തിരയുക

ഫ്രാന്‍സീസ് പാപ്പാ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയില്‍ ഒരു നവജാതശിശുവിനെ ലാളിക്കുന്നു, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 22/01/2020 ഫ്രാന്‍സീസ് പാപ്പാ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയില്‍ ഒരു നവജാതശിശുവിനെ ലാളിക്കുന്നു, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 22/01/2020 

ആതിഥ്യഭാവം നമ്മെ നല്ല ക്രൈസ്തവരാക്കും!

യേശുക്രിസ്തു വെളിപ്പെടുത്തിയ ദൈവസ്നേഹം കുടിയേറ്റക്കാര്‍ക്ക് കാണിച്ചുകൊടുക്കാന്‍ ക്രൈസ്തവര്‍ ഒറ്റക്കെട്ടായി യത്നിക്കണം- ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശനം പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ പതിവുപോലെ ഈ ബുധനാഴ്ചയും (22/01/20). പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ചു പരിപാടിയുടെ വേദി, ഇക്കഴിഞ്ഞ ആഴ്ചകളിലെന്നപോലെ തന്നെ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ഏഴായിരത്തിലേറെപ്പേര്‍ ശാലയില്‍ സന്നിഹിതരായിരുന്നു. പാപ്പാ നടന്ന് ശാലയില്‍ പ്രവേശിച്ചപ്പോള്‍  ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു. ഏവര്‍ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കിടയിലൂടെ സാവധാനം നീങ്ങി. പതിവുപോലെ കുഞ്ഞുങ്ങളോടുള്ള തന്‍റെ വാത്സല്യം പ്രകടിപ്പിച്ചുകൊണ്ട് പാപ്പാ അവരെ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുണ്ടായിരുന്നു. മുതിര്‍ന്നവരില്‍ ചിലര്‍ പാപ്പായെ ഒന്നു തൊടാനും ഹസ്തദാനം ചെയ്യാനും ശ്രമിക്കുന്നതും കാണാമായിരുന്നു. പാപ്പാ ചിലരുടെ ചാരെനിന്ന് അവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം  ശ്രവിക്കുകയും ചിലരോടു കുശലാന്വേഷണങ്ങള്‍ നടത്തുകയും ചിലരേകിയ ചെറു ഉപഹാരങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. നടന്ന് വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍

“(1)ഞങ്ങള്‍ രക്ഷപ്പെട്ടുകഴിഞ്ഞപ്പോള്‍, മാള്‍ട്ട എന്ന ദ്വീപാണ് അതെന്നു മനസ്സിലാക്കി.(2) അപരിചിതരെങ്കിലും സ്ഥലവാസികള്‍ ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു. മഴക്കാലം വന്നുചേര്‍ന്നിരുന്നതുകൊണ്ടും തണുപ്പായിരുന്നതുകൊണ്ടും അവര്‍ തീ കൂട്ടി ഞങ്ങളെ സ്വാഗതം ചെയ്തു.....(10) അവര്‍ ഞങ്ങളെ വളരെയേറെ ബഹുമാനിച്ചു. ഞങ്ങള്‍ കപ്പല്‍യാത്രയ്ക്കൊരുങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക്  ആവശ്യമുള്ളതെല്ലാം അവര്‍ കൊണ്ടുവന്നു തന്നു.(അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 28:1-2.10)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, ജനുവരി 18 മുതല്‍ 25 വരെ ആചരിക്കപ്പെടുന്ന ക്രൈസ്തവൈക്യത്തിനായുള്ള അഷ്ടദിന പ്രാര്‍ത്ഥനയുടെ  വിചിന്തനപ്രമേയം അവലംബമാക്കി ഒരു സന്ദേശം നല്കി. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ  മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌,‍

ആതിഥ്യം

ഇന്നത്തെ പരിചിന്തനം ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാവാരത്തോടു ചേര്‍ന്നുപോകുന്നതാണ്. ഈ പ്രാര്‍ത്ഥനാവാരത്തിന്‍റെ ഇക്കൊല്ലത്തെ വിചിന്തനപ്രമേയം ആതിഥ്യവുമായി ബന്ധപ്പെട്ടതാണ്. കപ്പലപകടത്തില്‍പ്പെട്ട പൗലോസിനും സഹയാത്രികര്‍ക്കും മാള്‍ട്ടയിലെ നിവാസികള്‍ നല്കിയ സ്വീകരണത്തെക്കുറിച്ച് അപ്പസ്തോലപ്രവര്‍ത്തനങ്ങളിലുള്ള വിവരണത്തെ ആസ്പദമാക്കി ആതിഥ്യമെന്ന പ്രമേയം വിപുലീകരിച്ചത് മാള്‍ട്ടയിലെയും ഗോത്സൊയിലെയും സമൂഹങ്ങളാണ്. 

ആ കപ്പലപകടത്തിന്‍റെ നാടകീയമായ അനുഭവങ്ങളില്‍ നിന്ന് നമുക്ക് ഒരിക്കല്‍കൂടി ആരംഭിക്കാം. ... പതിനാലു ദിനങ്ങളായി അവര്‍ കടലിലാണ്, അലക്ഷ്യമായി ഒഴുകി നടക്കുകയാണ് കപ്പല്‍. സൂര്യനെയൊ നക്ഷത്രങ്ങളെയൊ അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. കപ്പല്‍യാത്രക്കാര്‍ക്ക് ദിശയറിയാനാകുന്നില്ല. അവര്‍ക്കു താഴെ കപ്പലിനെ തകര്‍ക്കുംവിധം പ്രക്ഷുബ്ധമായ കടലില്‍ നിന്ന് ആഞ്ഞടിക്കുന്ന തിരമാല. കപ്പല്‍ തകരുമെന്ന് അവര്‍ ഭയപ്പെട്ടു. മുകളില്‍ നിന്നാകട്ടെ കാറ്റും മഴയും. കടലിന്‍റെയും കൊടുങ്കാറ്റിന്‍റെയും ശക്തി ഭീബത്സമായിരുന്നു. ഇരുന്നൂറ്റിയറുപതിലേറെപ്പേര്‍ കപ്പലില്‍ ഉണ്ടായിരുന്നു.

പൗലോസിന്‍റെ വിശ്വാസം ദൈവപരിപാലനയില്‍

എന്നാല്‍ ആ അവസ്ഥയെക്കുറിച്ച് പൗലോസിന് ശുഭാപ്തിവിശ്വാസമായിരുന്നു. യേശുവിനെ മരിച്ചവരില്‍ നിന്നുയിര്‍പ്പിക്കുകയും ഭൂമിയുടെ അതിര്‍ത്തികള്‍ വരെ സുവിശേഷം എത്തിക്കാന്‍ തന്നെ വിളിക്കുകയും ചെയ്ത ദൈവത്തിന്‍റെ കരങ്ങളിലാണ് തന്‍റെ ജീവനെന്ന് വിശ്വാസം പൗലോസിനോടോതുന്നു. യേശുക്രിസ്തു വെളിപ്പെടുത്തിയതു പോലെ വാത്സല്യമുള്ള പിതാവാണ് ദൈവം എന്നും വിശ്വാസം അവനോടു പറയുന്നു. അതുകൊണ്ട് അവന്‍ വിശ്വാസത്താല്‍ പ്രചോദിതനായി സഹയാത്രികരോടു പറയുന്നു, അവരുടെ ഒരു തലനാരിഴപോലും നഷ്ടപ്പെടാന്‍ ദൈവം അനുവദിക്കില്ല എന്ന്.

മാള്‍ട്ടാനിവാസികളുടെ പരസ്നേഹതല്പരതയില്‍ ആവിഷ്കൃതമാകുന്ന ദൈവസ്നേഹത്തിന്‍റെ ഭാവങ്ങള്‍

മാള്‍ട്ടയുടെ തീരത്ത് കപ്പലുറയ്ക്കുകയും യാത്രക്കാര്‍ അപകടമൊന്നും കൂടാതെ രക്ഷപ്പെടുകയും ചെയ്യുമ്പോള്‍ ഈ പ്രവചനം നിവര്‍ത്തിയാകുന്നു. അവിടെ അവര്‍ക്ക്  നൂതനമായൊരു അനുഭവം ഉണ്ടാകുന്നു. പ്രക്ഷുബ്ധമായിരുന്ന കടലിന്‍റെ  ഭീകരാവസ്ഥയ്ക്ക് വിരുദ്ധമായി “അസാധാരണമായ മാനവികതയുടെ” സാക്ഷ്യം ആ ദ്വീപിലെ നിവാസികളില്‍ നിന്നു ലഭിക്കുന്നു. തങ്ങള്‍ക്ക് അപരിചിതരായിരുന്ന അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ദ്വീപുനിവാസികള്‍ താല്പര്യം കാണിക്കുന്നു. ചൂടുപകരാന്‍ അവര്‍ തീ കത്തിക്കുന്നു, മഴയില്‍ നിന്ന് രക്ഷനേടുന്നതിന് സൗകര്യങ്ങള്‍ ഒരുക്കുന്നു, ഭക്ഷണം നല്കുന്നു. ക്രിസ്തുവിന്‍റെ സുവിശേഷം അതുവരെയും അവര്‍ക്ക്    ലഭിച്ചിരുന്നില്ലെങ്കിലും അവര്‍ ദൈവത്തിന്‍റെ സ്നേഹം സൗമനസ്യത്തിന്‍റെ സമൂര്‍ത്തമായ പ്രവൃത്തികളിലൂടെ ആവിഷ്ക്കരിക്കുന്നു. വാസ്തവത്തില്‍ നൈസര്‍ഗികമായ ആതിഥ്യഭാവവും ഔത്സുക്യത്തോടുകൂടിയ പ്രവര്‍ത്തികളും ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ചിലമാനങ്ങള്‍ സംവേദനം ചെയ്യുന്നു. മാള്‍ട്ടയിലെ ജനങ്ങളുടെ ഈ ആതിഥ്യമര്യാദയ്ക്ക്, ആ ദ്വീപില്‍ പൗലോസ് വഴി ദൈവം പ്രവര്‍ത്തിച്ച രോഗസൗഖ്യ അത്ഭുതങ്ങളിലൂടെ അവര്‍ക്ക് പ്രതിഫലവും ലഭിക്കുന്നു.

എക്യുമെനിക്കല്‍ പുണ്യം   

പ്രിയമുള്ളവരേ, ആതിഥ്യം സുപ്രധാനമാണ്. അത് സുപ്രധാനമായ ഒരു എക്യുമെനിക്കല്‍ പുണ്യം കൂടിയാണ്. അതിനര്‍ത്ഥം, സര്‍വ്വോപരി, ഇതര ക്രൈസ്തവരും ക്രിസ്തുവില്‍ നമ്മുടെ യഥാര്‍ത്ഥ സഹോദരീസഹോദരന്മാരാണെന്ന് നാം അംഗീകരിക്കുക എന്നതാണ്. ഉദാരതയുടെ ഈ പ്രവൃത്തി ഏക  ദിശോന്മുഖമല്ല, കാരണം നാം ഇതര ക്രൈസ്തവര്‍ക്ക് ആതിഥ്യമരുളുമ്പോള്‍ നമുക്കുള്ള ഒരു ദാനമായിട്ടാണ് നാം അവരെ സ്വീകരിക്കുന്നത്. മാള്‍ട്ടയിലെ നിവാസികള്‍ക്കെന്നപോലെ നമുക്കു പ്രതിഫലം ലിഭിക്കുന്നു. പരിശുദ്ധാരൂപി നമ്മുടെ ഈ സഹോദരങ്ങളില്‍ ചൊരിഞ്ഞ ദാനങ്ങള്‍ നമ്മളും സ്വീകരിക്കുകയാണ്. കാരണം പരിശുദ്ധാത്മാവ് സര്‍വ്വത്ര അവിടത്തെ കൃപകള്‍ വിതയ്ക്കുന്നു. മറ്റൊരു പാരമ്പര്യം പിന്‍ചെല്ലുന്ന ക്രൈസ്തവരെ സ്വീകരിക്കുകയെന്നാല്‍ പ്രഥമതഃ ദൈവമക്കളായ അവരോടുള്ള ദൈവത്തിന്‍റെ സ്നേഹം കാണിച്ചുകൊടുക്കുകയും, അതിനുപുറമെ, ദൈവം അവരില്‍ നറവേറ്റിയവയെ സ്വാഗതം ചെയ്യുകയുമാണ്. മറ്റുള്ളവരുടെ വിശ്വാസ ചരിത്രവും അവരുടെ സമൂഹത്തിന്‍റെ ചരിത്രവും ശ്രവിക്കാനുള്ള സന്നദ്ധത എക്യുമെനിക്കല്‍ ആതിഥ്യത്തിന് അനിവാര്യമാണ്. ഇതര ക്രൈസ്തവരുടെ ദൈവാനുഭവവും അതിന്‍റെ  ഫലമായ ആദ്ധ്യാത്മികഫലങ്ങള്‍ സ്വീകരിക്കാനുള്ള കാത്തിരിപ്പും അറിയാനുള്ള അഭിവാഞ്ഛയും എക്യുമെനിക്കല്‍ ആതിഥ്യത്തില്‍ അന്തര്‍ലീനമാണ്.

ഇന്നും വിപത്തിന്‍റെ വേദിയാകുന്ന സമുദ്രവും... തിരസ്കൃതരാകുന്ന മനുഷ്യരും

പൗലോസും സഹയാത്രികരും കപ്പലപകടത്തില്‍പ്പെട്ട ആ കടല്‍ ഇന്നും കപ്പല്‍യാത്രക്കാരുടെ ജീവന് അപകടകരമായ ഒരിടമായി ഭവിക്കുന്നു. ലോകമെങ്ങും, അതിക്രമങ്ങളിലും യുദ്ധങ്ങളിലും ദാരിദ്ര്യത്തിലും നിന്നു പലായനം ചെയ്യുന്നതിന് കുടിയേറ്റക്കാരായ സ്ത്രീപുരുഷന്മാര്‍, സാഹസികയാത്രചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. മരുഭൂമികളുടെയും നദികളുടെയും കടലുകളുടെയും നിസ്സംഗത, പൗലോസിനെയും സഹയാത്രികരെയും പോലെ, അവര്‍ അനുഭവിക്കുന്നു. പലപ്പോഴും തുറമുഖങ്ങളില്‍ അടുക്കാന്‍ പോലും അവരെ അനുവദിക്കുന്നില്ല. മനുഷ്യരുടെ അതിനികൃഷ്ടമായ വിദ്വേഷം, ദൗര്‍ഭാഗ്യവശാല്‍, അവര്‍ നേരിടേണ്ടിവരുന്നു. കുറ്റവാളികളായ മനുഷ്യക്കടത്തുകാര്‍ അവരെ ചൂഷണം ചെയ്യുന്നു. അവര്‍ സംഖ്യകളായി എണ്ണപ്പെടുന്നു, ചില സര്‍ക്കാരുകള്‍ അവരെ ഒരു ഭീഷണിയായി കണക്കാക്കുന്നു. ആതിഥ്യവിമുഖത ചിലപ്പോഴൊക്കെ, തിരമാല പോലെതന്നെ, ആ ജനത്തെ, അവര്‍ എന്തില്‍ നിന്നു പലായനം ചെയ്തുവോ ആ ദാരിദ്യത്തിലേക്കൊ അപകടങ്ങളിലേക്കോ വീണ്ടും വലിച്ചെറിയുന്നു.

പരദേശിയെ സ്വാഗതം ചെയ്യുക

നാം ക്രൈസ്തവരെന്ന നിലയില്‍, യേശുക്രിസ്തു വെളിപ്പെടുത്തിയ ദൈവസ്നേഹം കുടിയേറ്റക്കാര്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഓരോ മനുഷ്യവ്യക്തിയും ദൈവത്തിന് വിലപ്പെട്ടവനാണെന്നും ദൈവം സ്നേഹിക്കുന്നവനാണെന്നും സാക്ഷ്യമേകാന്‍ നമുക്കു സാധിക്കും, നാം അതു ചെയ്യണം. നമുക്കിടയില്‍ നിലിവിലുള്ള ഭിന്നിപ്പുകള്‍ ദൈവസ്നേഹത്തിന്‍റെ അന്യൂന അടയാളമായി മാറാന്‍ നമുക്കു തടസ്സം നില്ക്കുന്നു. എന്നാല്‍ എക്യുമെനിക്കല്‍ ആതിഥ്യം ജീവിതത്തില്‍ പകര്‍ത്താന്‍ നാം ഒത്തൊരുമിച്ചു പരിശ്രമിച്ചാല്‍ അതു നമ്മെ, എല്ലാ ക്രൈസ്തവരെയും, പ്രൊട്ടസ്റ്റന്‍റുകാരെയും ഓര്‍ത്തഡോക്സ്കാരെയും കത്തോലിക്കരെയുമെല്ലാം, ഉപരിമെച്ചപ്പെട്ട മനുഷ്യരും ഐക്യപ്പെട്ട ക്രൈസ്തവജനവുമാക്കി മാറ്റും. നമ്മെ സംബന്ധിച്ച ദൈവഹിതമായ ഐക്യത്തോടു അതു നമ്മെ കൂടുതല്‍ അടുപ്പിക്കും. നന്ദി.   

അഭിവാദ്യങ്ങള്‍

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ചാന്ദ്രവര്‍ഷാരംഭം-പാപ്പായുടെ ആശംസ- സമാധാനത്തിനായുള്ള പ്രാര്‍ത്ഥന

തെക്കുകിഴക്കെ ഏഷ്യന്‍ നാടുകളിലും ലോകത്തിന്‍റെ വിവിധഭാഗങ്ങളിലും അനേകര്‍ ചാന്ദ്രവര്‍ഷാരംഭം ഈ മാസം 25-ന് ആഘോഷിക്കുന്നത് അനുസ്മരിച്ച പാപ്പാ അവര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു.

ഇന്നത്തെ ലോകത്തിന് എന്നത്തെക്കാളുപരി ആവശ്യമായ ദാനങ്ങളായ സമാധാനത്തിനും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിനും ഐക്യദാര്‍ഢ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്തു.

വിജാതീയരുടെ അപ്പസ്തോലന്‍റെ ജീവിത മാതൃക

ശനിയാഴ്ച (25/01/20) വിശുദ്ധ പൗലോസിന്‍റെ മാനസാന്തരത്തിന്‍റെ   ഓര്‍മ്മയാചരിക്കപ്പെടുന്നത് തദ്ദവസരത്തില്‍ അനുസ്മരിച്ച പാപ്പാ, വിജാതീയരുടെ അപ്പസ്തോലന്‍റെ ജീവിത മാതൃക,  സകല ഊര്‍ജ്ജവും ഉപയോഗപ്പെടുത്തി, സകലരോടും ക്രിസ്തുവിന്‍റെ രക്ഷ പ്രഘോഷിക്കുകയെന്ന നമ്മുടെ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ നമുക്ക് സഹായകമാകട്ടെയെന്ന് പ്രാര്‍ത്ഥിച്ചു.  

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്,  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 January 2020, 09:52