തിരയുക

Vatican News
 പ്രായമായവർക്കായുള്ള ആദ്യത്തെ അന്താരാഷ്ട്ര അജപാലന യോഗത്തില്‍ പങ്കെടുത്തവർക്ക് പരിശുദ്ധ പിതാവ് സന്ദേശം നല്‍കുന്നു. പ്രായമായവർക്കായുള്ള ആദ്യത്തെ അന്താരാഷ്ട്ര അജപാലന യോഗത്തില്‍ പങ്കെടുത്തവർക്ക് പരിശുദ്ധ പിതാവ് സന്ദേശം നല്‍കുന്നു.  (Vatican Media)

പാപ്പാ:പ്രായമായവരും സഭയുടെ വർത്തമാനവും ഭാവിയുമാണ്

പ്രായമായവർക്കായുള്ള ആദ്യത്തെ അന്താരാഷ്ട്ര അജപാലന യോഗത്തില്‍ പങ്കെടുത്തവർക്ക് പരിശുദ്ധ പിതാവ് നല്‍കിയ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രായമായവരുടെ  അജപാലന പരിപാലനത്തിനായുള്ള ആദ്യത്തെ അന്താരാഷ്ട്ര കോൺഗ്രസ് "പ്രായാധിക്യത്തിന്‍റെ സമ്പത്ത്" എന്ന ശീര്‍ഷകത്തില്‍ വത്തിക്കാന്‍റെ അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കുള്ള വകുപ്പാണ് ജനുവരി 31 ആം തിയതി വത്തിക്കാനില്‍ സംഘടിപ്പിച്ചത്. യോഗത്തില്‍ പങ്കാളികളായ എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്ത പാപ്പാ കർദിനാൾ ഫാരെലിന് നന്ദി പറഞ്ഞ് കൊണ്ടാണ് തന്‍റെ പ്രഭാഷണം ആരംഭിച്ചത്.

"പ്രായാധിക്യത്തിന്‍റെ സമ്പത്ത്" എന്നത് വ്യക്തികളുടെ സമ്പത്താണ്, നിരവധി വ്യക്തികളുടെ ജീവിതവും അനുഭവവും ചരിത്രവും അവയുടെ പിന്നിലുണ്ട്. ഓരോ പുരുഷന്‍റെയും സ്ത്രീയുടെയും ജീവിത യാത്രയിൽ, അവരുടെ ഉത്ഭവം, സാമ്പത്തിക, സാമൂഹിക അവസ്ഥകൾ എന്തൊക്കെയായാലും അവരെ രൂപപ്പെടുത്തുന്ന വിലയേറിയ നിധിയാണിതെന്ന് പാപ്പാ വെളിപ്പെടുത്തി. ജീവിതം ഒരു ദാനമായതിനാൽ,  എല്ലായ്പ്പോഴും നമുക്കും, മറ്റുള്ളവർക്കും ഒരു അനുഗ്രഹമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വാർദ്ധക്യം മനുഷ്യവംശത്തിന്‍റെ മുഖമുദ്രകളിലൊന്നായി മാറിയിരിക്കുന്നു.  ഒരു കാലത്തില്‍ വയോധികര്‍ക്ക് ഒരു ചെറിയ രാജ്യത്തെ ജനിപ്പിക്കാൻ കഴിയുമെങ്കിൽ,  ഇന്ന് അവർക്ക് ഒരു ഭൂഖണ്ഡം മുഴുവനിലും ജനപുഷ്‌ടിവരുത്തുവാന്‍ കഴിയും. ഈ അർത്ഥത്തിൽ, പ്രായമായവരുടെ വലിയ സാന്നിധ്യം ലോകത്തിലെ സാമൂഹികവും, ഭൂമിശാസ്ത്രപരവുമായ അന്തരീക്ഷത്തിന് ഒരു പുതുമ നൽകുന്നുവെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

ഇന്നത്തെ വാർദ്ധക്യം ജീവിതത്തിന്‍റെ വിവിധ കാലങ്ങളുമായി സദൃശമായിരിക്കുന്നുവെന്ന്ചൂണ്ടികാണിച്ച പാപ്പാ പലർക്കും സന്താനുല്‍പാദനശക്തി അവസാനിക്കുന്ന, ശക്തി ക്ഷയിക്കുന്ന,രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന, പരസഹായം ആവശ്യപ്പെടുന്ന, സാമൂഹിക ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കാലഘട്ടമായി മാറ്റപ്പെടുന്നുവെന്നും എന്നാൽ മറ്റ് പലർക്കും ഇത് മാനസിക-ശാരീരിക സുസ്ഥിതിയുടെ ഒരു നീണ്ടകാലഘട്ടത്തിന്‍റെ ആരംഭമാണെന്നും, ജോലി സംബന്ധിച്ച ബാധ്യതകളിൽ നിന്നുള്ള സ്വാതന്ത്ര്യവുമാണെന്നും ഓര്‍മ്മിപ്പിച്ചു.

എല്ലാവരും വാർദ്ധക്യത്തിന്‍റെ മൂല്യം മനസ്സിലാക്കാനും അതിനെ വിലമതിക്കാനും പഠിക്കണം. യഥാര്‍ത്ഥത്തിൽ, ഒരു വശത്ത്, രാജ്യങ്ങൾ സാമ്പത്തിക തലത്തിൽ നിന്ന് പുതിയ ജനസംഖ്യാപരമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.  മറുവശത്ത്, സിവിൽ സമൂഹത്തിന് മൂന്നും നാലും തലമുറകള്‍ക്കായി മൂല്യങ്ങളും ഉപാധികളും ആവശ്യമാണ്. എന്നാല്‍ എല്ലാറ്റിനുമുപരിയായി ഇവിടെ ​ഇത് സഭാ സമൂഹത്തിന്‍റെ  സംഭാവനയാ​ണ്. അതിനാൽ, പ്രായമായവർക്കുള്ള  അജപാനലാപരമായ പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഈ സമ്മേളനത്തിന്‍റെ സംരംഭത്തെ പാപ്പാ താൽപ്പര്യത്തോടെ സ്വാഗതം ചെയ്യുന്നതായും ഇടവകകളിലും സമൂഹങ്ങളിലും മുത്തശ്ശി മുത്തച്ചന്മാരുടെ സാന്നിധ്യത്തിൽ നിന്നുണ്ടാകുന്ന ഫലങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യ​ണമെന്നും, ഇത് ഒരു ഒറ്റപ്പെട്ട സംരംഭമായി നില്‍ക്കാതെ മറിച്ച്  അജപാലനത്തിന്‍റെ ആഴവും, വിവേചനവുമുള്ള ഒരു പാതയുടെ ആരംഭം അടയാളപ്പെടുത്തണമെന്നും  നിര്‍ദ്ദേശിച്ചു. പ്രായമായവരുടെ സ്ഥാനത്ത്‌ മറ്റാരെയും പ്രതിഷ്‌ഠിക്കാനാവാത്ത പങ്കിനെക്കുറിച്ച് ബോധവതിയായ സഭ, ദൈവസ്നേഹത്തിന്‍റെ പദ്ധതിയെ കുറിച്ചും പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളെ പരസ്പരം പങ്കുവയ്ക്കുന്ന  തലമുറകളെ സ്വാഗതം ചെയ്യുന്ന ഒരു സ്ഥലമായി മാറുന്നു. പ്രായപൂർത്തിയായവരോടുള്ള നമ്മുടെ കാഴ്ച്ചപ്പാടിന് മാറ്റം വരുത്തുന്നതിനും അവരോടൊപ്പം ഭാവിയെ കാണാന്‍ പഠിക്കുന്നതിനും ഈ അന്തര്‍ദേശീയ പങ്കുവയ്ക്കല്‍ നമ്മെ  പ്രേരിപ്പിക്കുന്നു. പാപ്പാ വ്യക്തമാക്കി.

പ്രായമായവരെക്കുറിച്ച് ചിന്തിക്കുകയും അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമ്പോൾ  അല്‍പ്പം മാറ്റാൻ നാം പഠിക്കണം എന്ന് പറഞ്ഞ പാപ്പാ ഭൂതകാലം മാത്രമല്ല, പ്രായമായവരെ സംബന്ധിച്ചിടത്തോളം, അവരുടെ പിന്നിൽ ഒരു ജീവിതവും, പഴകിയ ചരിത്രരേഖകളും മാത്രമാണുള്ളതെന്ന്ചിന്തിക്കാതെ വിശുദ്ധിയുടെ പുതിയ പേജുകൾ, പുതിയ സേവനം, പ്രാർത്ഥന എന്നിങ്ങനെ അവരോടൊപ്പം  പുതിയതെഴുതുവാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന് നാം ഗ്രഹിക്കണമെന്നും പാപ്പാ സൂചിപ്പിച്ചു. പ്രായമായവരും സഭയുടെ വർത്തമാനവും ഭാവിയുമാണെന്ന് പറയാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ യുവജനങ്ങളും പ്രവചനങ്ങളും, സ്വപ്നങ്ങളും ചേർന്ന ഒരു സഭയുടെ ഭാവി താനുമാണെന്നും വെളിപ്പെടുത്തി. സുവിശേഷത്തിന്‍റെ വെളിച്ചം തങ്ങളുടെ ജീവിതത്തിലേക്ക് പൂർണ്ണമായും പ്രവേശിക്കുമ്പോൾ  വയോധികരുടെ പ്രവചനം ശിമയോന്‍റെയും  അന്നയുടെയും  ജിവിതത്തിലെന്ന പേലെ പൂര്‍ത്തിയാക്കപ്പെടുന്നു. അതുകൊണ്ടാണ് മുത്തശ്ശി മുത്തച്ഛന്മാർക്കും, മുതിർന്നവർക്കും സുവിശേഷം അറിയിക്കുന്നതിൽ സ്വയം ഒഴിഞ്ഞുനിൽക്കരുതെന്ന് ഞാൻ നിങ്ങളോടു ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞ പാപ്പാ മുഖത്തില്‍ നിറഞ്ഞ പുഞ്ചിരിയിലൂടെയും, കരങ്ങളില്‍ വഹിക്കുന്നു. സുവിശേഷത്തിലൂടെയും അവരെ കാണാൻ പോകണമെന്നും, ഇടവകകളുടെ തെരുവുകളിലേക്കിറങ്ങി  ഏകാന്തതയില്‍  കഴിയുന്ന പ്രായമായവരെ അന്വേഷിക്ക​​ണമെന്നും വാർദ്ധക്യം ഒരു രോഗമല്ല,  അത് ഒരു ജീവിതാന്തസ്സാണെന്നും പാപ്പാ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഏകാന്തത ഒരു രോഗമാകാം,  എന്നാല്‍ ദാനധർമ്മം, അടുപ്പം, ആത്മീയ സാന്ത്വനം എന്നിവയിലൂടെ നമുക്ക് അതിനെ സുഖപ്പെടുത്താന്‍ കഴിയും. ലോകത്തില്‍ എല്ലായിടത്തും ദൈവത്തിന് ധാരാളം മുത്തശ്ശി മുത്തച്ഛന്മാരുണ്ട്. ഇക്കാലത്ത്, പല രാജ്യങ്ങളിലെയും മതേതര സമൂഹങ്ങളിൽ,  ഇന്നത്തെ തലമുറയ്ക്ക് ക്രിസ്തീയ രൂപീകരണവും, ജീവിക്കുന്ന വിശ്വാസവും  അവരുടെ കൊച്ചുമക്കളിലേക്ക് പകരാൻ കഴിയുന്ന മുത്തശ്ശി മുത്തച്ഛന്മാരില്ല. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും വിശ്വാസം പഠിപ്പിക്കുന്നതിനുള്ള ഒഴിച്ചുകൂടാനാവാത്ത കണ്ണിയാണ് അവരെന്ന് പാപ്പാ വ്യക്തമാക്കി. പ്രായമായവരെ നമ്മുടെ ഇടവക കാര്യങ്ങളില്‍ ഉൾപ്പെടുത്തുന്നതിനും, നമ്മുടെ സമൂഹത്തിന്‍റെ  സുപ്രധാന ഘടകങ്ങളിലൊന്നായി പരിഗണിക്കുന്നതിനും നാം ശ്രദ്ധിക്കണം.  അവരുടെ ജീവൻ പരിരക്ഷിക്കാനും അവരെ സഹായിക്കാനും വിളിക്കപ്പെട്ടിരിക്കുന്നവര്‍ മാത്രമല്ല നാം. സുവിശേഷവത്കരിക്കുന്ന ഒരു  അജപാലന ശുശ്രൂഷയുടെയും ദൈവത്തിന്‍റെ വിശ്വസ്ഥ സ്നേഹത്തിന്‍റെ സാക്ഷികളാകാനും അവർക്ക് കഴിയും. ദീർഘായുസ്സ് ബൈബിളില്‍ ഒരു അനുഗ്രഹമാണെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

31 January 2020, 00:00