തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കാങ്കണത്തില്‍ പ്രതിവാര പൊതുദര്‍ശന വേളയില്‍ പ്രസംഗവേദിയിലേക്ക് നടന്നു പോകുന്നു 04/12/2019 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കാങ്കണത്തില്‍ പ്രതിവാര പൊതുദര്‍ശന വേളയില്‍ പ്രസംഗവേദിയിലേക്ക് നടന്നു പോകുന്നു 04/12/2019  (Vatican Media)

അജപാലകര്‍ ജാഗരൂകരായിരിക്കുക!

"ഇതാണ് ഒരു ഇടയന്‍റെ ജോലി: ഉണര്‍ന്നിരിക്കുക, അവനവനെയും അജഗണങ്ങളെയുംപറ്റി ജാഗരൂഗനായിരിക്കുക. ഇടയന്‍, ഇടവകവൈദികന്‍, വൈദികര്‍, മെത്രാന്മാര്‍, പാപ്പാ, എല്ലാവരും ഉണര്‍ന്നിരിക്കണം. അവര്‍ ആത്മശോധന ചെയ്യണം, ജാഗരൂഗരായിരിക്കുക എന്ന ദൗത്യം എപ്രകാരമാണ് നിറവേറ്റുന്നതെന്ന് ചിന്തിക്കണം. ജനത്തിനു കാവലായിരിക്കുന്നതിനും ജനത്തെ സംരക്ഷിക്കുന്നതിനും മെത്രാന്മാര്‍ ജനത്തോടു ചേര്‍ന്നു നില്ക്കണം, അല്ലാതെ അവരില്‍ നിന്നു മാറി നില്ക്കുകയല്ല ചെയ്യേണ്ടത്" -ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സൂര്യപ്രഭയില്‍ കുളിച്ചു നിന്നെങ്കിലും ശൈത്യകാലത്തിന്‍റെ കാഠിന്യം അനുഭവപ്പെട്ട ഒരു ദിനമായിരുന്നു റോമില്‍ ഈ ബുധനാഴ്ച (04/12/19). വവിധരാജ്യാക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരത്തിലേറെപ്പേര്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ വരവും കാത്തു നില്പുണ്ടായിരുന്നു. പ്രേഷിതപ്രവര്‍ത്തന മേഖലകളിലുള്ള വലിയ സെമിനാരികളുടെ (മേജര്‍ സെമിനാരി) മേധാവികള്‍ക്കായി ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘം സഘടിപ്പിച്ച പരിശീലന പരിപാടിയില്‍ സംബന്ധിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.  ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിനായി പാപ്പാ, ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തില്‍ എത്തിയപ്പോള്‍ ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു. ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ, ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, ആ വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവരുന്ന കുഞ്ഞുങ്ങളെ പാപ്പാ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ  പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 09.15-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.45-ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു:

പൗലോസ് എഫേസോസിലെ ശ്രേഷ്ഠന്മാരോടു പറഞ്ഞു: “(32) നിങ്ങളെ ഞാന്‍ കര്‍ത്താവിനും അവിടത്തെ കൃപയുടെ വചനത്തിനും ഭരമേല്‍പിക്കുന്നു...... (34) എന്‍റെയും എന്‍റെ കൂടെ ഉണ്ടായിരുന്നവരുടെയും ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ എന്‍റെ  ഈ കൈകള്‍ തന്നെയാണ് അദ്ധ്വാനിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാം.(35) ഇങ്ങനെ അദ്ധ്വാനിച്ചുകൊണ്ട് ബലഹീനരെ സഹായിക്കണമെന്നു കാണിക്കാന്‍ എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്കു ഞാന്‍ മാതൃക  നല്കിയിട്ടുണ്ട്. സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണ് ശ്രേയസ്കരം എന്നു പറഞ്ഞ കര്‍ത്താവായ യേശുവിന്‍റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു" (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 20:32,34,35)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര പുനരാരംഭിച്ചു. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ  മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണസംഗ്രഹം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌,‍

സുവിശേഷയാത്ര എഫേസോസില്‍ എത്തുന്നു

ലോകത്തില്‍ സുവിശേഷത്തിന്‍റെ പ്രയാണം നിര്‍ബ്ബാധം തുടരുന്നത് അപ്പസ്തോലപ്രവര്‍ത്തന ഗ്രന്ഥത്തില്‍ കാണാം. ഈ സുവിശേഷപ്രയാണം അതിന്‍റെ  രക്ഷാകരശക്തി മുഴുവന്‍ പ്രകടിപ്പിച്ചുകൊണ്ട് എഫേസോസിലൂടെ കടന്നുപോകുകയും ചെയ്യുന്നു. പൗലോസപ്പസ്തോലന്‍ വഴി ഏതാണ്ട് 12 പേര്‍ യേശുവിന്‍റെ നാമത്തില്‍ മാമ്മോദീസാ സ്വീകരിക്കുകയും അവരെ പുനര്‍ജനിപ്പിക്കുന്ന പരിശുദ്ധാരൂപിയുടെ വര്‍ഷണം അനുഭവിച്ചറിയുകയും ചെയ്യുന്നു. അപ്പസ്തോലന്‍ വഴി അവിടെ സംഭവിക്കുന്ന അത്ഭുതങ്ങള്‍ നിരവധിയാണ്: രോഗികള്‍ സൗഖ്യം പ്രാപിക്കുന്നു, ദുഷ്ടാത്മാക്കള്‍ ബാധിച്ചിരുന്നവര്‍ സ്വതന്ത്രരാക്കപ്പെടുന്നു. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 19,11-12). ശിഷ്യന്‍ സ്വന്തം ദിവ്യഗുരുവിന് സദൃശനായിത്തീര്‍ന്നതിനാലാണ് ഇതൊക്കെ സംഭവിക്കുന്നത്.  തനിക്കു ഗുരുവില്‍ നിന്നു ലഭിച്ച പുതിയ ജീവന്‍ സഹോദരങ്ങള്‍ക്ക് പകര്‍ന്നു  നല്കികക്കൊണ്ട് അവന്‍ ആ ഗുരുവിന്‍റെ സാന്നിധ്യം അനുഭവവേദ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. 

ക്രിസ്തീയ വിശ്വാസവും മന്ത്രവാദവും 

ഭൂതോച്ഛാടനത്തിനുള്ള ആദ്ധ്യാത്മികാധികാരം ഇല്ലാതിരിക്കെ യേശുനാമത്തില്‍ അതു ചെയ്യാന്‍ ശ്രമിച്ചവരുടെ പൊള്ളത്തരം എഫേസോസിന്‍റെ മേല്‍ പതിച്ച ദൈവികശക്തി അനാവരണം ചെയ്യുകയും ഇന്ദ്രജാലങ്ങളുടെ ബലഹീനതകള്‍ വെളിപ്പെടുത്തുകയും ചെയ്തു. ക്ഷുദ്രപ്രയോഗങ്ങള്‍ നടത്തിയിരുന്ന അനേകമാളുകള്‍ അവയുപേക്ഷിച്ച് ക്രിസ്തുവിനെ പിന്‍ചെന്നു. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 19,18-19) ക്ഷുദ്രപ്രയോഗത്തിനു പേരുകേട്ട എഫേസോസ് നഗരത്തില്‍ ഒരു അട്ടിമറി നടക്കുകയായിരുന്നു. ക്രിസ്തുവിശ്വാസവും ചെപ്പടിവിദ്യയും തമ്മിലുള്ള പൊരുത്തക്കേട് ലൂക്കാ അടിവരയിട്ടുകാട്ടുകയാണ്. ഒരു പക്ഷേ, നിങ്ങളില്‍ ചിലര്‍ പറഞ്ഞേക്കാം ക്ഷുദ്രപ്രയോഗങ്ങള്‍ പഴഞ്ചന്‍ പരിപാടിയാണല്ലൊ എന്ന്. ഇന്ന് ക്രൈസ്തവ നാഗരികതയില്‍ അതില്ല എന്ന്. എന്നാല്‍ നിങ്ങള്‍ ജാഗരൂഗരായിരിക്കുക. എന്നാല്‍ ഞാന്‍ ഒന്നു ചോദിക്കട്ടെ, നിങ്ങളില്‍ എത്ര പേര്‍ ഭാവി പ്രവചിക്കുന്നവരുടെ കൈനോട്ടക്കാരുടെ പക്കല്‍ പോകുന്നുണ്ട്? ഇന്നും അതു സംഭവിക്കുന്നുണ്ട്. ദയവുചെയ്ത് ഒന്നു മനസ്സിലാക്കുക, ദുര്‍മ്മന്ത്രവാദം ക്രിസ്തീയമല്ല. മറിച്ച് ക്രിസ്തുവിന്‍റെ കൃപ നിനക്ക് സകലതും നല്കും, കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക, അവിടത്തേക്കു നിന്നെത്തന്നെ സമര്‍പ്പിക്കുക.

എഫേസോസില്‍ ഒരു തകിടം മറിച്ചില്‍

എഫേസോസില്‍ സുവിശേഷത്തിന്‍റെ പ്രസരണം വെള്ളിക്കച്ചവടക്കാരെയും പ്രതികൂലമായി ബാധിച്ചു. അര്‍ത്തേമിസ് ദേവിയുടെ വെള്ളിശില്പങ്ങള്‍ ഉണ്ടാക്കി വിറ്റ് പണം സമ്പാദിച്ചിരുന്നവരായിരുന്നു അവര്‍. മതാനുഷ്ഠാനത്തിനായുള്ള അര്‍ത്തേമിസ് ദേവിയുടെ വെള്ളി വിഗ്രഹങ്ങള്‍ വിറ്റ് പണം കൊയ്യാനുള്ള അവസരം കുറഞ്ഞു തുടങ്ങിയതു കണ്ട് ഈ വെള്ളിപ്പണിക്കാര്‍ പൗലോസിനെതിരെ സംഘടിക്കുന്നു. വെള്ളിപ്പണിക്കാരെയും അര്‍ത്തെമീസ് ദേവിയുടെ ക്ഷേത്രത്തെയും ഈ ദേവീപൂജയേയും പ്രതിസന്ധിയിലാക്കി എന്ന ആരോപണം അവര്‍ ക്രൈസ്തവര്‍ക്കെതിരെ ഉന്നയിക്കുന്നു. 

പൗലോസിന്‍റെ "ഒസ്യത്ത്"

പൗലോസ് പിന്നീട് എഫേസോസില്‍ നിന്ന് ജറുസലേമിലേക്കു പോകുകയും മിലേത്തോസില്‍ എത്തുകയും ചെയ്തു. അദ്ദേഹം അവിടെ നിന്ന് ആളയച്ച് എഫേസോസിലെ സഭയിലെ ശ്രേഷ്ഠന്മാരെ, അതായത്, പുരോഹിതന്മാരെ, വിളിപ്പിച്ചു. അജപാലനപരമായ ചിലകാര്യങ്ങള്‍ അവരുമായി പങ്കുവയ്ക്കുകയായിരുന്നു ലക്ഷ്യം. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 20,17-35). പൗലോസ് അപ്പസ്തോലന്‍റെ വിടവാങ്ങല്‍  പ്രഭാഷണം ലൂക്കാ അവതരിപ്പിക്കുന്നുണ്ട്. പൗലോസ് പോയ ശേഷം എഫേസോസിലെ സമൂഹത്തെ നയിക്കേണ്ടവര്‍ക്കുള്ള ഒരുതരം “ആദ്ധ്യാത്മിക ഒസ്യത്ത്” ആണ് അതെന്നു പറയാം.

ശ്രേഷ്ഠന്മാരുമായുള്ള കൂടിക്കാഴ്ചയും ഉണര്‍ന്നിരിക്കാനുള്ള ആഹ്വാനവും

എഫേസോസിലെ സമൂഹത്തിന്‍റെ ഉത്തരവാദിത്വം പേറുന്നവരുമായുള്ള അവസാനത്തെ കൂടിക്കാഴ്ചയാണെന്ന ബോധ്യത്തോടെ പൗലോസ് അവര്‍ക്ക് പ്രചോദനം പകരുന്നു ഈ രേഖയിലെ പ്രബോധാനാത്മകമായ ഭാഗത്ത്. അദ്ദേഹം അവരോടു പറയുന്നതെന്താണ്? “നിങ്ങളെയും നിങ്ങളുടെ അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂഗരായിരിക്കുവിന്‍” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 20,28). ഇതാണ് ഒരു ഇടയന്‍റെ  ജോലി. ഉണര്‍ന്നിരിക്കുക, അവനവനെയും അജഗണങ്ങളെയുംപറ്റി ജാഗരൂഗനായിരിക്കുക. ഇടയന്‍, ഇടവകവൈദികന്‍, വൈദികര്‍, മെത്രാന്മാര്‍, പാപ്പാ, എല്ലാവരും ഉണര്‍ന്നിരിക്കണം. അവര്‍ ആത്മശോധന ചെയ്യണം, ജാഗരൂഗരായിരിക്കുക എന്ന ദൗത്യം എപ്രകാരമാണ് നിറവേറ്റുന്നതെന്ന് ചിന്തിക്കണം. ജനത്തിനു കാവലായിരിക്കുന്നതിനും ജനത്തെ സംരക്ഷിക്കുന്നതിനും മെത്രാന്മാര്‍ ജനത്തോടു ചേര്‍ന്നു നില്ക്കണം, അല്ലാതെ അവരില്‍ നിന്നു മാറി നില്ക്കുകയല്ല ചെയ്യേണ്ടത്.

പ്രിയ സഹോദരീസഹോദരന്മാരേ, സഭയോടും സഭ കാത്തുസൂക്ഷിക്കുന്ന വിശ്വാസ നക്ഷേപത്തോടുമുള്ള സ്നേഹം നമ്മില്‍ നവീകരിക്കുന്നതിനും അജഗണത്തെ കാത്തുപരിപാലിക്കുന്നതില്‍ കൂട്ടുത്തരവാദിത്വമുള്ളവരാക്കി നമ്മെ മാറ്റുന്നതിനും ഇടയന്മാര്‍, പ്രാര്‍ത്ഥനാസഹായത്താല്‍, ദിവ്യ ഇടയന്‍റെ നിശ്ചയദാര്‍ഢ്യവും ആര്‍ദ്രതയും പ്രകടിപ്പിക്കുന്നതിനും നമുക്ക് കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

വിശുദ്ധ നിക്കൊളാസിന്‍റെ ഓര്‍മ്മത്തിരുന്നാള്‍

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, വെള്ളിയാഴ്ച (06/12/19) വിശുദ്ധ നിക്കൊളാസിന്‍റെ ഓര്‍മ്മത്തിരുന്നാള്‍ ആണെന്ന് അനുസ്മരിക്കുകയും മനുഷ്യരൂപമെടുത്ത ദൈവത്തിന്‍റെ വദനം ഏറ്റം ആവശ്യത്തിലിരിക്കുന്നവരില്‍ ദര്‍ശിച്ചുകൊണ്ട് അവരോടുള്ള ഉപവിക്കുമേല്‍ മറ്റൊന്നും പ്രതിഷ്ഠിക്കാതിരിക്കാന്‍ ആ വിശുദ്ധന്‍റെ പുണ്യങ്ങള്‍ അനുകരിച്ചുകൊണ്ട് പഠിക്കാന്‍ ക്ഷണിച്ചു. തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്,  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

04 December 2019, 12:38