമായി ധ്യാനിക്കാം!
വ്യക്തിപരമായും സമൂഹമായും ക്രൈസ്തവ ജീവിതത്തിന്‍റെ മൂലക്കല്ലായ ക്രിസ്തുവിന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യങ്ങള്‍ നവമായ ചൈതന്യത്തോടെ ധ്യാനിക്കാന്‍ ഈ വര്‍ഷവും ദൈവം നമുക്ക് സ്വീകാര്യമായ തപസ്സുകാലം നല്കുകയാണ്. മനസ്സിലും ഹൃദയത്തിലും നാം ഈ ധ്യാനത്തിലേയ്ക്ക് അനുസ്യൂതം കടക്കേണ്ടിയിരിക്കുന്നു. കാരണം തപസ്സിന്‍റെ ആത്മീയശക്തിയോടു നാം എത്രമാത്രം തുറവുകാണിക്കുകയും, സ്വാതന്ത്ര്യത്തോടും ഔദാര്യത്തോടുംകൂടെ പ്രതികരിക്കുന്നുവോ, അത്രത്തോളം അതു നമ്മില്‍ വളരുകയും ഫലവത്താകുകയും ചെയ്യും.

2. മാനസാന്തരത്തിന് അടിസ്ഥാനം പെസഹാരഹസ്യം
ക്രിസ്തുവിന്‍റെ മരണോത്ഥാന രഹസ്യങ്ങളുടെ സദ്വാര്‍ത്തയാണ് ക്രൈസ്തവജീവിതത്തിന്‍റെ ആനന്ദത്തിന്‍റെ സ്രോതസ്സ്. വളരെ യഥാര്‍ത്ഥവും സത്യവും മൂര്‍ത്തവുമായ ഒരു സ്നേഹത്തിന്‍റെ ആകത്തുകയാണ് ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ സഭയിലെ പ്രബോധനവും പ്രബോധനാധികാരവും. അത് നമ്മെ തുറവുള്ളതും ഫലദായകവുമായ ഒരു സാഹോദര്യ ബന്ധത്തിനായി ക്ഷണിക്കുന്നുണ്ട് (Christus Vivit, 117). എന്‍റെ ജീവിതം എനിക്കുള്ളതാണെന്നും ഇഷ്ടമുള്ളതു ചെയ്യുവാനുള്ളതുമാണ് എന്നുമുള്ള “നുണ” അല്ലെങ്കില്‍ “തെറ്റായ ചിന്ത” ഈ സന്ദേശത്തില്‍ വിശ്വസിക്കുന്നവര്‍ പാടെ ഉപേക്ഷിക്കുകതന്നെ വേണം. കാരണം, “ജീവന്‍ നല്കുവാനും അത് സമൃദ്ധമായി നല്കുവാനും…” എന്ന ദൈവപിതാവിന്‍റെ സ്നേഹത്തില്‍നിന്നും, ആഗ്രഹത്തില്‍നിന്നും ഉടലെടുക്കുന്നതാണ് നമ്മുടെ ജീവിതങ്ങള്‍ (യോഹ. 10, 10). മറിച്ച് നാം “നുണയുടെ പിതാവായ പിശാചി”ന്‍റെ പ്രലോഭിപ്പിക്കുന്ന ശബ്ദമാണു കേള്‍ക്കുന്നതെങ്കില്‍, വ്യക്തിജീവിതത്തിലും മൊത്തമായി ജീവിതചുറ്റുപാടുകളിലും പരിതാപകരമായ സംഭവങ്ങളില്‍ കുടുങ്ങി, ജീവിതത്തില്‍ അര്‍ത്ഥശൂന്യതയുടെ അഗാധങ്ങളില്‍ നാം നിപതിക്കുകയും, ഈ ജീവിതത്തില്‍ത്തന്നെ നരകം അനുഭവിക്കേണ്ടിവരുകയും ചെയ്യും (യോഹ.8, 44).

3. ക്രൂശിതനായ ക്രിസ്തുവില്‍ ദൃഷ്ടിപതിക്കാം!
“ക്രിസ്തു ജീവിക്കുന്നു” (Christus Vivit) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ യുവജനങ്ങളെ ഉദ്ബോധിപ്പിച്ച, വിരിച്ച കരങ്ങളുമായി കുരിശില്‍ കിടക്കുന്ന ക്രിസ്തുവില്‍ ദൃഷ്ടിപതിച്ച് നിങ്ങള്‍ വീണ്ടും വീണ്ടും പരിരക്ഷിക്കപ്പെടട്ടെ, എന്ന സന്ദേശംതന്നെ ഈ തപസ്സില്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയാണ്. പാപങ്ങള്‍ കുമ്പസാരത്തില്‍ ഏറ്റുപറയുമ്പോള്‍, നിങ്ങളുടെ കുറ്റബോധത്തില്‍നിന്നും സ്വതന്ത്രമാക്കാന്‍ കരുത്തുള്ള ക്രിസ്തുവിന്‍റെ കാരുണ്യത്തില്‍ ഉറച്ചുവിശ്വസിക്കുക. അഗാധമായ സ്നേഹത്താല്‍ നമുക്കായി ചിന്തിയ അവിടുത്തെ തിരുരക്തത്തെ ധ്യാനിച്ച്, നിങ്ങള്‍ അതിനാല്‍ കഴുകി വിശുദ്ധീകരിക്കപ്പെടട്ടെ! അങ്ങനെ നിങ്ങള്‍ ക്രിസ്തുവില്‍ നവജീവന്‍ പ്രാപിക്കും (Christus Vivit, 123). ഈശോയുടെ പെസഹ ഒരു ഗതകാല സംഭവമായി കാണരുത്, അനുദിനജീവിതത്തില്‍ സഹിക്കുകയും യാതനകള്‍ അനുഭവിക്കുകയും ചെയ്യുന്നവരെ വിശ്വാസത്തോടെ സ്പര്‍ശിക്കുമ്പോള്‍ അവരില്‍ ക്രിസ്തുവിന്‍റെ ശരീരം കാണാന്‍ പരിശുദ്ധാത്മാവിന്‍റെ പ്രചോദനം അനുവദിക്കുന്നതിനാല്‍, സഹിക്കുന്നവരില്‍ പെസഹാരഹസ്യങ്ങള്‍ ഇന്നും ജീവിക്കുന്നു.

4. മാനസാന്തരത്തിന്‍റെ ആവശ്യകത
ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളിലൂടെ എപ്രകാരം ദൈവികകാരുണ്യം നമ്മുടെമേല്‍ വര്‍ഷിക്കപ്പെടുന്നുവെന്ന് ആഴമായി ധ്യാനിക്കുന്നതു നല്ലതാണ്. “എന്നെ സ്നേഹിക്കുകയും എനിക്കായി ജീവന്‍ ഹോമിക്കുകയും ചെയ്ത,” ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിന്‍റെ സുഹൃത്തുക്കളെപ്പെോലെ ഹൃദ്യമായ ഒരു മുഖാമുഖം അനുഭവമില്ലാതെ നമ്മുടെ ജീവിതത്തില്‍ ദൈവിക കാരുണ്യത്തിന്‍റെ അനുഭവം ഉണ്ടാകണമെന്നില്ല (ഗലാത്തിയര്‍ 2, 20). അതുകൊണ്ടാണ് തപസ്സില്‍ പ്രാര്‍ത്ഥന അനിവാര്യമാണെന്നു പറയുന്നത്. ഒരു കടമ്പയോ കടമയോ എന്നതിനെക്കാള്‍, എപ്പോഴും ആദ്യം എത്തുകയും നമ്മെ പരിപാലിക്കുകയുംചെയ്യുന്ന ദൈവസ്നേഹത്തോടു പ്രത്യുത്തരിക്കാനുള്ള ഒരു ആവശ്യമായി നാം തപസ്സിനെയും അതിന്‍റെ പ്രാര്‍ത്ഥനയെയും കാണണം.

നാം അയോഗ്യരാണെങ്കിലും ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന ചിന്തയോടെയാണ് ക്രൈസ്തവര്‍ എപ്പോഴും പ്രാര്‍ത്ഥിക്കേണ്ടത്. പലതരത്തിലുള്ള പ്രാര്‍ത്ഥനകള്‍ ഉണ്ടെങ്കിലും, നമ്മിലേയ്ക്കു ചൂഴ്ന്നിറങ്ങി നമ്മുടെ പാപത്തിന്‍റെ ഹൃദയകാഠിന്യത്തെ അലിയിക്കുവാനും, നമ്മെ മാനസാന്തരപ്പെടുത്തുവാനും, പൂര്‍ണ്ണമായും ദൈവത്തിലേയ്ക്കും അവിടുത്തെ തിരുഹിതത്തിലേയ്ക്കും ചേര്‍ക്കുവാനും കരുത്തുള്ള ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ജീവിക്കുകയെന്നതാണ് വലിയ പ്രാര്‍ത്ഥന.

5. ഇത് സ്വീകാര്യമായ സമയം
തപസ്സിന്‍റെ സ്വീകാര്യമായ ഈ സമയത്ത് ഇസ്രായേല്‍ ജനത്തെപ്പോലെ, നമ്മെത്തന്നെ ദൈവത്താല്‍ മരുഭൂമിയിലേയ്ക്ക് ആനയിക്കപ്പെടാന്‍ അനുവദിക്കുകയാണെങ്കില്‍ (ഹോസിയ 2, 14), ദൈവിക ശബ്ദം നമുക്കു കേള്‍ക്കുവാനും, അത് നമ്മുടെ ഹൃദയാന്തരാളത്തില്‍ ഉള്‍ക്കൊണ്ട് അവിടുത്തോടു പ്രതികരിക്കുവാനും നമുക്കു സാധിച്ചേക്കും. ദൈവവചനം ശ്രവിച്ച് എത്രയധികമായി ദൈവത്തോടു പ്രത്യുത്തരിക്കുവാന്‍ നമുക്കാവുമോ, അത്രത്തോളം അവിടുന്നു ദാനമായി ചൊരിയുന്ന കാരുണ്യം നമുക്കു സ്വീകരിക്കുവാന്‍ സാധിക്കും. കൃപയുടെ ഈ കാലം പൊള്ളയായ കാര്യങ്ങളില്‍ മുഴുകി വൃഥാവില്‍ കടന്നുപോകാതെ, മാനസാന്തരത്തിനായുള്ള സമയവും സാദ്ധ്യതകളും ഉപയോഗപ്പെടുത്തി ദൈവത്തിങ്കലേയ്ക്കു തിരിയുവാന്‍ നമുക്കേവര്‍ക്കും പരിശ്രമിക്കാം.

6. മക്കളോടു സംവദിക്കാന്‍ സന്മനസ്സുള്ള പിതാവ്
ജീവിത നവീകരണത്തിനായി ദൈവം തരുന്ന മറ്റൊരു അവസരമായ ഈ തപസ്സുകാലം നാം പാഴാക്കി കളയരുത്. നവീകരണത്തിന്‍റെ ചിന്ത ഹൃദയത്തില്‍ നന്ദിവളര്‍ത്തുകയും ജീവിതത്തി‍ന്‍റെ മന്ദതയില്‍നിന്ന് സടകുടഞ്ഞ് എഴുന്നേല്‍ക്കുവാന്‍ പ്രചോദനമാവുകയും വേണം. വ്യക്തിജീവിതത്തിലും, സഭാജീവിതത്തിലും, ചുറ്റുമുള്ള നമ്മുടെ ലോകത്തും ദുഃഖകരമാം വിധത്തില്‍ തിന്മ നിറഞ്ഞുനില്ക്കുമ്പോഴും നമ്മുടെ പഴയരീതികള്‍ മാറ്റി ജീവിതം നവീകരിക്കാന്‍ ഈ തപസ്സിലൂടെ ലഭിക്കുന്ന അവസരം ദൈവം എന്നും നമുക്കായി വച്ചുനീട്ടുന്ന പതറാത്ത രക്ഷയുടെയും സ്നേഹത്തിന്‍റെയും പ്രതീകമാണ്. “ക്രൂശിതനായ ക്രിസ്തുവില്‍ നാമെല്ലാവരും ദൈവത്തിന്‍റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപിയാക്കി” (2 കൊറി.5, 21). ഈ രക്ഷണീയ മനസ്സാണ് പുത്രനായ ക്രിസ്തുവില്‍ പാപഭാരമേറ്റാന്‍ പിതാവിനെ പ്രേരിപ്പിച്ചത്.

7. ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണിലെ മൂര്‍ത്തമായ സ്നേഹം
“ദൈവം സ്നേഹമാകുന്നു”വെന്ന (Deus Caritas est, 12) തന്‍റെ പ്രഥമ ചാക്രിക ലേഖനത്തില്‍ ദൈവശാസ്ത്ര പണ്ഡിതനായ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ ഭാഷ്യം, “ഇത് ദൈവത്തിന് എതിരായി ദൈവം നീങ്ങിയതുപോലെ തോന്നാം” എന്നാണ്. എന്നാല്‍ ദൈവം ശത്രുക്കളോടു ക്ഷമിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്നവനാണ്. ക്രിസ്തു പഠിപ്പിച്ച ശത്രുസ്നേഹത്തിന്‍റെ ചിന്ത ഈ വരികളില്‍ നമുക്കു പ്രചോദനമാണ് (മത്തായി 5, 43-48). ഏതന്‍സിലെ ജനങ്ങള്‍ അവരുടെ അധികസമയവും സംഭാഷണങ്ങളിലും, ചര്‍ച്ചകളിലും, അവ കേള്‍ക്കുവാനുമായി ചെലവഴിച്ചതായി അപ്പസ്തോല നടപടിപ്പുസ്തകം രേഖപ്പെടുത്തുന്നുണ്ട് (നടപടി 17, 21). എന്നാല്‍ അവയെല്ലാം പൊള്ളത്തരവും പൊങ്ങച്ചവുമായിരുന്നെന്ന് പിന്നീട് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ദൈവം സമ്മോടു സംവദിക്കുവാന്‍ ആഗ്രഹിക്കുന്നത് ലോകരക്ഷയ്ക്കായി ഭൂമിയില്‍ അവതരിച്ച ദൈവസുതന്‍റെ പെസഹാരഹസ്യങ്ങളുടെ പ്രഘോഷണത്തിലും അവയെക്കുറിച്ചുള്ള സംവാദത്തിലുമാണ്.

8. സമ്പന്നതയുടെ വിഗ്രഹാരാധന
ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളെ സ്ഥാപിക്കുകയെന്നു പറഞ്ഞാല്‍, ഇന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടമാടുന്ന യുദ്ധത്തിന്‍റെയും ആഭ്യന്തരകലാപങ്ങളുടെയും ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ള നിര്‍ദ്ദോഷികളോടും, വിവിധ തരത്തിലുള്ള സാമൂഹിക അതിക്രമങ്ങള്‍ക്കു വിധേയരാക്കപ്പെട്ടവരോടും ക്രിസ്തുവിന്‍റെ മുറിവിനോടെന്നപോലുള്ള കാരുണ്യവും സഹാനുഭാവവും പ്രകടിപ്പിക്കുകയെന്നാണ്. അതുപോലെ പാരിസ്ഥിതിക കെടുതികളാലും, ഭൂമിയുടെ ഉപായസാധ്യതകള്‍ നീതിയോടെ വിഭജിക്കപ്പെടാത്തതു മൂലവും ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വരികയും, മനുഷ്യക്കടത്തിനും എല്ലാത്തരത്തിലുമുള്ള അധര്‍മ്മങ്ങള്‍ക്കും ഇരകളാവുകയും, ലാഭം കൊയ്യാന്‍വേണ്ടി എളിയവരെ ചൂഷണംചെയ്യുന്നതുമെല്ലാം “സാമ്പത്തിക വിഗ്രഹാരാധന”യുടെ ഘടകങ്ങളാണ്.

ഉള്ളതില്‍നിന്നും നാം പാവങ്ങള്‍ക്കു കൊടുക്കുന്നതും, പങ്കുവയ്ക്കലിലൂടെയും ദാനധര്‍മ്മ പ്രവൃത്തികളിലൂടെയും അവരെ സഹായിക്കുന്നതും പൊതുനന്മ വളര്‍ത്തിയെുക്കുന്നതിന്‍റെയും വ്യക്തിപരമായി നല്ലൊരു ലോകം പടുത്തുയര്‍ന്നതിന്‍റെയും ലക്ഷ്യത്തില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായിരിക്കണം. ഉപവിപ്രവൃത്തികള്‍ നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കുകയും, മറുഭാഗത്ത് സമ്പത്ത് വാരിക്കൂട്ടുന്നത്, മനുഷ്യത്വം നഷ്ടപ്പെടുത്തി നമ്മെ സ്വാര്‍ത്ഥതയുടെ അടിമകളാക്കുന്നതിനും തുല്യമാണ്. അതിനാല്‍, സമ്പദ്ഘടനയ്ക്ക് അനുസൃതമായി നമ്മളാല്‍ കഴിയുന്നതും, അതിനുമപ്പുറവും പാവങ്ങളെ സഹായിക്കേണ്ടതാണ്.

9. യുവസാമ്പത്തിക വിദഗ്ദ്ധരുടെ അസ്സീസി സംഗമം
സാധാരണക്കാരെയും പാവങ്ങളായവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതിയുടെ ക്രമം ലോകത്ത് വളര്‍ത്തിയെടുക്കുന്നതിനും സൃഷ്ടിക്കുന്നതിനുമായി ഈ തപസ്സുകാലത്ത് മാര്‍ച്ച് 26-മുതല്‍ 28-വരെ തിയതികളില്‍ ചെറുപ്പക്കാരായ സാമ്പത്തിക വിദഗ്ദ്ധരെയും, വ്യവസായികളെയും, പരിവര്‍ത്തനത്തിന്‍റെ പ്രയോക്താക്കളെയും വിളിച്ചുകൂട്ടുന്നുണ്ട്. സഭയുടെ പ്രബോധനാധികാരം എക്കാലത്തും നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ യഥാര്‍ത്ഥമായ രാഷ്ട്രീയവും രാഷ്ട്രീയജീവിതവും ശ്രേഷ്ടതരമാം വിധം ഉപവിപ്രവര്‍ത്തികള്‍ ഉള്‍ക്കൊള്ളുന്നതാണ് (Pius XI, to University Students, 1927). ഇതുപോലെതന്നെ സാമ്പത്തിക ജീവിതത്തിന്‍റെ പിന്നിലും എപ്പോഴും സുവിശേഷചൈതന്യവും അഷ്ടഭാഗ്യങ്ങളുടെ അരൂപിയും ഉണ്ടായിരിക്കും.

ആത്മാര്‍ത്ഥതയും തുറവുമുള്ള സംവാദത്തിലൂടെ മാനസാന്തരപ്പെട്ടും, നമ്മുടെ ദൃഷ്ടികള്‍ ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളില്‍ പതിപ്പിച്ചും, അനുരജ്ഞിതരായും ജീവിക്കാനുള്ള ദൈവികവിളി കേള്‍ക്കുമാറ് ഈ തപസ്സില്‍ ഹൃദയംതുറക്കുവാന്‍ പരിശുദ്ധ കന്യകാനാഥയോടു സകലര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു! അങ്ങനെ ക്രിസ്തു തന്‍റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടപ്രകാരം, “ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായി” ജീവിക്കാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ! (മത്തായി 5, 13-14).
                                                                                                                                  + പാപ്പാ ഫ്രാന്‍സിസ്
വത്തിക്കാന്‍ സിറ്റി
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 February 2020, 16:15