തിരയുക

ഫ്രാന്‍സീസ് പാപ്പായുടെ കാരുണ്യ തലോടല്‍, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ ബുധനാഴ്ചത്തെ (15/01/2020) പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പായുടെ കാരുണ്യ തലോടല്‍, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ ബുധനാഴ്ചത്തെ (15/01/2020) പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ 

ദൈവവചനത്തിന്‍റെ ബലതന്ത്രവും "വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ലാത്ത" വചനവും!

അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ച് ഫ്രാന്‍സീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം : സുവിശേഷപ്രയാണവും പൗലോസപ്പസ്തോലന്‍റെ പ്രേഷിതയാത്രയും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യൂറോപ്പ് ശൈത്യത്തിന്‍റെ പിടിയിലാണല്ലോ. റോമാപുരിയും അതിന് അപവാദമായിരുന്നില്ല.  എങ്കിലും നഗരം സൂര്യകിരണങ്ങളാല്‍ കുളിച്ചു  നിന്ന ദിനമായിരുന്നു ഈ ബുധനാഴ്ച (15/01/20). തണുപ്പു ശക്തമായിരുന്നതിനാല്‍ ഫ്രാന്‍സീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാപരിപാടിയുടെ വേദി, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. പാപ്പാ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ഏഴായിരത്തിലേറെപ്പേര്‍ ശാലയില്‍ സന്നിഹിതരായിരുന്നു. പാപ്പാ നടന്ന് ശാലയില്‍ പ്രവേശിച്ചപ്പോള്‍  ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.  ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കിടയിലൂടെ സാവധാനം നീങ്ങി. പതിവുപോലെ കുഞ്ഞുങ്ങളോടുള്ള തന്‍റെ വാത്സല്യം പ്രകടിപ്പിച്ചുകൊണ്ട് പാപ്പാ അവരെ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുണ്ടായിരുന്നു. മുതിര്‍ന്നവരില്‍ ചിലര്‍ പാപ്പായെ ഒന്നു തൊടാനും ഹസ്തദാനം ചെയ്യാനും ശ്രമിക്കുന്നതും കാണാമായിരുന്നു. പാപ്പാ ചിലരുടെ ചാരെനിന്ന് അവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം  ശ്രവിക്കുകയും ചിലരോടു കുശലാന്വേഷണങ്ങള്‍ നടത്തുകയും ചിലരേകിയ ചെറു ഉപഹാരങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. പാപ്പാ  ഒരാള്‍ നല്കിയ പാനീയം രുചിച്ചു നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നടന്ന് വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ദൈവവചനം:

“(16) ഞങ്ങള്‍ റോമാപട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ഒരു പടയാളിയുടെ കാവലോടെ ഇഷ്ടമുള്ളിടത്ത് താമസിക്കാന്‍ പൗലോസിന് അനുവാദം ലഭിച്ചു.... (30) അവര്‍ സ്വന്തം ചെലവില്‍ ഒരു വീടു വാടകയ്ക്കെടത്തു രണ്ടുവര്‍ഷം മുഴുവന്‍ അവിടെ താമസിച്ചു. തന്നെ സമീപിച്ച എല്ലാവരെയും അവന്‍ സ്വാഗതം ചെയ്തിരുന്നു. (31) അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് നിര്‍ബ്ബാധം ധൈര്യപൂര്‍വ്വം പഠിപ്പിക്കുകയും ചെയ്തു.” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 28:16.30.31)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ച് താന്‍ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ നടത്തിയ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌,‍

വിശുദ്ധ പൗലോസിന്‍റെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ അവസാന വേദിയായ റോമില്‍ അദ്ദേഹം എത്തുന്ന ഭാഗത്തെക്കുറിച്ചുള്ള (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 28,14) പരിചിന്തനത്തോടുകൂടി അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചുള്ള പ്രബോധനപരമ്പര ഇന്നു നാം അവസാനിപ്പിക്കയാണ്.

പൗലോസിന്‍റെ പ്രേഷിത യാത്രയും സുവിശേഷ പ്രയാണവും 

സുവിശേഷത്തിന്‍റെ പ്രയാണത്തോടു ഒന്നു ചേര്‍ന്നതായിരുന്നു പൗലോസിന്‍റെ യാത്ര. മനുഷ്യരുടെ മാര്‍ഗ്ഗങ്ങള്‍, വിശ്വാസത്തില്‍ ജീവിക്കുകയാണെങ്കില്‍, അവ ദൈവത്തിന്‍റെ രക്ഷ കടന്നുപോകുന്ന പാതകളായി ഭവിക്കുകയും ചരിത്രത്തില്‍ പ്രവര്‍ത്തനനിരതമായ കിണ്വമായ വിശ്വാസത്തിന്‍റെ വചനത്താല്‍ അവസ്ഥകളെ പരിവര്‍ത്തനം ചെയ്യാനും സദാ നൂതന സരണികള്‍ തുറക്കാനും കഴിയുകയും ചെയുമെന്നതിന് തെളിവാണ് ആ യാത്ര.

ദൈവവചനത്തിന്‍റെ ബലതന്ത്രാവിഷ്ക്കാരം അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍

റോമാസാമ്രാജ്യത്തിന്‍റെ ഹൃദയഭാഗത്ത് എത്തിയ പൗലോസിന്‍റെ   രക്തസാക്ഷിത്വത്തോടെയല്ല, മറിച്ച്, വചനം സമൃദ്ധമായി വിതയ്ക്കുന്നതോടെയാണ്  അപ്പസ്തോല പ്രവര്‍ത്തനാഖ്യാനം അവസാനിക്കുന്നത്. ലോകത്തിലെ സുവിശേഷയാത്ര ഭ്രമണാധാരമാക്കിയ ലൂക്കായുടെ വിവരണം ദൈവവചനത്തിന്‍റെ ബലതന്ത്രത്തെ മുഴുവനും ഉള്‍ക്കൊള്ളുകയും സംഗ്രഹിക്കുകയും ചെയ്യുന്നു. സകലര്‍ക്കും രക്ഷ എത്തിച്ചുകൊടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രയാണം ചെയ്യുന്ന തടുക്കാനാവാത്ത വചനമാണ് അത്.

പൗലോസപ്പസ്തോലന്‍റെ കൂടിക്കാഴ്ചകള്‍

റോമില്‍ പൗലോസ് കണ്ടുമുട്ടുന്നത് സര്‍വ്വോപരി, ക്രിസ്തുവില്‍ സഹോദരങ്ങളായവരെയാണ്. അവര്‍ പൗലോസിനെ വരവേല്‍ക്കുകയും അവന് ധൈര്യം പകരുകയും ചെയ്യുന്നു. സൈനിക കാവലോടെ ഇഷ്ടമുള്ളിടത്ത് താമസിക്കാനുള്ള അനുവാദവും പൗലോസിനു ലഭിക്കുന്നു. തടവുകാരനായിരുന്നിട്ടും പൗലോസിന്, യഹൂദ നേതാക്കളുമായി കണ്ടുമുട്ടാനും സീസറിന്‍റെ മുമ്പില്‍ ഉപരിവിചാരണയ്ക്ക് അപേക്ഷിക്കാന്‍ താന്‍ നിര്‍ബന്ധിതനായത് എന്തുകൊണ്ടാണെന്ന് അവരോടു വിശദീകരിക്കാനും ദൈവരാജ്യത്തെക്കുറിച്ച് അവരോട് സംസാരിക്കാനും സാധിച്ചു. തിരുലിഖിതങ്ങളെ ആധാരമാക്കിയും ക്രിസ്തുവിന്‍റെ പുതുമയും ഇസ്രായേലിന്‍റെ പ്രത്യാശയും തമ്മിലുള്ള തുടര്‍ച്ച കാണിച്ചുകൊടുത്തുകൊണ്ടും ക്രിസ്തുവിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ പൗലോസ് ശ്രമിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനത്തോടുള്ള വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് പൗലോസ് സുവിശേഷ പ്രഘോഷണത്തില്‍, അതായത്, മരിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിനെ വിളംബരം ചെയ്യുന്നതില്‍ ദര്‍ശിക്കുന്നത്.

തുറവുള്ളവരായ യഹൂദരുമായുള്ള അനൗപചാരിക കൂടിക്കാഴ്ചയ്ക്കു ശേഷം പൗലോസ് ഔപചാരികമായ ഒരു കൂടിക്കാഴ്ച നടത്തുന്നു. ദിവസം മുഴുവന്‍ അദ്ദേഹം ദൈവരാജ്യം പ്രസംഗിക്കുകയും തന്‍റെ സംവാദകരെ യേശുവില്‍ വിശ്വസിക്കുന്നതിന് തുറവുള്ളവരാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന് സന്നദ്ധതയില്ലാത്തവര്‍ ഉണ്ടായിരുന്നതിനാല്‍ ദൈവജനത്തിന്‍റെ  ഹൃദയ കാഠിന്യത്തെ പൗലോസ് കുറ്റപ്പെടുത്തുന്നു.

"വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ലാത്ത" വചനം

പൗലോസിന്‍റെ മരണം കാട്ടിത്തന്നുകൊണ്ടല്ല പ്രത്യുത, അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ, “വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ലാത്ത” (2തിമോത്തെയോസ് 2,9) വചനത്തിന്‍റെ  ബലതന്ത്രം ആവിഷ്ക്കരിച്ചുകൊണ്ടാണ് ലൂക്കാ വിവരണം അവസാനിപ്പിക്കുന്നത്. പൗലോസിന് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടെങ്കിലും സംസാരസ്വാതന്ത്ര്യം ഉണ്ടായിരുന്നു. കാരണം വചനത്തിന് വിലങ്ങ് വയ്ക്കപ്പെട്ടിട്ടില്ലായിരുന്നു. പൗലോസിന്‍റെ കരങ്ങളാല്‍ വാരിവിതറപ്പെടാന്‍ സന്നദ്ധമായിരുന്നു ആ വചനം. പൗലോസ് അതു ചെയ്തു, ദൈവരാജ്യ പ്രഘോഷണം സ്വീകരിക്കാനും ക്രിസ്തുവിനെ അറിയാനും തയ്യാറായിരുന്നവര്‍ സമ്മേളിച്ച ഒരു ഭവനത്തില്‍ പൗലോസ് വചനം നിര്‍ബ്ബാധം ധൈര്യപൂര്‍വ്വം പഠിപ്പിച്ചു. ക്രിസ്തുവിനെ അന്വേഷിക്കുന്ന എല്ലാ ഹൃദയങ്ങള്‍ക്കുമായി തുറന്നിരുന്ന ഈ ഭവനം സഭയുടെ പ്രതിരൂപമാണ്. പീഡിപ്പിക്കപ്പെടുകയും തെറ്റിദ്ധിരിക്കപ്പെടുകയും വിലങ്ങുവയ്ക്കപ്പെടുകയും ചെയ്താലും അവള്‍ എല്ലാ സ്ത്രീപുരുഷന്മാരെയും സ്വന്തം മാതൃഹൃദയത്തില്‍ സ്വീകരിക്കുകയും യേശുവില്‍ ആവിഷ്കൃതമായ പിതാവിന്‍റെ സ്നേഹം അവരോടു പ്രഘോഷിക്കുകയും ചെയ്യുന്നതില്‍ ഒരിക്കലും തളരുന്നില്ല.

സമാപനം

പ്രിയ സഹോദരീസഹോദരന്മാരേ, ധീരരും സന്തോഷമുള്ളവരുമായ സുവിശേഷപ്രഘോഷകരായിത്തീരാനുള്ള വിളി, പരിശുദ്ധാരൂപി, ലോകത്തില്‍ സുവിശേഷത്തിന്‍റെ പ്രയാണം നാം ഒത്തൊരുമിച്ചു പിന്‍ചെന്ന ഈ യാത്രയുടെ അന്ത്യത്തില്‍, നമ്മില്‍ സജീവമാക്കട്ടെ. നമ്മുടെ ഭവനങ്ങളെ, സകലമനുഷ്യരിലും എക്കാലത്തും നമ്മളുമായി കൂടിക്കാഴ്ചയ്ക്കെത്തുന്ന, ജീവിക്കുന്ന, ക്രിസ്തുവിനെ സ്വീകരിക്കാന്‍ കഴിയുന്ന  സുവിശേഷപൂരിതവും സാഹോദര്യം വാഴുന്നതുമായ ഇടങ്ങളാക്കി തീര്‍ക്കട്ടെ. നന്ദി.   

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങള്‍

പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്തു.

സഭയുടെ ആവശ്യങ്ങള്‍ക്കായി ഹൃദയങ്ങള്‍ തുറന്നിടാനും ഉപരി നീതിവാഴുന്ന ഒരു ലോകം കെട്ടിപ്പടുത്തുകൊണ്ട് സഹോദരങ്ങളുടെ ചാരെ ആയിരിക്കാനും പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു.

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്,  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2020, 10:54