തിരയുക

ദിവ്യകാരുണ്യനാഥനായ ഈശോ ദിവ്യകാരുണ്യനാഥനായ ഈശോ 

വിശുദ്ധിയിലേക്കുളള വിളി: തിരുവചനവും, ദിവ്യകാരുണ്യവും

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 156-157 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരൂപിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

പാദങ്ങൾക്ക് വിളക്കും, പാതയിൽ പ്രകാശവുമായ തിരുവചനം

156. “തേനിനേക്കാൾ മാധുരമുള്ളതും”(സങ്കീ.119: 103) എന്നാൽ ഇരുതല വാൾ പോലെയുള്ള (ഹെബ്രാ.4:12). ദൈവവചനത്തിന്‍റെ പ്രാർത്ഥനാ പൂർവ്വകമായ വായന, നമ്മുടെ ദിവ്യനാഥന്‍റെ സ്വരം ശ്രവിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. അത് “നമ്മുടെ പാദങ്ങൾക്ക് വിളക്കും നമ്മുടെ പാതയിൽ പ്രകാശവുമാണ്” (സങ്കീ.119:105). ഭാരതത്തിലെ മെത്രാന്മാർ നമ്മെ അനുസ്മരിപ്പിച്ചതുപോലെ “ദൈവ വചനത്തോടുള്ള ഭക്തി വിവിധ ഭക്ത്യാഭ്യാസങ്ങൾക്കിടയിലെ, സുന്ദരമെങ്കിലും ഐച്ഛികമായ ഒരു ഭക്ത്യാഭ്യാസം മാത്രമല്ല. അത് ക്രൈസ്തവ ജീവിതത്തിന്‍റെ ഹൃദയത്തിലേക്കും അനന്യതയിലേക്കും പോകുന്നു. തിരുവചനത്തിന് രൂപാന്തരപ്പെടുത്താൻ ശക്തിയുണ്ട്”

ഈ ഖണ്ഡികയിൽ പാപ്പാ തിരുവചനത്തെകുറിച്ചാണ് പ്രബോധിപ്പിക്കുന്നത്. തിരുവചനത്തിനു നമ്മെ രൂപാന്തരപ്പെടുത്താൻ കഴിയുമെന്ന് പാപ്പാ വിശദീകരിക്കുന്നു. വചനം മാംസമായ തിരുന്നാളാണല്ലോ ക്രിസ്തുമസ്. ജനനം മുതൽ ക്രൈസ്തവരായ നാമെല്ലാവരും ക്രിസ്തുമസ് ആഘോഷിച്ചു വരുന്നു. എത്ര ആഘോഷിച്ചിട്ടും വചനം എന്ത് കൊണ്ടാണ് നമ്മിൽ മാംസം ധരിക്കാതെ പോകുന്നതെന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനായുള്ള ഒരു ക്ഷണമാണ് പാപ്പായുടെ ഈ പ്രബോധനം നമുക്ക് നൽകുന്നത്. നമ്മെ നവീകരിക്കാൻ മാത്രം ശക്തിയുള്ള തിരുവചനം നമ്മിൽ ഫലമില്ലാതെ പോകുവാന്‍  കാരണം എന്താണ്?  ആകാശവും ഭൂമിയും കടന്നു പോയാലും ദൈവത്തിന്‍റെ വചനം കടന്നു പോകുകയില്ല എന്ന് ക്രിസ്തു  നമ്മെ പഠിപ്പിക്കുന്നു. അത്ര ശക്തിയുള്ള വചനം നമ്മിൽ ഒരു മാറ്റവും വരുത്താതെ കടന്നു പോകുന്നത് എന്ത് കൊണ്ടാണ്? യഥാര്‍ത്ഥത്തിൽ വചനം നമ്മിൽ നിലനിൽക്കുന്നു എന്നാല്‍ വിതക്കാരന്‍റെ ഉപമയിൽ ക്രിസ്തു പഠിപ്പിക്കുന്നത് പോലെ വചനം ജീവിക്കാൻ നമ്മുടെ ഹൃദയത്തിനു ആഴമില്ലാത്തത് കൊണ്ട് അത് പെട്ടെന്ന് വാടി പോകുന്നു.

നമ്മുടെ ജീവിതം ഓരോ ദിനവും ഒഴുകി കൊണ്ടാണിരിക്കുന്നത്. ഇന്നലകളെ പോലെ ഇന്നുകളും വലിയ മാറ്റങ്ങൾ സമ്മാനിക്കാതെ കടന്നു പോകുന്നു. ജീവിതത്തിന്‍റെ ഈ പോക്ക് എവിടെയാണ് അവസാനിക്കുന്നത്?  ഇതിന്‍റെ ലക്ഷ്യം എന്താണ്? ലക്ഷ്യം മറന്നുള്ള നമ്മുടെ ഓട്ടത്തിൽ നമ്മുടെ ട്രാക്ക് തെറ്റി പോകുന്നതൊന്നും നാമറിയുന്നേയില്ല. ഈ അജ്ഞതയാണ് നമ്മിൽ വചനം വേര് പിടിക്കാതിരിക്കാൻ കാരണം. നമ്മുടെ ജീവിതത്തിൽ വചനം മാംസം ധരിക്കണമെങ്കിൽ നാം വചനത്തെ ശ്രവിക്കണം. ശ്രദ്ധിക്കണം. ഇതാണ് വഴി ഇതിലേക്ക് പോകുക എന്ന് പറയുന്ന ആത്മാവിനെ നാം അനുസരിക്കണം. അതിനു നാം എളിമ എന്ന പുണ്യത്തെ അഭ്യസിക്കേണ്ടിയിരിക്കുന്നു. വിനയമുള്ള ഹൃദയത്തിൽ മാത്രമേ വചനത്തിന് വിളവ് നല്‍കാൻ കഴിയുകയുള്ളു.

നമ്മിൽ പലരും ധ്യാനകേന്ദ്രങ്ങളിൽ പ്രാർത്ഥിക്കാനും, അത്ഭുതം സ്വീകരിക്കാനും ചെല്ലുന്നവരാകാം. ഒരു ധ്യാനത്തിന് പോകുമ്പോൾ നമ്മുടെ മനോഭാവം, ലക്ഷ്യം എന്താണ്? വചനം ശ്രവിക്കണം, ആ ശ്രവണം എന്നിൽ മാറ്റം വരുത്തണം എന്ന ആഗ്രഹത്തോടെയാണോ നാം ചെല്ലുന്നത്, അതോ നമ്മുടെ ആവശ്യങ്ങൾ സാധിച്ചു കിട്ടുവാനും, അത്ഭുതങ്ങൾ സംഭവിക്കാനുമാണോ നാം ചെല്ലുന്നതെന്ന് വിചിന്തനം ചെയ്യണം. ഒരു വ്യക്തിയുടെ കൂടെ ആയിരിക്കുമ്പോഴാണ് ആ വ്യക്തിയെ കുറിച്ച് നമുക്കു കൂടുതൽ അറിയുവാൻ കഴിയുന്നത്. അയാളുടെ രുചിയും, മനോഭാവവും, പെരുമാറ്റവും നമ്മിൽ എന്തെക്കൊയോ മാറ്റം വരുത്തുന്നത്. അത്പോലെ തന്നെ ദൈവത്തോടൊപ്പമായിരുന്ന് അവിടുത്തെ വചനം നിരന്തരം ശ്രവിക്കുമ്പോഴാണ് നമുക്ക് ക്രിസ്തുവിന്‍റെ അനുയായികളായി രൂപാന്തരപ്പെടാന്‍ കഴിയുന്നത്. വചനം നമ്മെ ക്രൈസ്തവ ജീവിതത്തിന്‍റെ ഹൃദയത്തിലേക്കും അനന്യതയിലേക്കും നയിക്കുന്നു എന്ന്  പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. വചനം സ്വീകരിച്ച്, അതനുസരിച്ച് ജീവിക്കുന്നവന്‍റെ ജീവിതത്തിന്‍റെ അനന്യതയാണ് വിശുദ്ധി. വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയിൽ നാം കരുതേണ്ട ഏറ്റവും ശക്തമായ ആയുധമായിരിക്കണം ദൈവത്തിന്‍റെ തിരുവചനം.

ദിവ്യകാരുണ്യത്തിൽ സന്നിഹിതനാകുന്ന ഏക സത്യദൈവം

157. വിശുദ്ധ ലിഖിതങ്ങളില്‍ നാം ദർശിക്കുന്ന ഈശോ വിശുദ്ധകുർബ്ബാനയിലേക്ക് നമ്മെ നയിക്കുന്നു: അവിടെയാണ് ലിഖിത വചനം അതിന്‍റെ ഏറ്റവും മഹത്തായ ഫലദായകത്വം പ്രാപിക്കുന്നത്. എന്തെന്നാൽ അവിടെ ജീവിക്കുന്ന വചനംതന്നെ സത്യമായും സന്നിഹിതമാണ്. ദിവ്യകാരുണ്യത്തിൽ ഏക സത്യദൈവം, ലോകത്തിലേക്ക് അവിടുത്തേക്ക് നൽകാനാവുന്ന ഏറ്റവും മഹത്തായ ആരാധനാ സ്വീകരിക്കുന്നു. എന്തെന്നാൽ ക്രിസ്തു തന്നെയാണ് അവിടെ സമർപ്പിക്കപ്പെടുന്നത്. നമ്മൾ ദിവ്യകാരുണ്യ സ്വീകരണം നടത്തുമ്പോൾ അവിടുന്നുമായുള്ള ഉടമ്പടി നമ്മൾ നവീകരിക്കുകയും നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്ന അവിടുത്തെ പ്രവർത്തനം തുടരുവാൻ അവിടുത്തെ നമ്മൾ അനുവദിക്കുകയുമാണ് ചെയ്യുന്നത്.

ലിഖിത വചനം അതിന്‍റെ ഏറ്റവും മഹത്തായ ഫലദായകത്വം പ്രാപിക്കുന്നത് ദിവ്യ കാരുണ്യത്തിലാണെന്ന് പറഞ്ഞു കൊണ്ട് വചനത്തിൽ ജീവിക്കുന്ന ഈശോ ദിവ്യകാരുണ്യത്തിലേക്ക് നമ്മെ നയിക്കുന്നുവെന്ന് പാപ്പാ അനുസ്മരിക്കുന്നു. ഒരു പാട് സ്നേഹം ഉള്ളിലൊതുക്കി താങ്ങാനാവാതെ ദൈവം തന്‍റെ സ്നേഹത്തെ പൂർണ്ണമായി വെളിപ്പെടുത്തുന്നത് ദിവ്യകാരുണ്യത്തിലൂടെയാണ്. അപ്പത്തിന്‍റെ രൂപത്തിൽ വചനം നമ്മുടെ ശരീരത്തിന്‍റെയും രക്തത്തിന്‍റെയും ഭാഗമായി തീരുന്നു, നമ്മിൽ ഒന്നായി അലിഞ്ഞു തീരുന്നു. ഇതെന്‍റെ ശരീരമാണ്; ഇതെന്‍റെ രക്തമാണ്; ഇത് നിങ്ങൾ എന്‍റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞ ക്രിസ്തുവിന്‍റെ വചനം നമ്മിൽ അപ്പമായി കടന്നു വരുമ്പോൾ നാമെത്ര മാത്രം വിശുദ്ധമായിരിക്കണം. ഈ വിശുദ്ധി കൈവരിക്കാനാണ് ദൈവം നമ്മിൽ ഇറങ്ങി വന്ന് തന്‍റെ ജീവനെ നമുക്കായി പകുത്തു നൽകുന്നത്. ദിവ്യകാരുണ്യത്തിൽ ക്രിസ്തു തന്നെതന്നെ സമർപ്പിക്കുന്നു. ഓരോ ദിനവും അനുഗ്രഹങ്ങളുടെ അൾത്താരയിൽ തന്നെതന്നെ മുറിച്ച് വിളമ്പാൻ സന്നദ്ധനാക്കുന്നു. ദിവ്യകാരുണ്യത്തിലൂടെ തന്‍റെ പ്രവർത്തനം നമ്മിൽ തുടരാൻ ആഗ്രഹിക്കുന്ന ദൈവ സ്നേഹത്തിന്‍റെ മുന്നിൽ വിശുദ്ധീകരിക്കപ്പെടാൻ നമ്മെ വിട്ടു കൊടുക്കുമ്പോൾ ദൈവ വചനത്തിന്‍റെ ജീവിക്കുന്ന സാക്ഷികളായി നമുക്ക് രൂപാന്തരപ്പെടാന്‍ കഴിയും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 January 2020, 09:43