തിരയുക

സ്വിറ്റ്സർലാന്‍റിലെ ഡാവോസിൽ നടക്കുന്ന അന്തർദ്ദേശീയ സാമ്പത്തീക ചർച്ചാവേദി സ്വിറ്റ്സർലാന്‍റിലെ ഡാവോസിൽ നടക്കുന്ന അന്തർദ്ദേശീയ സാമ്പത്തീക ചർച്ചാവേദി  

അന്തർദ്ദേശീയ സാമ്പത്തീക ചർച്ചാവേദിയിലേക്ക് പാപ്പാ സന്ദേശമയച്ചു.

ജനവരി 21 മുതൽ 24 വരെ ഡാവോസിൽ നടക്കുന്ന സാമ്പത്തീകചർച്ചാ വേദിയിലേക്കുള്ള പാപ്പായുടെ സന്ദേശം വത്തിക്കാന്‍റെ സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്ട്രിയുടെ തലവൻ കർദ്ദിനാൾ പീറ്റർ ടർക്ക്സണായിരിക്കും അവതരിപ്പിക്കുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലോക സാമ്പത്തീക ചർച്ചാവേദിയുടെ അദ്ധ്യക്ഷൻ പ്രൊഫ. ക്ലവ്സ് ഷ്വാബിന് അയച്ച സന്ദേശത്തിൽ 50 ആം വർഷത്തിലേക്ക്  കടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും അഭിവാദനങ്ങളും പ്രാർത്ഥനകളും അര്‍പ്പിച്ചു. തനിക്ക് അയച്ച ക്ഷണത്തിനും പുതിയ പ്രവർത്തന ശൈലികൾ പരീക്ഷിച്ച് മനുഷ്യകുലം നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിച്ച് ലോക നന്മയ്ക്ക് പരിശ്രമിക്കാൻ ഓഹരി  ഉടമകൾക്ക് അവസരങ്ങൾ നല്‍കുന്നതിനും, ഈ ചർച്ചാ വേദിയിലൂടെ രാഷ്ട്രീയ ഇച്ഛകളും, പരസ്പരസഹകരണവും വഴി ഇക്കാലഘട്ടത്തിന്‍റെ ഒറ്റപ്പെടുത്തലുകളും, സ്വാർത്ഥതയും ആദർശപരമായ കോളനീകരണവും ഒഴിവാക്കാൻ കഴിയുന്നതിന് നന്ദിയും പാപ്പാ രേഖപ്പെടുത്തി.  

പരസ്പരം പിണഞ്ഞു കിടക്കുന്ന ലോകത്തെ ബാധിക്കുന്ന വെല്ലുവിളികളുടെ വെളിച്ചത്തിൽ, "ഓഹരി ഉടമകൾ പരസ്പരാശ്രയത്തോടെ സ്ഥായിയായ ഒരു ലോകത്തിനായി " എന്ന വിഷയം ചർച്ചയ്‌ക്കെടുത്തത് തന്നെ പല വശങ്ങളിൽ ഇനിയും വലിയ ഇടപെടലുകൾ മനുഷ്യകുലത്തെ ബാധിക്കുന്ന കാര്യങ്ങളിൽ  ആവശ്യമുണ്ട് എന്നതിന് തെളിവാണെന്നും, കഴിഞ്ഞ 50 വർഷങ്ങളിൽ ധന, തൊഴിൽ മാർക്കറ്റുകള്‍ മുതൽ  ഡിജിറ്റൽ, പാരിസ്ഥീക സാഹചര്യങ്ങളില്‍ വരെ വന്ന മാറ്റങ്ങൾ പലതും ലോകത്തിന് ഉപകാരമായിരുന്നുവെന്നും മറ്റു പലതും വിപരീതഫലങ്ങളും വിടവുകളും സൃഷ്ടിച്ചിട്ടുണ്ടെന്നും, പഴയകാലത്തെ പോലെയല്ല പുതിയ വെല്ലുവിളികളെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

നമ്മളെല്ലാവരും ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്നതാണെന്ന കാര്യം ഒരിക്കലും മറന്ന് പോകരുതെന്നും, അതിനാൽ തന്നെ പരസ്പ്പരമുള്ള കരുതൽ ഒരു ധാർമ്മീക കടമയാണെന്നും, ലാഭേച്ഛയല്ല; മനുഷ്യ വ്യക്തിയാവണം പൊതുനയങ്ങളുടെ കേന്ദ്രമെന്നും, ഈ കടമ വ്യവഹാര മേഖലകളും സർക്കാരുകളും മറക്കരുതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. അതിനാൽ സ്വാർത്ഥ ലാഭം മുൻനിറുത്തി അപരൻ എന്‍റെ ലക്ഷ്യങ്ങൾക്കായുള്ള ഒരു മാർഗ്ഗം മാത്രമെന്ന ചിന്താഗതികൾ വെടിഞ്ഞ് ദീർഘവീക്ഷണമുള്ള സമഗ്ര മനുഷ്യ വികസനം ലക്ഷ്യമാക്കി, പൊതുനന്മയ്ക്കായുള്ള നയങ്ങൾ സ്വീകരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

ഒരാളുടെ അന്തസ്സിനെ ചവിട്ടിമെതിക്കുന്നത് സ്വന്തം വിലയെ തന്നെ കെടുത്തുന്ന പ്രവർത്തിയാണെന്നും ഓർമ്മിപ്പിച്ച പാപ്പാ സമഗ്ര പരിസ്ഥിതിയെക്കുറിച്ചുള്ള തന്‍റെ ചാക്രീക ലേഖനത്തിൽ പറഞ്ഞിട്ടുള്ളത് പോലെ പൊതുഭവനത്തിന്‍റെ പരസ്പര ബന്ധത്തെകുറിച്ചും, അതിന്‍റെ സങ്കീർണ്ണതകളെ വിവരിക്കുന്നതിനും, സമഗ്രമായ ഒരു ധാർമ്മിക സമീപനം വഴി സാമ്പത്തീക ശാസ്ത്രം ഉൾപ്പെടെ വിവിധ തരം വിജ്ഞാനശാഖകളെ ഒരുമിപ്പിച്ച് സകലതും സമന്വയിപ്പിക്കുന്ന  ഒരു വീക്ഷണ രൂപീകരണത്തിനായി ക്ഷണിച്ചു.

കഴിഞ്ഞ 50 വർഷത്തേയും, ഇപ്പോഴത്തേയും, ഇനിയുമുണ്ടാകുന്ന സമ്മേളനങ്ങളും സകലരേയും, വരും തലമുറയെപ്പോലും ഉൾക്കൊള്ളിക്കുവാനുള്ള  ഒരു വലിയ ധാർമ്മീക ഉത്തരവാദിത്വം മനസ്സിൽ വച്ച് പ്രവർത്തിക്കട്ടെയെന്നും, നിങ്ങളുടെ തീരുമാനങ്ങൾ സാമൂഹിക സാമ്പത്തിക അനീതി അനുഭവിക്കുന്ന, ജീവനു തന്നെ ഭീഷണി നേരിടുന്ന ഏറ്റം അത്യാവശ്യക്കാരോടു സഹാനുഭാവം പുലർത്തുന്നതാകട്ടെയെന്നും പാപ്പാ വെളിപ്പെടുത്തി. സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രാർത്ഥനാശംസകളും ദൈവത്തിന്‍റെ വിജ്ഞാനവും ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

21 January 2020, 16:01