സമര്‍പ്പിതജീവിത ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിക്കുക!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സമര്‍പ്പിതജീവിതം നയിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.
ബുധനാഴ്ച (29/01/2020) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിയ മുഖ്യപ്രഭാഷണാനന്തരം വിവിധഭാഷാക്കാരെ സംബോധനചെയ്യുകയായിരുന്ന ഫ്രാന്‍സീസ് പാപ്പാ പോളണ്ടില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്യവെ, അനുവര്‍ഷം ഫെബ്രുവരി 2-ന് കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാളില്‍ “സമര്‍പ്പിത ജീവിത ദിനം” ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും സമര്‍പ്പിതര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിക്കുകയുമായിരുന്നു.
ദൈവത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി തങ്ങളുടെ സിദ്ധിക്കനുസൃതം അനുദിനം സേവനം അനുഷ്ഠിക്കുന്ന അവര്‍, എന്നും, ക്രിസ്തുവിന്‍റെ രക്ഷാകരസ്നേഹത്തിന്‍റെ വിശ്വസ്ത സാക്ഷികളായിരിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
പുതിയ സമര്‍പ്പിതജീവിതവിളികള്‍ ഉണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.
പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്യവെ, വെള്ളിയാഴ്ച (31/01/20) വിശുദ്ധ ഡോണ്‍ ബോസ്ക്കൊയുടെ തിരുന്നാള്‍ തിരുസഭ ആചരിക്കുന്നത് അനുസ്മരിച്ചു.
യുവജനങ്ങളുടെ പിതാവും ഗുരുവുമായ അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധിയുടെ മാതൃക, തങ്ങളെ സംബന്ധിച്ച ദൈവിക പദ്ധതി തള്ളിക്കളയാതെ തന്നെ, സ്വന്തം ഭാവി പദ്ധതികളുടെ സാക്ഷാത്ക്കാരത്തിന്, യുവതീയുവാക്കളെ പ്രാപ്തരാക്കട്ടെയെന്ന് ആശംസിച്ചു.