തിരയുക

Vatican News
SPAIN-UN-CLIMATE-ENVIRONMENT-COP25 SPAIN-UN-CLIMATE-ENVIRONMENT-COP25  (AFP OR LICENSORS)

കാലാവസ്ഥ വ്യതിയാനം രാഷ്ട്രങ്ങള്‍ നേരിടേണ്ട വെല്ലുവിളി

“മനുഷ്യകുലം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്,” പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. യുഎന്‍ കാലാവസ്ഥ ഉച്ചകോടി സ്പെയിനില്‍
സ്പെയിനിലെ മാഡ്രിഡില്‍ സമ്മേളിച്ചിരിക്കുന്ന കാലാവസ്ഥ സംബന്ധിച്ച യുഎന്‍ രാഷ്ട്രങ്ങളുടെ സംഗമത്തിലാണ് (cop25 - Conference on Climate of the United Nations) വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ പാപ്പായുടെ പ്രഭാഷണം വായിച്ചത്. ഡിസംബര്‍ 4-Ɔο തിയതി ബുധനാഴ്ചത്തെ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം വായിച്ചത്. ഡിസംബര്‍ 2-ന് മാഡ്രിഡില്‍ ആരംഭിച്ച സമ്മേളനം 13-വരെ നീണ്ടുനില്ക്കും.

2. കാലാവസ്ഥവ്യതിയാനം അടയന്തിരമായ വെല്ലുവിളി 
കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുകയാണ് പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ അടിയന്തിരമായ ആവശ്യം. അതു നിയന്ത്രിക്കുമാറ് വ്യവസായ മേഖല, ഗതാഗതം, പരിസ്ഥിതി എന്നിവയില്‍നിന്നും ഉണ്ടാകുന്ന മലിനീകരണ ഘടകമായ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവു നിയന്ത്രിച്ചുകൊണ്ട്, ഹരിതവാതക ഫലപ്രാപ്തി ആര്‍ജ്ജിക്കുവാനും, അങ്ങനം പരിസ്ഥിതി മെച്ചപ്പെടുത്തുവാനും, കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുവാനും, പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനും സാധിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടു.

3. രാഷ്ട്രങ്ങള്‍ കാണിച്ച അലംഭാവം
ഇതു സംബന്ധിച്ച് കോപ്പ് 21, പാരീസ് ഉച്ചകോടി എടുത്ത നല്ല തീരുമാനങ്ങള്‍ 5 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അവയില്‍ കക്ഷിചേര്‍ന്ന രാഷ്ട്രങ്ങള്‍ മുന്നോട്ടുപോകുന്നതിനു പകരം പിന്നോട്ടു പോയത് ഖേദകരമായിപ്പോയെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഇതുവഴി കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള നിഗമനത്തില്‍ കക്ഷിചേര്‍ന്ന രാഷ്ട്രങ്ങള്‍ ഓരോരുത്തരും ആര്‍ജ്ജിക്കേണ്ട ലക്ഷ്യങ്ങളില്‍നിന്നുതന്നെ പിന്‍മാറിയതാണ് പദ്ധതിയുടെ പരാജയ കാരണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

4. പൊതുനന്മയ്ക്കായി  ഒരുമയോടെ  നില്ക്കണം
ഇപ്പോള്‍ ഉയര്‍ന്നുവരുന്നതും രാഷ്ട്രങ്ങള്‍ കക്ഷിചേരുന്നതുമായ കലാവസ്ഥ വ്യതിയാനത്തെയും ദാരിദ്ര്യത്തെയും സംബന്ധിച്ച പ്രശ്നങ്ങള്‍ ഒരുപോലെ നേരിടാനുള്ള നവമായ നയങ്ങള്‍ ബലപ്പെടുത്തുകയും, രാജ്യങ്ങള്‍ മാനവികതയുടെ പൊതുനന്മയ്ക്കായുള്ള പോരാട്ടത്തില്‍ പങ്കുചേരുകയും വേണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. ഈ മേഖലയില്‍ സര്‍ക്കാരുകള്‍ മാത്രമല്ല, പ്രാദേശിക സമൂഹങ്ങളും, സ്വകാര്യമേഖലയും, പൗരസമൂഹങ്ങളും, സന്മനസ്സുള്ള വ്യക്തികളും ധാരാളം കര്‍മ്മപദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത് പ്രത്യാശയ്ക്ക് വകനല്കുന്നതും ശ്ലാഘനീയവുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

5. തലമുറയ്ക്ക് ആവശ്യമായ
പാരിസ്ഥിതിക അവബോധം

രാഷ്ട്രങ്ങളുടെ ഈ കൂട്ടായ്മയില്‍ സത്യസന്ധമായൊരു രാഷ്ട്രീയ മനസ്സ് ഉത്തരവാദിത്വത്തോടെ രാഷ്ട്രനേതാക്കളും പ്രതിനിധികളും രൂപപ്പെടുത്തേണ്ടത് അടിയന്തിരമാണ്. അതിനായി ധീരതയോടെ മാനുഷികവും, സാമ്പത്തികവും സാങ്കേതികവുമായ ഉപായസാദ്ധ്യതകള്‍ രാഷ്ട്രങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കാലാവസ്ഥ വ്യതിയാനമെന്ന വലിയ വെല്ലുവിളിയെ നേരിടുവാനും ഭൂമിയെ രക്ഷിക്കുവാനും സാധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. തീര്‍ച്ചയായും ഈ ലക്ഷ്യപ്രാപ്തിക്കായി ഉപഭോഗത്തിന്‍റെയും ഉല്പാദനത്തിന്‍റെയും മേഖലകളെയാണ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും നിയന്ത്രിക്കേണ്ടതെന്നും, ഒപ്പം ജനങ്ങള്‍ക്കും വിശിഷ്യ വളരുന്ന യുവതലമുറയ്ക്കും പരിസ്ഥിതിക അവബോധം നല്കുന്ന വിദ്യാഭ്യാസ പരിപാടികളിലും രാഷ്ട്രങ്ങള്‍ ശ്രദ്ധപതിക്കേണ്ടതാണെന്ന് പാപ്പാ cop 25 സമ്മേളനത്തിലെ രാഷ്ട്രപ്രതിനിധികളെ ഉദ്ബോധിപ്പിച്ചു.

6. പരസ്പരാശ്രിതത്ത്വമുള്ള ഉത്തരവാദിത്ത്വം
പരസ്പരാശ്രിതത്ത്വമുള്ള രാഷ്ട്രങ്ങളുടെ നിലപാടുകളില്‍ വലിയ ഉത്തരവാദിത്ത്വം ഈ മേഖലയില്‍ ആവശ്യമാണെന്നും, ഇത് പൊതുനന്മയ്ക്കും, നാഗരികതയ്ക്കും എതിരായ വെല്ലിവിളിയാണെന്നും (challenge of civilization), അതിനാല്‍ കാലാവസ്ഥവ്യതിയാനത്തിന്‍റെ പച്ചയായ മാനവികമുഖത്തിനും കെടുതികള്‍ക്കും എതിരെ കണ്ണടയ്ക്കാതെ നന്മയുള്ള അന്തസ്സുള്ള ഭാവിക്കായി ഒത്തൊരുമിച്ചു പരിശ്രമിക്കാം എന്ന് ആഹ്വാനംചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം കര്‍ദ്ദിനാള്‍ പരോളിന്‍ ഉപസംഹരിച്ചത്.
 

05 December 2019, 09:23