തിരയുക

Pope Francis Pope Francis 

പാപ്പാ ഫ്രാന്‍സിസിന്‍റെ "വിശ്വശാന്തിദിന" സന്ദേശം

2020-Ɔമാണ്ടിലെ “വിശ്വശാന്തി ദിന”ത്തിനായി (World Day of Peace) പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശം.

പരിഭാഷ : ഫാദര്‍ വില്യം നെല്ലിക്കല്‍ 

0.0 ആമുഖം
എല്ലാവരും ദൈവമക്കളാണ് എന്ന ഒരു പൊതുവായ സംഞ്ജയില്‍ സംവാദത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും പാതയില്‍ സമൂഹത്തില്‍ സമാധാനം വളര്‍ത്താനാകും എന്ന പ്രായോഗിക ബോധ്യത്തോടെ പാപ്പാ ഫ്രാന്‍സിസ് അഞ്ചു പ്രധാനപ്പെട്ട ചിന്തകളിലൂടെ വളരെ പ്രായോഗികമായും, സകലര്‍ക്കും സ്വീകാര്യവുമായ വിധത്തില്‍ 2020-ലെ ലോകസമാധാനദിന സന്ദേശം പങ്കുവയ്ക്കുന്നു. സംവാദം, അനുരഞ്ജനം, പാരിസ്ഥിതിക പരിവര്‍ത്തനം എന്നിവയിലൂടെയുള്ള പ്രത്യാശയുടെ യാത്രയാണ് സമാധാനമെന്ന് പാപ്പാ സന്ദേശത്തില്‍ സ്ഥാപിക്കുന്നു. ഇന്ത്യയില്‍ അജപാലന കാരണങ്ങളാല്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സമാധിദിനമായ ജനുവരി 30-നോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയാണ് വിശ്വശാന്തിദിനം ആചരിക്കുന്നത്.

1.0 പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍
മാനവകുലത്തിന്‍റെ മുഴുവനും പ്രതീക്ഷയുടെയും പ്രത്യാശയുടെയും കേന്ദ്രമായ സമാധാനം വിലപ്പെട്ടതും മഹത്തരവുമായ മൂല്യമാണ്. മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവക്രമംകൊണ്ടുതന്നെ ഇന്നിന്‍റേതായ ചെറിയ അസ്തിത്വപരമായ പ്രതിസന്ധികളിലും പ്രയാസങ്ങളിലും സമാധാനത്തിനായുള്ള പ്രത്യാശ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ അതില്‍നിന്നും സമാധാനമുള്ള ലോകം എന്ന അടിസ്ഥാനപരമായ ഏകലക്ഷ്യത്തിലേയ്ക്കു നയിക്കപ്പെടണമെങ്കില്‍, “വ്യക്തികള്‍ ഈ കുറവുകള്‍ അംഗീകരിക്കുകയും അതിനായി ജീവിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്.

സമാധാനമെന്ന ലക്ഷ്യത്തെക്കുറിച്ച് നമുക്ക് ഉറപ്പുണ്ടെങ്കില്‍, അത് നമ്മുടെ ജീവിത ലക്ഷ്യത്തെ ന്യായീകരിക്കാന്‍ വേണ്ടുവോളം മഹത്തരവുമാണ്.” 1 (Spe Salvi, 1). അതിനാല്‍ അനുദിന ജീവിതത്തില്‍ പ്രതിസന്ധികള്‍ കടന്നുകൂടുമ്പോഴും നമ്മെ മുന്നോട്ടു നയിക്കുന്ന പുണ്യമാവണം സമാധാനം. ഇങ്ങനെ സമാധാനത്തില്‍ ജീവിക്കേണ്ടതിന്‍റെ ആവശ്യകതയെയും അതിന്‍റെ അടിസ്ഥാന ലക്ഷ്യത്തെയും കുറിച്ചു പ്രതിപാദിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ആരംഭിക്കുന്നത്.

1.1 പ്രത്യാശയറ്റ സാമൂഹിക ചുറ്റുപാടുകള്‍
കൊടും വിനാശങ്ങള്‍ വിതയ്ക്കുന്ന യുദ്ധത്തിന്‍റെയും സാമൂഹിക പ്രതിസന്ധികളുടെയും മുറിപ്പാടുകള്‍ മനസ്സിലും ഓര്‍മ്മയിലും ശരീരത്തിലും പേറിയാണ് മാനവകുലം ഇന്ന് ജീവിക്കുന്നത്. വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ചൂഷണത്തിന്‍റെയും അഴിമതിയുടെയും കനത്ത ചങ്ങലകള്‍ ഭേദിച്ച് സ്വതന്ത്രമാകുവാന്‍ രാഷ്ട്രങ്ങളും ജനതകളും തത്രപ്പെടുകയാണ്. ഇന്ന് ധാരാളം സ്ത്രീപുരുഷന്മാരും, പ്രായമായവരും, യുവജനങ്ങളും അവരുടെ അന്തസ്സും, ജീവിതസമഗ്രതയും, സ്വാതന്ത്ര്യവും, എന്തിന് മതസ്വാതന്ത്ര്യവും സാമൂഹിക ഐക്യദാര്‍ഢ്യവും നിഷേധിക്കപ്പെട്ട പ്രത്യാശയറ്റൊരു ജീവിതമാണ് പല രാജ്യങ്ങളിലും നയിക്കുന്നത്. നിര്‍ദ്ദോഷികളായ ധാരാളം ജനങ്ങളും അവരുടെ പ്രിയപ്പെട്ടവരും വേദനാജനകമായ ഉച്ചനീചത്വത്തിനും, വിവേചനത്തിനും, അനീതിക്കും, പീഡനങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും വിധേയരായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട്.

1.2 യുദ്ധം സഹോദരഹത്യയുടെ മറുരൂപം
ക്രൂരമായ അതിക്രമങ്ങളാല്‍ വികലമാക്കപ്പെട്ടിട്ടുള്ള ദേശീയ അന്തര്‍ദേശീയ സംഘര്‍ഷങ്ങളുടെ ഭീതിദമായ വിചാരണകള്‍ മാനവികതയുടെ മനഃസാക്ഷിയിലും മനസ്സിലും, ശരീരത്തിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണര്‍ത്തുന്നു. ഒരോ യുദ്ധവും സഹോദരഹത്യയുടെ മറുരൂപമാണ്. അത് മനുഷ്യകുലത്തിന്‍റെ നൈസര്‍ഗ്ഗികമായ സമാധാനത്തിനും സാഹോദര്യത്തിനുമുള്ള വിളിയെ തച്ചുടയ്ക്കുന്നു. അപരന്‍റെ ജീവിതത്തിലെ വിഭിന്നതകള്‍ അംഗീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അധികാരപ്രമത്തതയും ആധിപത്യമനോഭാവവും വളരുന്നു. അത് സ്വാര്‍ത്ഥതയിലും അഹങ്കാരത്തിലും, വെറുപ്പിലും, അന്യരെ പരിഹാസ്യപാത്രമാക്കുവാനും ഇടയാക്കുന്നു. അവസാനം നമുക്കറിയാവുന്നതുപോലെ അത് യുദ്ധത്തില്‍ കലാശിക്കുന്നു.

1.3 പരസ്പര വ്യത്യാസങ്ങളെക്കുറിച്ചുള്ള ഭീതി
നിഷിദ്ധവും വികലവുമായ പിളര്‍പ്പുകൊണ്ട് സ്വയം സംരക്ഷിക്കാമെന്നും സുസ്ഥിതി ഉറപ്പുവരുത്താമെന്നും ലോകം ഇന്ന് ചിന്തിക്കുകയാണെന്ന് കഴിഞ്ഞ ജപ്പാന്‍ അപ്പസ്തോലിക യാത്രയ്ക്കിടെ നാഗസാക്കിയില്‍ നടത്തിയ പ്രഭാഷണത്തില്‍ താന്‍ ചൂണ്ടിക്കാട്ടിയത് പാപ്പാ സന്ദേശത്തില്‍ അനുസ്മരിക്കുന്നു. “ഭിന്നിപ്പിന്‍റെയും പരസ്പര വിശ്വാസമില്ലായ്മയുടെയും ഈ മനഃസ്ഥിതിയാല്‍ പ്രേരിതമായി വ്യാജമായ ഒരു സുരക്ഷാബോധം ഇന്ന് സമൂഹത്തില്‍ വളര്‍ന്നിട്ടുണ്ട്. അത് തീര്‍ച്ചയായും എത്തിപ്പെടുന്നത് ജനതകള്‍ തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലുമുള്ള ബന്ധത്തില്‍ വിഷംകലര്‍ത്തിക്കൊണ്ടും എല്ലാ തരത്തിലുമുള്ള സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും സാദ്ധ്യതകള്‍ തകര്‍ത്തുകൊണ്ടുമാണ്. വികലമായ ബന്ധങ്ങളാലും വ്യാമോഹങ്ങളാലും, അധികാര ദുര്‍വിനിയോഗത്താലും, അപരനെക്കുറിച്ചുള്ള ഭീതിയാലും, തമ്മിലുള്ള വ്യത്യാസങ്ങള്‍ എല്ലാറ്റിനും തടസ്സമായി കണ്ടുകൊണ്ട് ഇന്ന് സമൂഹത്തില്‍ എവിടെയും യുദ്ധരംഗങ്ങളും പോര്‍വിളിയുമാണ് കാണുന്നത്.

എന്നാല്‍ ഐക്യദാര്‍ഢ്യത്തിന്‍റെയും സഹകരണത്തിന്‍റെയും ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ കൂട്ടുത്തരവാദിത്വത്തിലൂടെയും പങ്കാളിത്തത്തിലൂടെയും മാത്രമേ സമാധാനവും സുസ്ഥിതിയുമുള്ള ഇന്നിന്‍റെയും നാളെയുടെയും മാനവരാശിയെ വളര്‍ത്തിയെടുക്കാനാവൂ!”2
ഭീതിപ്പെടുത്തുന്നതെന്തും പരസ്പര വിശ്വാസമില്ലായ്മ വളര്‍ത്തുകയും ജനങ്ങളെ സുരക്ഷയുടെ തെറ്റായ നിശ്ശബ്ദമേഖലയിലേയ്ക്ക് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പരസ്പര വിശ്വാസമില്ലായ്മയും ഭീതിയും ബന്ധങ്ങളെ ദുര്‍ബലമാക്കുന്നു. മാത്രമല്ല അതിക്രമങ്ങള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും സമാധാന പൂര്‍ണ്ണമായൊരു ചുറ്റുപാടില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത ഒരു സര്‍പ്പിളവലയത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ആണവായുധ ശേഖരമോ അതിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കലോ ഒരിക്കലും സുരക്ഷയല്ല, മറിച്ച് മിഥ്യയായൊരു സുരക്ഷാബോധം മാത്രമാണത് വളര്‍ത്തുന്നത്.

1.4 ഭീഷണിയുടെയും ഭീതിയുടെയും മനഃസ്ഥിതി
നിസംഗതയുടെ ഭിത്തിക്കു മറയില്‍ ഒളിച്ചിരുന്നുകൊണ്ടോ ആണവ ഗര്‍ത്തത്തിന്‍റെ വക്കില്‍ തൂങ്ങിക്കിടന്നുകൊണ്ടോ, കലങ്ങിമറിഞ്ഞ സാമൂഹിക അന്തരീക്ഷത്തിലോ, ഉന്മൂല വിനാശത്തിന്‍റെ ഭീതിയിലോ നമുക്ക് ലോകത്തിന്‍റെ സുസ്ഥിതി ആര്‍ജ്ജിക്കാനാവില്ല. മാത്രമല്ല ഇന്ന് മനുഷ്യരും സൃഷ്ടിയും സംരക്ഷിക്കപ്പെടുകയും പരിലാളിക്കപ്പെടുകയും ചെയ്യുന്നതിനു പകരം തച്ചുടയ്ക്കപ്പെടുകയാണ്.3 തല്‍ഫലമായി രാഷ്ട്രങ്ങളും സമൂഹങ്ങളും എടുക്കുന്ന സാമൂഹിക സാമ്പത്തിക തീരുമാനങ്ങള്‍ പലതും പരിതാപകരമായ അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്. പിന്നെങ്ങനെ പരസ്പരാദരവിന്‍റെയും സമാധാനത്തിന്‍റെയും പ്രത്യാശയുടെ യാത്ര യാഥാര്‍ത്ഥ്യമാകും? എങ്ങനെ ഭീഷണിയുടെയും ഭീതിയുടെയും അനാരോഗ്യകരമായ മനഃസ്ഥിതി നമുക്ക് ഇല്ലാതാക്കാനാകും? ഇന്നിന്‍റെ ഈ പരസ്പര വിശ്വാസമില്ലായ്മയുടെ ബലതന്ത്രം എങ്ങനെ മറികടക്കുവാന്‍ സാധിക്കും?

1.5 സമാധാനത്തിനുള്ള അഭിവാഞ്ച കൈവെടിയിരുത്
നാം എല്ലാവരും ദൈവത്തില്‍നിന്ന് പൊതുവായ ഉല്പത്തി സ്വീകരിച്ചിട്ടുള്ളവരാണെന്ന ചിന്തയില്‍ സംവാദത്തിലും പരസ്പര വിശ്വാസത്തിലും ജീവിച്ചുകൊണ്ട് യഥാര്‍ത്ഥത്തില്‍ സാഹോദര്യത്തിന്‍റെ വഴികളാണ് സ്വീകരിക്കേണ്ടത്. സമാധാനത്തിനായുള്ള അഭിവാഞ്ച എല്ലാ മനുഷ്യഹൃദയങ്ങളിലും ഊറിക്കിടക്കുന്നതിനാല്‍ നാം അതില്‍നിന്നും ഒരിക്കലും പിന്‍വാങ്ങരുത്.

2.0 കരുതലുള്ള യാത്രയാണ് സമാധാനം
1945 ഓഗസ്റ്റില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ച പറഞ്ഞറിയിക്കാനാവാത്ത യാതനകളുടെ ഭീകരതയ്ക്ക് സാക്ഷികളായ തലമുറയുടെ തുടര്‍ച്ചക്കാര്‍ ഇന്നു ജീവിച്ചിരിപ്പുണ്ട്. അവിടെ പതിച്ച അണുബോംബുകളെ അതിജീവിച്ച ബാക്കിയായ ആ ജനസഞ്ചയത്തെ “ഹിബാക്യൂഷ” എന്നാണ് അറിയപ്പെടുന്നത്. ആണവാക്രമണം കാരണമാക്കിയ ഒടുങ്ങാത്ത യാതനകളുടെ ഓര്‍മ്മകള്‍ തങ്ങളുടെ സംഘമനഃസാക്ഷിയില്‍ ഇന്നും കെടാതെ സൂക്ഷിക്കുന്നവരാണവര്‍. “ഹിബാക്യൂഷ”കളുടെ (Hibakusha) സാക്ഷ്യം ആ ദുരന്തത്തിന്‍റെയും, അതിന് ഇരകളായവരുടെയും സ്മരണകളെ ഉണര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതുഴി ആധിപത്യത്തിനും വിനാശത്തിനുംവേണ്ടിയുള്ള മനുഷ്യന്‍റെ ഓരോ ആഗ്രഹത്തിനും എതിരെ മാനവമനഃസാക്ഷി ഉണരണമെന്ന് ഹിബാക്യൂഷകള്‍ ആഗ്രഹിക്കുന്നുണ്ട്. “ഇവിടെ സംഭവിച്ച ദുരന്തത്തിന്‍റെ തിക്തസ്മരണകള്‍ വര്‍ത്തമാന-ഭാവി തലമുറകളില്‍നിന്നും മാഞ്ഞുപോകാന്‍ നാം അനുവദിച്ചുകൂടാ! കാരണം നീതിയുക്തവും സാഹോദര്യം നിറഞ്ഞതുമായ ഒരു ഭാവി പടുത്തുയര്‍ത്താന്‍ പ്രോത്സഹിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന സ്മരണകളാണവ!”.4

2.1 പഴമയില്‍നിന്നും പ്രത്യാശയുടെ ചക്രവാളം വിരിയിക്കാം
ഹിബാക്യൂഷകളെപ്പോലെ പല ജനതകളും ഇന്നത്തെ ലോകത്തില്‍ ഗതകാല സംഭവങ്ങളുടെ ഓര്‍മ്മകളെ ഭാവി തലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുവാന്‍ പരിശ്രമിക്കുകയാണ്. വന്നുപോയ തെറ്റുകളും വ്യാമോഹങ്ങളും വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി മാത്രമല്ല, സമാധാനം പുലര്‍ത്താനുള്ള ഇന്നത്തെയും ഭാവിയിലെയും തീരുമാനങ്ങള്‍ക്ക് അടിസ്ഥാനവും പ്രചോദനവുമാകുവാന്‍ ഈ അനുഭവങ്ങളുടെ ഓര്‍മ്മ സഹായകമാകുവാന്‍ വേണ്ടിയാണ്. അതിലും ഉപരിയായി, പഴയ ഓര്‍മ്മകളില്‍നിന്നാണ് പ്രത്യാശയുടെ ചക്രവാളങ്ങള്‍ വിരിയുന്നത്. പലപ്പോഴും യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അന്ധകാരത്തില്‍ വിരിയുന്ന കൂട്ടായ്മയുടെ ഒരു ചെറിയ അടയാളംപോലും ധീരവും വീരോചിതവുമായ തീരുമാനങ്ങളിലേയ്ക്കു സമൂഹത്തെ നയിക്കാം. സമൂഹങ്ങളിലും വ്യക്തികളിലും പ്രത്യാശയുടെ പുതുനാളം തെളിയിക്കുവാനും പുതിയ ഊര്‍ജ്ജം കെട്ടഴിച്ചുവിടുവാനും അവയ്ക്കു കരുത്തുണ്ട്.

2.3 സമാധാനവഴികള്‍ തേടാം
ഇന്ന് സമൂഹങ്ങളും ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളും താല്പര്യങ്ങളും അധികവും സംഘര്‍ഷഭരിതമാകയാല്‍ സമാധാനവഴികള്‍ തേടിയുള്ള യാത്ര ഏറെ സങ്കീര്‍ണ്ണവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. ജനങ്ങളുടെ ധാര്‍മ്മിക മനഃസാക്ഷിയെയും വ്യക്തിപരവും രാഷ്ട്രീയവുമായ ഇച്ഛാശക്തിയെയുമാണ് നാം ആദ്യം തട്ടിയുണര്‍ത്തേണ്ടത്. മനുഷ്യഹൃദയത്തിന്‍റെ അടിത്തട്ടിലെ രാഷ്ട്രീയ പ്രേരണയില്‍നിന്നും ഉത്ഭവിക്കുന്ന സമാധാനം നാം എന്നും നവീകരിക്കേണ്ടതാണ്. അങ്ങനെ മാത്രമേ, വ്യക്തികളെയും സമുഹങ്ങളെയും അനുരഞ്ജിപ്പിക്കുവാനും ഐക്യപ്പെടുത്തുവാനും പുതിയ വഴികള്‍ കണ്ടെത്തുവാനും സാധിക്കൂ.

2.4 സാഹോദര്യത്തിന്‍റെ കാഴ്ചപ്പാട്
പൊള്ളയായ വാക്കുകള്‍ വിളമ്പുന്നവരെയോ, കുടില തന്ത്രക്കാരെയോ, വംശീയവാദികളെയോ അല്ല ഇന്ന് ആവശ്യം, മറിച്ച് ബോധ്യമുള്ള ജീവിതസാക്ഷികളെയും, സംവാദത്തിനു തുറവുള്ള സമാധാനത്തിന്‍റെ നിര്‍മ്മാതാക്കളെയുമാണ് ലോകത്തിനാവശ്യം. വിഭിന്ന അഭിപ്രായങ്ങള്‍ക്കും പ്രത്യയ ശാസ്ത്രങ്ങള്‍ക്കും അപ്പുറം, സത്യം അന്വേഷിക്കുന്നവരുമായുള്ള ബോധപൂര്‍വ്വകമായ സംവാദമില്ലാതെ യഥാര്‍ത്ഥ സമാധാനം കൈവരിക്കുവാന്‍ നമുക്ക് സാധ്യമല്ല.

“സമാധാനം നിരന്തരമായി പടുത്തുയര്‍ത്തേണ്ടിയിരിക്കുന്നു.”5 പൊതുനന്മയും സത്യസന്ധതയും നിയമത്തോടുള്ള ആദരവും സര്‍വ്വദാ അന്വേഷിക്കേണ്ട കൂട്ടായ യാത്രയാണിത്. ഓരോരുത്തരും പരസ്പരം ശ്രവിക്കുന്നതും, എന്തിന് ശത്രുവില്‍പ്പോലും ഒരു സഹോദരന്‍റെയോ സഹോദരിയുടെയോ മുഖം കാണുന്നതുമായ കാഴ്ചപ്പാടായിരിക്കും സമൂഹത്തില്‍ പരസ്പര ധാരണയും ആദരവും വളര്‍ത്തുന്നത്.

2.5 ഓരോ വ്യക്തിയും പങ്കുചേരുന്ന തുടര്‍പരിശ്രമം
സമാധാന യത്നങ്ങള്‍ക്ക് ദീര്‍ഘക്ഷമയുള്ള പ്രതിബദ്ധത ആവശ്യമാണ്. സത്യവും നീതിയും അന്വേഷിക്കുന്ന ക്ഷമാപൂര്‍വ്വമായ പരിശ്രമമാണിത്. ഇരകളായവരുടെ സ്മരണകളെ ആദരിക്കുകയും, പ്രതികാര വാഞ്ചയേക്കാള്‍ ശക്തമായി പ്രത്യാശ പങ്കുവയ്ക്കുന്നതിന് പടിപടിയായി വഴിതുറക്കുവാനുള്ള ശ്രമവുമാണിത്. നിയമത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തില്‍ ജനാധിപത്യം ഏറെ നല്ല മാതൃകയാണ്. എന്നാല്‍ നീതിയില്‍ അടിയുറച്ച സത്യാന്വേഷണത്തിന്‍റെ പാതയില്‍ ഓരോ വ്യക്തിയുടെയും പ്രത്യേകിച്ച്, ദുര്‍ബലരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളെ സംരക്ഷിക്കുവാന്‍ പ്രതിബദ്ധവുമാണിത്.6 ഇതൊരു സാമൂഹ്യ സംരംഭമാണ്. ആഗോള സമൂഹത്തിലും, ഓരോ ദേശീയ-പ്രാദേശിക സമൂഹങ്ങളിലും ഉത്തരവാദിത്വത്തോടെ ഓരോ വ്യക്തിയും തന്‍റെ സംഭാവന നല്കുന്ന ഒരു തുടര്‍പ്രവര്‍ത്തന ശൈലിയാണിത്. An on-going effort!

2.6 അപരനെക്കുറിച്ചുള്ള അവബോധം ഒരു സാമൂഹിക വിദ്യാഭ്യാസം
വിശുദ്ധനായ പോള്‍ ആറാമന്‍ പാപ്പാ ചൂണ്ടിക്കാട്ടിയി‌ട്ടുള്ളതുപോലെ “ഒരു ജനാധിപത്യ സമൂഹം വളര്‍ത്താന്‍ പങ്കാളിത്തവും സമത്വവും ആവശ്യമാണ്. ഈ രണ്ട് അഭിലാഷങ്ങള്‍  ഓരോ വ്യക്തിയുടെയും അവകാശങ്ങളെക്കുറിച്ചുള്ള അറിവിന്‍റെ മാത്രമല്ല, അപരനോടുള്ള കടമകളെക്കുറിച്ചു ബോധം വളര്‍ത്തുന്ന ഒരു സാമൂഹിക വിദ്യാഭ്യാസ രീതിയും ഇന്ന് ആവശ്യപ്പെടുന്നുണ്ട്. സ്വയം നിയന്ത്രിക്കുവാനും ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കുവാനുമുള്ള ഓരോ വ്യക്തിയുടെയും കഴിവ്, സംഘങ്ങളുടെയോ വ്യക്തികളുടേയോ സ്വാതന്ത്ര്യത്തിന് കല്പിച്ചിരിക്കുന്ന പരിധിയെക്കുച്ചുള്ള അറിവ് എന്നിവ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള അവബോധത്തെയും അത് പ്രായോഗികമാക്കുവാനുള്ള ഓരോ വ്യക്തിയുടെ വിവേകത്തെയും ആശ്രയിച്ചിരിക്കുന്നു.” 7

2.7 സമാധാനപതയില്‍ സഭ പതറാതെ മുന്നേറും
ഒരു സമൂഹത്തില്‍ത്തന്നെയുള്ള വിഭാഗീയതകള്‍, സാമൂഹിക അസമത്വങ്ങളുടെ വര്‍ദ്ധിച്ച അവസ്ഥ, മാനവികതയുടെ സമഗ്ര വികസനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനുള്ള വൈമുഖ്യം എന്നിവ പൊതുനന്മയ്ക്കായുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുന്നു. എങ്കിലും വചനത്തിന്‍റെയും സത്യത്തിന്‍റെയും ശക്തിയില്‍ അധിഷ്ഠിതവും ക്ഷമാപൂര്‍വ്വവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ ഐക്യദാര്‍ഢ്യവും കൂട്ടായ്മയും കൈവരിക്കുവാനുള്ള ക്രിയാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കാന്‍ കഴിയും. നമ്മെ പരസ്പരം അനുരഞ്ജിപ്പിക്കാന്‍ തന്‍റെ ജീവന്‍ നല്കിയ ക്രിസ്തുവിനെ നിരന്തരമായി സ്മരിക്കുന്നതാണ് ക്രൈസ്തവ ജീവിതാനുഭവം (റോമ. 5, 6-11). നീതിയുക്തമായ സാമൂഹിക ക്രമത്തിനായുള്ള അന്വേഷണത്തില്‍ സഭ പൂര്‍ണ്ണമായും പങ്കാളിയാണ്. അതിനായി ക്രൈസ്തവ മൂല്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടും, സന്മാര്‍ഗ്ഗമൂല്യങ്ങള്‍ പ്രബോധിപ്പിച്ചുകൊണ്ടും, വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളിലൂടെ പൊതുനന്മ പരിപോഷിപ്പിക്കുവാനും, പ്രത്യാശ കൈവെടിയാതെ ലോകത്ത് സമാധാനം വളര്‍ത്തുവാനുമായി സഭ നിരന്തരമായി പരിശ്രമിക്കുന്നു.

3.0 സമാധാനം - സാഹോദര്യക്കൂട്ടായ്മയുടെ
അനുരഞ്ജന യാത്ര

വ്യക്തികളും ജനതകളുമായി ദൈവം ഉണ്ടാക്കിയ ഉടമ്പടികളെക്കുറിച്ച് ബൈബിള്‍, പ്രത്യേകിച്ച് പ്രവാചക ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. അതിന്‍പ്രകാരം മറ്റുള്ളവരുടെ മേല്‍ ആധിപത്യം ചെലുത്തുവാനുള്ള ആഗ്രഹം ത്യജിക്കുവാനും, ഓരോരുത്തരെയും വ്യക്തിയായും, ദൈവമകളും മകനുമായും, സഹോദരനും സഹോദരിയുമായി കാണുവാന്‍ പഠിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട്. മറ്റുള്ളവര്‍ പറഞ്ഞതോ ചെയ്തതോ ആയൊരു കാര്യംകൊണ്ട് അവരെ ഒരിക്കലും ചെറുതാക്കരുത്, മറിച്ച് അവരില്‍ അടങ്ങിയിരിക്കുന്ന നന്മയുടെ സാദ്ധ്യതകളെ വിലമതിക്കണം. അങ്ങനെ അനുദിന ജീവിതത്തില്‍ പരസ്പരാദരവിന്‍റെ പാത തിരഞ്ഞെടുത്തെങ്കിലേ പ്രതികാരത്തിന്‍റെ സര്‍പ്പിളവലയത്തെ തകര്‍ത്ത്, പ്രത്യാശയുടെ യാത്ര തുടരാനാകൂ.

3.1 പരസ്പരം ക്ഷമിക്കാനുള്ള കരുത്തും സമാധാനവഴിയും
യേശുവും പത്രോസും തമ്മിലുള്ള സംഭാഷണത്തിന്‍റെ ഈ വചനഭാഗം ഏറെ പ്രചോദനാത്മകമാണ്. “എന്‍റെ സഹോദരന്‍ എനിക്കെതിരെ പാപം ചെയ്താല്‍ എത്ര പ്രാവശ്യമാണ് ഞാന്‍ അയാളോടു ക്ഷമിക്കേണ്ടത്. ഏഴു പ്രാവശ്യം മതിയാകുമോ? യേശു പറഞ്ഞു, “ഏഴു പ്രാവശ്യമെന്ന് ഞാന്‍ പറയുകയില്ല, പക്ഷെ ഏഴ് എഴുപതു പ്രാവശ്യമായാലും അധികമല്ല” (മത്തായി 15, 21-22). ഹൃദയത്തി‍ന്‍റെ ആഴങ്ങളില്‍ നാം അന്വോന്യം സഹോദരീ സഹോദരന്മാരാണെന്ന് അംഗീകരിക്കാനുള്ള കഴിവും, മാപ്പു നല്കുന്നതിന്‍റെ ശക്തിയും കണ്ടെത്താനുള്ള വിളിയാണ് അനുരഞ്ജനം. അങ്ങനെ അനുരഞ്ജനത്തില്‍ ജീവിക്കുവാന്‍ പഠിക്കുമ്പോള്‍ നാം സമാധാനമുള്ളവരായി മാറുകയാണ്.

3.2 സമാധാന പാതയിലെ സാമൂഹിക സുരക്ഷ
ജീവിതത്തിന്‍റെ സാമൂഹിക തലങ്ങളില്‍ സമാധാനത്തെക്കുറിച്ചുള്ള സത്യങ്ങള്‍ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലും ശരിതന്നെയാണ്. അതിനാല്‍ ‍നീതിയുക്തമായ ഒരു സമ്പദ്-വ്യവസ്ഥ സമൂഹത്തില്‍ വികസിപ്പിച്ചെടുക്കാനുള്ള പ്രാപ്തി നാം സ്വയം കാണിച്ചില്ലെങ്കില്‍, യഥാര്‍ത്ഥമായ സമാധാനം സമൂഹത്തില്‍ വളരുകയില്ല. “ഇന്നിന്‍റെ ശുഷ്കിച്ച വികസനത്തെ അതിജീവിക്കണമെങ്കില്‍ പൊതുക്ഷേമ പരിപാടികള്‍ നടപ്പാക്കുകയും, പങ്കുവയ്ക്കുന്നതില്‍ അധിഷ്ഠിതമായ കൈമാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന രീതികള്‍ പ്രോത്സാഹിപ്പിക്കുകയും വേണം. മാത്രമല്ല ലോകത്തെവിടെയും ജനങ്ങളുടെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ തുടങ്ങുകയും അവ ഉറപ്പുവരുത്തുകയുംവേണം. കൂടാതെ ആഗോളതലത്തില്‍ സാമ്പത്തിക ഇടപാടുകളില്‍ ഉദാരതയുടെയും കൂട്ടായ്മയുടെയും ആനുപാതികമായ പരസ്പര കൈമാറ്റത്തിന്‍റെ നയങ്ങള്‍ വേണ”മെന്ന് ബെനഡിക്ട് 16-Ɔമാന്‍ പാപ്പാ പത്തുവര്‍ഷം മുന്‍പ് “സത്യത്തില്‍ സ്നേഹം” (Caritas in Veritate) എന്ന ചാക്രിക ലേഖനത്തില്‍ പ്രസ്താവിച്ചിട്ടുള്ളത് ശ്രദ്ധേയമാണ് (39).

4. 00 സമാധാനം പാരിസ്ഥിതിക പരിവര്‍ത്തനത്തിന്‍റെ യാത്ര
“പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നത് ന്യായീകരിക്കുന്ന അവസ്ഥയിലേയ്ക്ക് പലപ്പോഴും നമ്മെ നയിച്ചത് അടിസ്ഥാന നിയമങ്ങളെക്കുറിച്ചുള്ള നമ്മുടെ തെറ്റായ ധാരണയാണ്. സൃഷ്ടികള്‍ക്കുമേല്‍ ആധിപത്യം പ്രയോഗിക്കുവാനും, യുദ്ധത്തില്‍ ഏര്‍പ്പെടുവാനും, പരസ്പര ഭിന്നിപ്പില്‍ ജീവിക്കുവാനും, അനീതിയിലും ഹിംസാ പ്രവര്‍ത്തനങ്ങളിലും മുഴുകുവാനും മനുഷ്യര്‍ ഇന്നു മുതിരുന്നുണ്ട്. അതിനു കാരണം, സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന വിജ്ഞാനത്തിന്‍റെ വിളിയോട് നീതി പുലര്‍ത്തുന്നില്ലെന്ന വസ്തുത നാം അംഗീകരിക്കാത്തതുതന്നെയാണ്” 8.

4.1 സമൂഹങ്ങളും പരിസ്ഥിതിയും തമ്മില്‍ അനിവാര്യമായ
സഹവര്‍ത്തിത്വം

മറ്റുള്ളവരോടുള്ള ശത്രുതയും അതില്‍നിന്നും അഭിമുഖീകരിക്കേണ്ടിവരുന്ന പരിണിതഫലങ്ങള്‍, പൊതുഭവനമായ ഭൂമിയോടു കാണിക്കുന്ന നശീകരണ പ്രവണത, പ്രകൃതി വിഭവങ്ങളുടെ വികലമായ ചൂഷണം, തദ്ദേശീയ സമൂഹങ്ങളോടുള്ള അവഗണന, പൊതുനന്മയും ദൈവം തന്ന ദാനവുമായ പ്രകൃതിയെ ക്ഷണിക ലാഭത്തിനുള്ള ഉറവിടമായി ഉപയോഗിക്കുന്നതുമായ ഇന്നിന്‍റെ അവസ്ഥയാണ് നമ്മില്‍നിന്നും പാരിസ്ഥിതിക പരിവര്‍ത്തനം ആവശ്യപ്പെടുന്നത്. വിശാല ആമസോണ്‍ മേഖലയെക്കുറിച്ച് ഈയിടെ വത്തിക്കാനില്‍ നടന്ന സിനഡു സമ്മേളനത്തില്‍ സമൂഹങ്ങള്‍ക്കും അവര്‍ ഉപയോഗിക്കുന്ന ഭൂമിക്കും ഇടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വവും, ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും ഇടയിലും, അനുഭവത്തിനും പ്രത്യാശയ്ക്കും ഇടയിലും ഐക്യദാര്‍ഢ്യം സ്ഥാപിക്കുവാനുള്ള നവവും തീക്ഷ്ണവുമായ ഒരു ക്രിയാത്മകമായ നീക്കമാണ് നാം കാണേണ്ടത്.

4.2 ഭൂമി ദൈവംതന്ന വരദാനവും പൊതുഭവനവും
ദൈവം വരദാനമായി നല്കിയ പൊതുഭവനത്തിന്‍റെ ആവശ്യങ്ങളെ ശ്രവിക്കുവാനും, അതു മനസ്സിലാക്കി ധ്യാനിക്കുവാനുമുള്ള ആഹ്വാനംകൂടിയാണ് അനുരഞ്ജനത്തിന്‍റെ ഈ യാത്ര. ജീവന്‍റെ വിവിധ രൂപങ്ങളായ പ്രകൃതിയിലെ വിഭവങ്ങളും ഭൂമിതന്നെയും നമ്മളെ ഭരമേല്പിച്ചിരിക്കുന്നത് കളമൊരുക്കി കൃഷിചെയ്യുവാനും, അതിനെ ക്രിയാത്മകമായി സൂക്ഷിച്ച് ഭാവി തലമുറയ്ക്ക് കൈമാറുവാനുമാണ് (ഉല്പത്തി 2, 15). ഓരോരുത്തരുടെയും സജീവമായ പങ്കാളിത്തത്തിലൂടെയും ഉത്തരവാദിത്വത്തിലൂടെയുമാണ് ഇത് സാദ്ധ്യമാകുന്നത്. നാം ഇന്നു കാണുന്നതും ചിന്തിക്കുന്നതുമായ പ്രകൃതിയോടുള്ള സമീപന രീതിക്ക് മാറ്റംവരുത്തേണ്ട ആവശ്യമുണ്ട്. സ്രഷ്ടാവിന്‍റെ വിജ്ഞാനവും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന സൃഷ്ടിയാകുന്ന വരദാനം സ്വീകരിക്കുവാനും, ഇതുമായി ബന്ധപ്പെട്ട് മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ തുറവുള്ളവരായിമാറുകയും സഹവര്‍ത്തിത്വത്തിന്‍റെയും സഹോദര്യത്തിന്‍റെയും അന്തരീക്ഷം സമൂഹത്തില്‍ വിരിയുകയും ചെയ്യും.

4.3 പാരിസ്ഥിതിക പരിവര്‍ത്തനം മാനവരാശിയുടെ വികസനം
പൊതുഭവനമായ ഭൂമിയില്‍ ‍വസിക്കുവാനുള്ള ഒരു നവമായ ശൈലിയും പ്രചോദനവും  ഈ കാഴ്ചപ്പാട് നമുക്കു തരുന്നു. വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ അംഗീകരിക്കുവാനും, നാം സ്വീകരിച്ച ജീവനെ ആദരിക്കുവാനും പരിലാളിക്കുവാനും പങ്കുവയ്ക്കുവാനും, ജീവന്‍ സമ്പന്നമാക്കുവാനും നിലനിര്‍ത്തുവാനും ആവശ്യമായ സാഹചര്യങ്ങളും സാമൂഹ്യമാതൃകകളും കണ്ടെത്തുവാനും പാരിസ്ഥിതിക പരിവര്‍ത്തനത്തിന്‍റെ രീതിയും കാഴ്ചപ്പാടും അനിവാര്യമാണ്. അങ്ങനെ മുഴുവന്‍ മാനവരാശിയുടെയും പൊതുനന്മ ലക്ഷ്യമാക്കിയുള്ള വികസനമാണ് പാരിസ്ഥിതിക പരിവര്‍ത്തനം ലക്ഷ്യംവയ്ക്കുന്നത്.

4.4 സ്രഷ്ടാവായ ദൈവത്തെ അംഗീകരിക്കുന്ന രൂപാന്തരീകരണം
നാം ആഹ്വാനംചെയ്യുന്ന ഈ പരിസ്ഥിതി പരിവര്‍ത്തനം ജീവിതത്തിന്‍റെ നവമായ കാഴ്ചപ്പാടിലേയ്ക്ക് സകലരെയും നയിക്കും. വിനയത്തോടെയും ആനന്ദത്തോടെയും പങ്കുവച്ചു ജീവിക്കാനായി ഭൂമി മനുഷ്യനെ ഭരമേല്പിച്ച സ്രഷ്ടാവിന്‍റെ മഹാമനസ്കതയെയാണ് പാരിസ്ഥിതിക പരിവര്‍ത്തനംവഴി നാം പരിഗണിക്കുന്നതും പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുന്നതും. ഈ പരിവര്‍ത്തനത്തെയും നവമായ കാഴ്ചപ്പാടിനെയും സമഗ്രമായി മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ സഹോദരങ്ങളുമായും മറ്റു ജീവജാലങ്ങളുമായും ബന്ധപ്പെടുത്തിയും, ജീവന്‍റെ ഉറവിടവും ഉത്ഭവവുമായ സ്രഷ്ടാവിനെ സൃഷ്ടിയുടെ എല്ലാ സമ്പന്നമായ വൈവിധ്യങ്ങളിലും ഉള്‍ക്കൊള്ളുന്ന രൂപാന്തരീകരണമാണിത്. “ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിത പരിസരങ്ങളുമായുള്ള ബന്ധത്തിന് ക്രിസ്തുവുമായുള്ള സമ്പര്‍ക്കത്തിന്‍റെ ഫലം പ്രകടമാക്കേണ്ട ഒരു കാഴ്ചപ്പാടുമാണിത്”.9

5.0 “പ്രത്യാശിക്കുന്നതെല്ലാം നാം സ്വന്തമാക്കുന്നു” 10
വിശ്വാസവും ക്ഷമയും ആവശ്യപ്പെടുന്നതാണ് സമാധാനത്തിനായുള്ള ഈ അനുരഞ്ജനത്തിന്‍റെ യാത്ര. പ്രത്യാശ പുലര്‍ത്താതെ ഒരിക്കലും സമാധാനം നേടിയെടുക്കാനാവില്ല.

5.1 സമാധാന സാദ്ധ്യതയില്‍ വിശ്വസിക്കാം!
ആദ്യമായി സമാധാനത്തിന്‍റെ സാദ്ധ്യതയില്‍ വിശ്വസിക്കുക! അതായത് നമുക്ക് ആവശ്യമുള്ളതുപോലെതന്നെ സമാധാനം മറ്റുള്ളവരുടെയും ആവശ്യമാണെന്ന വിശ്വാസം പരമ പ്രധാനമാണ്. ഇവിടെ ദൈവത്തിന് നമ്മോട് ഓരോരുത്തരോടുമുള്ള സ്നേഹത്തില്‍ നാം പ്രചോദനം ഉള്‍ക്കൊള്ളണം. കാരണം ദൈവസ്നേഹം മുക്തിദായകവും, ഉദാരവും, ദയാപൂര്‍വ്വവും, സീമാതീതവുമാണ്.

5.2 ഒരു പിതാവിന്‍റെ മക്കളെപ്പോലെ
തുടര്‍ച്ചയായ സംഘര്‍ഷത്തിന്‍റെ ഉറവിടം ഭീതിയാണ്. അതിനാല്‍ മാനുഷികമായ ഭീതി മറികടക്കേണ്ടതും, “മുടിയനായ പുത്രനെ എന്നപോലെ” നമ്മെ സ്നേഹിക്കുകയും നമുക്കായി കാത്തിരിക്കുകയും ചെയ്യുന്ന പിതാവിന്‍റെ കണ്‍മുന്‍പിലെ ശരണാര്‍ത്ഥരായ മക്കളാണ് നാം എന്ന ബോധ്യത്തോട വിനയാന്വിതരായി ജീവിക്കേണ്ടതുമാണ് (ലൂക്കാ 15, 11-24). കലാപത്തി‍ന്‍റെ സംസ്കാരത്തെ തച്ചുടയ്ക്കാന്‍ കെല്പുള്ളതാണ് സഹോദര്യത്തിന്‍റെ സംസ്ക്കാരം. അത് മനുഷ്യര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ സാധിതമാക്കുന്ന ദൈവത്തിന്‍റെ സ്നേഹ സമ്മാനമാണ്. അത് നമ്മുടെ പരിമിതമായ കാഴ്ചപ്പാടിന്‍റെ ചക്രവാളങ്ങളെ മറികടന്ന് വിശ്വസാഹോദര്യത്തിന്‍റെ വിസ്തൃതമായ അരൂപിയില്‍ ഒരു പിതാവിന്‍റെ മക്കളെപ്പോലെ എന്നും ജീവിക്കാന്‍ നമ്മെ സഹായിക്കും.

5.3 അനുരഞ്ജനത്തിന്‍റെ കൗദാശിക ശക്തി
ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ളവര്‍ക്കും ക്രിസ്തുവിനെ അനുകരിക്കുന്നവര്‍ക്കും പാപമോചനത്തിനായി ദൈവം നല്കിയ അനുരഞ്ജനത്തിന്‍റെ കൂദാശയ്ക്കു സമാനമാണ് ഈ സമാധാനയാത്ര. കുരിശില്‍ ചിന്തിയ തന്‍റെ രക്തത്തിലൂടെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിനെയും ക്രിസ്തു അനുരഞ്ജനപ്പെടുത്തിയ പോലെ, സഭയുടെ ഈ കൂദാശ സമൂഹങ്ങളെയും വ്യക്തികളെയും നവീകരിക്കുകയും ക്രിസ്തുവില്‍ ദൃഷ്ടിപതിച്ചു മുന്നേറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു (കൊളോസിയര്‍ 1, 20). ദൈവത്തിന്‍റെ സൃഷ്ടിക്കും അയല്‍ക്കാര്‍ക്കും എതിരായ ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമുള്ള എല്ലാ ഹിംസകളെയും ഉപേക്ഷിക്കാനാണ് അനുരഞ്ജനം നമ്മോട് ആവശ്യപ്പെടുന്നത്.

5.4 സമാധാനത്തിനുള്ള അനുഗ്രഹപ്രാര്‍ത്ഥന
നിരുപാധികമായ സ്നേഹമായിട്ടാണ് പിതാവായ ദൈവത്തിന്‍റെ കൃപ നമ്മില്‍ ചൊരിയപ്പെടുന്നത്. അതിനാല്‍ ക്രിസ്തുവിലൂടെ പിതാവില്‍നിന്നും പാപമോചനം സ്വീകരിച്ചിട്ടുള്ള നാം സമകാലീന സമൂഹവുമായി സമാധാനം പങ്കുവയ്ക്കേണ്ടത് അനിവാര്യമാണ്. ഓരോ ദിവസവും മനസ്സാ വാചാ കര്‍മ്മണാ സമാധാനത്തിന്‍റെയും നീതിയുടെയും ശില്പികളായി നമ്മെ മാറ്റിത്തീര്‍ക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ! സമാധാന ദാതാവായ ദൈവം നമ്മെ സഹായിക്കുകയും, നമ്മെ തുണയ്ക്കുകയും ചെയ്യട്ടെ!

സമാധാന രാജാവായ ക്രിസ്തുവിന്‍റെ അമ്മയും, നമ്മുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയം ഭൂമിയിലെ സകല ജനതകളുടെയും അനുരഞ്ജനത്തിന്‍റെ യാത്രയിലെ ഓരോ ചുവടുവയ്പിലും സന്തത സഹചാരിയും പിന്തുണയുമാവട്ടെ! ഭൂമുഖത്തുള്ള സകലരും സമാധാനത്തോടെ ജീവിക്കാന്‍ ഇടയാവട്ടെ! അവരുടെ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും വാഗ്ദാനം പൂവണിയട്ടെ!

                                                                                                               + പാപ്പാ ഫ്രാന്‍സിസ്
2019 ഡിംബര്‍ 8, അമലോത്ഭവത്തിരുനാളില്‍ വത്തിക്കാനില്‍നിന്നും പ്രസിദ്ധപ്പെടുത്തിയത്.

അടിക്കുറിപ്പുകള്‍ :
1. ബെനഡിക്ട് 16-Ɔമന്‍ പാപ്പായുടെ ചാക്രിക ലേഖനം, രക്ഷയെക്കുറിച്ചുള്ള പ്രത്യാശ, Spe Salvi, 1.
2. പാപ്പാ ഫ്രാന്‍സിസ്, നാഗസാക്കിയിലെ പ്രഭാഷണം, 24 നവംബര്‍ 2019.
3. പാപ്പാ ഫ്രാന്‍സിസ്, ഇറ്റലിയിലെ ലാമ്പദൂസായില്‍ നില്കിയ വചനചിന്ത, 3 ജൂലൈ 2.13.
4. പാപ്പാ ഫ്രാന്‍സിസ്, ഹിരോഷിമയിലെ പ്രഭാഷണം, 24 നവംബര്‍ 2019.
5. സഭ ആധുനിക യുഗത്തില്‍, രണ്ടാം വത്തിക്കാന‍് കൗണ്‍സില്‍ പ്രമാണരേഖ, Gaudium et Spes, 78.
6. ബെനഡിക്ട് 16-Ɔമന്‍ പാപ്പാ തൊഴിലാളികള്‍ക്കു നല്കിയ പ്രഭാഷണം, 27 ജനുവരി, 2006.
7. പോള്‍ 6-Ɔമന്‍ പാപ്പാ, അപ്പസ്തോലിക പ്രബോധനം, Octogesima Adveniens, 24.
8. പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രിക ലേഖനം, Laudato Si’, 24 മെയ് 2015.
9. Ibid, 217.
10.  കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍, Noche Obsucra, II, 21.8.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2020, 10:13