തിരയുക

Vatican News
“അജോര്‍ണമെന്തി സോച്യാലി” (AGGIORNMENTI SOCIALI) എന്ന പേരില്‍ ഇറ്റലിയില്‍  ഈശോസഭ പ്രസിദ്ധീകരിക്കുന്ന മാസികയുടെ ചുമതല വഹിക്കുന്നവരെയും സഹകാരികളെയും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍   06/12/2019 വെള്ളിയാഴ്ച  “അജോര്‍ണമെന്തി സോച്യാലി” (AGGIORNMENTI SOCIALI) എന്ന പേരില്‍ ഇറ്റലിയില്‍ ഈശോസഭ പ്രസിദ്ധീകരിക്കുന്ന മാസികയുടെ ചുമതല വഹിക്കുന്നവരെയും സഹകാരികളെയും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍ 06/12/2019 വെള്ളിയാഴ്ച   (Vatican Media)

സാമൂഹ്യ നവീകരണം വിവരവിനിമയത്തില്‍ ഒതുങ്ങുന്നതല്ല!

പരിവര്‍ത്തനവിധേയമായ ഒരു ലോകത്തില്‍ ദിശാബോധമേകുകയെന്നതിന്‍റെ പൊരുള്‍, നാം എവിടെയാണെന്നു മനസ്സിലാക്കുകയും, സംശോധക ബിന്ദുക്കള്‍ ഏവയെന്നു തിരിച്ചറിയുകയും ഏതു ദിശോന്മുഖമായി നീങ്ങണമെന്ന് നിര്‍ണ്ണയിക്കുകയും ചെയ്യലാണെന്ന് ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നീതിക്കും പൊതുഭവനത്തിന്‍റെ സംരക്ഷണത്തിനുമായുള്ള യത്നം  സന്തോഷത്തിന്‍റെയും സമ്പൂര്‍ണ്ണതയുടെയുമായൊരു വാഗ്ദാനവുമായി സമന്വയിച്ചിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

സാമൂഹ്യ നവീകരണങ്ങള്‍, സാമൂഹ്യ പരിഷ്കരണങ്ങള്‍ എന്നൊക്കെ അര്‍ത്ഥംവരുന്ന “അജോര്‍ണമെന്തി സോച്യാലി” (AGGIORNMENTI SOCIALI) എന്ന പേരില്‍ ഈശോസഭ പ്രസിദ്ധീകരിക്കുന്ന, 1950-ല്‍ സ്ഥാപിതവും സപ്തതിയിലേക്കു കടക്കുന്നതുമായ, മാസികയുടെ ചുമതല വഹിക്കുന്നവരും സഹകാരികളുമുള്‍പ്പടെ അമ്പതോളം പേരെ വെള്ളിയാഴ്ച (06/12/19) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പരിവര്‍ത്തനവിധേയമായ ഒരു ലോകത്തില്‍ അനുവാചകര്‍ക്ക് ദിശാബോധമേകുക എന്ന മുദ്രാവാക്യം ഈ മാസിക സ്വീകരിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ, വഴികാട്ടുകയെന്നാല്‍ അതിനര്‍ത്ഥം നാം എവിടെയാണെന്നു മനസ്സിലാക്കുകയും, സംശോധക ബിന്ദുക്കള്‍ ഏവയെന്നു തിരിച്ചറിയുകയും ഏതു ദിശോന്മുഖമായി നീങ്ങണമെന്ന് നിര്‍ണ്ണയിക്കുകയും ചെയ്യലാണെന്ന് വിശദീകരിച്ചു.

മുന്നോട്ടു പോകാന്‍ ശ്രമിക്കുകയും പിന്നീട് സ്തംഭനാവസ്ഥയിലായിപ്പോകുകയും ചെയ്താല്‍ അത് പാഴ് വേലയാണെന്ന് പാപ്പാ പറഞ്ഞു.

ആകയാല്‍ വിവേചനബുദ്ധിയും സംഘാതമായ മുന്നേറ്റവും സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ  സന്തോഷവും ഈ പ്രക്രിയില്‍ അവിഭാജ്യഘടകങ്ങളാണെന്ന് പാപ്പാ വിശദീകരിച്ചു.

സമൂഹത്തിന്‍റെ പ്രയാണത്തില്‍ നമ്മള്‍ പരിശുദ്ധാരൂപിയുടെ സ്വരം ശ്രവിക്കുകയും മറ്റു സ്വരങ്ങളല്ല, ആ സ്വരം മാത്രം പിന്‍ചെല്ലുകയും അടയാളങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

വിശ്വസിക്കാവുന്ന വിവരങ്ങള്‍ നല്കുന്നതില്‍ ഒതുങ്ങി നില്ക്കുന്നതല്ല സാമൂഹ്യ നവീകരണ ദൗത്യമെന്നും തീരുമാനങ്ങള്‍ എടുക്കാനും കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കാനും അനുവാചകരെ പഠിപ്പിക്കുകയെന്നതും അതിലുള്‍ക്കൊള്ളുന്നുവെന്നും പാപ്പാ പറഞ്ഞു.

സമൂഹത്തിലും തൊഴിലിവും നിര്‍മ്മിതബുദ്ധി ചെലുത്തുന്ന സമ്മര്‍ദ്ദം, ജൈവധാര്‍മ്മികത, കുടിയേറ്റം, അസമത്വം, അനീതി, സ്ഥായിയായ ഒരു സമ്പദ്ഘടയ്ക്കൂന്നല്‍ നല്കുന്ന ഒരു വീക്ഷണം, പരിസ്ഥിതി പരിപാലനം, തുടങ്ങിയ സങ്കീര്‍ണ്ണവും വിവാദപരവുമായ പ്രശ്നങ്ങള്‍ “അജോര്‍ണമെന്തി സോച്യാലി”  എന്ന മാസികയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ കൈകാര്യം ചെയ്യേണ്ടിവരുന്നുണ്ടെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

 

07 December 2019, 07:50