യഹൂദ കൂട്ടക്കുരുതിയുടെ ഓര്‍മ്മ!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഓര്‍മ്മിച്ചില്ലെങ്കില്‍ നാം ഭാവിയെ ഇല്ലായ്മ ചെയ്യുകയാണെന്ന് മാര്‍പ്പാപ്പാ.
1939-നും 1945-നും ഇടയില്‍ ജര്‍മ്മനിയുടെ നാസി പട 60 ലക്ഷത്തോളം യഹൂദരെ കൊന്നൊടുക്കിയ ദുരന്തത്തിന്‍റെ, “ഷ്വാ” (SHOAH) സ്മരണാദിനമായ ജനുവരി 27-ന്, തിങ്കളാഴ്ച, “ഓര്‍മ്മദിനം” (#MemoryDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചിരിക്കുന്നത്.
പാപ്പാ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
“നാം മറക്കുകയാണെങ്കില്‍ ഭാവിയെ നശിപ്പിക്കുകയാണ്. എഴുപത്തിയഞ്ചു വര്‍ഷം മുമ്പു നടന്ന യഹൂദ കൂട്ടക്കുരുതി, നരകുലത്തിന്‍റെ അവാച്യമായ മൃഗീയത, നമ്മെ, ഒരു നിമിഷം നില്ക്കാനുള്ള, മൗനമവലംബിക്കാനും ഓര്‍മ്മിക്കാനുമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ. നിസ്സംഗരാകാതിരിക്കുന്നതിന് അത് നമുക്കു സഹായകമാകും”
പോളണ്ടിലെ ഓഷ്വിറ്റ്സ് നാസി തടങ്കല്‍പാളയത്തിന്‍റെ കവാടം 1945 ജനുവരി 27-ന് സോവ്യറ്റ് പട തകര്‍ത്ത ദിനമാണ് യൂറോപ്പില്‍ “ഷ്വൊ” സ്മരണദിനമായി ആചരിക്കുന്നത്.
പാപ്പാ ഞായറാഴ്ച (26/01/2020) കുറിച്ച നാല് ട്വിറ്റര്‍ സന്ദേശങ്ങള്‍
തിരുസഭ പ്രഥമ “ദൈവവചന ഞായര്‍” ആചരിച്ച ഈ ഞായറാഴ്ച (26/01/2020) മാര്‍പ്പാപ്പാ നാലു ട്വിറ്റര്‍ സന്ദേശങ്ങള്‍ കണ്ണിചേര്‍ത്തു.
“ദൈവചനഞായര്‍” (#SundayoftheWordofGod) എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച ഈ സന്ദേശങ്ങള്‍ യഥാക്രമം ഇവയാണ്:
1- “കര്‍ത്താവ് അവിടത്തെ വചനം നിനക്കേകുന്നത്, അവിടന്ന് നിനക്കായി എഴുതിയ പ്രണയ ലേഖനം എന്ന രീതിയില്‍ നീ അതു സ്വീകരിക്കുന്നതിനും അവിടന്ന് നിന്‍റെ ചാരെയുണ്ടെന്ന പ്രതീതി നിന്നിലുളവാക്കുന്നതിനുമാണ്”
2- “ദൈവവചനത്തിന് നമുക്കിടം നല്കാം! അനുദിനം നമുക്ക് ബൈബിളില്‍ നിന്നുള്ള ഏതെങ്കിലും ഭാഗം വായിക്കാം. ദൈവം നമ്മുടെ ചാരെയുണ്ടെന്നും നമ്മുടെ ഇരുളില്‍ അവിടന്ന് പ്രകാശം പരത്തുന്നുവെന്നും സ്നേഹത്താല്‍ നമ്മുടെ ജീവിതത്തെ ആഴത്തിലേക്കാനയിക്കുന്നുവെന്നും അപ്പോള്‍ നമുക്ക് മനസ്സിലാകും”
3- “ദൈവവചനം നമുക്കാവശ്യമാണ്: അനുദിനജീവിതത്തിലെ ആയിരക്കണക്കിനു വാക്കുകള്‍ക്കിടയില്‍ വസ്തുക്കളെക്കുറിച്ചല്ലാതെ ജീവനെക്കുറിച്ചു പറയുന്ന ഏക വചനം നാം ശ്രവിക്കേണ്ടിയിരിക്കുന്നു”
4- “ദൈവവചനം നമുക്കു സാന്ത്വനമേകുകയും പ്രചോദനം പകരുകയും ചെയ്യുന്നു, അത് മാനസാന്തരമുളവാക്കുകയും നമ്മെ പിടിച്ചു കുലുക്കുകയും സ്വാര്‍ത്ഥതയുടെതായ മരവിപ്പില്‍ നിന്ന് വിമുക്തരാക്കുകയും ചെയ്യുന്നു; എന്തെന്നാല്‍ ജീവിതത്തെ പരിവര്‍ത്തനം ചെയ്യാനും തമസ്സില്‍ നിന്ന് വെളിച്ചിത്തിലേക്കു നയിക്കാനും അതിനു ശക്തിയുണ്ട്”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.