തിരയുക

Vatican News
Pope Francis with refugees from Lesbos island of Greece Pope Francis with refugees from Lesbos island of Greece  (ANSA)

കടലിന്‍റെ അഗാധതയാണ് അടിമത്വത്തിലും ഭേദം!

“ഇളകിമറിയുന്ന കടലാണ് അടിമത്വത്തെക്കാള്‍ കുടിയേറ്റക്കാര്‍ ആഗ്രഹിക്കുന്നത്...!” - പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ജീവരക്ഷാര്‍ത്ഥം ഒരു പലായനം
ഡിസംബര്‍ 19-Ɔο തിയതി വ്യാഴാഴ്ച ഗ്രീസിലെ ലെസ്ബോസ് ദ്വീപില്‍നിന്നുമുള്ള കുടിയേറ്റക്കാരെ വത്തിക്കാനില്‍ (Cortile del Belvedere) കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു നല്കിയ സന്ദേശമാണിത്. യുദ്ധവും ആഭ്യന്തര കലാപങ്ങളും ഭയന്ന് ആഫ്രിക്ക ഭൂഖണ്ഡത്തില്‍നിന്നും സമീപരാജ്യങ്ങളില്‍നിന്നു ജീവരക്ഷാര്‍ത്ഥം പലായനംചെയ്യുന്ന അഭയാര്‍ത്ഥികള്‍ അധികവും ചെന്നുപെടുന്നത് ലിബിയയിലുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. എന്നാല്‍ അവിടെ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും, അടിമത്വവും, ചൂഷണവും കണക്കിലെടുക്കുമ്പോള്‍ അധികംപേരും അഭയാര്‍ത്ഥി ക്യാമ്പുകളെക്കാള്‍ ഇഷ്ടപ്പെടുന്നത് അപകടം പതിയിരിക്കുന്ന ആഴക്കടല്‍തന്നെയാണ്. അങ്ങനെ സാഹസികമായ പ്രക്രിയയില്‍ മെഡിറ്ററേനിയന്‍ കടന്ന് ചെറിയ ഫ്ലോട്ടുകളിലും ബോട്ടുകളിലും ആഴക്കടല്‍ കടക്കുന്ന് പുതിയൊരു ജീവിതത്തിനായി ശ്രമിക്കവെയാണ് ജീവഹാനി സംഭിക്കുന്നതും, ചിലപ്പോള്‍ മുങ്ങിയ അവസ്ഥയില്‍ സുരക്ഷാസേനയുടെ സഹായത്തോടെ അത്യത്ഭുതകരമായ വിധത്തില്‍ രക്ഷപ്പെടുന്നതെന്നും പാപ്പാ ഫ്രാന്‍സിസ് വിശദീകരിച്ചു.

2. അഭയം തേടുന്നവരെ  കൈവെടിയരുത്!
നിര്‍ദ്ദോഷികളായ കുടിയേറ്റക്കാര്‍ അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങളോടും ലൈംഗിക പീ‍ഡനങ്ങളോടും നിസംഗരായിക്കൊണ്ട് എങ്ങനെ അവരെ മനസ്സാക്ഷിയില്ലാത്ത അതിക്രമികള്‍ക്ക് ഇരയാക്കി വിട്ടിറങ്ങിപ്പോരാന്‍ സാധിക്കുമെന്ന് കൂടിക്കാഴ്ചയില്‍ പാപ്പാ ചോദിക്കുകയുണ്ടായി. ജീവിതത്തിന്‍റെ അപകടത്തില്‍ പെട്ടിരിക്കുന്ന കുടിയേറ്റക്കാരായ മനുഷ്യരെ നമ്മുടെ ചുറ്റുപാടുകളില്‍ കണ്ടിട്ടും കണ്ടില്ലെന്നും നടിച്ച്, നല്ല സമറിയക്കാരന്‍റെ ഉപമയിലെ ലേവ്യനെയും പുരോഹിതനെയുംപോലെ വഴിമാറിപ്പോകാനും, അപകടത്തില്‍ പെട്ടവരെ മരണത്തിനു വിട്ടുകൊടുക്കുവാനും ഇടയാകരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.

3. കുടിയേറ്റക്കാരെ പിന്‍തുണയ്ക്കാം
കുടിയേറാന്‍ ശ്രമിക്കവെ  തടവറയില്‍ എത്തിപ്പെടുകയും, പിന്നീട് ആഴക്കടലിന്‍റെ മദ്ധ്യത്തില്‍ അപകടത്തില്‍ പെടുകയും ചെയ്തവരോട്  ചോദ്യങ്ങള്‍ ചോദിച്ച്  വീര്‍പ്പുമുട്ടിക്കരുത്. അവരുടെ ഗതകാല ജീവിതത്തിലെ പാളിച്ചകളെക്കുറിച്ച് അന്വേഷിച്ച് പരാതിപ്പെടുന്നതിലും അര്‍ത്ഥമില്ല. കുടിയേറ്റ പ്രക്രിയയില്‍ കടലിന്‍റെയും കായലിന്‍റെയും അപകടങ്ങള്‍ കടക്കുന്നിടങ്ങളില്‍ അവരെ സഹായിക്കാന്‍ തയ്യാറായി ഇറങ്ങിപ്പുറപ്പെടുന്ന സന്നദ്ധസേവകരെ പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി ശ്ലാഘിച്ചു.

4. ചൂഷകരെ ശ്രദ്ധിക്കണം!
അതുപോലെ കുടിയേറ്റക്കാരുടെ കപ്പലോ ബോട്ടോ തടയുന്നത് പ്രതിവിധിയല്ലെന്നും പാപ്പാ ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ ഭയന്ന് നാടും വീടും വിട്ടിറങ്ങിയവരെ അഭയാര്‍ത്ഥി ക്യാമ്പുകളിലും തടവറകളിലും സൂക്ഷിക്കാതെ, മോചിപ്പിക്കുവാനും, സുരക്ഷമായ ജീവിതചുറ്റുപാടികളില്‍ എത്തിക്കുന്നതുമാണ് മനുഷ്യധര്‍മ്മമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മറുഭാഗത്ത്, മനഃസാക്ഷിയില്ലാതെ കുടിയേറ്റക്കാരെ ചൂഷണം ചെയ്യുവാനും, മനുഷ്യക്കടത്തിനും, അടിമത്വത്തിനും വിധേയരാക്കുകയും ചെയ്യുന്നവരുടെ സ്വത്വം വെളിപ്പെടുത്തുന്നതില്‍ ഭയപ്പെടാതെ അവര്‍ക്ക് തക്കതായ ശിക്ഷനല്കേണ്ടതുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

5. കണക്കുചോദിക്കുന്ന ദൈവം
ദൈവത്തിന്‍റെ മുന്നില്‍ വിലപ്പെട്ട എല്ലാ മനുഷ്യജീവിതങ്ങളും സംരക്ഷിക്കപ്പെടുന്നതിനും, അവരുടെ അന്തസ്സ് മാനിക്കപ്പെടേണ്ടതിനുമായി സ്വാര്‍ത്ഥമായ സാമ്പത്തിക താല്പര്യങ്ങള്‍ മാറ്റിവയ്ക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. നാം എളിയവരായ കുടിയേറ്റക്കാരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. കാരണം നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തിന് നാം ഉത്തരവാദികളാണ്. തീര്‍ച്ചയായും അന്ത്യവിധിനാളില്‍ സഹോദരങ്ങളുടെ ജീവിതത്തിന് ദൈവം നമ്മോടു കണക്കുചോദിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.
 

19 December 2019, 18:12