തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ ബുധനാഴ്ച (08/01/2020) അനുവദിച്ച  പൊതുകൂടിക്കാഴ്ചാവേളയില്‍ സര്‍ക്കസ് കലാകാരന്മാരുടെ പ്രകടനം വീക്ഷിക്കുന്നു. ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ ബുധനാഴ്ച (08/01/2020) അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ സര്‍ക്കസ് കലാകാരന്മാരുടെ പ്രകടനം വീക്ഷിക്കുന്നു. 

പരീക്ഷണങ്ങളെ വിശ്വാസത്തിന്‍റെ കരുത്തിനാല്‍ നേരിടുക!

ഏതൊരു സാഹചര്യത്തിലും, പ്രത്യക്ഷത്തില്‍ പരാജയമാണെന്ന് തോന്നുന്ന വേളകളിലും, ദൈവത്തിനു ഇടപെടാന്‍ സാധിക്കും എന്ന ബോധ്യം നമ്മില്‍ പക്വത പ്രാപിക്കേണ്ടതിന് പരീക്ഷണങ്ങളെ ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ നേരിടാന്‍ പൗലോസപ്പസ്തോലന്‍ നമ്മെ പഠിപ്പിക്കുന്നുവെന്ന് ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

റോമില്‍ ശൈത്യം ശക്തിപ്രാപിച്ചിരിക്കയാണെങ്കിലും അര്‍ക്കാംശുക്കള്‍ സമൃദ്ധമായി ചൊരിയപ്പെട്ട ഒരു ദിനമായിരുന്നു ഈ ബുധനാഴ്ച (08/01/20). തണുപ്പു ശക്തമായിരുന്നതിനാല്‍ ഫ്രാന്‍സീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാപരിപാടിയുടെ വേദി, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവീശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. പാപ്പാ ബുധനാഴ്ചതോറും അനുവദിക്കാറുള്ള പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ഏഴായിരത്തിലേറെപ്പേര്‍ ശാലയില്‍ സന്നിഹിതരായിരുന്നു. പാപ്പാ നടന്ന് ശാലയില്‍ പ്രവേശിച്ചപ്പോള്‍  ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.  ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കിടയിലൂടെ സാവധാനം നീങ്ങി. കുഞ്ഞുങ്ങളെ പാപ്പാ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുണ്ടായിരുന്നു. ചിലര്‍ പാപ്പായെ ഒന്നു തൊടാനും ഹസ്തദാനം ചെയ്യാനും ശ്രമിക്കുന്നതും കാണാമായിരുന്നു. പാപ്പാ ചിലരുമൊത്ത് നര്‍മ്മസംഭാഷണത്തിലേര്‍പ്പെടുകയും ഒരാള്‍ നല്കിയ പാനീയം രുചിച്ചു നോക്കുകയും ചെയ്തു. ചിലര്‍ ചെറു ഉപഹാരങ്ങളും പാപ്പായ്ക്ക് നല്കുന്നുണ്ടായിരുന്നു.  നടന്ന് വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ദൈവവചനം

“(15) കാറ്റിനെ ചെറുത്തുനില്‍ക്കാന്‍ കപ്പലിനു സാധിച്ചില്ല. അതിനാല്‍, ഞങ്ങള്‍ കാറ്റിനു വഴങ്ങി അതിന്‍റെ വഴിക്കുതന്നെ പോയി...... (21) പലദിവസങ്ങള്‍ ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നപ്പോള്‍ പൗലോസ് അവരുടെ മദ്ധ്യേനിന്നു പറഞ്ഞു: ജനങ്ങളേ നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കേണ്ടതായിരുന്നു. ക്രേത്തേയില്‍നിന്നു യാത്ര തിരിക്കുകയേ അരുതായിരുന്നു. എങ്കില്‍ ഈ നാശങ്ങള്‍ സംഭവിക്കുമായിരുന്നില്ല. (22)  എന്നാല്‍, ഇപ്പോള്‍ ധൈര്യമായിരിക്കണമെന്ന് നിങ്ങളോടു ഞാന്‍ ഉപദേശിക്കുന്നു. കപ്പല്‍ തകര്‍ന്നുപോകുമെന്നല്ലാതെ നിങ്ങള്‍ക്കാര്‍ക്കും ജീവഹാനി സംഭവിക്കുകയില്ല. (23) എന്തെന്നാല്‍ ഞാന്‍ ആരാധിക്കുന്നവനും എന്‍റെ ഉടയവനുമായ ദൈവത്തിന്‍റെ ഒരു ദൂതന്‍ ഇക്കഴിഞ്ഞ രാത്രി എനിക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: (24) പൗലോസ് നീ ഭയപ്പെടേണ്ട, സീസറിന്‍റെ മുമ്പില്‍ നീ നില്ക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം യാത്രചെയ്യുന്നവരെയും ദൈവം നിനക്കു വിട്ടുതന്നിരിക്കുന്നു.” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 27:15,-21-24)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ച് താന്‍ നടത്തിപ്പോരുന്ന പ്രബഹോധന പരമ്പര ഒരു ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. 

ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന പൊതുദര്‍ശന  പ്രഭാഷണത്തിന്‍റെ സംഗ്രഹം :

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌,‍ 

കടല്‍ കടന്നുമെത്തുന്ന സുവിശേഷം

കരയിലൂടെ മാത്രമല്ല കടലിലൂടെയും, അതായത്, കേസറിയായില്‍ നിന്ന് റോമിലേക്ക് പൗലോസിനെ തടവുകാരനാക്കി കൊണ്ടുപോകുന്ന കപ്പലിലൂടെ സുവിശേഷം അതിന്‍റെ  പ്രയാണം തുടരുകയാണെന്ന് അപ്പസ്തോലപ്രവര്‍ത്തനഗ്രന്ഥത്തിന്‍റെ അവസാന ഭാഗം വിവരിക്കുന്നു. “ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കും” (അപ്പ.1,8) എന്ന ഉത്ഥിതന്‍റെ വാക്കുകള്‍ റോമാസാമ്രാജ്യത്തിന്‍റെ  ഹൃദയഭാഗത്ത് സാക്ഷാത്കൃതമാകേണ്ടതിനായിരുന്നു അത്. നിങ്ങള്‍ അപ്പസ്തോലപ്രവര്‍ത്തന പുസ്തകം വായിക്കുക. അപ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കും സുവിശേഷം പരിശു‍ദ്ധാത്മാവിന്‍റെ ശക്തിയാല്‍ സകല ജനതകളുടെ പക്കലും എത്തുന്നതും സാര്‍വ്വത്രികമായിത്തീരുന്നതും എങ്ങനെയാണെന്ന്.

പ്രതീകൂലാവസ്ഥയിലൂടെയുള്ള പ്രയാണം

കപ്പല്‍യാത്ര ആരംഭം മുതല്‍തന്നെ പ്രതികൂലാവസ്ഥയിലായരിന്നു. യാത്ര അപകടം നിറഞ്ഞതായിരുന്നു. യാത്ര തുടരരുതെന്ന് പൗലോസ് പറഞ്ഞെങ്കിലും ശതാധിപന്‍ അതു വകവയ്ക്കാതെ കപ്പിത്താന്‍റെ വാക്കുകള്‍ വിശ്വസിച്ച് മുന്നോട്ടു പോയി. എന്നാല്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു, കപ്പലിന്‍റെ  നിയന്ത്രണം നഷ്ടമായി, അത് കാറ്റിന്‍റെ വഴിക്ക് നീങ്ങി.

പൗലോസിന്‍റെ ഇടപെടല്‍

മരണം ആസന്നമായി എന്ന് എല്ലാവര്‍ക്കും തോന്നുകയും അവര്‍ നിരാശയിലാഴുകയും ചെയ്തു. അപ്പോള്‍ പൗലോസ് ഇടപെടുന്നു. സഹയാത്രികര്‍ക്ക് സുരക്ഷിതത്വം ഉറപ്പേകുന്നു. അദ്ദേഹം പറയുന്നു: “എന്തെന്നാല്‍ ഞാന്‍ ആരാധിക്കുന്നവനും എന്‍റെ   ഉടയവനുമായ ദൈവത്തിന്‍റെ ഒരു ദൂതന്‍ ഇക്കഴിഞ്ഞ രാത്രി എനിക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു:24 പൗലോസ് നീ ഭയപ്പെടേണ്ട, സീസറിന്‍റെ മുമ്പില്‍ നീ നില്ക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം യാത്രചെയ്യുന്നവരെയും ദൈവം നിനക്കു വിട്ടുതന്നിരിക്കുന്നു.” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 27:23,24) പരീക്ഷണ വേളയിലും പൗലോസ് മറ്റുള്ളവരുടെ ജീവന്‍റെ സംരക്ഷകനും പ്രത്യാശപകരുന്നവനുമായി തുടരുന്നു. 

പൗലോസും കൂട്ടരും മാള്‍ട്ടയില്‍

കപ്പല്‍ തകര്‍ന്നതിനെ തുടര്‍ന്ന് അവര്‍ മാള്‍ട്ട ദ്വീപിലാണ് എത്തിയത്. അവിടത്തെ ജനങ്ങള്‍ അവരെ ശദ്ധാപൂര്‍വ്വം സ്വാഗതം ചെയ്തു. മഴയും തണുപ്പുമായിരുന്നതിനാല്‍ മാള്‍ട്ടാക്കാര്‍ തീകത്തിച്ച് അവര്‍ക്ക് ചൂടും അല്പം ആശ്വാസവും നല്കി. ഇവിടെയും പൗലോസ് ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യന്‍, സേവകന്‍ ആയി മാറുന്നു. അവന്‍ ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു തീയിലിട്ട് തീ അണയാതെ നോക്കുന്നു. അതിനിടയില്‍ ഒരു അണലിപ്പാമ്പിന്‍റെ കടിയേറ്റെങ്കിലും അപായം സംഭവിച്ചില്ല. എന്നാല്‍ നാട്ടുകാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: അവന്‍ വലിയൊരു ദുഷ്ക്കര്‍മ്മിയാണെന്നതില്‍ സംശയമില്ല. കപ്പലപകടത്തില്‍ നിന്ന് രക്ഷപെട്ടെങ്കിലും പാമ്പുകടിയേറ്റു മരിക്കുന്നു. എന്നിട്ട് അവര്‍ പൗലോസ് മരിക്കുമെന്നു കരുതിയിരുന്നു. ദൈവത്തിന്‍റെ മനുഷ്യനായ പൗലോസിനെ ഒരു കുറ്റവാളിയായി അവര്‍ കാണുന്നു.  എന്നാല്‍ ഒന്നും സംഭവിക്കുന്നില്ല.

വചന പ്രഘോഷണം മാള്‍ട്ടയില്‍

വാസ്തവത്തില്‍ മാള്‍ട്ടയിലെ വാസം പൗലോസിന് ഏകുന്നത് താന്‍ പ്രഘോഷിക്കുന്ന വചനത്തെ മൂര്‍ത്തമാക്കാനും അങ്ങനെ രോഗികള്‍ക്ക് സൗഖ്യമേകിക്കൊണ്ട് കരുണയുടെ ശുശ്രൂഷയേകാനുമുള്ള അവസരമാണ്. രക്ഷയുടെ അനുഭവം ഉണ്ടാകുമ്പോള്‍ അത് അവനവനുമാത്രമായി കരുതിവയ്ക്കാതെ അത് എങ്ങും പ്രസരിപ്പിക്കുകയെന്നത് സുവിശേഷത്തിന്‍റെ ഒരു നിയമമാണ്. യാതനകളനുഭവിച്ച ഒരു ക്രൈസ്തവന്‍ തീര്‍ച്ചയായും വേദനിക്കുന്നവനോടു കൂടുതല്‍ ചേര്‍ന്നു നില്ക്കും. എന്തെന്നാല്‍ സഹനം എന്താണെന്ന് അവനറിയാം. ആകയാല്‍ അവന്‍ സ്വന്തം ഹൃദയം തുറന്നിടുകയും അപരരോടു ഐക്യദാര്‍ഢ്യമുള്ളവനായിരിക്കുകയും ചെയ്യും.

ഏതു വേളയിലും ദൈവത്തിന്‍റെ ഇടപെടല്‍ ഉണ്ടാകാം

ഏതൊരു സാഹചര്യത്തിലും, പ്രത്യക്ഷത്തില്‍ പരാജയമാണെന്ന് തോന്നുന്ന വേളകളിലും ദൈവത്തിനു ഇടപെടാന്‍ സാധിക്കും എന്ന ബോധ്യം പക്വത പ്രാപിക്കേണ്ടതിന് പരീക്ഷണങ്ങളെ ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ നേരിടാന്‍ പൗലോസ് നമ്മെ പഠിപ്പിക്കുന്നു. സ്നേഹത്തെ പ്രതി ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്നത് ഫലം പുറപ്പെടുവിക്കും എന്നത് ഉറപ്പാണ്. സ്നേഹം സദാ ഫലദായകമാണ്.

വിശ്വാസത്തിന്‍റെ കരുത്തില്‍ മുന്നേറുക

എല്ലാ പരീക്ഷണങ്ങളെയും, വിശ്വാസത്തില്‍ നിന്നു വരുന്ന കരുത്തിനാല്‍ നേരിടാന്‍ കഴിയുന്നതിനുള്ള സഹായം നമുക്ക് കര്‍ത്താവിനോടു അപേക്ഷിക്കാം. ചരിത്രത്തിന്‍റെതായ കപ്പലപകടങ്ങളില്‍പ്പെട്ട് നമ്മുടെ തീരങ്ങളി‍ല്‍ തളര്‍ന്നവശരായി അണയുന്നവരെ നമുക്ക് യേശുവുമായുള്ള സമാഗമത്തിന്‍റെ ഫലമായ സാഹോദര്യ സ്നേഹത്തോടുകൂടി സ്വീകരിക്കാന്‍ നമുക്ക് സാധിക്കേണ്ടതിന് അവരോട് സഹാനുഭൂതിയുള്ളവരാകാന്‍ നമുക്കു സാധിക്കുന്നതിനായി പ്രാര്‍ത്ഥിക്കാം. ഇത് നിസ്സംഗതയുടെയും മനുഷ്യത്വരാഹിത്യത്തിന്‍റെയുമായ ശൈത്യത്തില്‍ നിന്ന് രക്ഷ നല്കും. നന്ദി.   

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

കാട്ടുതീ ബാധിത ആസ്ത്രേലിയയ്ക്ക് വേണ്ടി പ്രാര്‍ത്ഥന

ആസ്ത്രേലിയായില്‍ പടര്‍ന്നിരിക്കുന്ന കാട്ടുതീ ദുരന്തത്തില്‍ പാപ്പാ തന്‍റെ അതിയായ ദഃഖം രേഖപ്പെടുത്തുകയും ആ ജനതയുടെ ചാരെ താനുണ്ടെന്ന് ഉറപ്പുനല്കുകയും ചെയ്തു. അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, പാപ്പാ, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്തു.

മാമ്മോദീസാ ദിനം മനസ്സില്‍ പച്ചകെടാതെ സൂക്ഷിക്കുക

കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ അടുത്ത ഞായറാഴ്ച (12/01/20) ആചരിക്കപ്പെടുന്നത് പാപ്പാ തദ്ദവസരത്തില്‍ അനുസ്മരിച്ചു.

അവനവന്‍റെ മാമ്മോദീസാദിനത്തെക്കുറിച്ച് എന്നും ഓര്‍മ്മയുണ്ടാകണമെന്നും ആ തീയതി എന്നും ഹൃദയത്തില്‍ സൂക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു.

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്,  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

09 January 2020, 09:01