തിരയുക

Vatican News
2010.01.15 Vescovo Jose Pulickal India Nuovo vescovo di dioceso Syromalabarese Kanjirapally India 2010.01.15 Vescovo Jose Pulickal India Nuovo vescovo di dioceso Syromalabarese Kanjirapally India 

കാഞ്ഞിരപ്പിള്ളിക്ക് പുതിയ മെത്രാന്‍ പാലക്കാടിന് സഹായമെത്രാന്‍

കേരളത്തിലെ സീറോമലബാര്‍ സഭയില്‍ രണ്ടു പുതിയ നിയമനങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

A. ബിഷപ്പ് ജോസ് പുളിക്കല്‍ 
കാഞ്ഞിരപ്പിള്ളിയുടെ പുതിയ മെത്രാന്‍ 

2016-മുതല്‍ കാഞ്ഞിരപ്പിള്ളി സീറോ മലബാര്‍ രൂപതയുടെ സഹായമെത്രാനായി സേവനംചെയ്തിരുന്ന ബിഷപ്പ് ജോസ് പുളിക്കലിനെ രൂപതയുടെ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. സീറോമലബാര്‍ സിനുഡു മുന്നോട്ടുവച്ച നാമനിര്‍ദ്ദേശം ജനുവരി 15-Ɔο തിയതി ബുധനാഴ്ച അംഗീകരിച്ചുകൊണ്ടാണ് ബിഷപ്പ് ജോസ് പുളിക്കലിനെ കാഞ്ഞിരപ്പിള്ളിയുടെ പുതിയ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.

1. ബിഷപ്പ് മാത്യു അറയ്ക്കലിന് നന്ദി

ബിഷപ്പ് മാത്യു അറയ്ക്കല്‍ കാനോനിക പ്രായപരിധിയെത്തി വിരമിക്കുന്നതു മൂലമാണ് കാഞ്ഞിരപ്പിള്ളി രൂപതയില്‍  ഈ പുതിയ നിയമനം ഉണ്ടായത്.

2. പഠനവും പ്രവര്‍ത്തന മേഖലയും
1964-ല്‍ കാഞ്ഞിരപ്പിള്ളിയിലെ ഇഞ്ചിയാനിയില്‍ ജനിച്ച ജോസ് പുളിക്കല്‍ രൂപതാ സെമിനാരിയിലും, വടവാതൂരിലെ പൗരസ്ത്യവിദ്യാപീഠത്തിലും പഠിച്ച് 1991-ല്‍ പൗരോഹിത്യം സ്വീകരിച്ചു. രൂപതയുടെ ഭദ്രാസന ദേവാലയത്തില്‍ വികാരിയായും, സ്നേഹാശ്രമം കൂട്ടായ്മയുടെ ഡറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബൈബിള്‍ വിജ്ഞാനീയത്തില്‍ ബാംഗളൂരിലെ സെന്‍റ് പീറ്റേഴ്സ് സെമിനാരിയില്‍നിന്നും ബിരുദാനന്തര ബിരുദവും, ധര്‍മ്മാരാം ദൈവശാസ്ത്ര വിദ്യാപീഠത്തില്‍നിന്നും ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കി. രൂപതയുടെ മതബോധന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഫൊറൈന്‍ വികാരി, രൂപതാ ആലോചന സമിതി അംഗം എന്നീ തസ്തികകളിലും സേവനംചെയ്തിട്ടുണ്ട്.

B. ഫാദര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍
പാലക്കാട് സീറോ മലബാര്‍ രൂപതയുടെ സഹായമെത്രാന്‍
ഫാദര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാടിന്‍റെ സഹായമെത്രാനായി സീറോമലബാര്‍ സിനഡ് മുന്നോട്ടുവച്ച അഭ്യര്‍ത്ഥന ജനുവരി 15-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചുകൊണ്ടു നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് ഈ നിയമനം നടന്നത്.

1. പൗരോഹിത്യശുശ്രൂഷ
ഫാദര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാടു രൂപതിയിലെ മരങ്ങോലി സ്വദേശിയാണ്. 1981-ല്‍ സെമിനാരിയില്‍ ചേര്‍ന്നു പഠനമാരംഭിച്ച അദ്ദേഹം, 1990-ല്‍ പൗരോഹിത്യം സ്വീകരിച്ചു. രൂപതയുടെ വിവിധ ഇടവകകളില്‍ അജപാലനശുശ്രൂഷ ആരംഭിച്ച ഫാദര്‍ കൊച്ചുപുരയ്ക്കല്‍ 1993-മുതല്‍ 1995-വരെ ബാംഗളൂര്‍ സെന്‍റ് പീറ്റേഴ്സ് സെമിനാരിയില്‍ പഠിച്ച് കാനോനിക നിയമത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.

2. ജുഡീഷ്യല്‍ വികാരിയും റെക്ടറും
1997-മുതല്‍ 2000-വരെ രൂപതയുടെ വിവാഹക്കോടതിയില്‍ സേവനം അനുഷ്ഠിച്ചു. 2000-2007 വരെ പൗരസ്ത്യസഭകള്‍ക്കായുള്ള റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ പഠിച്ച് പൗരസ്ത്യ കാനോന നിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 2007-മുതല്‍ 2010-വരെ അദ്ദേഹം വാളയാറിലെ വിശുദ്ധ അന്തോനീസിന്‍റെ ഇടവകയില്‍ വികാരിയും, ഒപ്പം രൂപതയുടെ ജുഡീഷ്യല്‍ വികാരിയുമായി സേവനംചെയ്തു. 2010-മതുല്‍ 2013-വരെ രൂപതയുടെ മൈനര്‍ സെമിനാരി റെക്ടറായി നിയമിക്കപ്പെട്ടു.

2013-മുതല്‍ രൂപതാ ചാന്‍സിലറായി സേവനംചെയ്യവെയാണ് ഫാദര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സഹായമെത്രാനായി നിയമിതനായത്.

 

 

 

15 January 2020, 16:20