സ്നേഹം, ശാന്തി, പ്രത്യാശ പകരുന്ന കുട്ടികൾ
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
എണ്ണൂറോളം പേർ സന്നിഹിതരായിരുന്ന പോൾ ആറാമൻ ഹാളിൽ പാപ്പായുടെ 83 ആം ജന്മദിനത്തിന്‍റെ അനുസ്മരണവും ഉണ്ടായിരുന്നു. കേക്ക് നൽകിയും സംഗീതവും നൃത്തവും കാഴ്ച്ച വച്ചുമായിരുന്നു അവർ പാപ്പായ്ക്ക് ക്രിസ്തുമസ് ആശംസയർപ്പിച്ചത്. അവിടെ സന്നിഹിതരായിരുന്ന കുട്ടികളെ നോക്കി പാപ്പാ "ഈ കുട്ടികൾ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു. അവർ ചെയ്യുന്ന ഈ കാര്യങ്ങളെ കാണുന്നതിൽ ഞാൻ സന്തോഷിക്കുന്നു. നിങ്ങൾ നന്നായി പാടി" എന്ന് അഭിനന്ദിച്ചു. തുടർന്ന് കുട്ടികൾക്ക് സന്തോഷം നൽകുന്നത് വളരെ വലിയ കാര്യമാണ്. കുട്ടികളുമായി എങ്ങനെ കളിക്കണമെന്ന് മാതാപിതാക്കൾ നന്നായി അറിയുന്നു. അതിലൂടെ അവര്‍ വളരെ വലിയ കാര്യമാണ് നിര്‍വ്വഹിക്കുന്നത് എന്ന് പറഞ്ഞ പാപ്പാ നിഷ്കളങ്കമായ കുട്ടികളുടെ പ്രകടനങ്ങളെ സ്മരിക്കുകയും ആ സമ്മേളനത്തിന് നന്ദി പറയുകയും ചെയ്തു. കുട്ടികൾ മുന്നോട്ടു കൊണ്ടുവന്ന മൂന്ന് പെട്ടികളില്‍ അടങ്ങിയിരുന്ന പ്രത്യാശ, സ്നേഹം, സമാധാനം എന്ന സന്ദേശങ്ങളുടെ പ്രാധാന്യത്തെ പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.
90 വർഷത്തിലേറെയായി വൈദ്യസഹായം ആവശ്യമുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും സാന്താ മാർത്തായിലെ ഡിസ്പെൻസറി സഹായം നൽകി വരുന്നു. വത്തിക്കാനിലെ പേപ്പല്‍വസതിക്ക് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. 1922ൽ പിയൂസ് പതിനൊന്നാമൻ മാർപ്പാപ്പാ സ്ഥാപിച്ച ഈ ഡിസ്പെൻസറി 2005ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പാ സന്ദർശിച്ചിരുന്നു.