തിരയുക

Vatican News
ITALY-VATICAN-RELIGION-POPE ITALY-VATICAN-RELIGION-POPE  (AFP or licensors)

മെഡിറ്ററേനിയന്‍ തീരങ്ങളില്‍ പ്രതിധ്വനിച്ച സമാധാനദൂത്...!

“മെഡിറ്ററേനിയന്‍ തീരങ്ങളെ സമാധാനപൂര്‍ണ്ണമാക്കാം” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഫെബ്രുവരി 23 ഞായറാഴ്ച തെക്കു കിഴക്കന്‍ ഇറ്റലിയിലെ ബാരി നഗരത്തില്‍ സംഗമിച്ച മദ്ധ്യധരണിയാഴി പ്രദേശത്തെയും മദ്ധ്യപൂര്‍വ്വദേശത്തെയും സഭാദ്ധ്യക്ഷന്മാരുടെ സമാധാന സംഗമത്തെ അഭിസംബോധചെയ്തുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ : 

മെഡിറ്ററേനിയന്‍ തീരത്തെ സമാധാന സംഗമം1. മദ്ധ്യധരണിയാഴി പ്രവിശ്യ – ഒരു സംഘര്‍ഷഭൂമി
മദ്ധ്യധരണയാഴിയോടു ചേര്‍ന്നുകിടക്കുന്ന രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെയും സമാധാനമില്ലായ്മയുടെയും പശ്ചാത്തലത്തിലാണ് ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതി മുന്‍കൈ എടുത്ത് ഫെബ്രുവരി 19-മുതല്‍ 23-വരെ നീണ്ട സമാധനസംഗമം ബാരി നഗരത്തില്‍ സംഘടിപ്പിച്ചത്. വിശുദ്ധ നിക്കോളാസിന്‍റെ നാമത്തിലുള്ള പൊന്തിഫിക്കല്‍ ബസിലിക്ക കേന്ദ്രീകരിച്ചായിരുന്നു സംഗമം അവിടെ നടന്നത്. മെഡിറ്ററേനിയന്‍ ആഴിയുടെ തീരരാജ്യങ്ങളിലും, തോളുരുമ്മിക്കിടക്കുന്ന മദ്ധ്യപൂര്‍വ്വദേശം, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലും നടമാടുന്ന യുദ്ധം, ആഭ്യന്തരകലാപം, കാലാവസ്ഥക്കെടുതി, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവമൂലം ഉടലെടുത്തിരിക്കുന്ന അധികമായ കുടിയേറ്റ പ്രതിഭാസവും, അതുമായി ബന്ധപ്പെട്ട ജീവിതക്ലേശങ്ങളും, അതിക്രമങ്ങളും അനീതിയും, അഴിമതിയും ചൂഷണവും മനുഷ്യക്കടത്തുപോലുള്ള സാമൂഹിക തിന്മകളും ഈ മേഖലയെ സംഘര്‍ഷഭരിതവും അസമാധാനപൂര്‍ണ്ണവുമാക്കിയിട്ടുണ്ട്.

2. മെഡിറ്ററേനിയന്‍ സഭാദ്ധ്യക്ഷന്മാരുടെ
പ്രാര്‍ത്ഥനയുടെയും പരിചിന്തനത്തിന്‍റെയും സംഗമം

പ്രാര്‍ത്ഥനയുടെയും പരിചിന്തനത്തിന്‍റെയും ബാരി സംഗമം സമാധാന വഴികളിലെ സാഹോദര്യത്തിന്‍റെ കാല്‍വയ്പ്പാണ്. മെഡിറ്ററേനിയന്‍ സമാധാനത്തിന്‍റെ അതിര്‍ത്തിയാക്കാം! Mediterranean the Frontier of Peace എന്ന സംഗമത്തിന്‍റെ സമാപനദിനമായ ഫെബ്രുവരി 23, ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് ബാരിയില്‍ എത്തിച്ചേര്‍ന്നു. പ്രാദേശിക സമയം രാവിലെ 8 മണിക്ക് ഹെലിക്കോപ്റ്ററില്‍ ബാരിയിലെ ക്രിസ്റ്റഫര്‍ കൊളംബസ് സ്റ്റേഡിയത്തില്‍ ഇറങ്ങിയ പാപ്പാ 8.30-ന് സമാധാനസംഗമത്തെ അഭിസംബോധനചെയ്തു. മെഡിറ്ററേനിയന്‍ രാജ്യങ്ങളിലെ 60 കത്തോലിക്കാ സഭാദ്ധ്യക്ഷന്മാര്‍ സംഗമത്തില്‍ പങ്കെടുത്തു. 

3. പാപ്പായുടെ പ്രഭാഷണം – ആമുഖം
മെഡിറ്ററേനിയന്‍ സംസ്കാരങ്ങളുടെ സംഗമവേദി
ഇറ്റലി ഉള്‍പ്പെടുന്ന മെഡിറ്ററേനിയന്‍ പ്രവിശ്യയിലെ വിവിധ സഭകള്‍ കൂട്ടുചേര്‍ന്നു നടത്തുന്ന സമാധാനസംഗമത്തെ അഭിനന്ദിച്ചുകൊണ്ടും അതില്‍ പങ്കെടുക്കുന്നതിനുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ആരംഭിച്ചത്.
ഒന്നരവര്‍ഷംമുന്‍പ് മദ്ധ്യപൂര്‍വ്വദേശത്തെ സഭാനേതൃത്വത്തോടു ചേര്‍ന്ന് വിളിച്ചുകൂട്ടിയ ബാരിയിലെ സമാധാനത്തിനും നീതിക്കുമായുള്ള ആദ്യസംഗമം പാപ്പാ അനുസ്മരിച്ചു. സംസ്കാരങ്ങളുടെയും വിശ്വാസത്തിന്‍റെയും ഭൗതികവും ആത്മീയവുമായ ഒരു സംഗമവേദിയാണ് മദ്ധ്യധരണിയാഴി. അതുകൊണ്ടുതന്നെ ഇത് വിവിധ ജനതകളുടെയും കൂടിക്കാഴ്ച വേദിയാകുന്നത്. അതിനാല്‍ ഈ മേഖലയിലെ രാജ്യങ്ങളുടെ യഥാര്‍ത്ഥമായ ഭൂവിഭവങ്ങളും, സ്രോതസ്സുക്കളും, ഭൂപ്രദേശത്തിന്‍റെ മനോഹാരിതയും, മാനവിക പാരമ്പര്യങ്ങളും ക്രിയാത്മകമായി ഉപയോഗിക്കണമെങ്കില്‍ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം അനിവാര്യമാണ്. ഇന്നിന്‍റെ പ്രതിഭാസമായ ആഗോളവത്ക്കരണം ഒരിക്കലും മദ്ധ്യധരണിയാഴിയുടെ പ്രസക്തിയും ശക്തിയും കുറയ്ക്കുകയില്ല, മറിച്ച് സാമൂഹികവും, രാഷ്ട്രീയവും, മതപരവും, സാമ്പത്തികവുമായ ഇതിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

4. മെഡിറ്ററേനിയന്‍പ്രദേശം ഒരു "തീബേരീയൂസ്തീരം"
യഥാര്‍ത്ഥത്തില്‍ യൂറോപ്പിനോടു തോളുരുമ്മിക്കിടക്കുന്ന മദ്ധ്യധരണിയാഴി പ്രദേശത്തിനും, അതിന്‍റെ സന്തുലിതാവസ്ഥയ്ക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളെ സ്പര്‍ശിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനമാണുള്ളത്. യേശുവിന്‍റെ കാലത്തെ “തിബേരീയുസൂ തീരംപോലെ” മെഡിറ്ററേനിയന്‍ സംസ്കാരങ്ങളുടെയും, മതങ്ങളുടെയും, ആശയങ്ങളുടെയും, കച്ചവടത്തിന്‍റെയുമൊക്കെ സംഗമസ്ഥാനമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ബഹുമുഖ മത സാംസ്കാരിക സാമൂഹ്യവേദി വിഭജനത്തിന്‍റെയും, അസമത്വത്തിന്‍റെയും, അസഹിഷ്ണതയുടെയും, കലാപത്തിന്‍റെയും, സാമ്പത്തിക തകര്‍ച്ചയുടെയും, മത-രാഷ്ട്രീയ വൈര്യത്തിന്‍റെയും വേദിയായി മാറിയതിലുള്ള ദുഃഖം ഇവിടെ അലയടിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

മെഡിറ്ററേനിയന്‍ പ്രവിശ്യയുടെ വിശ്വാസപൈതൃകവും ജനതകളുടെ ധാര്‍മ്മിക രൂപീകരണത്തില്‍ ക്രൈസ്തവ സമൂഹങ്ങള്‍ വഹിച്ചിട്ടുള്ള പങ്കും അനിതരസാധാരണമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. അതുപോലെ ജനതകളുടെ കലാ-സാംസ്കാരിക രൂപീകരണത്തിലും വളര്‍ച്ചയിലും മെഡിറ്ററേനിയന്‍ സമൂഹങ്ങള്‍ നല്കിയിട്ടുള്ള സംഭാവനകള്‍ കാലാതീതമാണ്. അതിനാല്‍ ഈ പ്രദേശത്തെ ജനതകളുടെ സുവിശേഷപ്രഘോഷണവും പൊതുനന്മയും വേറിട്ടു നില്ക്കുന്നില്ലെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവിടത്തെ വിസ്തൃതമായ മദ്ധ്യപൂര്‍വ്വദേശം, വടക്കെ ആഫ്രിക്ക, ഇസ്രായേല്‍-പലസ്തീന പോലുള്ള പ്രവിശ്യകളിലെ മതസ്പര്‍ദ്ദയും, സാംസ്കാരിക ഭിന്നിപ്പും അപരിഹാര്യമാംവിധമെന്നോണം വര്‍ദ്ധിക്കുകയും നീണ്ടുപോവുകയുമാണ്. അവ പലതും കരുനീക്കുന്നത് യുദ്ധത്തിലേയ്ക്കാണ്. അതിനാല്‍ ഈ പ്രദേശത്തെ ക്രൈസ്തവര്‍ പതറാത്ത സമാധാനപ്രവര്‍ത്തകര്‍ ആയിമാറണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

5. യുദ്ധം ഒരു ഭ്രാന്തമായ പ്രവൃത്തി
എവിടെയും നാശനഷ്ടങ്ങളും മരണവും വിതയ്ക്കുന്ന ഭ്രാന്തമായ പ്രവൃത്തിയായ യുദ്ധത്തിലേയ്ക്ക് രാഷ്ട്രങ്ങള്‍, രാഷ്ട്രത്തലവന്മാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് സമൂഹത്തിന്‍റെയും ജനങ്ങളുടെയും ജീവല്‍ പ്രശ്നങ്ങള്‍ മറന്നാണ്. യുദ്ധം തകര്‍ക്കുന്നത് പാലങ്ങളും, വീടുകളും, തൊഴില്‍ ശാലകളും ആശുപത്രികളും, സര്‍വ്വോപരി മനുഷ്യജീവനുമാണ്. അതിനാല്‍ യുദ്ധം മനുഷ്യന്‍റെ ഭ്രാന്താണെന്നാണ് തന്‍റെ മുന്‍ഗാമി വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പാ പ്രസ്താവിച്ചിട്ടുള്ളത് പാപ്പാ ഉദ്ധരിച്ചു (Pacem in Terris, 62). സമാധാനപരമായ ജീവിതത്തിന് രാഷ്ട്രങ്ങള്‍ തമ്മില്‍ മാനവികവും സാമ്പത്തികവുമായ ബന്ധങ്ങള്‍ വളര്‍ത്തണം. യുദ്ധത്തെ മനുഷ്യന്‍റെ ഒരു സ്വാഭാവിക നീക്കമായോ, അഭിപ്രായഭിന്നതകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗ്ഗങ്ങളോ ആയി ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. ഇവിടെല്ലാം സുബുദ്ധിയുള്ള മനുഷ്യന്‍ തേടേണ്ടത് സംവാദത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും പാതയും, അതുവഴി സാമാധാനവുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

6. ഭൂമിയുടെ പൂന്തോട്ടത്തെ നരകതുല്യമാക്കുന്ന യുദ്ധം
മനുഷ്യസമൂഹത്തിന്‍റെ അടിസ്ഥാനലക്ഷ്യം സമാധാനപൂര്‍ണ്ണമായ ജീവിതമായിരിക്കണം, യുദ്ധമല്ല. സമാധാനത്തെ പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ലെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു. കാരണം യുദ്ധത്തിന് ഇരകളായ ജനതകള്‍ ചൂഷണവിധേയരാകുകയും, എല്ലാത്തരം അനീതിക്കും അടിമപ്പെടേണ്ടിയും വരുന്നുണ്ട്. മാനുഷികവും ദൈവികവുമായ എല്ലാപദ്ധതികള്‍ക്കും വിരുദ്ധമാണ് യുദ്ധമെന്നു പാപ്പാ പ്രസ്താവിച്ചു. മാനവികതയുടെ ഭൗമിക പൂന്തോട്ടം യുദ്ധത്തിലൂടെ എപ്രകാരം നരകമായി മാറുന്നുവെന്നു മനസ്സിലാക്കാന്‍ ഒരു യുദ്ധാനന്തര ഭൂപ്രദേശം സന്ദര്‍ശിച്ചാല്‍ മതിയാകുമെന്നും പാപ്പാ ഉദാഹരിച്ചു.

7. “വലിച്ചെറിയല്‍ സംസ്കാരം” The Culture of Waste
പൗരസമൂഹത്തിന്‍റെ നന്മലക്ഷ്യംവയ്ക്കുന്നതും, രാഷ്ട്രീയ പക്ഷംചേരല്‍ ഇല്ലാത്തതുമായ സമാധാനശ്രമങ്ങള്‍ സഭാസ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യമാവണം. മനുഷ്യര്‍ക്കുമീതെ സാമ്പത്തിക നേട്ടങ്ങള്‍ കാണുന്ന “വലിച്ചെറിയല്‍ സംസ്കാര”ത്തിന്‍റെ ഭാഗമാണ് അനീതിയും അസമാധാനവും. മനുഷ്യരെ വസ്തുക്കളായി കാണുക, നേട്ടത്തിനുവേണ്ടി മനുഷ്യരെ ബലിയാടാക്കുക, അവരെ ചൂഷണംചെയ്യുക, എന്ത് അധര്‍മ്മവും അനീതിയും അഴിമതിയും കാട്ടി സ്വാര്‍ത്ഥതയില്‍ നേട്ടംകൊയ്യുക എന്നിവ ഇന്നത്തെ ഈ “വലിച്ചെറിയല്‍ സംസ്കാര”ത്തിന്‍റെ a culture of waste –ന്‍റെ ഭാഗമാണെന്ന് പാപ്പാ വിശദീകരിച്ചു. ഇതുവഴി സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം ഭീമമായി വളര്‍ന്നിരിക്കയാണെന്നും പാപ്പാ സമര്‍ത്ഥിച്ചു. സഭയുടെ ഉപവിപ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസം, രോഗീപരിചരണം, ആതുരശുശ്രൂഷ എന്നീ മേഖലകളിലെ നീക്കങ്ങള്‍ എല്ലാമും ഈ വലിച്ചെറിയല്‍ സംസ്കാരത്തെ ചെറുക്കുന്നതാണ്. ഇടവകകളും, സംഘടനകളും, സന്നദ്ധസ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഈ മേഖലയില്‍ അവരുടെ കൈകള്‍ കോര്‍ത്തിണക്കുമ്പോള്‍ ക്രിസുതിവന്‍റെ സുവിശേഷകാരുണ്യം സമൂഹത്തില്‍ ശ്രദ്ധേയമാക്കുകയാണ്.

8. പാവങ്ങളോടും പരിത്യക്തരോടും നിസംഗത അരുതേ!
മെഡിറ്ററേനിയന്‍ പ്രവിശ്യകളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് യുദ്ധവും കലാപങ്ങളും കെടുതികളുമുള്ള രാജ്യങ്ങളില്‍നിന്നും കുടിയേറുന്നവരെക്കുറിച്ചുള്ള ആശങ്കകളാണ്. സ്വന്തം നാടും വീടും എല്ലാം വിട്ടിറങ്ങുന്നവര്‍ അന്തസ്സുള്ള മറ്റൊരു ജീവിതം എവിടെയെങ്കിലും ലഭിക്കുമെന്ന പ്രത്യാശയിലാണ് കുടിയേറുന്നത്. അതിനാല്‍ മെഡിറ്ററേനിയന്‍ പ്രവിശ്യയിലെ ഭരണകര്‍ത്താക്കളും സഭയും സംഘടനകളും സന്നദ്ധസേവകരും നിരാലംബരായി എത്തുന്നവരെ തള്ളിക്കളയരുത്, തുണയ്ക്കാന്‍ സന്നദ്ധരാവണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. എന്നാല്‍ ഈ മേഖലയില്‍ നീരീക്ഷിക്കപ്പെടുന്ന നിസംഗതയും, കുടിയേറ്റക്കാരോടു കാണിക്കുന്ന അവജ്ഞയും ഭീതിദമാണെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു. സുവിശേഷത്തിലെ ഉപമകള്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നതുപോലെ, തങ്ങളുടെ സമ്പത്തില്‍ ഭ്രമിച്ചു ജീവിക്കുന്നവരാണ് പാവങ്ങളോട് അവജ്ഞകാണിക്കുന്നതും, അവരെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു കടന്നുപോകുന്നത്. രാഷ്ട്രാധിപന്മാരും, വംശീയവാദികളും പാവങ്ങളോടു കാണിക്കുന്ന അവജ്ഞയാണ് ഇന്ന് സമൂഹത്തില്‍ മൗലികവാദവും ഭീകരചിന്താഗതികളും വളര്‍ത്തുന്നത്. രാജ്യാന്തര സമൂഹങ്ങള്‍ അതിനാള്‍ സൈന്ന്യത്തിന്‍റെയും ആയുധനിര്‍മ്മിതിയുടെയും പ്രവര്‍ത്തനങ്ങള്‍ മാറ്റിവച്ച്, മാനവികതയുടെ അഭിവൃദ്ധിക്കും സമൂഹത്തിന്‍റെ പൊതുനന്മയ്ക്കുമായി രാഷ്ട്രത്തിന്‍റെ സമ്പത്ത് ഉപയോഗപ്പെടുത്തണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

9. മദ്ധ്യധരണിയാഴി  "കുടിയേറ്റക്കാരുടെ ശ്മശാന"മാക്കരുത്!
ജനങ്ങളുടെ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷങ്ങളുടെ പ്രത്യേക സംരക്ഷണത്തിനുമായ് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കണമെന്ന് പാപ്പാ സമ്മേളനത്തോട് ആവശ്യപ്പെട്ടു. വര്‍ദ്ധിച്ച ക്രൈസ്തവപീഡനം ഇന്ന് സഭയുടെ മനസാക്ഷിയിലെ വലിയ മുറിവാണെന്നും, അതിനോട് നിസംഗത പുലര്‍ത്താനാവില്ലെന്നും പാപ്പാ പ്രസ്താവിച്ചു. അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിക്കാന്‍ മടിക്കുകയും, അവരെ കടലില്‍ മുങ്ങിമരിക്കാന്‍ അനുവദിക്കുകയുംചെയ്യുന്ന രാജ്യങ്ങളും രാഷ്ട്രീയ നേതൃത്വവും തന്നെയാണ്, അവരെ മനുഷ്യക്കടത്തിനും, ചൂഷണത്തിനും, അടിമത്വത്തിനും വിധേയരാക്കുകയുംചെയ്യുന്നത്.
ഈ സാമൂഹിക തിന്മകള്‍ക്കെതിരെ ഉത്തരവാദിത്ത്വപ്പെട്ടവര്‍ കണ്ണടയ്ക്കുന്നത്, അതിനാല്‍ വിരോധാഭാസവും അവര്‍ കാണിക്കുന്ന കാപട്യവുമാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.

10. സമാധാനവഴികളിലെ മതിലുകള്‍
മതിലുകള്‍ സമാധാന നിര്‍മ്മിതിക്കുള്ള വഴിയല്ലെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. മാനവകുടുംബത്തെ ഏകോപിക്കുകയും പരസ്പരം സഹായിക്കുകയുംചെയ്യുന്ന സാഹോദര്യത്തിനുപ്പുറം, വംശീയതയുടെയും, വര്‍ഗ്ഗീയതയുടെയും സ്വാര്‍ത്ഥതയുടെയും സങ്കുചിതമായ മതിലുകളാണ് ലോകയുദ്ധങ്ങള്‍ക്കും മാനവസമൂഹത്തിന്‍റെ വിനാശത്തിനും കാരണമായിട്ടുള്ളതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മെഡിറ്ററേനിയന്‍ മിശ്രസംസ്കാരത്തിന്‍റെ ഒരു വന്‍തീരമാകയാല്‍ കൂട്ടായ്മയുടെയും, സംവാദത്തിന്‍റെയും, സാംസ്കാരീക അനുരൂപണത്തിന്‍റെയും പ്രത്യേക വിളിയുള്ള മേഖലയാണിത്. അതിനാല്‍ മുന്‍വിധികള്‍ ഇല്ലാതെയും മനുഷ്യരുടെമേല്‍ മാറ്റമില്ലാത്ത കാര്‍ക്കശ്യത്തിന്‍റെ മാനദണ്ഡങ്ങള്‍ വയ്ക്കാതെയും, പരസ്പരം അറിയുവാനും, സഹായിക്കുവാനും അങ്ങനെ വളരുവാനും, വളര്‍ത്തുവാനും തുറവുള്ള ഒരു സാഹോദര്യത്തിന്‍റെയും സാധാനത്തിന്‍റെയും വഴികള്‍ മെഡിറ്ററേനിയന്‍ ജനതയും രാഷ്ട്രങ്ങളും സമൂഹങ്ങളും രാഷ്ട്രീയ നേതൃത്വവും തേടണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അഭയം തേടിയെത്തുന്നവരോട് പ്രകടനപരതയും മുഖംമൂടിയുമില്ലാത്തതും, സത്യസന്ധവും ആത്മാര്‍ത്ഥവുമായ ആതിഥ്യത്തിന്‍റെ മനസ്സു രൂപപ്പെടുത്തിയാല്‍ സമാധാന വഴികളില്‍ മെഡിറ്ററേനിയന്‍ പ്രവിശ്യയില്‍ പുതിയ പാതകള്‍ തുറക്കാനാവുമെന്നും, സാമൂഹിക നന്മയുടെയും പൊതുനന്മയുടെയും നവമായൊരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനായി ഇതര മതങ്ങളോടും കൈകോര്‍ത്തു പ്രവര്‍ത്തിക്കാമെന്നത് അബുദാബിയിലെ വിശ്വസാഹോദര്യ പ്രഖ്യാപനം ഉദ്ബോധിപ്പിക്കുന്നത് പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. പരസ്പര അറിവിലൂടെ മാനവസാഹോദര്യം യാഥാര്‍ത്ഥ്യമാക്കാനാകുമെന്നും, സമൂഹത്തില്‍ സഹവര്‍ത്തിത്വം വളര്‍ത്തുവാനാകുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

11. ആശംസയോടും ആശീര്‍വ്വാദത്തോടുംകൂടെ...!
പ്രതിസന്ധികള്‍ കടന്നും ക്രിസ്തുവിന്‍റെ സുവിശേഷം യൂറോപ്പിലെത്തിക്കാന്‍ മെഡിറ്ററേനിയന്‍ ആദ്യം താണ്ടിയ പൗലോസ് അപ്പസ്തോലന്‍റെ ധീരതയും സമര്‍പ്പണവും പ്രചോദനമാവട്ടെയെന്ന് ആശംസിച്ചു. അനുരജ്ഞനത്തിന്‍റെയും സമാധാനത്തിന്‍റെയും വഴികളില്‍ തകര്‍ന്നത് സമുദ്ധരിക്കുവാനും, അങ്ങനെ മാനവികതയ്ക്ക് പ്രത്യാശയും ധൈര്യവും പകര്‍ന്നുകൊടുക്കുവാനും സഭയ്ക്കും സഭാശുശ്രൂഷകര്‍ക്കും വിശ്വാസസമൂഹത്തിനും ഭീതികൂടാതെ സാധിക്കണം എന്ന പ്രവാചക ദൗത്യത്തെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ടും, അതിനുള്ള ദൈവാനുഗ്രഹം നേര്‍ന്നുകൊണ്ടുമാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്. (ഏശയ 61, 4).

അസ്സീസിയിലെ സിദ്ധന്‍റെ ശാന്തിഗീതം ശ്രവിച്ചുകൊണ്ട്....മെഡിറ്ററേനിയന്‍ പ്രവിശ്യയുടെ സമാധാനത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

ഗാനമാലപിച്ചത് വില്‍സണ്‍ പിറവവും സംഘവുമാണ്.  രചന ഫാദര്‍ ജോസഫ് മനക്കില്‍.
സംഗീതം ജെറി അമല്‍ദേവ്.
 

23 February 2020, 17:06