തിരയുക

Vatican News
2019.12.23 foto del papa davanti al presepe a santa marta 2019.12.23 foto del papa davanti al presepe a santa marta  (© Vatican Media)

പേപ്പല്‍ വസതി “സാന്താ മാര്‍ത്ത”യിലെ പുല്‍ക്കൂട്

സാന്താ മാര്‍ത്തയില്‍ ഉണ്ണീശോയ്ക്ക് ഒരുക്കിയ ലളിതവും സുന്ദരവുമായി ചെറിയ പുല്‍ക്കൂട്.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പേപ്പല്‍ വസതിയിലെ കലാചാതുരിയുള്ള ക്രിബ്ബ്
പതിവുപോലെ പാപ്പാ ഫ്രാന്‍സിസിന്‍റെ വത്തിക്കാനിലെ വാസസ്ഥാനമായ സാന്താ മാര്‍ത്ത അതിഥി മന്ദിരത്തിലും ഇക്കുറി പ്രത്യേക പുല്‍ക്കൂട് നിര്‍മ്മിച്ചു. പതിവുള്ള ഒരടിയോളം വലുപ്പമുള്ള രൂപകങ്ങളാണ് ഉപയോഗിച്ചതെങ്കിലും സംവിധാനത്തിനും ചിത്രസംയോജനത്തിലും റോമിലെ കലാകാരന്‍, അലസാന്ദ്രോ ദി പ്ലാചിഡിയുടെ കരസ്പര്‍ശം പാപ്പായുടെ ക്രിബ്ബിനെ കൂടുതല്‍ വര്‍ണ്ണാഭയുള്ളതും ശ്രദ്ധേയവുമാക്കി.

2. അതിഥി മന്ദിരത്തിലെ വിശിഷ്ടാതിഥി
പാപ്പാ താമസിക്കുന്നത് വത്തിക്കാന്‍റെ അതിഥിമന്ദിരമായ സാന്താ മാര്‍ത്ത മന്ദിരത്തിന്‍റെ രണ്ടാം നിലയിലാണ്. ക്രിബ്ബ് സജ്ജമാക്കിയിരിക്കുന്നത് താഴത്തെ നിലയിലും, എല്ലാവരും കയറിവരുന്നതും കാഴ്ച സൗകര്യമുള്ളതുമായ ഭാഗത്തുതന്നെയാണ്. വിസ്തൃതവും വിശാലവുമായ അപ്പസ്തോലിക അരമനയിലെ സൗകര്യങ്ങള്‍ വേണ്ടെന്നുവെച്ചാണ് പാപ്പാ ഫ്രാന്‍സിസ് 2013-ല്‍ സ്ഥാനാരോപിതനായ ദിവസം മുതല്‍ വത്തിക്കാന്‍ തോട്ടത്തിന്‍റെ തെക്കു കിഴക്കെ അതിര്‍ത്തിയില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലക്കയില്‍നിന്നും ഒരു കല്ലേറു മാത്രം ദൂരെയുള്ള വത്തിക്കാന്‍റെ സാന്താ മാര്‍ത്തയെന്നു പേരുള്ള അതിഥിമന്ദിരത്തില്‍ പാര്‍ക്കുന്നത്. ചെറിയ മൂന്നുമുറി ഫ്ലാറ്റില്‍ താമസിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് തയ്യാറായത് അദ്ദേഹത്തില്‍ ആര്‍ക്കും ദര്‍ശിക്കാവുന്ന ജീവിത ലാളിത്യത്തിന്‍റെ പ്രതീകം തന്നെ! ഈ അതിഥി മന്ദിരത്തിന്‍റെ പ്രധാനപ്പെട്ട വരാന്തയിലും, പാപ്പാ ദിവ്യബലി അര്‍പ്പിക്കാറുള്ള കപ്പേളയുടെ ഉമ്മറത്തായിട്ടുമാണ് ഈ വര്‍ഷത്തെ ക്രിബ്ബ് സജ്ജമാക്കിയിരിക്കുന്നത്.

3. പുല്‍ക്കൂടിന്‍റെ സവിശേഷതകള്‍
കേന്ദ്രഭാഗത്ത് തിരുപ്പിറവിയുടെ ചിത്രീകരണമാണ് – മേരിയും യൗസേപ്പും ഉണ്ണിയും! അവരോടു ചേര്‍ന്നു നില്ക്കുന്നത് ഒരു കാളയും കഴുതയുമാണ്. യേശു പിറന്ന ബെതലഹേമിലെ കാലിത്തൊഴുത്തിന്‍റെ ചെറുമയും വിനീതാവസ്ഥയും പ്രതിഫലിപ്പിക്കുന്നതാണ് കാലികളുടെ സാമീപ്യം. എന്നാല്‍ പുല്‍ക്കൂടിന്‍റെ മുകളില്‍ കേന്ദ്രഭാഗത്തും പാര്‍ശ്വങ്ങളിലുമായി സ്വര്‍ണ്ണച്ചിറകുകളുള്ള മൂന്നു മാലാഖമാര്‍ “ഗ്ലോരിയ ഗീതം” ആലപിക്കുന്നു. മാലാഖമാര്‍ പുല്‍ക്കൂടിന് അലങ്കാരമായി സ്ഥാപിച്ചിരിക്കുന്നെങ്കിലും, അവര്‍ പുഞ്ചിരിയോടെ ജാതനായ പൊന്നുണ്ണിയെ പാടിസ്തുക്കുന്ന അനുഭവമാണ് കാണികള്‍ക്കു ലഭിക്കുന്നത്.

4. പുല്‍ക്കൂടിന്‍റെ  പുറംകാഴ്ചകള്‍
പുല്‍ക്കൂടിനു പുറമെ അല്പം അകലെയായി കാണുന്ന ആട്ടിടയന്മാര്‍ കൂടെയുള്ള തങ്ങളുടെ ആടുകള്‍ക്കൊപ്പം പുല്‍ക്കൂടിന് അഭിമുഖമായി നീങ്ങുന്നതായും, ദിവ്യഉണ്ണിയെ വണങ്ങാനുള്ള തീക്ഷ്ണതയോടെ നടന്നടുക്കുന്നതായും ആര്‍ക്കും അനുഭവപ്പെടും. പുല്‍ക്കുടിലിനു പുറത്ത്, എന്നാല്‍ അവിടേയ്ക്ക് നടന്നടുക്കുന്ന സ്ത്രീ തലയില്‍ ഒരു മണ്‍പാത്രത്തില്‍ ജലവുമായിട്ടാണ് വരുന്നത്. അയല്‍വാസിയായ സ്ത്രീ കാലിത്തൊഴുത്തിലെ അപരിചതരുടെ ആവശ്യം മനസ്സിലാക്കി അടുത്തുള്ള തന്‍റെ കുടിലില്‍നിന്നും സഹായവുമായി എത്തിയതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പുല്‍ക്കൂടിന്‍റെ ഉമ്മറത്തു മേയുന്ന ഏതാനും ആടുകളും പച്ചപ്പുല്‍ത്തകിടിയും, ഹരിതാഭയുള്ള ചെറുചെടികളും പുല്‍ക്കൂട്ടില്‍പ്പിറന്ന സര്‍വ്വാധീശനെ മഹത്വപ്പെടുത്തുന്ന പ്രതീതി ഉയര്‍ത്തുകയും തിരുപ്പിറവിയുടെ ചിത്രീകരണത്തെ സജീവമാക്കുകയും ചെയ്യുന്നു.

5. ദിവ്യഉണ്ണിക്ക് സ്തുതിപാടുന്ന ആകാശദീപങ്ങള്‍
ദീപ്തമായ പ്രകാശരശ്മി പുല്‍ക്കൂടിനെയും ദിവ്യഉണ്ണിയെയും പ്രശോഭിതമാക്കുമ്പോള്‍, പശ്ചാത്തലത്തില്‍ ചെറുതാരകള്‍ കണ്ണുചിമ്മി ഒരു മഹല്‍സംഭവത്തിന്‍റെ സവിശേഷമായ നീലാഭ തെളിയിച്ചു നില്ക്കുന്നു. അങ്ങകലെ ഉദിച്ചുയര്‍ന്ന ഒരു വലിയ നക്ഷത്രം ദിവ്യശിശുവിനെ വണങ്ങി ആരാധിക്കുവാനും കാഴ്ചകള്‍ സമര്‍പ്പിക്കാനും ഇനിയും പുല്‍ക്കൂട്ടില്‍ എത്തിച്ചേരേണ്ട കിഴക്കുനിന്നുമുള്ള മൂന്നു ജ്ഞാനികളുടെ ഓര്‍മ്മ ആരിലും വിരിയിക്കുന്നു.

6. പുല്‍ക്കൂട്ടിന്‍റെ മുന്നില്‍
പ്രാര്‍ത്ഥിക്കുന്ന പാപ്പാ ഫ്രാന്‍സിസ്

ക്രിസ്തുമസ് രാത്രിയില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച പാതിരാക്കുര്‍ബ്ബാന കഴിഞ്ഞ് പേപ്പല്‍ വസതിയില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസ് നേരെ തന്‍റെ ഭവനത്തിലെ പുല്‍ക്കൂട്ടിലേയ്ക്ക് നടന്നടുത്തു. കണ്‍കുളിര്‍ക്കെ ചെറിയ ക്രിബ്ബും അതിലെ സവിശേഷതകളും കൗതുകത്തോടും ചെറു പഞ്ചിരിയോടുകൂടെ നോക്കിനിന്നു. പിന്നെ ഏതാനു നിമിഷങ്ങള്‍ നമ്രശിരസ്ക്കനായി ഉണ്ണീശോയെ ആരാധിച്ചു. ക്രിസ്തുമസ് രാത്രിക്കുശേഷം ഈ ദിനങ്ങളില്‍ ഒരിക്കലെങ്കിലും തനിച്ച് ക്രിബ്ബിനു മുന്നില്‍ പ്രാര്‍ത്ഥിക്കാത്ത ദിവസങ്ങളില്ലെന്ന് പാപ്പായുടെ ഇപ്പോഴത്തെ പേര്‍സണല്‍ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ യൊവാന്നീസ് ലാസി ഖായിദ് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോടു പറഞ്ഞു.

7. പുല്‍ക്കൂടിന് ആധാരം സുവിശേഷങ്ങള്‍
ബെതലഹേമില്‍ ഈശോയുടെ ജനനത്തിന്‍റെ വിവരണം പറയുന്ന സുവിശേഷങ്ങളിലാണ് പുല്‍ക്കൂടിന്‍റെ ഉല്പത്തി കണ്ടെത്താനാവുന്നത്. വിശുദ്ധ ലൂക്കാ സുവിശേഷകന്‍ പച്ചയായി കുറിക്കുന്നത്, “മറിയം തന്‍റെ കടിഞ്ഞൂല്‍പ്പുത്രനെ പ്രസവിച്ചു. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് അവനെ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല”
(2, 7). ലത്തീന്‍ ഭാഷയില്‍ പുല്‍ത്തൊട്ടിക്ക് “പ്രെസീപിയൂം” Presipium, ഇംഗ്ലിഷില്‍ Manger എന്ന വാക്കുകളാണ് ഉപയോഗിക്കുന്നത്.

അങ്ങനെ ദൈവപുത്രനായിരുന്നിട്ടും അവിടുത്തേയ്ക്കു പിറക്കാന്‍ ഈ ഭൂമിയില്‍ ഇടം ലഭിച്ചത് കാലികള്‍ മേയുന്ന പുല്‍മേട്ടിലാണ്. സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങി വന്ന അപ്പമെന്ന് സ്വയം വെളിപ്പെടുത്തിയ അവിടുത്തേയ്ക്ക് ആദ്യ കിടക്കയായി ലഭിച്ചത് വൈക്കോലാണ്
(യോഹ. 6, 41). വിശുദ്ധ അഗസറ്റിന്‍ മറ്റു സഭാപിതാക്കന്മാര്‍ക്കൊപ്പം ഈ പ്രതീകാത്മകതയില്‍ ഏറെ സംപ്രീതനായി പറയുന്നത്, “പുല്‍ത്തൊട്ടിയില്‍ ശയിച്ചവന്‍ നമ്മുടെ ആത്മീയ ഭോജ്യമായി” (പ്രഭാഷണം 189, 4). തീര്‍ച്ചയായും പുല്‍ക്കൂട് ക്രിസ്തുവിന്‍റെ നിരവധി മൗതിക രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും, നമ്മുടെയും ജീവിതങ്ങളിലേയ്ക്ക് ആ ദൈവിക രഹസ്യങ്ങളെ പ്രസരിപ്പിക്കുകയും ചെയ്യുന്നു (Pope Francis, Admirabile Signum, 2, 2.1).
 

29 December 2019, 14:15