ക്രൊയേഷ്യയുടെ പ്രസിഡന്‍റ് വത്തിക്കാനില്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
പാപ്പാ ഫ്രാന്‍സിസുമായി സ്വകാര്യകൂടിക്കാഴ്ച
ഫെബ്രുവരി 6-Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ക്രൊയേഷ്യയുടെ പ്രസിഡന്‍റ് ആന്ത്രെ പ്ലെങ്കോവിച്ച് വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയതെന്ന്, പ്രസ്സ് ഓഫിസ് മേധാവി, മത്തയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു. പാപ്പാ ഫ്രാന്‍സിസുമായുള്ള തികച്ചും സ്വകാര്യമായ കൂടിക്കാഴ്ചയ്ക്കുശേഷം പ്രസിഡന്‍റ് പ്ലെങ്കോവിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ക്യാലഹര്‍ എന്നിവരുമായും നേര്‍ക്കാഴ്ച നടത്തിയതായി വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
ഉഭയകക്ഷി സംവാദം - വത്തിക്കാന്‍
സംസ്ഥാന കാര്യാലയത്തില്‍
സൗഹൃദമായ സംഭാഷണത്തിലും ചര്‍ച്ചകളിലും ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ഉപയുക്തമാകുന്ന വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് ആധാരമായി. യൂറോപ്യന്‍ കൗണ്‍സിലിലുള്ള ക്രൊയേഷ്യയുടെ പങ്കാളിത്തത്തെക്കുറിച്ചും, ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വെല്ലുവിളികളും ചര്‍ച്ചകളില്‍ പ്രതിഫലിച്ചതായി പ്രസ്സ് ഓഫിസ് മേധാവി, മത്തെയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ, മറ്റു രാജ്യാന്തര പ്രദേശിക പ്രശ്നങ്ങളും, പ്രത്യേകിച്ച് ബോസ്നിയയിലും ഹെര്‍സെഗോവിനയിലുമുള്ള കുടിയേറ്റക്കാരായ ക്രൊയേഷ്യന്‍ ജനതയുടെ സുസ്ഥിതിയെയും സുരക്ഷയെയും കുറിച്ച ചര്‍ച്ചകളും കര്‍ദ്ദിനാള്‍ പരോളിന്‍റെ സാന്നിദ്ധ്യത്തില്‍ നടന്നതായി മത്തെയോ ബ്രൂണി അറിയിച്ചു.