പൗരസ്ത്യക്രൈസ്തവ സഭകള്‍ക്ക് പാപ്പായുടെ ആശംസകള്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ജനുവരി 7-ന് തിരുപ്പിറവിത്തിരുന്നാള്‍ ആചരിക്കുന്ന കത്തോലിക്കരും ഓര്‍ത്തഡോക്സ്കാരുമടങ്ങുന്ന പൗരസ്ത്യ ക്രൈസ്തവസഭാ വിഭാഗങ്ങള്‍ക്ക് മാര്‍പ്പാപ്പാ ക്രിസ്തുമസ്സ് മംഗളങ്ങള്‍ നേര്‍ന്നു.
ഗ്രിഗോറിയന്‍ പഞ്ചാംഗം പിന്‍ചെല്ലുന്ന പാശ്ചാത്യ കത്തോലിക്കാസഭ തിങ്കളാഴ്ച (06/01/20) ആചരിച്ച പ്രത്യക്ഷീകരണത്തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ജൂലിയന്‍ പഞ്ചാംഗം പിന്‍ചെല്ലുന്ന ക്രൈസ്തവസഭാവിഭാഗങ്ങള്‍ക്ക് തിരുപ്പിറവിത്തിരുന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
രക്ഷകനായ ക്രിസ്തുവിന്‍റെ വെളിച്ചവും സമാധാനവും തിരുപ്പിറവിത്തിരുന്നാള്‍ ആഘോഷിക്കുന്ന അവര്‍ക്കെല്ലാവര്‍ക്കും അവരുടെ സമൂഹങ്ങള്‍ക്കും ലഭിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
ഗ്രിഗോറിയന്‍ പഞ്ചാംഗം പിന്‍ചെല്ലുന്നവരും ജൂലിയന്‍ പഞ്ചാംഗം പിന്‍ചെല്ലുന്നവരും 14 ദിവസത്തെ വിത്യാസത്തിലാണ് തിരുപ്പിറവിത്തിരുന്നാള്‍ ആഘോഷിക്കുന്നത്.
പ്രത്യക്ഷീകരണത്തിരുന്നാള്‍ ദിനമായ ജനുവരി 6-ന് അനുവര്‍ഷം കുഞ്ഞുങ്ങളായ പ്രേഷിതരുടെ ആഗോളദിനം ആചരിക്കപ്പെടുന്നതും പാപ്പാ ത്രികാലപ്രാര്‍ത്ഥനയുടെ സമാപാന വേളയില്‍ അനുസ്മരിച്ചു.
വിശുദ്ധിപ്രാപിക്കാനുള്ള തങ്ങളുടെ സാര്‍വ്വത്രിക വിളി തങ്ങളുടെ സമപ്രായക്കാരായ ആവശ്യത്തിലിരിക്കുന്നവരെ സഹായിച്ചുകൊണ്ടും പ്രാര്‍ത്ഥനയിലൂടെയും പങ്കുവയ്ക്കലിലൂടെയും സാക്ഷാത്ക്കരിക്കുന്ന ബാലികാബാലന്മാരായ പ്രേഷിതരുടെ ഉത്സവമാണ് ഇതെന്ന് പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: