തപസ്സിലൂടെ യേശുവിന്‍റെ ഉത്ഥാനത്തിലേയ്ക്ക് നടന്നടുക്കാം
- ഫാദര്‍ വില്യം നെല്ലിക്കല്‍
അവന്‍റൈന്‍ കുന്നിലെ തിരുക്കര്‍മ്മങ്ങള്‍
സമീപത്തുള്ള ബെനഡിക്ടൈന്‍ ആശ്രമത്തിന്‍റെ കപ്പേളയില്‍നിന്നും പ്രാദേശിക സമയം വൈകുന്നേരം 4.15-ന് ഹ്രസ്വമായ അനുതാപപ്രദക്ഷിണം ആരംഭിച്ചു. പ്രദക്ഷിണം സമീപത്തുള്ള വിശുദ്ധ സബീനയുടെ ബസിലിക്കയില്‍ എത്തിയപ്പോള്‍ അള്‍ത്താര വേദയില്‍നിന്നും പാപ്പാ ആമുഖപ്രാര്‍ത്ഥനചൊല്ലി, തപസ്സനുഷ്ഠാനത്തിനുള്ള കൃപയ്ക്കായ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ഭസ്മാശീര്‍വ്വാദമായിരുന്നു അടുത്ത കര്‍മ്മം. തുടര്‍ന്നു നടന്ന വചനപാരായണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ സുവിശേഷപ്രഭാഷണം നടത്തി:
1. മനുഷ്യന്‍റെ നിസ്സാരതയെ സ്നേഹിക്കുന്ന ദൈവം
“മണ്ണാകുന്ന മനുഷ്യന്‍ മണ്ണിലേയ്ക്കു തന്നെ പിന്‍ചെല്ലും,” എന്ന ഉല്പത്തി പുസ്തകത്തിലെ ഭസ്മാഭിഷേക സമയത്തെ പ്രാര്‍ത്ഥന അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ക്ക് തുടക്കിമിട്ടത് (ഉല്പത്തി 3, 19). നാം മണ്ണിലേയ്ക്ക് മടങ്ങേണ്ടവരാണ് എന്ന പ്രതീകാത്മകമായ സൂചനയാണ് ശിരസ്സില്‍ പുശുന്ന ഭസ്മം. മനുഷ്യജീവിതത്തിന്‍റെ നിസ്സാരതയെയും നൈമിഷികതെയും അത് അനുസ്മരിപ്പിക്കുന്നു. കാലങ്ങളും യുഗങ്ങളും കടന്നുപോകുമ്പോള്‍ മനുഷ്യര്‍ മണ്‍മറഞ്ഞുപോകുന്നു. തെളിഞ്ഞുനില്ക്കുന്ന സൗരയൂഥങ്ങളുടെയും ക്ഷീരപഥങ്ങളുടെയും പ്രാപഞ്ചികതയില്‍ മനുഷ്യര്‍ തുലോം നിസ്സാരരാണെന്ന ഓര്‍മ്മിപ്പിക്കലാണ് വിഭൂതി. നാം ഈ ഭൂമിയില്‍ അടിഞ്ഞുചേരുന്ന പൂഴിയാണ്. എന്നിട്ടും ഈ പൂഴിയെ ദൈവം സ്നേഹിച്ചു (ഉല്പത്തി 2, 7). പൂഴിയാണെങ്കിലും നിത്യതയ്ക്കായ് വിളിക്കപ്പെട്ടിരിക്കുന്ന മനുഷ്യര്‍ ദൈവത്തിനു പ്രിയപ്പെട്ടവരാണ്. മണ്ണിലും ദൈവം സ്വര്‍ഗ്ഗം ഒഴുക്കുന്നു. പൂഴിയിലും ദൈവം തന്‍റേതായ സ്വപ്നങ്ങള്‍ മെനഞ്ഞിട്ടുണ്ട്. അതിനാല്‍ മനുഷ്യര്‍ ദൈവത്തിന്‍റെ പ്രത്യാശയും, അവിടുത്തെ നിധിയും മഹത്വവുമാണെന്ന് പാപ്പാ പ്രസ്താവിച്ചു.
2. ദൈവദൃഷ്ടിയില്‍ മൂല്യമുളള നിസ്സാരത
തപസ്സാരംഭത്തില്‍ നാം പൂശുന്ന ചാരം മനുഷ്യാസ്തിത്വത്തിന്‍റെ ദിശാമാപിനിയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. മനുഷ്യന്‍ പൂഴിയില്‍നിന്നും ജീവനിലേയ്ക്ക് ഉയിര്‍ക്കേണ്ടവനാണെന്ന് അത് ഓര്‍പ്പിക്കണം. മനുഷ്യന്‍ മണ്ണും പൊടിയുമാണെങ്കിലും ദൈവകരങ്ങളില്‍ രൂപപ്പെടുവാന്‍ അനുവദിച്ചാല്‍, അവിടുന്നു മെനഞ്ഞ് അതിനെ ആശ്ചര്യാവഹമാക്കും. ജീവിതത്തില്‍ ചെറിയ ക്ലേശങ്ങള്‍ വന്നു ഭവിക്കുമ്പോള്‍ നമ്മുടെ നിസ്സാരതയില്‍ മുഴുകി ദൈവത്തെ മറന്നുപോകുന്നു. എന്നാല്‍ ദൈവം നമ്മെ തുണയ്ക്കുമെന്ന പ്രത്യാശ കൈവെടിയരുതെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. കാരണം, നിസ്സാരതയ്ക്ക് ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അനന്തമായ മൂല്യമുണ്ട്. അതിനാല്‍ ജീവിതത്തില്‍ പതറാതെ ധൈര്യമവലംബിച്ചു നാം മുന്നേറണം. സ്നേഹിക്കപ്പെടുവാനും ദൈവമക്കളുടെ അന്തസ്സില്‍ ജീവിക്കുവാനും വിളിക്കപ്പെട്ടവരാണു നാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
3. നമ്മെ രൂപാന്തരപ്പെടുത്തുന്ന ദൈവം
ഈ ചിന്തയാണു നാം ഈ തപസ്സാരംഭത്തില്‍ മനസ്സിലേറ്റേണ്ടതും വളര്‍ത്തേണ്ടതും. അര്‍ത്ഥശുന്യമായ ഭാഷണത്തിനുള്ള സമയമല്ലിത്. പൂഴിയായ എന്നെ ദൈവം രൂപപ്പെടുത്തി നയിക്കും എന്ന പ്രത്യാശയില്‍ ഉണര്‍ന്ന് സ്നേഹപിതാവായ ദൈവത്തിലേയ്ക്ക് നടന്ന് അടുക്കേണ്ട സമയമാണിത്. ദൈവം സ്നേഹിക്കുന്ന പൂഴിയാണ് നാം എന്നു ചിന്തിക്കാമെന്ന് പാപ്പാ വിശദീകരിച്ചു. ഇത് കൃപയുടെ സമയമാണ്. ദൈവം നമ്മെ കടാക്ഷിക്കുന്നതും ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതുമായ സമയമാണ് തപസ്സുകാലം. അതിനാല്‍ ഒരിക്കലും ഭഗ്നാശരാകരുതെന്ന് പാപ്പാ ആഹ്വാനംചെയ്തു. ഇതെങ്ങനെ വിശ്വസിക്കാനാകുമെന്നു ചോദിക്കാം! കാരണം ഒറ്റനോട്ടത്തില്‍ ലോകം ഛിഹ്നഭിന്നമാവുകയാണ്. ചുറ്റും ഭീതി വളരുന്നു. എവിടെയും തിന്മ കാണുന്നു. അക്രമവും അഴിമതിയും വര്‍ദ്ധിച്ചുവരുന്നു. സമൂഹത്തില്‍ ക്രിസ്തീയ ചൈതന്യത്തിന്‍റെ പ്രഭ മങ്ങുന്നു. എന്നിരുന്നാലും നമ്മെ പൂഴിയില്‍നിന്നും ഉയര്‍ത്തുവാനും രൂപാന്തരപ്പെടുത്തുവാനും ദൈവത്തിന് സാധിക്കുമെന്ന വിശ്വാസം കൈവെടിയരുതെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.
4. ജീവിതം മണ്ണില്‍ അടിഞ്ഞുപോകേണ്ടതല്ല
നെറ്റിത്തടങ്ങളില്‍ പൂശുന്ന ചാരം നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളെ സ്പര്‍ശിക്കണം. നാം ദൈവമക്കള്‍ എന്ന നിലയില്‍ ജീവിതങ്ങള്‍ എന്നും മണ്ണിന്‍റെ പിറകെ ആയിരിക്കുവാനോ, ഭൗമികകാര്യങ്ങളില്‍ മുഴുകിയിരിക്കുവാനോ ഉള്ളതല്ലെന്ന ഒരു ഓര്‍മ്മപ്പെടുത്തലാണത്. ഈ ഘട്ടത്തില്‍ എന്തിനാണ് ഞാന്‍ ജീവിക്കുന്നത് എന്നും ആരെങ്കിലും ചിന്തിച്ചേക്കാം. ഈ ലോകത്തിന്‍റെ കടന്നുപോകുന്നതും താല്കാലികവുമായ യാഥാര്‍ത്ഥ്യങ്ങളില്‍ മുങ്ങി നാം ജീവിതം തള്ളിനീക്കുകയാണെങ്കില്‍, ദൈവം തന്ന നന്മകള്‍ തിരസ്കരിച്ച് നാം മണ്ണിലേയ്ക്കു മടങ്ങുകയാണ്. എന്നാല്‍ നാം ഒരിക്കലും ഇതിന് കീഴ്പ്പെട്ടുകൊടുക്കരുതെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. എങ്ങനെയെങ്കിലും അല്പം പണം സമ്പാദിക്കുവാനോ, സുഖമായി ജീവിക്കുവാനോ, ജോലിയില്‍ ചെറിയ കയറ്റം കിട്ടുവാനോ എല്ലാമാണ് എന്‍റെ പരിശ്രമമെങ്കില്‍ അത് പൂഴിയിലേയ്ക്കുള്ളൊരു പ്രയാണമാണ്. ജീവിതത്തില്‍ ഞാന്‍ അസന്തുഷ്ടനായിരിക്കുന്നത് വേണ്ടുവോളം ആദരവും, ജോലിയില്‍ പ്രമോഷനും കിട്ടാത്തതുകൊണ്ടാണെങ്കില്‍ ഞാന്‍ പൂഴിയിലേയ്ക്കു പോവുകയാണ്. അതുപോലെ സന്തോഷവാനല്ലാത്തത് ഞാന്‍ ഉദ്ദേശിക്കുന്നതും, അര്‍ഹിക്കുന്നതെന്നു സ്വയം കരുതുന്നതുമെല്ലാം കിട്ടാത്തതുകൊണ്ടാണെങ്കില്‍ വീണ്ടും അത് പൂഴിയിലേയ്ക്കുള്ള മടക്കമാണെന്ന് പാപ്പാ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടി.
5. സ്വര്‍ഗ്ഗത്തിലെ പാസ്സ്പോര്‍ട്ട്
ദൈവം അസ്തിത്വം നല്കിയത് എന്‍റേതായ സൗകര്യങ്ങളുടെ ലോകം തീര്‍ക്കാന്‍ മാത്രമല്ല. ദൈവികസ്വപ്നങ്ങള്‍ ജീവിതത്തില്‍ യാഥാര്‍ത്ഥമാക്കേണ്ടതും, സഹോദരങ്ങളെ സ്നേഹിച്ചു ജീവിക്കേണ്ടതുമാണ് നമ്മുടെ ജീവിതങ്ങള്‍. നെറ്റിത്തടത്തില്‍ പൂശിയ ചാരം ഹൃദയത്തില്‍ സ്നേഹം ജ്വലിപ്പിക്കേണ്ടതാണ്. ക്രൈസ്തവര്‍ സ്വര്‍ഗ്ഗീയ പൗരന്മാരാണെങ്കില്‍, ദൈവസനേഹവും സഹോദരസ്നേഹവുമാണ് അവിടേയ്ക്കുള്ള പാസ്സ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഭൗമിക നേട്ടങ്ങള്‍ വ്യര്‍ത്ഥവും, ചിതറിപ്പോകുന്ന പൂഴി പോലെയുമാണ്. എന്നാല്‍ കുടുംബത്തിലും ജോലിസ്ഥലത്തും, സഭയിലും ലോകത്തുമെല്ലാം നാം പങ്കുവയ്ക്കുന്ന സ്നേഹം നമുക്കു രക്ഷയാകും. കാരണം അവ ശാശ്വതമാണ്.
6. നിഷേധാത്മകമായ ചുറ്റുപാടുകള്‍
വിഭൂതിനാളില്‍ സ്വീകരിച്ച ചാരം ജീവിതത്തിന്‍റെ മറ്റൊരു യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ചിന്തകള്‍ നയിക്കുന്നതാണ് - ജീവനില്‍നിന്നും പൂഴിയിലേയ്ക്ക്...! ചുറ്റും മരണമെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ പൂഴിയാണ്. ജീവിതം പൂഴിയിലേയ്ക്കും, വിനാശങ്ങളിലേയ്ക്കും, അവശിഷ്ടങ്ങളിലേയ്ക്കും, യുദ്ധത്തിലേയ്ക്കുമാണ് മടങ്ങുന്നത്. നാം നിര്‍ദ്ദോഷികളെ സ്വീകരിക്കാതിരിക്കുകയും, പാവങ്ങളെ പാര്‍ശ്വവത്ക്കരിക്കുകയും, വയോജനങ്ങളെ തള്ളിക്കളയുകയും ചെയ്യുമ്പോള്‍, നമ്മെത്തന്നെ വിനാശത്തില്‍ ആഴ്ത്തുകയും പൂഴിയിലേയ്ക്കു മടക്കുകയുമാണെന്ന് പാപ്പാ വിശദീകരിച്ചു. നമ്മുടെ വ്യക്തിബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും എത്രത്തോളം പൂഴിയുണ്ടെന്ന് നാം പരിശോധിക്കേണ്ടതാണ്. സ്വന്തം കുടുംബവും, അയല്‍പക്കങ്ങളും പരിശോധിച്ചാല്‍ - വഴക്കും വക്കാണവും, പരിഹരിക്കാനാവാത്ത കലഹങ്ങളും, ക്ഷമിക്കുവാനും മാപ്പുപറയുവാനും സാധിക്കാത്ത ചുറ്റുപാടുകളും, വീണ്ടും നന്നായി തുടങ്ങാന്‍ സാധിക്കാത്തപോലെ തോന്നുന്ന അവസ്ഥയും, ഒപ്പം എന്‍റെ സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പുവരുത്തുവാനുള്ള ശ്രമവുമെല്ലാം പൊന്തിനില്ക്കുകയാണെന്ന് പാപ്പാ അവലോകനംചെയ്തു.
7. ഹൃദയത്തിലെ സ്നേഹാഗ്നിയെ കെടുത്തുന്ന കാപട്യം
ഇനി നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് എത്തിനോക്കാമെന്ന ക്ഷണവുമായിട്ടാണ് പാപ്പാ ചിന്തകള്‍ തുടര്‍ന്നത്. ഹൃദയത്തിലെ ദൈവസ്നേഹാഗ്നി നാം തല്ലിക്കെടുത്തുന്നത് കാപട്യംകൊണ്ടാണ്. ഹൃദയത്തില്‍നിന്നും എടുത്തുമാറ്റേണ്ട വലിയ അഴുക്കായിട്ടാണ് കാപട്യത്തെ സുവിശേഷത്തില്‍ ക്രിസ്തു ചിത്രീകരിക്കുന്നത്. ഉപവിപ്രവൃത്തികള്‍ ചെയ്യുവാനും, പ്രാര്‍ത്ഥിക്കുവാനും, ഉപവസിക്കുവാനും ഉദ്ബോധിപ്പിക്കുന്നത് കാപട്യമോ, പ്രകടനപരതയോ, കബളിപ്പിക്കലോ ആവരുതെന്നാണ് ഈശോ താക്കീതു നല്കിയിട്ടുള്ളത് (മത്തായി 6 : 2.5.16). അംഗീകാരം നേടാനും, പേരുകിട്ടാനും, നല്ലതു ചമയാനുമൊക്കെ ഒത്തിരികാര്യങ്ങള്‍ നാം ചെയ്തുകൂട്ടാറുണ്ട്.
ക്രിസ്ത്യാനികള്‍ എന്ന് വിളക്കപ്പെടുമെങ്കിലും ചെയ്യുന്നതൊക്കെ ക്രിസ്തീയതയ്ക്കു ചേരാത്തതാണെങ്കിലോ? പാപ്പാ ചോദിച്ചു. അവ പലപ്പോഴും നാം ചെയ്യുന്നത് നമ്മുടെ മോഹങ്ങള്‍ക്കായുള്ള കീഴ്പ്പെടലുകളാകാം. പറയുന്ന കാര്യങ്ങള്‍ പലപ്പോഴും പ്രാവര്‍ത്തികമാക്കാറില്ല. പുറമേ നല്ലതു ചമയുമ്പോള്‍ അകത്ത് വെറുപ്പിന്‍റെ വിഷമാണ്. അങ്ങനെ ഹൃദയാന്തരാളത്തിലെ സ്നേഹാഗ്നിയുടെ ഒളിമങ്ങുകയും, അതിനെ കെടുത്തുകയുംചെയ്യുന്ന പൂഴിയും ചാരവുമാണ് കാപട്യമെന്ന് പാപ്പാ വ്യക്തമാക്കി.
8. രമ്യതയ്ക്കുള്ള യാചന
ഹൃദയത്തെ ദുഷിപ്പിക്കുന്ന പൂഴിയെ ഇല്ലാതാക്കണമെന്നും, എന്നാല്‍ അതെങ്ങനെയെന്നും ചോദിച്ചുകൊണ്ട് പാപ്പാ വചനപ്രഭാഷണത്തില്‍ രണ്ടാം വായനയിലേയ്ക്ക് കടന്നു. ദൈവത്തോട് അനുരജ്ഞിതരാകുവാന്‍ പൗലോശ്ലീഹാ സഹോദരങ്ങളോട് യാചിക്കുകയാണ്. ക്രിസ്തുവിന്‍റെ നാമത്തില്‍ രമ്യതപ്പെടുവാന്‍ തങ്ങള്‍ യാചിക്കുന്നുവെന്നാണ്, പൗലോസ് അപ്പസ്തോലന്‍റെ പ്രബോധനത്തിന്‍റെ പ്രത്യേകതയെന്ന് പാപ്പാ ഉദ്ധരിച്ചു (2 കൊറി. 5, 20). ദൈവത്തോടു രമ്യതപ്പെടുവിന്‍! എന്നുള്ള ആജ്ഞാരൂപമല്ല അപ്പസ്തോലന്‍ ഉപയോഗിച്ചത്, മറിച്ച് ക്രിസ്തുവിന്‍റെ നാമത്തില്‍ അപേക്ഷിക്കുകയായിരുന്നു. നാം ജീവിതവിശുദ്ധ ആര്‍ജ്ജിക്കുന്നത് പരിശ്രമംകൊണ്ടു മാത്രമല്ല, ദൈവകൃപയാലുമാണ്! കലുഷിതമായ ഹൃദയത്തിന്‍റെ പൂഴി സ്വന്തമായി ആര്‍ക്കും എടുത്തുമാറ്റാനാവില്ല. ഹൃദയങ്ങളെ അറിയുകയും, സ്നേഹിക്കുകയും, അവയെ സൗഖ്യപ്പെടുത്തുവാനും കരുത്തുള്ള യേശുവിനു നമ്മെ വിശുദ്ധീകരിക്കുപവാനാകും. അതിനാല്‍ തപസ്സുകാലം ആത്മീയമായ സൗഖ്യപ്പെടാനുള്ള സമയമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.
9. നവജീവനിലേയ്ക്കുള്ള ആദ്യവഴി
എങ്കില്‍ ഇനി നാം എന്തുചെയ്യും? പാപ്പാ ആത്മഗതംചെയ്തു. തപസ്സിലൂടെ ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലേയ്ക്കുള്ള ഈ യാത്രയില്‍ രണ്ടുവഴികളുണ്ടെന്ന് ഉദ്ബോധിപ്പിച്ചു. ആദ്യത്തേത് പൂഴിയില്‍നിന്നും ജീവനിലേയ്ക്കുള്ളതാണ്. അത് ലോലമായ മാനവികതയില്‍നിന്നും നമ്മെ സൗഖ്യപ്പെടുത്താന്‍ കരുത്തുള്ള യേശുവിലേയ്ക്കുള്ള ഒരു പുറപ്പാടാണ്. ക്രൂശിതനായ ക്രിസ്തുവിന്‍റെ മുന്നില്‍ മുട്ടുകുത്തി ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കാം, “സ്നേഹിക്കുന്ന യേശുവേ, എന്നെ രൂപാന്തരപ്പെടുത്തണമേ!” “അങ്ങ് എന്നെ സ്നേഹിക്കുന്നു, യേശുവേ, എന്നെ രൂപാന്തരപ്പെടുത്തുക!” അങ്ങനെ ക്രൂശിതന്‍റെ മുന്‍പില്‍ അനുതപിച്ച്, കരഞ്ഞ് അങ്ങനെ ദൈവസ്നേഹത്തിന് യോഗ്യരാകാം. ഇനി ജീവനില്‍നിന്നും പൂഴിയിലേയ്ക്ക്..., ഭൗതികതയിലേയ്ക്ക് വീഴുകയില്ലെന്ന തീരുമാനത്തോടെ നമുക്ക് പുനരുത്ഥാനത്തിന്‍റെ രണ്ടാമത്തെ വഴിയിലേയ്ക്കു തിരിയാമെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.
10. ഉയിര്‍പ്പിലേയ്ക്കുള്ള രണ്ടാംവഴി
ദൈവിക കാരുണ്യവും മാപ്പും സ്വീകരിക്കാവുന്ന ഇടം അനുരജ്ഞനത്തിന്‍റെ കൂദാശയാണ്, കുമ്പസാരമാണ്. അവിടെ ദൈവസ്നേഹം മനുഷ്യന്‍റെ പാപഭാരം ഏറ്റെടുക്കുന്നു. ദിവ്യസ്നേഹാഗ്നി മാനുഷിക തിന്മകളുടെ ഭസ്മം ഇല്ലാതാക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. അനുരജ്ഞനത്തിന്‍റെ കൂദാശ സ്വീകരിക്കുന്ന വ്യക്തിയുടെ ഹൃദയം സ്നേഹസമ്പന്നനായ പിതാവിന്‍റെ ആശ്ലേഷം സ്വീകരിച്ച് പവിത്രീകൃതമാകും. അങ്ങനെ ദൈവമക്കളായും, ക്ഷമസ്വീകരിച്ച്, മോചനം നേടിയും പാപികളും, ദൈവികസാമീപ്യമുള്ള യാത്രികരുമായി ജീവിക്കുവാന്‍ നാം അനുരജ്ഞിതരാകാം, അനുരജ്ഞനത്തിന്‍റെ കൂദാശയാല്‍ നവീകൃതരാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു!
11. ഉപസംഹാരം
ദൈവത്താല്‍ സ്നേഹിക്കപ്പെടുവാന്‍ നാം അനുവദിക്കണം. അപ്പോള്‍ പ്രതിസ്നേഹം പ്രകടമാക്കുവാന്‍ നമുക്കും സാധിക്കും. എഴുന്നേറ്റ് ക്രിസ്തുവിന്‍റെ ഉത്ഥാനം ലക്ഷ്യമാക്കി തപസ്സിലെ ആത്മീയയാത്ര തുടരാം. അപ്പോള്‍ നമ്മുടെ പാപത്തിന്‍റെ പൂഴിയുടെ താഴ്മയില്‍നിന്നും എപ്രകാരം ദൈവം നമ്മെ കൈപിടിച്ച് ഉയര്‍ത്തുന്നുവെന്നും നമുക്കു ബോധ്യമാകും എന്ന പ്രത്യാശയുടെ ചിന്തയോടെയാണ് പാപ്പാ ഫ്രാന്‍സിസ് വിഭൂതിത്തിരുനാളിന്‍റെ വചനപ്രഭാഷണം ഉപസംഹരിച്ചത്.