തിരയുക

Vatican News
പ്രത്യക്ഷീകരണ തിരുന്നാള്‍- കിഴക്കു നിന്ന് വന്ന  ജ്ഞാനികള്‍ ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിനെ ആരാധിച്ച് കാഴ്ച്ചകളര്‍പ്പിക്കുന്ന രംഗം- ഇറ്റാലിയന്‍ ചിത്രകാരന്‍ കരവാജ്ജ്യൊയുടെ സൃഷ്ടി പ്രത്യക്ഷീകരണ തിരുന്നാള്‍- കിഴക്കു നിന്ന് വന്ന ജ്ഞാനികള്‍ ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിനെ ആരാധിച്ച് കാഴ്ച്ചകളര്‍പ്പിക്കുന്ന രംഗം- ഇറ്റാലിയന്‍ ചിത്രകാരന്‍ കരവാജ്ജ്യൊയുടെ സൃഷ്ടി 

ദൈവത്തെ നാം ഉപകരണമാക്കുന്ന ഗുരുതരമായ അപകടം!

പാപ്പായുടെ വിവിധ ട്വീറ്റുകള്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി‍

ദൈവത്തെ സേവിക്കുന്നതിനു പകരം അവിടത്തെ നമ്മുടെ ഉപകരണമാക്കുന്ന അവസ്ഥ ഗുരുതരമായ ഒരു അപകടമാണെന്ന് മാര്‍പ്പാപ്പാ മുന്നറിയിപ്പു നല്കുന്നു.

പ്രത്യക്ഷീകരണത്തിരുന്നാള്‍ ദിനത്തില്‍, തിങ്കളാഴ്ച (06/01/20) “ഇന്നത്തെ സുവിശേഷം” (#GospelOfTheDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്നത്.

“ഇന്നത്തെ സുവിശേഷം (മത്തായി 2,1-12) നമ്മെ പഠിപ്പിക്കുന്നത് ഇതാണ്: മനുഷ്യന്‍ ദൈവത്തെ ആരാധിക്കാതെയിരിക്കുമ്പോള്‍ അവന്‍ ആത്മാരാധനയില്‍ നിപതിക്കുന്നു. ഇത് ഗുരുതരമായ അപകടമാണ്: ദൈവത്തെ സേവിക്കുന്നതിനു പകരം നാം അവിടത്തെ ഉപകരണമാക്കുന്നു” 

അന്നുതന്നെ  മറ്റ് രണ്ടു സന്ദേശങ്ങള്‍കൂടി പാപ്പാ ട്വിറ്ററില്‍ കണ്ണി ചേര്‍ത്തു:

“ആരാധിക്കുകയെന്നാല്‍ സത്തയില്‍ കേന്ദ്രീകരിക്കുകയാണ്: ഹൃദയത്തെ മയക്കത്തിലാഴ്ത്തുകയും മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന  നിഷ്പ്രയോജനകരങ്ങളായ നിരവധിക്കാര്യങ്ങളില്‍ നിന്നു മുക്തരാകുന്നതിനുള്ള മാര്‍ഗ്ഗമാണത്”

“ആരാധിക്കുക വഴി നമുക്കും, പൂജരാജാക്കളെപ്പോലെ, നമ്മുടെ യാത്രയുടെ പൊരുള്‍ കണ്ടെത്താന്‍ സാധിക്കും. അവരെപ്പോലെ നമുക്കും വലിയ ആനന്ദം അനുഭവിക്കാന്‍ സാധിക്കും”

നാം സ്നേഹത്തില്‍ വിശുദ്ധരായിത്തീരുന്നതിനാണ് യേശു നാഥന്‍ നമ്മുടെ ഇടയിലേക്കു വരുന്നതെന്ന്  മാര്‍പ്പാപ്പാ ഞായറാഴ്ച  (05/01/20) കുറിച്ച ട്വിറ്റര്‍ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.

“ത്രികാലപ്രാര്‍ത്ഥന” (#Angelus) എന്ന ഹാഷ്ടാഗോടുകൂടിയതായിരുന്നു ഈ സന്ദേശം. അതിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:

“ഇതാണ് തിരുപ്പിറവിയുടെ പൊരുള്‍. കര്‍ത്താവ് നമ്മുടെ ഇടയിലേക്ക് നിരന്തരം വരുകയും അവിടത്തെ വചനം നമുക്കു സമ്മാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത്, സ്നേഹത്തില്‍ വിശുദ്ധരായിത്തീരുക എന്ന വിളിയോട് പ്രത്യുത്തരിക്കാന്‍ നാമുക്കോരോരുത്തര്‍ക്കും സാധിക്കുന്നതിനാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ശനിയാഴ്ച (04/01/20) പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമായിരുന്നു: “നമുക്കെന്ന പോലെതന്നെ അപരനും സമാധാനം ആവശ്യമുണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. പ്രത്യാശപുലര്‍ത്താത്ത പക്ഷം ശാന്തി ലഭിക്കില്ല. സമാധാനം എന്ന ദാനത്തിനായി നമുക്ക് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

07 January 2020, 10:39