തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ജപ്പാന്‍ ജനതയ്ക്ക് വീഡിയൊ സന്ദേശം നല്കുന്നു 18/11/2019 ഫ്രാന്‍സീസ് പാപ്പാ ജപ്പാന്‍ ജനതയ്ക്ക് വീഡിയൊ സന്ദേശം നല്കുന്നു 18/11/2019 

ജപ്പാന്‍ ജനതയ്ക്ക് പാപ്പായുടെ വീഡിയൊ സന്ദേശം!

പിളര്‍പ്പുകളെ തരണം ചെയ്യുന്നതിനും മാനവാന്തസ്സിനോടുള്ള ആദരവ് പരിപോഷിപ്പിക്കുന്നതിനും ജനതകളുടെ സമഗ്രമായ പുരോഗതിയില്‍ മുന്നേറുന്നതിനും സംഭാഷണത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംസ്കൃതിക്ക് അതീവ പ്രാധാന്യമുണ്ടെന്ന് ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അണുവായുധ പ്രയോഗം അധാര്‍മ്മികം എന്ന് മാര്‍പ്പാപ്പാ.

ഈ മാസം 19, ചൊവ്വാഴ്ച, മുതല്‍ ഇരുപത്തിയാറാം തീയതി വരെ നീളുന്ന മുപ്പത്തിരണ്ടാം വിദേശ അപ്പസ്തോലികപര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രണ്ടു രാജ്യങ്ങളില്‍ ഒന്നായ ജപ്പാനിലെ, ജനങ്ങള്‍ക്കായി തിങ്കഴാഴ്ച (18/11/19) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ അണുവായുധങ്ങള്‍ക്കെതിരായ തന്‍റെ  സ്വരം ഒരിക്കല്‍കൂടി ഉയര്‍ത്തിയിരിക്കുന്നത്.

ആണവായുധത്തിന്‍റെ യാതനകള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളനാടായ ജപ്പാനില്‍ താന്‍ നടത്താന്‍ പോകുന്ന ഇടയസന്ദര്‍ശനത്തിന്‍റെ ആദര്‍ശപ്രമേയം "ആകമാന ജീവന്‍റെ  സംരക്ഷണം” ആണെന്നത് പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

സമാധാനപരമായ സഹജീവനത്തിനു നേരെ ഉയരുന്ന ഭീഷണികളെ നേരിടേണ്ടുന്ന ഇന്നത്തെ ലോകത്തില്‍ മനുഷ്യവ്യക്തിയുടെ മൂല്യവും ഔന്നത്യവും സംരക്ഷിക്കുകയെന്ന ശക്തമായ സ്വാഭാവിക പ്രവണത നമ്മുടെ ഹൃദയത്തില്‍ തുടിച്ചുകൊണ്ടിരിക്കുന്നത് സവിശേഷ പ്രാധാന്യം കൈവരിക്കുന്നുവെന്ന് പാപ്പാ പറയുന്നു.

പിളര്‍പ്പുകളെ തരണം ചെയ്യുന്നതിനും മാനവാന്തസ്സിനോടുള്ള ആദരവ് പരിപോഷിപ്പിക്കുന്നതിനും ജനതകളുടെ സമഗ്രമായ പുരോഗതിയില്‍ മുന്നേറുന്നതിനും സംഭാഷണത്തിന്‍റെയും സാഹോദര്യത്തിന്‍റെയും  സംസ്കൃതിക്ക് അതീവ പ്രാധാന്യമുണ്ടെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.  

പാപ്പായുടെ 32-Ↄ○ ഇടയസന്ദര്‍ശനത്തിന്‍റെ ആദ്യഘട്ടം 19-23 വരെ തായ് ലന്‍റിലും രണ്ടാം ഘട്ടം 23-26 വരെ ജപ്പാനിലും ആയിരിക്കും.

19 November 2019, 10:10