തിരയുക

JAPAN-RELIGION-POPE JAPAN-RELIGION-POPE 

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച വിശ്വശാന്തിദിന സന്ദേശം

2020-Ɔമാണ്ട് ജനുവരിയില്‍ സഭ ആചരിക്കുന്ന വിശ്വശാന്തിദിനം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആഗോളസഭയുടെ വിശ്വശാന്തിദിനം
വത്തിക്കാന്‍ അനുവര്‍ഷം ജനുവരി 1-ന് ആചരിക്കുന്ന വിശ്വശാന്തിദിന സന്ദേശം ഡിസംബര്‍  12 –Ɔο തിയതി വ്യാഴാഴ്ച  വത്തിക്കാന്‍  പ്രസിദ്ധപ്പെടുത്തി.   “സംവാദം, അനുരഞ്ജനം, പാരിസ്ഥിതിക മാനസാന്തരം എന്നിവയിലൂടെയുള്ള പ്രത്യാശയുടെ യാത്രയാണ് സമാധാനം” എന്നാണ് സന്ദേശം ശീര്‍ഷകം ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ അജപാലന കാരണങ്ങളാല്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സമാധിദിനമായ ജനുവരി 30-നോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയാണ് വിശ്വശാന്തിദിനം ആചരിക്കുന്നത്.

1. മനുഷ്യന്‍റെ പ്രത്യാശയുടെ കേന്ദ്രം സമാധാനം
മാനവകുലത്തിന്‍റെ മുഴുവനും ആശയുടെയും പ്രത്യാശയുടെയും കേന്ദ്രമായ സമാധാനം വിലപ്പെട്ടതും  മഹത്തരവുമായ മൂല്യമാണ്. മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവക്രമംകൊണ്ടുതന്നെ ഇന്നിന്‍റേതായ ചെറിയ അസ്തിത്വപരമായ പ്രതിസന്ധികളിലും പ്രയാസങ്ങളിലും സമാധാനത്തിനുള്ള പ്രത്യാശ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ അത് അടിസ്ഥാനപരമായ ഒരു ലക്ഷ്യത്തിലേയ്ക്ക് നയിക്കപ്പെടുമെങ്കില്‍, വ്യക്തികള്‍ അത് അംഗീകരിക്കുകയും അതിനായി ജീവിക്കുകയും ചെയ്യേണ്ടതാണ്. സമാധാനമെന്ന ലക്ഷ്യത്തെക്കുറിച്ച് നമുക്ക് ഉറപ്പുണ്ടെങ്കില്‍, അത് നമ്മുടെ യാത്രയുടെ ലക്ഷ്യത്തെ ന്യായീകരിക്കാന്‍ വേണ്ടുവോളം മഹത്തരവുമാണ്. അതിനാല്‍ അനുദിന ജീവിതത്തില്‍ പ്രതിസന്ധികള്‍ കുന്നുകൂടുമ്പോഴും നമ്മെ മുന്നോട്ടു നിയിക്കുന്ന പുണ്യമാവണം സമാധാനം. ഇങ്ങനെ സമാധാനത്തില്‍ ജീവിക്കേണ്ടതിന്‍റെ ആവശ്യകതയും അതിന്‍റെ അടിസ്ഥാന ലക്ഷ്യത്തെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ആരംഭിക്കുന്നത്.

2. പ്രത്യാശയറ്റ സാമൂഹിക ചുറ്റുപാടുകള്‍
മാനവകുലം മനസ്സിലും ഓര്‍മ്മയിലും ശരീരത്തിലും കൊടും വിനാശങ്ങള്‍ വിതയ്ക്കുന്ന യുദ്ധത്തിന്‍റെയും സാമൂഹിക പ്രതിസന്ധികളുടെയും മുറിപ്പാടുകള്‍ പേറിയാണ് ഇന്ന് ജീവിക്കുന്നത്. വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ചൂഷണത്തിന്‍റെയും അഴിമതിയുടെയും കനത്ത ചങ്ങലകള്‍ ഭേദിച്ച് സ്വതന്ത്രമാകുവാന്‍ രാഷ്ട്രങ്ങള്‍ തത്രപ്പെടുകയാണ്. ഇന്ന് ധാരാളം സ്ത്രീപുരുഷന്മാരും, പ്രായമായവരും, യുവജനങ്ങളും അവരുടെ അന്തസ്സും, ജീവിതസമഗ്രതയും, സ്വാതന്ത്ര്യവും, എന്തിന് മതസ്വാതന്ത്ര്യവും സാമൂഹിക ഐക്യദാര്‍ഢ്യവും നിഷേധിക്കപ്പെട്ട്, പ്രത്യാശ അറ്റൊരു ജീവിതമാണ് നയിക്കുന്നത്. നിര്‍ദ്ദോഷികളായ ധാരാളം ജനങ്ങളും അവരുടെ പ്രിയപ്പെട്ടവരും വേദനാജനകമായ ഉച്ചനീചത്വത്തിനും, വിവേചനത്തിനും, അനീതിക്കും പീഡനങ്ങള്‍ക്കും വിധേയരായി ജീവിക്കുന്നുണ്ട്.

3. യുദ്ധം സഹോദരഹത്യയുടെ മറുരൂപം
ക്രൂരമായ അതിക്രമങ്ങളാല്‍ വികലമാക്കപ്പെട്ടിട്ടുള്ള ദേശീയ അന്തര്‍ദേശീയ സംഘര്‍ഷങ്ങളുടെ ഭീതിദമായ വിചാരണകള്‍ മാനവികതയുടെ മനസാക്ഷിയിലും മനസ്സിലും, ശരീരത്തിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. ഒരോ യുദ്ധവും സഹോദരഹത്യയുടെ മറുരൂപമാണ്. അത് മനുഷ്യകുലത്തിന്‍റെ നൈസര്‍ഗ്ഗികമായ സമാധാനത്തിനും സാഹോദര്യത്തിനുമുള്ള വിളിയെ തച്ചുടയ്ക്കുന്നു.   അപരന്‍റെ ജീവിതത്തിലെ വിഭിന്നതകള്‍ അംഗീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അധികാരപ്രമത്തതയും ആധിപത്യമനോഭാവവും വളരുന്നു. അത് സ്വാര്‍ത്ഥതയിലും അഹങ്കാരത്തിലും, വെറുപ്പിലും, അന്യരെ പരിഹാസ്യപാത്രമാക്കുവാനും ഇടയാക്കുന്നു. അവസാനം നമുക്കറിയാവുന്നതുപോലെ അത് യുദ്ധത്തില്‍ കലാശിക്കുന്നു.

4. സംവാദത്തിന്‍റെ സമാധാന മാര്‍ഗ്ഗം
എല്ലാവരും ദൈവമക്കളാണ് എന്ന ഒരു പൊതുവായ സംഞ്ജയില്‍ സംവാദത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും പാതയില്‍ സമൂഹത്തില്‍ സമാധാനം വളര്‍ത്താനാകും എന്ന പ്രായോഗിക ചിന്തയില്‍ പാപ്പാ ഫ്രാന്‍സിസ് പിന്നെയും നീണ്ട 5 പ്രധാനപ്പെട്ട ചിന്തകളിലൂടെ വളരെ പ്രായോഗികമായും സകലര്‍ക്കും സ്വീകാര്യവുമായ വിധത്തില്‍ ലോകസമാധാനത്തിന്‍റെ പാതയില്‍ തന്‍റെ സന്ദേശത്തിലൂടെ വെളിച്ചംവീശുന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2019, 19:51