തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ "എനിക്കു സാധിക്കും" അഥവാ, "യൊപുവേദൊ" പദ്ധതിയുമായി  സഹകരിക്കുന്ന കുട്ടികളുമൊത്ത് വത്തിക്കാനില്‍ 30/11/19 ഫ്രാന്‍സീസ് പാപ്പാ "എനിക്കു സാധിക്കും" അഥവാ, "യൊപുവേദൊ" പദ്ധതിയുമായി സഹകരിക്കുന്ന കുട്ടികളുമൊത്ത് വത്തിക്കാനില്‍ 30/11/19  (ANSA)

മാനവ ഊഷ്മളതയേകാന്‍ നിര്‍മ്മിത ബുദ്ധിക്കാവില്ല!

എനിക്കു സാധിക്കും എന്നത് നമുക്കു സാധിക്കും എന്ന രീതിയില്‍ മാറണമെന്നും ഒരുമയെന്നത് ഏറ്റം മനോഹരമാണെന്നും മാര്‍പ്പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമുക്കെല്ലാവര്‍ക്കും ആവശ്യമായ മാനുഷികമായ ഊഷ്മളത പകരാന്‍ “നിര്‍മ്മിത ബുദ്ധിക്ക്” അഥവാ, “കൃത്രിമ ബുദ്ധിക്ക്” (ARTIFICIAL INTELLIGENCE) ആകില്ലെന്ന് മാര്‍പ്പാപ്പാ.

പാരിസ്ഥിതികവും സാമൂഹ്യവുമായ അവസ്ഥ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടുകൂടി ഇറ്റലിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും സഭയുടെ കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും സംയുക്ത സമിതി (FIDAE) കത്തോലിക്കാവിദ്യഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം തുടക്കം കുറിച്ചിരിക്കുന്ന “എനിക്കു സാധിക്കും” എന്നര്‍ത്ഥം വരുന്ന “യൊ പുവേദൊ” എന്ന പദ്ധതിതിയുടെ ഭാഗമായി നവമ്പര്‍ 27-30 (27-30/11/19) വരെ റോമില്‍ സമ്മേളിച്ച 6-നും16നും മദ്ധ്യേ പ്രായമുള്ള കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളുമുള്‍പ്പടെ 3500-ല്‍പ്പരം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (30/11/19) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ കുഞ്ഞുങ്ങള്‍ സെല്ലുലാര്‍ ഫോണുകളില്‍ നിന്ന് അവരുടെ നയനങ്ങള്‍ തിരിക്കുകയും സമൂഹത്തില്‍ സേവനം ചെയ്യുന്നതിനായി അവരുടെ കുപ്പായക്കൈകള്‍ ചുരുട്ടിക്കയറ്റുകയും ചെയ്തിരിക്കയാണെന്ന് പാപ്പാ പറഞ്ഞു.

ദൈവത്തിന്‍റെ സ്ഥാനത്ത് മനുഷ്യന്‍ അവനവനെത്തന്നെ പ്രതിഷ്ഠിക്കുന്നതിനുള്ള പ്രലോഭനമെന്ന അപകടത്തെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ, “അങ്ങേയ്ക്കു സ്തുതി”- “ലൗദാത്തൊ സീ” എന്ന ചാക്രിക ലേഖനത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്ന  “എനിക്കു സാധിക്കും” എന്ന പദ്ധതി അപരനെ കൂടാതെ, മറ്റുള്ളവരെ കൂടാതെ നമുക്കു നാം ആയിത്തീരാന്‍ സാധിക്കില്ല എന്ന് വിളിച്ചോതുന്നുണ്ടെന്ന് പ്രസ്താവിച്ചു.

എനിക്കു സാധിക്കും എന്നത് ഒത്തോരുമിച്ച് നമുക്കു സാധിക്കും എന്നായി മാറണമെന്നും ഒരുമ ഏറ്റം മനോഹരവും കാര്യക്ഷമവും ആണെന്നും പാപ്പാ പറഞ്ഞു.  

 

 

01 December 2019, 10:41