തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ  സാന്‍ ബെനെദേത്തൊ ദെല്‍ ത്രോന്തൊയില്‍ (San Benedetto del Tronto) നിന്നെത്തിയ എഴുപതോളം പേരടങ്ങിയ മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിനിധിസംഘവുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തുന്നു 18/01/2020 ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ സാന്‍ ബെനെദേത്തൊ ദെല്‍ ത്രോന്തൊയില്‍ (San Benedetto del Tronto) നിന്നെത്തിയ എഴുപതോളം പേരടങ്ങിയ മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിനിധിസംഘവുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തുന്നു 18/01/2020   (Vatican Media)

പ്രതികൂല സാഹചര്യങ്ങളോടു മല്ലിടുന്ന മത്സ്യത്തൊഴിലാളികള്‍!

കാലാവസ്ഥ അനുകൂലമായാലും പ്രതികൂലമായാലും മീന്‍പിടുത്തക്കാര്‍ കാലക്ഷേപത്തിനായി ഉത്സാഹത്തോടും ത്യാഗം സഹിച്ചും സാഹസികമായി കടലി‍ല്‍ പോകുന്നു... അവര്‍ക്ക് ധൈര്യത്തിന് ഒരു കുറവും ഇല്ല, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അഭിമുഖീകരിക്കേണ്ട വൈഷമ്യങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും മുന്നില്‍ പ്രത്യാശ കൈവിടരുതെന്ന് മാര്‍പ്പാപ്പാ മത്സ്യത്തൊഴിലാളിക്കള്‍ക്ക് പ്രചോദനം പകരുന്നു.

വത്തിക്കാനില്‍ നിന്ന് 200 കിലോമീറ്ററിലേറെ കിഴക്ക് ഇറ്റലിയുടെ തീരദേശമായ സാന്‍ ബെനെദേത്തൊ ദെല്‍ ത്രോന്തൊയില്‍ (San Benedetto del Tronto) നിന്നെത്തിയ എഴുപതോളം പേരടങ്ങിയ മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിനിധിസംഘത്തെ ശനിയാഴ്ച (18/01/20) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

കാലാവസ്ഥ അനുകൂലമായാലും പ്രതികൂലമായാലും മീന്‍പിടുത്തക്കാര്‍ കാലക്ഷേപത്തിനായി ഉത്സാഹത്തോടും ത്യാഗം സഹിച്ചും സാഹസികമായി കടലി‍ല്‍ പോകുന്നത് പാപ്പാ അനുസ്മരിക്കുകയും അവര്‍ക്ക് ധൈര്യത്തിന് ഒരു കുറവും ഇല്ലെന്ന് ശ്ലാഘിക്കുകയും ചെയ്തു.

കടലിന്‍റെ മക്കള്‍ക്ക് അവരു‌ടെ ഹൃദയത്തില്‍ നിന്ന് കടലിനെ പിഴുതെറിയാന്‍ ആവില്ല എന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

സമുദ്രത്തെ മലിനമാക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് മത്സ്യത്തൊഴിലാളികള്‍ അധികാരികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തനിക്കുള്ള സംതൃപ്തിയും പാപ്പാ അറിയിച്ചു.

ആഗോളതലത്തിലുള്ള ഒരു പ്രശ്നത്തെ നേരിടുന്നതിന് പൗരസമൂഹത്തിന് എങ്ങനെ സംഭാവന ചെയ്യാന്‍ കഴിയും എന്നതിനുള്ള ഒരു ഉദാഹരണമായി പാപ്പാ അവരുടെ പ്രവര്‍ത്തനത്തെ ചൂണ്ടിക്കാട്ടി.

യേശുനാഥന്‍ മീന്‍പിടുത്തക്കാരെ തന്‍റെ ശിഷ്യരാക്കിയ സുവിശേഷ സംഭവവും പാപ്പാ അനുസ്മരിക്കുകയും ഇന്ന് കര്‍ത്താവിന്‍റെ ആദ്ധ്യാത്മിക സാന്നിധ്യം തങ്ങളുടെ ചാരെ ഉണ്ടെന്ന ബോധ്യം പുലര്‍ത്തണമെന്ന് അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

 

18 January 2020, 12:52