തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിലെത്തുന്നു 27/11/2019 ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിലെത്തുന്നു 27/11/2019 

തായ്‌ലന്‍റ്, ജപ്പാന്‍ അപ്പസ്തോലിക സന്ദര്‍ശനം-പുനരവലോകനം

ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശനം പ്രഭാഷണം: പാപ്പാ ഈ മാസം 19-26 വരെ (19-26/11/2019) തായ്‌ലന്‍റ്, ജപ്പാന്‍ എന്നീ നാടുകളില്‍ നടച്ചിയ അപ്പസ്തോലിക യാത്രയെക്കുറിച്ച്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇറ്റലിയുടെ പലഭാഗങ്ങളിലും മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മറ്റും  ജനജീവിതം താറുമാറാക്കിയിരിക്കയാണ്. എന്നാല്‍ റോമില്‍ ഈ ബുധനാഴ്ച (27/11/19) രാവിലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. അഷ്ഠദിന അജപാലനസന്ദര്‍ശനം കഴിഞ്ഞ് ചൊവ്വാഴ്ച രാത്രിയാണ് താന്‍ വത്തിക്കാനില്‍ തിരിച്ചെത്തിയതെങ്കിലും,    ഫ്രാന്‍സീസ് പാപ്പാ, ബുധനാഴ്ച പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്ക് മുടക്കം വരുത്തിയില്ല.വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണംതന്നെ ആയിരുന്നു വേദി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ നിരവധിപ്പേര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ  ചത്വരത്തിലെത്തിയപ്പോള്‍ ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.  ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ, ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, ആ വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവരുന്ന കുഞ്ഞുങ്ങളെ പാപ്പാ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ  പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

മത്തായിയുടെ സുവിശേഷത്തില്‍ നിന്ന്:

“(16) യേശു നിര്‍ദ്ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി. (17)അവനെ കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. എന്നാല്‍ ചിലര്‍ സംശയിച്ചു. (18)യേശു അവരെ സമീപിച്ച്, അരുളി ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.(19) ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. (20)പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനനം നല്കുവിന്‍. ഞാന്‍ നിങ്ങളോട കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകുടെ ഉണ്ടായിരിക്കും”  (മത്തായി 28:16-20)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, താന്‍ ഈ മാസം 19-26 വരെ (19-26/11/2019) തായ്‌ലന്‍റ്, ജപ്പാന്‍ എന്നീ നാടുകള്‍ വേദികളാക്കി നടത്തിയ മുപ്പത്തിരണ്ടാം വിദേശ അപ്പസ്തോലിക യാത്ര പുനരവലോകനം ചെയ്തു.  ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ  മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌,‍ 

തായ്‌ലന്‍റ്, ജപ്പാന്‍ എന്നീ നാടുകളില്‍ നടത്തിയ അപ്പസ്തോലികയാത്ര കഴിഞ്ഞ് ഇന്നലെയാണ് (26/11/19) ഞാന്‍ തിരിച്ചെത്തിയത്. ആ യാത്രയെന്ന ദാനത്തിന് ഞാന്‍ കര്‍ത്താവിനോ‍ട് ഏറെ കൃതജ്ഞതയുള്ളവനാണ്. എന്നെ ക്ഷണിക്കുകയും അതീവ കരുതലോടെ എന്നെ വരവേല്ക്കുകയും ചെയ്ത ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളോടും അവിടങ്ങളിലെ മെത്രാന്മാരോടുമുള്ള നന്ദി ഞാന്‍ നവീകരിക്കുയാണ്. തായ്‌ലന്‍റിലെയും, ജപ്പാനിലെയും ജനങ്ങളോടും ഞാന്‍ എന്‍റെ  കൃതജ്ഞത പ്രത്യേകം രേഖപ്പെടുത്തുന്നു. ഈ സന്ദര്‍ശനം ആ ജനതകളോടുള്ള എന്‍റെ സാമീപ്യവും വാത്സല്യവും സംവര്‍ദ്ധകമാക്കി. ദൈവം ആ ജനതകളെ ഐശ്വര്യവും സമാധാനവും സമൃദ്ധമായി നല്കി അനുഗ്രഹിക്കട്ടെ.

പുഞ്ചിരി തൂകുന്ന ജനതയുടെ നാട്ടില്‍

പുരാതന സാമ്രാജ്യമായ തായ്‌ലന്‍റ് അത്യധികം ആധുനികവത്കൃതമായിരിക്കുന്ന ഒരു നാടാണ്. അന്നാടിന്‍റെ രാജാവും പ്രധാനമന്ത്രിയും മറ്റ് അധികാരികളുമായും കൂടിക്കാഴ്ച നടത്തിക്കൊണ്ട് ഞാന്‍ തായ് ജനതയുടെ, സുസ്മേര ജനതയുടെ ആദ്ധ്യാത്മികവും സാസ്കാരികവുമായ സമ്പന്ന പാരമ്പര്യത്തിന് ആദരവര്‍പ്പിച്ചു. പുഞ്ചിരി തൂകുന്ന ഒരു ജനത.  അന്നാടിന്‍റെ വ്യത്യസ്ത ഘടകങ്ങള്‍ തമ്മില്‍ ഐക്യം ഉളവാക്കാനും വികസനം എല്ലാവര്‍ക്കും  ഗുണപ്രദമാക്കാനും ചൂഷണത്തിനിരകളായവരുടെ, വിശിഷ്യ, സ്ത്രീകളുടെയും കുട്ടികളുടെയും മുറിവുകള്‍ സൗഖ്യമാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഞാന്‍ പ്രചോദനം പകര്‍ന്നു. ബുദ്ധമതം, തായ്ജനതയുടെ ചരിത്രത്തിന്‍റെയും ജീവിതത്തിന്‍റെയും അവിഭാജ്യഘടകമാകയാല്‍ ബുദ്ധമതമതക്കാരുടെ പരമോന്നത പാത്രിയാര്‍ക്കിനെ ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. ലോകത്തില്‍ സഹാനഭൂതിയും സാഹോദര്യവും അഭിവൃദ്ധിപ്പെടുന്നതിനു വേണ്ടി എന്‍റെ  മുന്‍ഗാമികള്‍ തുടങ്ങിവച്ച പരസ്പരാദരവിന്‍റെതായ പാതയിലൂടെയാണ് ഞാന്‍ ഈ സന്ദര്‍ശനം നടത്തിയത്. ഈ ഒരു അര്‍ത്ഥത്തില്‍ ഏറെ സുപ്രധാനമായിരുന്നു അന്നാട്ടിലെ പ്രമുഖ സര്‍വ്വകലാശാല ആതിഥ്യമരുളിയ എക്യുമെനിക്കല്‍-മതാന്തര സമാഗമം.

തായ്‌ലന്‍റിലെ സഭ

തായ്‌ലന്‍റിലെ സഭയുടെ സാക്ഷ്യം രോഗികള്‍ക്കും സമൂഹത്തിലെ ഏറ്റം ചെറിയവരുമായവര്‍ക്കുള്ള സേവനത്തിലൂടെയും കടന്നുപോകുന്നു. അവയില്‍ അതിശ്രേഷ്ഠമായ ഒന്നാണ് വിശുദ്ധ ലൂയിസിന്‍റെ നാമത്തിലുള്ള ആതുരാലയത്തിന്‍റെ  പ്രവര്‍ത്തനം. പ്രസ്തുത ആശുപത്രി ഞാന്‍ സന്ദര്‍ശിക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രചോദനം പകരുകയും രോഗികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും മെത്രാന്മാര്‍ക്കും എന്‍റെ  സഹസഹോദരങ്ങളായ ഈശോസഭാക്കാര്‍ക്കും വേണ്ടി ഞാന്‍ സമയം നീക്കിവയ്ക്കുകയുണ്ടായി. ബാങ്കോക്കില്‍, ദേശീയ സ്റ്റേഡിയത്തില്‍ വച്ച് അഖില ദൈവജനത്തിനു വേണ്ടിയും പിന്നീട് കത്തീദ്രലില്‍ വച്ച് യുവജനത്തിനുവേണ്ടിയും ദിവ്യബലി അര്‍പ്പിച്ചു. യേശുക്രിസ്തു രൂപമേകിയ പുതിയ കുടുംബത്തില്‍ തായ് ജനതയുടെ വദനങ്ങളും സ്വരങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് അവിടെ വച്ച് അനുഭവിച്ചറിയാന്‍ നമുക്കു സാധിച്ചു.

ഉദയസൂര്യന്‍റെ നാട്ടില്‍

പിന്നീട് ഞാന്‍ ജപ്പാനിലേക്കു പോയി. ടോക്കിയോയില്‍ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ എത്തിയ എന്നെ അന്നാട്ടിലെ മെത്രാന്മാര്‍ സ്വാഗതം ചെയ്തു. വളരെ ചെറുതും എന്നാല്‍ യേശുവിന്‍റെ സുവിശേഷമാകുന്ന ജീവജലത്തിന്‍റെ  സംവാഹകയുമായ ഒരു സഭയുടെ ഇടയന്മാരായിരിക്കുക എന്ന വെല്ലുവിളിയെക്കുറിച്ച് അവരുമായി സംവദിച്ചു.

ജപ്പാനിലെ അപ്പസ്തോലിക യാത്രയുടെ മുദ്രാവാക്യം “എല്ലാ ജീവനും സംരക്ഷണമേകുക” എന്നതായിരുന്നു. അണുബോംബിന്‍റെ മുറിവുകള്‍ പേറുന്ന ആ രാജ്യം ജീവന്‍ സമാധാനം എന്നീ മൗലികാവകാശങ്ങളുടെ ആഗോള വക്താവാണ്. നാഗസാക്കിയിലും ഹിരോഷിമയിലും ഞാന്‍ പ്രാര്‍ത്ഥിച്ചു. അണുബോംബാക്രമണത്തെ അതിജീവിച്ചവരും ഈ ആക്രമണത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങളുമടങ്ങിയ ഏതാനും പേരുമായി കൂടിക്കാഴ്ച നടത്തി. അണുവായുധങ്ങളെയും യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കുകയും വില്ക്കുകയും ചെയ്തുകൊണ്ട്  സമാധാനത്തെക്കുറിച്ചു സംസാരിക്കുന്ന കാപട്യത്തെയും ഞാന്‍ ഒരിക്കല്‍കൂടി അപലപിച്ചു. ആ ആണവദുരന്തത്തിനുശേഷം ജപ്പാന്‍ ജീവനു വേണ്ടി പോരാടുന്നതിനുള്ള അനന്യസാധാരണമായ ശക്തി പ്രകടമാക്കി. അടുത്ത കാലത്തും, അതായത്, 2011 ല്‍ ഉണ്ടായ ഭൂകമ്പം, സുനാമി, ആണവകേന്ദ്ര അപകടം എന്നീ ത്രിവിധ ദുരന്തങ്ങള്‍ക്കു ശേഷവും ഈ ശക്തി ജപ്പാന്‍ കാണിക്കുന്നു.

ജീവന്‍റെ സംരക്ഷണം

ജീവന് സംരക്ഷണം നല്കണമെങ്കില്‍ അതിനെ സ്നേഹിക്കേണ്ടിയിരിക്കുന്നു. വികസിത നാടുകളില്‍ ഇന്നുള്ള ഏറ്റവും കടുത്ത ഭീഷണി ജീവിക്കുക എന്നതിന്‍റെ പൊരുള്‍ നഷ്ടപ്പെടുന്നതാണ്.

ജീവിക്കുക എന്നതിന്‍റെ അര്‍ത്ഥം നഷ്ടപ്പെടുന്നതിനാലുള്ള ശൂന്യതയക്ക് ആദ്യം ഇരകളായിത്തീരുന്നത് യുവജനമാണ്. അതുകൊണ്ടു തന്നെ ടോക്കിയോയില്‍ ഒരു കൂടിക്കാഴ്ച അവരുമായിട്ടുള്ളതായിരുന്നു. അവരുടെ ചോദ്യങ്ങളും സ്വപ്നങ്ങളും ഞാന്‍ കേട്ടു. സകലവിധ ഭീഷണികളെയും ഒറ്റക്കെട്ടായി നേരിടാനും ദൈവ സ്നേഹത്തിനു സ്വയം തുറന്നിട്ടുകൊണ്ടും പ്രാര്‍ത്ഥനയിലൂടെയും പരസേവനത്തിലൂടെയും ഭയത്തെയും അടച്ചിടലുകളെയും ജയിക്കാനും ഞാന്‍ അവര്‍ക്ക്  പ്രചോദനം പകര്‍ന്നു. “സോഫിയ” സര്‍വ്വകലാശാലയില്‍ വച്ച് അദ്ധ്യാപകദ്ധ്യേതാക്കൊള്‍ക്കൊപ്പം മറ്റു യുവജനങ്ങളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തി. ഈ സര്‍വ്വകലാശാലയും,  ജപ്പാനിലെ മറ്റു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പോലെ തന്നെ ജപ്പാനില്‍ ഏറെ വിലമതിക്കപ്പെടുന്നു.

ടോക്കിയോയില്‍ വച്ച് നരുഹിതൊ രാജാവിനെ സന്ദര്‍ശിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. അദ്ദേഹത്തോടുള്ള നന്ദി ഞാന്‍ നവീകരിക്കുന്നു. അന്നാടിന്‍റെ  അധികാരികളും അവിടത്തെ നയതന്ത്രപ്രതിനിധികളുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി. സമാഗമത്തിന്‍റെയും സംഭാഷണത്തിന്‍റെയുമായതും വിവേകവും വിശാലതയും സവിശേഷതയായുള്ളതുമായ ഒരു സംസ്കൃതി ഞാന്‍ ആശംസിച്ചു. മതപരവും ധാര്‍മ്മികവുമായ മൂല്യങ്ങളോടു വിശ്വസ്ത പുലര്‍ത്തുകയും സുവിശേഷസന്ദേശത്തോടു തുറവു കാട്ടുകയും ചെയ്തുകൊണ്ട്, ജപ്പാന്,  നീതിയും സമാധാനവും ഏകതാനതയും മനുഷ്യര്‍ക്കിടയിലും പരിസ്ഥിതിയിലും കൂടുതല്‍ പുലരുന്ന ഒരു ലോകത്തിലേക്കു നയിക്കാന്‍ കഴിയുന്ന ഒരു രാജ്യമാകാന്‍ സാധിക്കും.

പ്രിയ സഹോദരീസഹോദരന്മാരേ, തായ്‌ലന്‍റിലെയും ജപ്പാനിലെയും ജനങ്ങളെ നമുക്ക് ദൈവത്തിന്‍റെ നന്മയ്ക്കും അവിടത്തെ പരിപാലനയ്ക്കും സമര്‍പ്പിക്കാം. നന്ദി.   

സമാപനാഭിവാദനങ്ങള്‍

 പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

അല്‍ബേനിയായില്‍ ഭൂകമ്പദുരന്തത്തിനിരകളായവര്‍ക്ക് പാപ്പായുടെ പ്രാര്‍ത്ഥന

ചൊവ്വാഴ്ച (26/11/19) പുലര്‍ച്ചെ അല്‍ബേനിയയിലെ ദുറെസ്സ് പട്ടണം പ്രഭവകേന്ദ്രമായുണ്ടായതും ഭൂകമ്പമാപിനിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയതുമായ ഭൂമികുലുക്ക ദുരന്തം മൂലം വേദനിക്കുന്ന ജനങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. 

ഈ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ട് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി .താന്‍ ആദ്യമായി സന്ദര്‍ശിച്ച യൂറോപ്യന്‍ രാജ്യമാണ് അല്‍ബേനിയ എന്നതും പാപ്പാ അനുസ്മരിച്ചു.

നവവാഴ്ത്തപ്പെട്ട ദൊണിസ്സേത്തി തവാരെസ് ജെ ലീമ

ഇക്കഴിഞ്ഞ ശനിയാഴ്ച (23/11/19) ബ്രസീലിലെ തമ്പവു എന്ന സ്ഥലത്തു വച്ച് വൈദികന്‍ ദൊണിസ്സേത്തി തവാരെസ് ജെ ലീമ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിനെക്കുറിച്ചും പാപ്പാ തുടര്‍ന്ന് പരാമര്‍ശിച്ചു.

തന്‍റെ ജനത്തിനായി പൂര്‍ണ്ണമായി അര്‍പ്പണം ചെയ്ത ഒരു ഇടയാനും സുവിശേഷ ഉപവിയുടെ സാക്ഷിയും പാവപ്പെട്ടവരുടെ ധീര സംരക്ഷകനും ആയിരുന്നു നവവാഴ്ത്തപ്പെട്ടവന്‍ എന്ന് പാപ്പാ അനുസ്മരിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, പാപ്പാ, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്തു.

പാപ്പാ ഗ്രേച്ചൊ സന്ദര്‍ശിക്കും-ദൈവജനത്തിന് ഒരു കത്തു നല്കും

ആരാധനക്രമ വത്സരത്തില്‍ അടുത്ത ഞായറാഴ്ച (01/12/19) ആഗമനകാലം ആരംഭിക്കുന്നതിനെക്കുറിച്ചു തദ്ദവരത്തില്‍ സൂചിപ്പിച്ച പാപ്പാ, അന്നു താന്‍, ആദ്യമായി പുല്‍ക്കൂടു നിര്‍മ്മിക്കപ്പെട്ട ഇടമായ ഗ്രേച്ചൊ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുമെന്നും പുല്‍ക്കൂടിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഉതകുന്ന ഒരു കത്ത് വിശ്വാസികള്‍ക്കായി നല്കുമെന്നും വെളിപ്പെടുത്തുകയും വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി ആണ് ആദ്യ പുല്‍ക്കൂടു നിര്‍മ്മിച്ചതെന്ന് അനുസ്മരിക്കുകയും ചെയ്തു. ഇറ്റലിയിലെ റിയേത്തി പ്രവിശ്യയിലാണ് ഗ്രേച്ചൊ സ്ഥിതി ചെയ്യുന്നത്.

രക്ഷകനെ പാര്‍ത്തിരിക്കുന്ന വേളയായ ഈ ആഗമന കാലം സകലരുടെയും ഹൃദയങ്ങളെ പ്രത്യാശയാല്‍ നിറയ്ക്കട്ടെയെന്നും ഏറ്റം ആവശ്യത്തിലിരിക്കുന്നവര്‍ക്കുള്ള സേവനത്തില്‍ എല്ലാവരും ആനന്ദം കണ്ടെത്തട്ടെയെന്നും പാപ്പാ ആശംസിച്ചു.     

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്,  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

27 November 2019, 12:52