നമുക്കാവശ്യം ജീവനെക്കുറിച്ചു നമ്മോടു പറയുന്ന "വചനം"!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ദൈവത്തിന്‍റെ സാമീപ്യമാണ് യേശുവില്‍ മാംസംധരിച്ചതെന്ന് മാര്‍പ്പാപ്പാ.
ആഗോളസഭ പ്രഥമ “ദൈവവചന ഞായര്‍” ആചരിച്ച ഞായറാഴ്ച (26/01/2020), വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, താന്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച സമൂഹദിവ്യബലി മദ്ധ്യേ, സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
“യേശു പ്രസംഗിക്കാന്‍ തുടങ്ങി”, (മത്തായി 4,17) സുവിശേഷകന്‍ മത്തായി, യേശുവിന്‍റെ പരസ്യജീവിതാരംഭത്തെക്കുറിച്ചു പറയുന്ന ഈ വാക്കുകള്‍ അനുസ്മരിച്ച പാപ്പാ ദൈവത്തിന്‍റെ വചനമായ യേശു വന്നത് വചനങ്ങളാലും ജീവിതത്താലും നമ്മോടു സംസാരിക്കാനാണെന്ന് ഉദ്ബോധിപ്പിച്ചു.
“മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് യേശു തന്‍റെ ദൗത്യം ആരംഭിക്കുമ്പോള്‍ ദൈവം സ്വന്തം ജനത്തിന്‍റെ ചാരെയാണെന്ന നൂതനമായ സന്ദേശമാണ് അവിടന്ന് നല്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു.
ദൈവം നമ്മെ സന്ദര്‍ശിക്കാനെത്തിയത് മനുഷ്യരൂപം സ്വീകരിച്ചുകൊണ്ടാണെന്നും നമ്മുടെ അവസ്ഥ കണക്കിലെടുത്തിട്ടല്ല, പ്രത്യുത, നമ്മോടുള്ള സ്നേഹത്തെ പ്രതിയാണ് അവിടന്ന് അപ്രകാരം ചെയ്തതെന്നും പാപ്പാ പറഞ്ഞു.
നമ്മോടൊപ്പമായിരിക്കാനും ജീവിതത്തിന്‍റെ മനോഹാരിതയും ഹൃദയശാന്തിയും, മാപ്പുലഭിച്ചവരും സ്നേഹിക്കപ്പെട്ടവരും ആയിരിക്കുന്നതിലുള്ള ആനന്ദവും നമുക്കു പ്രദാനം ചെയ്യാനും ദൈവം ആഗ്രഹിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
മാനസാന്തരപ്പെടുവിന്‍ എന്നതിന്‍റെ അര്‍ത്ഥം ജീവിതശൈലിയില്‍ മാറ്റം വരുത്തുകയെന്നാണെന്നു പറഞ്ഞ പാപ്പാ അവനവനു വേണ്ടി ജീവിച്ചതു മതി, ഇനി നൂതനമായ ജീവിത ശൈലിക്ക് തുടക്കമായി എന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് വിശദീകരിച്ചു.
രക്ഷാദയക വചനം സുരക്ഷിതവും സംരക്ഷിതവും പ്രതികൂലാവസ്ഥകളില്‍ നിന്നു വിമുക്തവുമായ ഇടം തേടി പോകുന്നില്ലെന്നും അതു വരുന്നത് നമ്മുടെ സങ്കീര്‍ണ്ണതകളിലേക്കും നമ്മുടെ ഇരുളിലേക്കുമാണെന്നും, ദൈവം കടന്നു ചെല്ലില്ല എന്ന് നാം കരുതുന്നിടങ്ങളില്‍ ദൈവം സന്ദര്‍ശനത്തിനെത്തുന്നുവെന്നും പാപ്പാ പറഞ്ഞു.
വസ്തുക്കളെക്കുറിച്ചല്ല ജീവനെക്കുറിച്ചു സംസാരിക്കുന്ന വചനം നമുക്ക് ആവശ്യമാണെന്നും ആകയാല്‍ അനുദിനം ബൈബിള്‍ വചനങ്ങള്‍ നാം വായിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.