തിരയുക

Vatican News
PHILIPPINES-DISASTER-TYPHOON PHILIPPINES-DISASTER-TYPHOON  (AFP or licensors)

ഫിലിപ്പീന്‍സിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനം

കൊടുങ്കാറ്റിന്‍റെ കെടുതിയില്‍പ്പെട്ട ഫിലിപ്പീന്‍സിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനയോടെ പിന്‍തുണ നേര്‍ന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സാന്ത്വനം
ഡിസംബര്‍ 26–Ɔο തിയതി വ്യാഴാഴ്ച രാവിലെ സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ അനുസ്മരണനാളില്‍ വത്തിക്കാനില്‍ നടത്തിയ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പാ കൊടിങ്കാറ്റിന്‍റെ കെടുതിയില്‍പ്പെട്ട ഫിലിപ്പീന്‍കാരെ അനുസ്മരിച്ചത്. കെടുതിയില്‍ താന്‍ ഏറെ ദുഃഖിക്കുന്നുവെന്നും മരണമടഞ്ഞവരെയും, മുറിപ്പെട്ടവരെയും ഭവനരഹിതരാക്കപ്പെട്ടവരെയും ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നതായും, വേദനിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ അറിയിച്ചു.

ആഘോഷങ്ങള്‍ക്കിടെ ഉയര്‍ന്ന ദുഃഖതരംഗം
വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച ആയിരങ്ങള്‍ക്കൊപ്പവും, മാധ്യമങ്ങളിലൂടെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ക്കൊപ്പവും നന്മനിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് പാപ്പാ ഫ്രാന്‍സിസ് കൊടുങ്കാറ്റിന്‍റെ കെടുതിയില്‍ വേദനിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഡിസംബര്‍ 24, 25 തിയതികളിലാണ് ഫാന്‍ഫോണ്‍ കൊടുങ്കാറ്റ് മദ്ധ്യഫിലിപ്പീന്‍സിനെ തകര്‍ത്തത്. 16 പേര്‍ മരിച്ചതായി പറയുമ്പോഴും ഇനിയും നാശനഷ്ടങ്ങള്‍ നിജപ്പെടുത്താനായിട്ടില്ലെന്നും മരണനിരക്ക് വര്‍ദ്ധിച്ചുവരുന്നതായും വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.
 

26 December 2019, 18:56