പൗലോസ് അപ്പസ്തോലന്‍റെ കാല്പാടുകളിലൂടെ ഒരു പ്രേഷിതയാത്ര
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. മാള്‍ട്ട റിപ്പബ്ലിക്കിന്‍റെ ക്ഷണം സ്വീകരിച്ച്
2020 മെയ് 31-നാണ് പാപ്പാ ഫ്രാന്‍സിസ് ദ്വീപൂരാജ്യമായ മാള്‍ട്ട സന്ദര്‍ശിക്കുന്നത്. പാപ്പാ ഫ്രാന്‍സിസിന്‍റെ 33–Ɔമത് രാജ്യാന്തര അപ്പസ്തോലിക പര്യടനമാണിത്. മാള്‍ട്ട റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ്, ജോര്‍ജ്ജ് വേല്ലായുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദര്‍ശനം നടത്തുന്നതെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തെയോ ബ്രൂണി ഫെബ്രുവരി 10 -Ɔο തിയതി തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.
2. മാള്‍ട്ട ദ്വീപിന്‍റെ പ്രേഷിതന്‍ - പൗലോസ് അപ്പസ്തോലന്‍
അപ്പസ്തോല നടപടിപ്പുസ്തകം രേഖപ്പെടുത്തിയിട്ടുള്ളതുപോലെ (നടപടി 27, 27-44) ജരൂസലേമില്‍നിന്നും പൗലോസ് അപ്പസ്തോലന്‍ കടല്‍മാര്‍ഗ്ഗം റോമിലേയ്ക്ക് സഞ്ചരിക്കവെ മെഡിറ്ററേനിയന്‍ ആഴിയില്‍വച്ച് കടല്‍ക്ഷോഭത്തില്‍പ്പെട്ടു. കപ്പല്‍ തകര്‍ന്ന് മാള്‍ട്ട ദ്വീപില്‍ അടിഞ്ഞ ശ്ലീഹായെ “അവിടുത്തെ ജനങ്ങള്‍ അനിതരസാധാരണമായ കാരുണ്യത്തോടെ സ്വീകരിച്ചു,” എന്ന സംഭവത്തിന്‍റെ അനുസ്മരണയിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ പ്രേഷിതയാത്ര നടത്തുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി (നടപടി 27, 27-47).
3. ശ്ലീഹയെ കാരുണ്യത്തോടെ സ്വീകരിച്ച ജനത
ക്രിസ്താബ്ദം 60-ലാണ് പൗലോസ് ശ്ലീഹായുടെ കപ്പല്‍ തകര്‍ന്ന സംഭവം നടന്നതെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. അങ്ങനെ ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പാണ് മാള്‍ട്ട - ഗോസോ ദ്വീപുരാജ്യങ്ങളിലെ ജനങ്ങള്‍ അപ്പസ്തോലനില്‍നിന്നും ക്രിസ്തുവിനെ നേരിട്ട് അറിഞ്ഞതും വിശ്വാസം സ്വീകരിച്ചതും. മാള്‍ട്ടയിലെ ജനങ്ങള്‍ അനിതരസാധാരണമായ കാരുണ്യത്തോടെ പൗലോസ് അപ്പസ്തോലനെ സ്വീകരിച്ചെന്നതും നടപടിപ്പുസ്തകം രേഖപ്പെടുത്തിയിട്ടുള്ളതാണ് (നടപടി 28, 1-10). തന്‍റെ മുന്‍ഗാമികളായ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍റെയും (മെയ് 1990), വിശ്രമജീവിതം നയിക്കുന്ന മുന്‍പാപ്പാ ബെനഡിക്ടിന്‍റെയും (ഏപ്രില്‍ 2010) മാള്‍ട്ടയിലേയ്ക്കുള്ള അപ്പസ്തോലിക യാത്രകളുടെ ചുവടുവയ്പ്പിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ പ്രേഷിതയാത്ര നടത്തുന്നത്.
മാള്‍ട്ട അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ചാള്‍സ് ഷിക്ലീനയാണ്. അദ്ദേഹം വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശിയുമാണ് (Joint Secretary of the Congregation of the Doctrine of Faith).