തിരയുക

ജര്‍മ്മനിയിലെ ഹനൗവില്‍ വെടിവയ്പില്‍ മരണമടഞ്ഞവര്‍ക്കായി കൊളുത്തിയ തിരികള്‍ ജര്‍മ്മനിയിലെ ഹനൗവില്‍ വെടിവയ്പില്‍ മരണമടഞ്ഞവര്‍ക്കായി കൊളുത്തിയ തിരികള്‍  

"ഹനൗ" ദുരന്തത്തില്‍ പാപ്പായുടെ അനുശേചനം!

ജര്‍മ്മനിയിലെ ഹനൗവില്‍ വെടിയേറ്റു മരിച്ചവര്‍ക്കായി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ജര്‍മ്മനിയിലെ ഹനൗവില്‍ നടന്ന വെടിവെയ്പു ദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

ഹനൗവില്‍ നിരപരാധികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരം ഫ്രാന്‍സീസ് പാപ്പായെ അതീവ ദുഃഖത്തിലാഴ്ത്തിയെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ ജര്‍മ്മനിയിലെ ഫുള്‍ദ രൂപതയുടെ മെത്രാന്‍ മിഖായെല്‍ ഗെര്‍ബറിനയച്ച അനുശോചന സന്ദേശത്തില്‍ വെളിപ്പെടുത്തി.

പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ കേഴുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍ പാപ്പാ പങ്കുചേരുകയും മരണമടഞ്ഞവരെ ദൈവത്തിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയും വേര്‍പാടിന്‍റെ വേദനയനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവും വിശ്വാസവും സമാധാനവും ലഭിക്കുന്നതിനായി ജീവന്‍റെ നാഥനായ ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിക്കുന്നു.

ട്വിറ്ററിലൂടെയും അനുശോചനം

തന്‍റെ വേദന പാപ്പാ വെള്ളിയാഴ്ച (21/02/2020) ജര്‍മ്മന്‍ ഭാഷയില്‍ കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലൂടെയും അറിയിച്ചു.

പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമായിരുന്നു:

ഹനൗവില്‍ നിരപരാധികളുടെ ജീവനെടുത്ത ആക്രമണത്തെക്കുറിച്ചുള്ള വിവരം എന്നെ ഞെട്ടിച്ചു.ഈ മരണവിയോഗദുഃഖം അനുഭവിക്കുന്നവരുടെ ചാരെ ഞാനുണ്ട്. അവര്‍ക്ക് സമാശ്വാസവും ആത്മധൈര്യവും ലഭിക്കുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുകയും മരണമടഞ്ഞവരെ ദൈവികകാരുണ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നു”.

43 വയസ്സുള്ള തോബിയാസ് റത്ജെന്‍ എന്ന വലതുപക്ഷ തീവ്രവാദി പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഹനൗവില്‍ ഒരു ഹുക്കാ ബാറിലും മറ്റൊരു ബാറിലുമായി ബുധനാഴ്ച (19/02/20) രാത്രിയാണ് 9 പേരുടെ ജീവനെടുത്ത വെടിവെയ്പു നടത്തിയത്.

ഈ വെടിവെയ്പിനു ശേഷം സ്വന്തം ഭവനത്തിലെത്തിയ തോബിയാസ് സ്വയം വെടിവച്ചു മരിച്ചു. അക്രമിയുടെ 72 വയസ്സു പ്രായമുള്ള അമ്മയുടെ മൃതദേഹവും സമീപത്തുണ്ടായിരുന്നു.

22 February 2020, 12:26