തിരയുക

Vatican News
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്തോണിയൊ ഗുട്ടേരെസിനെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കുന്നു 20/12/2019 ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്തോണിയൊ ഗുട്ടേരെസിനെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കുന്നു 20/12/2019  (ANSA)

ഐക്യരാഷ്ട്രസഭയുടെ മേധാവി പാപ്പായെ സന്ദര്‍ശിച്ചു.

ഫ്രാന്‍സീസ് പാപ്പാ, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്തോണിയൊ ഗുട്ടേരെസിനെ വത്തിക്കാനില്‍ സ്വീകരിച്ചു; ഇരുവരും വീഡിയൊ സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അനീതി, അസമത്വം, പട്ടിണി, ദാരിദ്ര്യം, കുടിവെള്ളവും ഭക്ഷണവും ചികിത്സയും ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരണമടയുന്നത് തുടങ്ങിയ തിന്മകള്‍ക്കു മുന്നില്‍ മുഖം തിരിച്ചു നില്ക്കാനാകില്ലെന്ന് മാര്‍പ്പാപ്പായും ഐക്യരാഷ്ട്രസഭയുടെ മേധാവിയും.

വത്തിക്കാനില്‍ വെള്ളിയാഴ്ച (20/12/19) നടന്ന കൂടിക്കാഴ്ചാനന്തരം ഫ്രാന്‍സീസ് പാപ്പായും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്തോണിയൊ ഗുട്ടേരെസും ഒരേവേദിയില്‍ നിന്നുകൊണ്ട് വീഡിയോ സന്ദേശം നല്കുകയായിരുന്നു.

തിരുപ്പിറവിയോടടുത്തുകൊണ്ടിരിക്കുന്ന ഈ വേളയില്‍ തങ്ങള്‍ക്ക് ഈ കുടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം വെളിപ്പെടുത്തിയ പാപ്പാ ലോകത്തില്‍ നന്മകള്‍ ദൃശ്യമാകുന്നതിലും ഉപരിമാനവികതയും നീതിയും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് അനേകര്‍ അക്ഷീണം പരിശ്രമിക്കുന്നതിലും ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചു.

ലോകത്തില്‍ കുട്ടികള്‍ പീഡിപ്പിക്കെപ്പെടുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ ഈ മഹാമാരിക്കെതിരായി ഒത്തൊരുമിച്ച് പോരാടേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി.

സംഘര്‍ഷങ്ങള്‍, അതിക്രമങ്ങള്‍, ദുരിതങ്ങള്‍, കാലവസ്ഥാമാറ്റങ്ങള്‍ തുടങ്ങിയ പലവിധ കാരണങ്ങളാല്‍ സ്വന്തം നാടുവിട്ടുപോകാന്‍ നിര്‍ബന്ധിതരായിത്തീരുന്ന സഹോദരഹങ്ങളുടെ കാര്യത്തില്‍ കണ്ണടയ്ക്കാനാകില്ലെന്നും മാനവ ഔന്നത്യം ചവിട്ടിമെതിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും മനുഷ്യജീവനെതിരെ, ആജീവന്‍ അജാതശിശുവിന്‍റെയാകാം ചികിത്സ ആവശ്യമുള്ള വ്യക്തിയുടെയാകാം, ആക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ നിസ്സംഗത പാലിക്കാനകില്ലെന്നും സന്ദേശം വ്യക്തമാക്കുന്നു.

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ മതത്തിന്‍റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ പീഢനങ്ങള്‍, അടിച്ചമര്‍ത്തലുകള്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍, നാടുടകടത്തല്‍, പ്രാന്തവല്‍ക്കരണം എന്നിവയും അതുപോലെ തന്നെ, ആയുധമത്സരവും അണുവായുധവും ദൈവത്തിന് അപ്രീതികരമാണെന്നും പാപ്പാ  പറയുന്നു.

ലോകത്തില്‍ ഇന്ന് അരങ്ങേറുന്ന കാര്യങ്ങളെക്കുറിച്ച് അവബോധമുള്ളവരാകാന്‍ നമ്മെ സഹായിക്കുകയും സമാധാനത്തിന്‍റെ വിതക്കാരും മാനവികതയും നീതിയും കൂടുതല്‍ വാഴുന്ന ഒരു നാഗരികതയുടെ ശില്പികളുമാകാന്‍ നമ്മോടാവശ്യപ്പെടുകയും ചെയ്യുന്ന യുവജനത്തിന്‍റെ സ്വരം നാം ശ്രവിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ജീവിതത്തില്‍ പ്രധാനം സ്നേഹമാണ് എന്ന് തിരുപ്പിറവി അതിന്‍റെ അവ്യാജ ലാളിത്യത്തില്‍ നമ്മെ അനുസ്മരിപ്പിക്കുന്നു എന്ന ഉദ്ബോധനത്തോടെയാണ് ഫ്രാന്‍സീസ് പാപ്പാ വീഡിയൊ സന്ദേശം ഉപസംഹരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്തോണിയൊ ഗുട്ടേരെസ്

ഫ്രാന്‍സീസ് പാപ്പാ പ്രത്യാശയുടെയും മാനവികതയുടെയും സന്ദേശവാഹകനാണെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്തോണിയൊ ഗുട്ടേരെസ് വീഡിയൊ സന്ദേശത്തില്‍ ശ്ലാഘിക്കുന്നു. 

മാനവ സഹനങ്ങള്‍ ലഘൂകരിക്കാനും മാനവ ഔന്നത്യം പരിപോഷിപ്പിക്കാനും പാപ്പാ പരിശ്രമിക്കുന്നതും അദ്ദേഹം അനുസ്മരിക്കുന്നു.

പൊതുവായ മാനവികതയും നമ്മുടെ പൊതുഭവനവും സംരക്ഷിക്കുന്നതിന് പാപ്പാ നടത്തുന്ന ഇടപെടലുകളും ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകുന്ന അസാധാരണമായ പിന്തുണയും ഗുട്ടേരെസ് എടുത്തു പറയുന്നു. 

തങ്ങളുടെ കൂടിക്കാഴ്ച, സമാധാനത്തിന്‍റെയും സന്മനസ്സിന്‍റെയും സമയമായ തിരുപ്പിറവിത്തിരുന്നാള്‍ വേളയിലായതിനാല്‍, അത് സവിശേഷമായൊരര്‍ത്ഥം കൈവരിക്കുന്നുവെന്നും എന്നാല്‍ ലോകത്തിലെ ഏറ്റം പുരാതനമായ ചില ക്രൈസ്തവ സമൂഹങ്ങള്‍ക്കുള്‍പ്പെടെ പല ക്രൈസ്തവ സമൂഹങ്ങള്‍ക്കും ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ കഴിയാത്ത ഒരവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് ഖേദകരമാണെന്നും അദ്ദേഹം പറയുന്നു.

സിനഗോഗുകളില്‍ യഹൂദര്‍ വധിക്കപ്പെടുന്നതും അവരു‍ടെ ശവകുടീരശിലകള്‍, നാസികള്‍  സ്വീകരിച്ചിരിക്കുന്ന സ്വസ്തിക ചിഹ്നം പതിച്ച്, വികൃതമാക്കുന്നതും, മുസ്ലീങ്ങളെ, അവരുടെ ആരാധനായിടങ്ങളില്‍ വച്ച് കൊല്ലുന്നതും, അവരുടെ പവിത്രസന്നിധാനങ്ങളെ അവഹേളിക്കുന്നതും പ്രാര്‍ത്ഥനാവേളയില്‍ ക്രൈസ്തവരെ വധിക്കുന്നതും അവരുടെ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുന്നതുമായ സംഭവങ്ങളെക്കുറിച്ച് ഗുട്ടേരെസ് വേദനയോടെ സൂചിപ്പിക്കുന്നു.

മതാന്തരബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പാപ്പാ നല്കുന്ന അനിതരസാധാരണ സംഭാവനകളെക്കുറിച്ച് പരാമര്‍ശിക്കുന്ന അദ്ദേഹം “വിശ്വശാന്തിക്കും സഹജീവനത്തിനും മാനവസാഹോദര്യം” എന്ന ചരിത്ര രേഖ ഫ്രാന്‍സീസ് പാപ്പായും അല്‍ അഷറിലെ വലിയ ഇമാമും ഒപ്പുവച്ചത് പ്രത്യേകം അനുസ്മരിക്കുന്നു.

പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തില്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഒത്തൊരുമിച്ചു നില്ക്കേണ്ടതിന്‍റെ ആവശ്യകത ഗുട്ടേരെസ് ചൂണ്ടിക്കാട്ടുകയും എല്ലാവര്‍ക്കും ക്രിസ്തുമസ്സ് മംഗളങ്ങള്‍ ഹൃദയപൂര്‍വ്വം നേരുകയും ചെയ്യുന്നു.      

 

21 December 2019, 09:17