തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, കത്തോലിക്കാസഭാ പ്രബോധനങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട സര്‍ക്കാരിതര സംഘടനകളുടെ നാലാം ആഗോളചര്‍ച്ചാവേദിയില്‍ പങ്കെടുത്ത,  വിവധരാജ്യക്കാരടങ്ങിയ സംഘത്തെ  വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍ , ശനി 07/12019 ഫ്രാന്‍സീസ് പാപ്പാ, കത്തോലിക്കാസഭാ പ്രബോധനങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട സര്‍ക്കാരിതര സംഘടനകളുടെ നാലാം ആഗോളചര്‍ച്ചാവേദിയില്‍ പങ്കെടുത്ത, വിവധരാജ്യക്കാരടങ്ങിയ സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍ , ശനി 07/12019  (ANSA)

സഭയുടെ ദൗദ്യ നിര്‍വ്വഹണത്തില്‍ സഹകരണം അനിവാര്യം

പൊതുവായ പദ്ധതികളില്‍ സഹകരിക്കുമ്പോള്‍ ആ സംരംഭങ്ങളുടെ മൂല്യം കൂടുതല്‍ തെളിയുന്നുവെന്നും കാരണം സഭയുടെ സഹജസവിശേഷതയായ കൂട്ടായ്മയെയും സംഘാതയാത്രയെയും അതാവിഷ്ക്കരിക്കുന്നുവെന്നും ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സമാഗമ സംസ്കൃതിയുടെ പരിപോഷണം ഉന്നം വയ്ക്കുന്ന സംഭാഷണത്തിന്‍റെയും സഹകരണത്തിന്‍റെയും നൂതന സരണികള്‍ വെട്ടിത്തുറക്കുന്നതിന് നവമായൊരു ചങ്കൂറ്റവും സര്‍ഗ്ഗശക്തിയും ഇന്നത്തെ ലോകം ആഹ്വാനം ചെയ്യുന്നുണ്ടെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

കത്തോലിക്കാസഭാ പ്രബോധനങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട സര്‍ക്കാരിതര സംഘടനകളുടെ നാലാം ആഗോളചര്‍ച്ചാവേദിയില്‍ പങ്കെടുത്ത, റോമന്‍ കൂരിയായുടെ പ്രതിനിധികളുള്‍പ്പടെയുള്ള, വിവധരാജ്യക്കാരായ നൂറോളം പേരടങ്ങിയ സംഘത്തെ വത്തിക്കാനില്‍ ശനിയാഴ്ച (07/12/2019) സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സമൂഹത്തിലെ ഏറ്റം വേധ്യരായവരെയും സ്വാഗതം ചെയ്യുകയും ഉള്‍കൊള്ളുകയും ചെയ്യുന്നതായ പൊതുഭവനമാക്കി നമ്മുടെ ലോകത്തെ മാറ്റുന്നതിന് സമൂര്‍ത്ത സാക്ഷ്യമേകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സകലവിധ സംരംഭങ്ങള്‍ക്കും തന്‍റെ   കൃതജ്ഞത പാപ്പാ രേഖപ്പെടുത്തി.

ഈ ലക്ഷ്യപ്രാപ്തിക്കാവശ്യമായ മൂന്നു ഘടകങ്ങളെക്കുറിച്ച് പാപ്പാ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പുറപ്പെടുവിച്ച “സഭ ആധുനികലോകത്തില്‍” അഥവാ,” “ഗൗതിയും ഏത്ത് സ്പേസ്” എന്ന പ്രമാണരേഖയില്‍ നിന്നുദ്ധരിച്ചുകൊണ്ട് വിശദീകരിച്ചു.

ഇന്നത്തെ ലോകത്തെ അലട്ടുന്ന സങ്കീര്‍ണ്ണമായ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളെ നേരിടുന്നതിന് മതിയായ പരിശീലനവും ശിക്ഷണവും നല്കേണ്ടത് ഈ ഘടകങ്ങളില്‍ ആദ്യത്തെതായി പാപ്പാ അവതരിപ്പിച്ചു.

ഉചിതമായ വിഭവങ്ങളുടെ ആവശ്യകത രണ്ടാമത്തെ ഘടകമാണെന്നു വ്യക്തമാക്കിയ പാപ്പാ ഉപാധികള്‍ ആവശ്യവും സുപ്രധാനവുമാണെന്നും എന്നാല്‍  ഇവയുടെ കുറവനുഭവപ്പെട്ടാല്‍ നിരാശപ്പെടേണ്ടതില്ലെന്നും കാരണം, സഭ അവളുടെ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് മഹത്തായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം  മനസ്സില്‍ സൂക്ഷിക്കുന്നതു നല്ലതാണെന്നും പറഞ്ഞുകൊണ്ട് ദൈവിക പരിപാലനയില്‍ ആശ്രയിക്കേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാട്ടി.

കൂട്ടായ പ്രവര്‍ത്തനം വഴി സംരംഭങ്ങളെ ഏകോപിപ്പിക്കുക എന്നതാണ് പാപ്പാ എടുത്തുകാട്ടിയ മൂന്നാമത്തെ ഘടകം.

പൊതുവായ പദ്ധതികളില്‍ സഹകരിക്കുമ്പോള്‍ ആ സംരംഭങ്ങളുടെ മൂല്യം കൂടുതല്‍ തെളിയുന്നുവെന്നും കാരണം സഭയുടെ സഹജസവിശേഷതയായ കൂട്ടായ്മയെയും സംഘാതയാത്രയെയും അതാവിഷ്ക്കരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

അപ്രകാരം പൊതുനന്മ ലക്ഷ്യമാക്കുന്ന സഭയുടെ ദൗത്യനിര്‍വ്വഹണത്തില്‍ എല്ലാവരും കൂട്ടുത്തരവാദിത്വത്തോടെ സഹകരിക്കുകയും അവനവന്‍റെ സംഭാവനയേകുകയും ചെയ്യുന്നുവെന്നും പാപ്പാ വിശദീകരിച്ചു.   

 

07 December 2019, 13:00