വിശുദ്ധിയിലേക്കുളള വിളി: ആത്മീയ പോരാട്ടവും ജാഗ്രതയും വിവേകവും
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.
അഞ്ചാം അദ്ധ്യായം:
ജാഗരൂകരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഈ അവസാനത്തെ അദ്ധ്യായത്തിൽ സംസാരിക്കുന്നു. ആത്മീയ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് വിവേചനബുദ്ധിയും ജാഗരൂകതയും എത്ര അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.
158. ആത്മീയ പോരാട്ടവും ജാഗ്രതയും വിവേകവും
ക്രൈസ്തവ ജീവിതം നിരന്തരമായ ഒരു പോരാട്ടമാണ്. പിശാചിന്‍റെ പ്രലോഭനങ്ങളോടു എതിർത്ത് നിൽക്കാനും സുവിശേഷം പ്രഘോഷിക്കാനും നമുക്ക് കരുത്തും ധൈര്യവും ആവശ്യമുണ്ട്. ഈ പോരാട്ടം മാധൂര്യമേറിയതാണ്. എന്തെന്നാൽ, ഓരോ പ്രാവശ്യവും കർത്താവു നമ്മുടെ ജീവിതങ്ങളിൽ വിജയിക്കുമ്പോൾ അത് നമ്മെ ആനന്ദിക്കാൻ അനുവദിക്കുന്നു.
സ്വർഗ്ഗരാജ്യം ബലപ്രയോഗത്തിലൂടെ മാത്രമേ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂവെന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ഈ തിരുവചനത്തിന്‍റെ പ്രകാശത്തിൽ നിന്ന് നോക്കുമ്പോൾ ക്രൈസ്തവജീവിതം നിരന്തരമായ പോരാട്ടമാണെന്ന് പഠിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ പ്രബോധനം കൂടുതൽ നമ്മില്‍ പ്രകാശം ഉള്ളവാക്കുന്നു. നാം ആത്മീയ ജീവിതത്തിൽ പ്രവേശിപ്പിക്കുന്നു എന്ന് തിരിച്ചറിയണമെങ്കില്‍ വലിയ പരീക്ഷണങ്ങൾ ആവശ്യമില്ല. നാം ദൈവത്തോടു കൂടുതൽ അടുക്കാൻ പരിശ്രമിക്കുമ്പോൾ പിശാച് നമ്മെ കൂടുതൽ പരീക്ഷിക്കുവാനെത്തും. ജോബിന്‍റെ പുസ്തകം അതിന് ഉത്തമ ഉദാഹരണമാണ്. നമ്മുടെ വിശ്വാസജീവിതം പരീക്ഷിക്കപ്പെടുമ്പോൾ പലപ്പോഴും നാം ദൈവത്തെ തെറ്റ്ദ്ധരിക്കുകയും, ദൈവത്തോടു ചോദ്യമുയർത്തുകയും, ദൈവത്തോടു കോപിക്കുകയും ചെയ്യുന്നു. ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ലെന്ന് വിശ്വസിക്കുന്ന നമ്മൾ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന കാര്യം മറന്നു പോകുകയും ചെയ്യുന്നു. “കഷ്ടതയുടെ അപ്പവും ക്ലേശത്തിന്‍റെ ജലവും തന്നാലും നിന്‍റെ ഗുരുവിന്‍റെ നയനങ്ങള്‍ നിന്നില്‍ നിന്നും മറഞ്ഞിരിക്കുകയില്ല” എന്ന് പറയുന്ന ദൈവത്തോടുള്ള നമ്മുടെ വിശ്വാസവും വിശ്വസ്ഥതയും വെളിപ്പെടുത്തേണ്ടത് പ്രലോഭനങ്ങളുടെ സമയത്താണ്. ദൈവത്തെ പരാജയപ്പെടുത്താൻ നിരന്തരം പരിശ്രമിക്കുന്ന പിശാചിനെ ആത്മീയ പുണ്യങ്ങളുടെ സ്ഥിരമായ അഭ്യാസത്തിലൂടെയും, പ്രാർത്ഥനയിലൂടെയും, തപസ്സിലൂടെയും പോരാടിയാണ് വിജയിക്കേണ്ടത്. അങ്ങനെ നാം വരിക്കുന്ന വിജയം നമ്മുടേത് മാത്രമല്ല; നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിന്‍റെതുമായിരിക്കും.
ക്രൈസ്തവ ജീവിതം നിരന്തരമായ പോരാട്ടം
ക്രൈസ്തവ ജീവിതം നിരന്തരമായ പോരാട്ടം എന്നതിന് ഒരു ഉദാഹരണം പങ്കുവയ്ക്കാം. ധ്യാനം കഴിഞ്ഞെത്തിയ യുവാവായ ഒരു അദ്ധ്യാപകൻ. ധ്യാനം കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുമ്പോൾ തിരിച്ചറിയുന്നു താൻ ചെയ്യാത്ത തെറ്റിന്‍റെ പേരിൽ കുറ്റക്കാരനായി ചിത്രീകരിക്കപ്പെടുകയും, ജോലിയിൽനിന്ന് നീക്കപ്പെടുകയും ചെയ്യുന്നുവെന്ന്. അന്വേഷണത്തിൽ തനിക്കെതിരെ കുറ്റമാരോപിച്ചത് സ്വന്തം വിദ്യാർത്ഥികളാണെന്നും തിരിച്ചറിയുന്നു. നാളുകള്‍ക്ക് ശേഷം വിദ്യാർത്ഥികളാണ് കുറ്റക്കാരരെന്ന് തിരിച്ചറിഞ്ഞിട്ടും ആ കുറ്റം പുറത്തു പറഞ്ഞാൽ അവര്‍ക്ക് അഞ്ചു വർഷത്തെ പഠനം തുടരാൻ കഴിയുകയില്ലെന്നറിഞ്ഞ് സ്വന്തം ജോലിയും, സല്‍പ്പേരും പോയാലും വിദ്യാർത്ഥികളുടെ ഭാവി തകരാതിരിക്കാൻ സ്വയം കുറ്റം ഏറ്റെടുക്കുകയും, ജോലിയിൽനിന്ന് നീക്കപ്പെടുകയും ചെയ്യുന്നു. ചെറിയ നേട്ടങ്ങളെ പ്രതി വലിയ ഭാവിയെ തകർക്കരുതെന്ന ചെറിയ ഉപദേശം നൽകി അദ്ധ്യാപകൻ വിദ്യാലയത്തിന്‍റെ പടിയിറങ്ങുന്നു. ധ്യാനത്തിൽ അദ്ദേഹം പ്രാർത്ഥിച്ചത് ക്ഷമ എന്ന് പുണ്യത്തിന് വേണ്ടിയായിരുന്നു. അപ്പോൾ ക്ഷമിക്കാന്‍ സാഹചര്യം ലഭിച്ചപ്പോള്‍ അദ്ദേഹം സ്വീകരിച്ച മനോഭാവമാണ് ആ അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം ആത്മീയ വിജയമായിത്തീര്‍ന്നത്. ആ പോരാട്ടത്തിൽ അദ്ദേഹം മാത്രമല്ല ദൈവവും വിജയിക്കുന്നു. നമ്മുടെ ജീവിതത്തിലും ചെറിയ ചെറിയ സംഭവങ്ങളിലൂടെയാണ് പിശാച് പ്രവേശിക്കുന്നത്. പിശാചിന്‍റെ ചെറിയ ഇടപെടലുകളെ പോലും നമ്മൾ ശ്രദ്ധയോടും വിശ്വാസത്തോടും, വിവേകത്തോടും, ആത്മീയ ശക്തിയോടും ചെറുത്ത് നില്‍ക്കണം. സുവിശേഷമനുസരിച്ച് ജീവിക്കാൻ പോരാട്ടം ആവശ്യമാണെന്നും, പോരാടണമെന്നും പാപ്പാ പറയുമ്പോൾ അത് ആത്മീയമായ പോരാട്ടം മാത്രമല്ല മറിച്ച് ശാരീരികവും, മാനസികവും, ധാർമ്മീകവുമായ പോരാട്ടവും കൂടിയാണ്.
വേദപാരംഗരായ വിശുദ്ധ അമ്മത്രേസ്യയും, കുരിശിലെ വിശുദ്ധ യോഹന്നാനും ലോകം, പിശാച്, ജഡം എന്നിവയെക്കുറിച്ചും അതിലൂടെ ഒരു ആത്മാവ് എത്രമാത്രം സഹനങ്ങൾ അനുഭവിക്കുന്നു എന്നും പഠിപ്പിച്ച് തരുന്നു. ഇന്ന് നമ്മുടെ ജീവിത സാഹചര്യങ്ങളെ നമുക്ക് കണ്ണോടിച്ചു നോക്കാം. ലോകം നൽകുന്ന മോഹന വാഗ്ദാനങ്ങളിൽപ്പെട്ട് ആത്മാവിനെ അപകടത്തിലാക്കി നിത്യജീവൻ നഷ്ടമാകാൻ മനുഷ്യൻ തന്നെ കാരണമാകുന്നു. ഇതിൽ നിന്ന് മുക്തി നേടുവാൻ നമ്മെ ശക്തിപ്പെടുത്തുന്നതാണ് തിരുവചനം. വചനമാകുന്ന ആയുധം കൊണ്ട് തിന്മയെ പോരാടി വിജയിക്കുവാൻ നമുക്ക് പരിശ്രമിക്കാം. മരുഭൂമിയിലായിരുന്നപ്പോൾ ക്രിസ്തുവിനെ പരീക്ഷിക്കാൻ എത്തിയ പിശാചിനെ ദൈവവചനം കൊണ്ടാണ് ക്രിസ്തു പരാജയപ്പെടുത്തിയത്. നമ്മുടെ ബലഹീനതയിൽ നമ്മെ ശക്തിപ്പെടുത്താനും, തന്‍റെ ശക്തി വെളിപ്പെടുത്തുവാനും ദൈവം എപ്പോഴും കൂടെയുണ്ട് എന്നുള്ള ഉറച്ച ബോധ്യത്തിൽ വചനം നൽകുന്ന പ്രകാശത്തിൽ വഴിതെറ്റാതെ മുന്നേറാന്‍ നമുക്ക് പരിശ്രമിക്കാം.
159. പോരാട്ടവും ജാഗ്രതയും
ഉത്സാഹവും ആനന്ദവുമില്ലാത്ത, നമ്മെ വഞ്ചിക്കുകയും, ബുദ്ധിമാന്ദ്യമുള്ളവരും, ഇടത്തരം കഴിവുകൾ ഉള്ളവരുമാക്കുകയും ചെയ്യുന്ന ലോകത്തിനും ലൗകീക മനസ്ഥിതിക്കും എതിരെയുള്ള ഒരു പോരാട്ടം മാത്രമല്ല നാം കൈകാര്യം ചെയ്യുന്നത്. നമ്മുടെ മാനുഷീക ബലഹീനതകൾക്കോ പ്രവണതകൾക്കോ (അവ അലസതയോ, ഭോഗേച്ഛയോ, അസൂയയോ, അസഹിഷ്ണതയോ മറ്റെങ്കിലുമോ ആയാലും) എതിരായുള്ള കഠിനയത്നമായി ഈ പോരാട്ടത്തെ ചുരുക്കാനും കഴിയുകയില്ല. തിന്മകളുടെ അധിപനായ പിശാചിനെതിരെയുള്ള നിരന്തരമായ കഠിനയത്നം കൂടിയാണത്. യേശു തന്നെ സ്വയം നമ്മുടെ വിജയങ്ങൾ ആഘോഷിക്കുന്നു. സുവിശേഷം പ്രഘോഷിക്കുന്നതിലും ദുഷ്ടാരൂപിയുടെ എതിർപ്പിനെ പരാജയപ്പെടുത്തുന്നതിലും അവിടുത്തെ ശിഷ്യന്മാർക്കു പുരോഗതിയുണ്ടെന്ന് കണ്ടപ്പോൾ അവിടുന്ന് ആഹ്ലാദിച്ചു. "സാത്താൻ സ്വർഗ്ഗത്തിൽ നിന്ന് ഇടിമിന്നൽ പോലെ നിപതിക്കുന്നതു ഞാൻ കണ്ടു"(ലുക്കാ.10:18).
നാം പറഞ്ഞുകേട്ടിട്ടുള്ളതുപോലെ മടി പിശാചിന്‍റെ പണിപുരയാണെന്ന് നമ്മുടെ വ്യക്തിപരമായ ജീവിതം കൊണ്ട് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ദൈവം പ്രവർത്തനാനിരതനാണ്. നാം അലസതയിൽ കഴിയുമ്പോൾ പിശാചിന് നാം സ്ഥലം ഒരുക്കി കൊടുക്കുന്നു. നിരന്തരമായ കഠിനയത്നം കൂടാതെ പിശാചിനെതിരായി നമുക്ക് യുദ്ധം ചെയ്യുവാൻ സാധിക്കുകയില്ല. തിന്മകളുടെ അധിപനാണ് പിശാചെന്ന് മാർപാപ്പാ തന്‍റെ പ്രബോധനത്തിൽ സൂചിപ്പിക്കുന്നു. ലോകം നൽകുന്ന സന്തോഷത്തിനും, സ്വർഗ്ഗം നൽകുന്ന സന്തോഷത്തിനും വ്യത്യസ്ഥത എന്താണെന്ന് തിരിച്ചറിയാൻ പോലും കഴിയാതെ ഇന്ന് മനുഷ്യനെ ലോകാരൂപി ആവരണം ചെയ്തിരിക്കുന്നു. ദൈവത്തിന്‍റെ പ്രിയപ്പെട്ടവരാണ് എന്ന് പറഞ്ഞ് ജീവിക്കുന്ന എത്രയെത്ര മനുഷ്യരാണ് മറ്റുള്ളവരുടെ ജീവിതത്തിൽ അസ്വസ്ഥതകളും അസഹിഷ്ണുതയും നൽകുന്നത്. അസൂയ മൂലം എത്ര പേരുടെ ജീവൻ അപഹരിക്ക പ്പെടുന്നു. ലൗകികമായിട്ടുള്ള ആനന്ദത്തിന്‍റെ പുറകില്‍ പോകുന്ന യുവജനങ്ങൾ സ്നേഹത്തിന്‍റെ വഴിയിൽ നിന്നും കാമത്തിന്‍റെ വഴിയിലേക്കാണ് നയിക്കപ്പെടുന്നത്.
ജാഗ്രതയോടെ പിശാചിനെ പരാജയപ്പെടുത്തണം
ദൈവത്തെ അന്വേഷിക്കാതെ, ദൈവം ഇല്ലാത്ത ഒരു ജീവിത രീതിയിലൂടെ മനുഷ്യൻ കടന്നുപോകുമ്പോൾ എങ്ങനെയാണ് ആത്മാവിനെ രക്ഷപ്പെടുത്തുവാൻ കഴിയുക. മരണത്തിനുശേഷം ഒരു ജീവിതമുണ്ടെന്നുള്ള സത്യത്തെ മറന്നുകൊണ്ടാണ് ഇന്നത്തെ മനുഷ്യന്‍റെ ഓട്ടം. പലപ്പോഴും ട്രാക്ക് തെറ്റി ഓടുന്ന ഈ ഓട്ടത്തിൽ, ലക്ഷ്യം മറന്നുകൊണ്ടുള്ള ഓട്ടത്തിൽ അന്ത്യം എന്തായിരിക്കുമെന്ന് മനുഷ്യൻ ചിന്തിക്കാതെ പോകുന്നു. ഇന്ന് ആരെയെങ്കിലും നമുക്ക് വിശ്വസിക്കുവാൻ കഴിയുന്നുണ്ടോ. നമ്മുടെ പ്രിയപ്പെട്ടവർ എന്ന് നാം കരുതുന്നവർ പോലും നമുക്ക് എതിരെ വഞ്ചനയുടെയും, ചതിയുടെയും ഒരു മുഖം സൂക്ഷിക്കുന്നത് നാം തിരിച്ചറിയുന്നു. പുണ്യസ്ഥലങ്ങൾ എന്ന് മനുഷ്യൻ കരുതുന്ന സ്ഥലങ്ങളിൽവെച്ച് തന്നെയാണ് ഇന്ന് നരബലിയും, ബലാൽസംഗവും, കൊലപാതകവും, മോഷണവും നടക്കുന്നത്. പഴയനിയമത്തിൽ ആദത്തെയും, ഹവ്വയെയും കബളിപ്പിച്ച പിശാച് ഇന്ന് നമ്മെയും കബളിപ്പിക്കുന്നു. ധനത്തിന്‍റെയും, സുഖലോലുപതയുടെയും പേരിൽ എത്രയെത്ര ആത്മാക്കളാണ് ഇന്ന് നശിച്ചു കൊണ്ടിരിക്കുന്നത്.
ഭൂമിയിൽ എവിടെയാണ് സമാധാനമായി ജീവിക്കാൻ കഴിയുക. മനുഷ്യൻ മനുഷ്യനെ ആക്രമിക്കുന്നത് മതിയാവാതെ ഇപ്പോൾ പ്രകൃതിയെയും അവൻ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് സമ്പന്നരായ മനുഷ്യർ സുഭിക്ഷതയോടെ ജീവിക്കുമ്പോൾ മറുവശത്ത് ദാരിദ്ര്യത്തിന്‍റെ പിടിയിൽ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു. യുദ്ധത്തിന്‍റെ മേഘപടലം മനുഷ്യന്‍റെ കൂടാരങ്ങളെ പൊതിഞ്ഞിരിക്കുന്നു. യുദ്ധഭൂമിയിൽ നിന്നും ഉയരുന്ന ആയുധങ്ങളുടെ സ്വരം കേട്ട് കുഞ്ഞുങ്ങൾ നിലവിളിക്കുന്നു. അമ്മയുടെ താരാട്ട് പാട്ടും, ദേവാലയങ്ങളിലും, ക്ഷേത്രങ്ങളിലും, മോസ്ക്കുകളിൽ നിന്നുയരുന്ന പ്രാർത്ഥനാഗീതവും കേട്ടുണർന്ന കാലം മാറി, ഭീതി ഉളവാക്കുന്ന യുദ്ധ ആയുധങ്ങളുടെ വെടിയൊച്ചയും, മതങ്ങളുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങളും, സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ വേട്ടയാടുന്ന രാഷ്ട്രീയ നേതാക്കളുടെ കപടത നിറഞ്ഞ വാഗ്ദാനങ്ങളുമാണ് ഇന്ന് നാം കാണുന്നതും കേൾക്കുന്നതും. ഇതിന്‍റെയൊക്കെ പിന്നിൽ പിശാചാണ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യനെ ഈ തിന്മകളുടെ പുറകെ പോകുവാനാണ് പിശാച് പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് മാർപാപ്പാ പറയുന്നത് നിരന്തരമായ ഒരു കഠിനയത്നത്തിലൂടെ മാത്രമേ തിന്മകളുടെ അധിപനായ പിശാചിനെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളു. അതിന് നമ്മെ സഹായിക്കുന്നതാണ് പ്രാർത്ഥനയും, തിരുവചനവും. തിരുവചനത്തിന്‍റെ ശക്തികൊണ്ട് സുവിശേഷം പ്രഘോഷിക്കപ്പെട്ടപ്പോൾ സാത്താൻ സ്വർഗ്ഗത്തിൽനിന്ന് “ഇടിമിന്നൽ പോലെ നിബന്ധിക്കുന്നത് കണ്ടു” എന്ന് ലൂക്കാ സുവിശേഷകൻ പരാമർശിക്കുന്നുണ്ട്. വിശുദ്ധിയുടെയും വിശ്വാസത്തിന്‍റെയും പരിച അണിഞ്ഞുകൊണ്ടും വചനമാകുന്ന ആയുധം കൊണ്ടും സാത്താന്‍റെ എല്ലാ പ്രവർത്തനങ്ങളെയും, അവന്‍റെ വഞ്ചനകളെയും നിർമ്മൂലനം ചെയ്യുവാൻ നമുക്ക് പരിശ്രമിക്കാം.