ആതിഥ്യം- ക്രിസ്തീയ പാരമ്പര്യത്തിന്‍റെ ഘടകം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഉപരി ആതിഥ്യ മര്യാദയുള്ളവരായിരിക്കാന്‍ പഠിക്കുന്നതിന് നമുക്ക് സാധിക്കട്ടെയെന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.
ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന്‍റെ സമാപനദിനമായിരുന്ന ജനുവരി 25-ന് ശനിയാഴ്ച വൈകുന്നേരം, റോമന്‍ ചുമരിനു വെളിയില്‍ വിശുദ്ധ പൗലോസിന്‍റെ നാമധേയത്തിലുള്ള ബസിലിക്കയില്‍ സമാപന പ്രാര്‍ത്ഥനാശുശ്രൂഷാവേളയില്‍ നടത്തിയ സുവിശേഷപരിചിന്തനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ അഷ്ടദിനപ്രാര്‍ത്ഥനയുടെ വിചിന്തനപ്രമേയത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് ഇപ്രകാരം ആശംസിച്ചത്.
സര്‍വ്വോപരി ക്രൈസ്തവര്‍ക്കിടയിലും ഇതര മതവിശ്വാസം പുലര്‍ത്തുന്നവര്‍ക്കിടയിലും ആതിഥ്യഭാവം പുലര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം എടുത്തുകാട്ടിയ പാപ്പാ ആതിഥ്യം ക്രൈസ്തവ സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും പാരമ്പര്യത്തിന്‍റെ ഭാഗമാണെന്ന് കൂട്ടിച്ചേര്‍ത്തു.
പൗലോസിനെയും കൂട്ടരെയും തടവുകാരാക്കി റോമിലേക്കു കൊണ്ടുപോകുന്ന വേളയില്‍ കപ്പല്‍ കാറ്റിലും കോളിലും പെട്ട അവസരത്തില്‍ ശക്തരും അധികാരമുള്ളവരുമായിരുന്ന സൈന്യത്തലവനും പടയാളികളും നാവികരും ബലഹീനരായിരുന്ന തടവുകാരുമെല്ലാം ഭയപ്പെടുകയും എന്നാല്‍ തടവുകാരനായിരുന്ന പൗലോസ് ദൈവപരിപാലനയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തതും ഒരു മണല്‍ത്തിട്ടയില്‍ കപ്പല്‍ ഉറയ്ക്കുകയും എല്ലാവരും രക്ഷപ്പെട്ട് മാള്‍ട്ടയുടെ തീരത്തെത്തുകയും സ്ഥലനിവാസികള്‍ അപരിചിതരായിരുന്ന അവരെ സ്വീകരിച്ച് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്യുന്നതുമായ അപ്പസ്തോലപ്രവര്‍ത്തനഭാഗം ഇക്കൊല്ലത്തെ ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന്‍റെ വിചിന്തനത്തിനായി തിരഞ്ഞെടുത്തിരുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഈ വിവരണം, ദൈവം തീവ്രമായാഗ്രഹിക്കുന്ന നമ്മുടെ ഐക്യത്തിലേക്കുള്ള എക്യുമെനിക്കല്‍ യാത്രയെക്കുറിച്ചും പരാമര്‍ശിക്കുന്നുവെന്ന് പ്രസ്താവിച്ചു.
എത്രമാത്രം ബലഹീനരും, വേധ്യരും ഭൗതികമായി ദരിദ്രരും ആണെങ്കിലും ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് സകലരുടെയും നന്മയ്ക്കായുള്ള അമൂല്യ സന്ദേശം നല്കാനാകുമെന്ന് ഈ സംഭവം നമ്മോടു പറയുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
കാരണം ലോകത്തിന്‍റെ ശക്തികൊണ്ടല്ല, മറിച്ച്, കുരിശിന്‍റെ ബലഹീനതയാലാണ് ദൈവം നമ്മെ രക്ഷിക്കാന്‍ അഭിലഷിച്ചത് എന്ന് പാപ്പാ വിശദീകരിച്ചു.