തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ "ശാന്തി സ്മാരകത്തില്‍ " പ്രാര്‍ത്ഥനാനമിഗ്നനായി 24/11/2019 ഫ്രാന്‍സീസ് പാപ്പാ ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ "ശാന്തി സ്മാരകത്തില്‍ " പ്രാര്‍ത്ഥനാനമിഗ്നനായി 24/11/2019  (ANSA)

അണുവായുധം കൈവശം വയ്ക്കുന്നതും അധാര്‍മ്മികം-പാപ്പാ

ജപ്പാനിലെ ഹിരോഷിമയില്‍ 1945 ആഗസ്റ്റ 6-ന് അണുബോംബ് സ്ഫോടനമുണ്ടായ സ്ഥലത്ത് പണിതുയര്‍ത്തിയ "ശാന്തി സ്മാരകം " ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച(24/11/19) സന്ദര്‍ശിച്ചു. അവിടെ "സമാധാന സമാഗമത്തില്‍" സംബന്ധിച്ചവരെ പാപ്പാ സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ ഹിരോഷിമയിലെ "ശാന്തി സ്മാരകത്തില്‍ " ഞായറാഴ്ച (24/11/19) നടത്തിയ വിചിന്തനത്തിന്‍റെ സംഗ്രഹം:

“എന്‍റെ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും നാമത്തില്‍ ആശംസിക്കുന്നു: നിനക്കു സമാധാനം” (സങ്കീര്‍ത്തനം 122,8)

നൂറ്റിഇരുപത്തിരണ്ടാം സങ്കീര്‍ത്തനത്തിലെ എട്ടാമത്തേതായ ഈ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ആരംഭിച്ചത്.

പാപ്പാ ഇപ്രകാരം തുടര്‍ന്നു:

കരുണയുടെ ദൈവമേ, ചരിത്രത്തിന്‍റെ കര്‍ത്താവേ, മൃത്യുവിന്‍റെയും ജീവന്‍റെയും, തോല്‍വിയുടെയും പുനര്‍ജനനത്തിന്‍റെയും, സഹനത്തിന്‍റെയും സഹാനുഭൂതിയുടെയും നാല്ക്കവലയായ ഈ വേദിയില്‍ നിന്ന് ഞങ്ങളുടെ കണ്ണുകള്‍ അങ്ങേപ്പക്കലേക്ക് ഉയര്‍ത്തുന്നു.

മാഞ്ഞുപോയ ജീവിതങ്ങളും തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളും

ഇവിടെ അനേകം സ്ത്രീപുരുഷന്മാരുടെ സ്വപ്നങ്ങളും പ്രത്യാശകളും താപോജ്ജ്വല പ്രഭയുടെയും അഗ്നിയുടെയും മദ്ധ്യേ നിഴലും നിശബ്ദതയുമായി മാറി. ഒരു നിമിഷംകൊണ്ട് സകലത്തെയും വിനാശത്തിന്‍റെയും മരണത്തിന്‍റെയു കറുത്ത ഗര്‍ത്തം വിഴുങ്ങി. ഇന്ന് ശേഷിച്ചിട്ടില്ലാത്തവരുടെ ശക്തമായ രോദനം ഇന്നും മൗനത്തിന്‍റെ ആ അഗാധ ഗര്‍ത്തത്തില്‍ നിന്നു ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അവര്‍ വിവിധരാജ്യാക്കാരായിരുന്നു, ഭിന്ന ഭാഷാക്കാരായിരുന്നു, എന്നാല്‍ എല്ലാവരുടെയും വിധി ഒന്നായിരുന്നു. ഈ നാടിന്‍റെ ചരിത്രത്തില്‍ മാത്രല്ല, നരകുലത്തിന്‍റെ വദനത്തിലും എന്നന്നേക്കുമായി ഒരു മുദ്ര പതിച്ച ഭീകര നിമിഷം.

പ്രണാമം

ഈ ഭീകരതയ്ക്കിരകളായ എല്ലാവരെയും ഞാന്‍ അനുസ്മരിക്കുന്നു. ആ ദുരന്തത്തിന്‍റെ  ആദ്യ നിമിഷങ്ങളെ അതിജീവിച്ചവരും എന്നാല്‍ അനേകവര്‍ഷങ്ങള്‍ കടുത്ത ശാരീരിക യാതനകള്‍ സഹിച്ചവരും അവരുടെ ജീവോര്‍ജ്ജത്തെ വറ്റിച്ചുകളഞ്ഞ മൃത്യുവിന്‍റെ  വിത്തുകള്‍ മനസ്സില്‍ പേറിയവരുമായ എല്ലാവരുടെയും ആത്മധൈര്യത്തിനും ഔന്നത്യത്തിനും മുന്നില്‍ ഞാന്‍ ശിരസ്സു നമിക്കുന്നു.

ശാന്തിയുടെ തീര്‍ത്ഥാടകന്‍

പ്രാര്‍ത്ഥിക്കാനും നിഷ്ഠൂരതയുടെ ഇരകളെ ഓര്‍ക്കാനും, നമ്മുടെ ഇക്കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാരുടെ, വിശിഷ്യ, സമാധാനം ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും സമാധാനത്തിനുവണ്ടി ആത്മാര്‍പ്പണം ചെയ്യുകയും ചെയ്യുന്ന യുവജനങ്ങളുടെ, യാചനകളും അഭിവാഞ്ഛകളും പേറിക്കൊണ്ട്  സമാധാനത്തിന്‍റെ  തീര്‍ത്ഥാടകനായി ഇവിടെ എത്തുക എന്നത് എന്‍റെ   കടമയാണെന്ന് എനിക്കു തോന്നി.

സ്വരരഹിതരുടെ സ്വരമായിരിക്കാന്‍

സ്വരമില്ലാത്തവരുടെയും, നമ്മുടെ ഇക്കാലഘട്ടം കടന്നുപോകുന്ന വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന സംഘര്‍ങ്ങളെയും മാനവ സഹജീവനത്തിനു ഭീഷണി ഉയര്‍ത്തുന്ന അസ്വീകാര്യമായ അസമത്വങ്ങളെയും അനീതികളെയും നമ്മുടെ പൊതുഭവനത്തെ പരിപാലിക്കാനുള്ള ഗുരുതരമായ കഴിവില്ലായ്മയെും സമാധാനപരമായ ഒരു ഭാവി ഉറപ്പുനല്കാന്‍ കഴിയുന്നവയാണ് ആയുധങ്ങള്‍ എന്നു കരുതി അവയുടെ പിന്നാലെയുള്ള ഓട്ടത്തെയും അസ്വസ്ഥതയോടും ആശങ്കയോടും വീക്ഷിക്കുന്നവരുടെയും സ്വരമാകാന്‍ ഞാന്‍ വിനീതമായി ആഗ്രഹിക്കുന്നു.

അണുവായുധം അധാര്‍മ്മികം

യുദ്ധത്തിനായി ആണോവാര്‍ജ്ജം ഉപയോഗിക്കുന്നത് മനുഷ്യനും അവന്‍റെ     ഔന്നത്യത്തിനും മാത്രമല്ല നമ്മുടെ പൊതുവായ ഭവനത്തിന്‍റെ ഭാവിക്കുള്ള സകല സാദ്ധ്യതകള്‍ക്കും എതിരായ കുറ്റകൃത്യമാണ് എന്ന എന്‍റെ ബോധ്യം ഞാന്‍ ആവര്‍ത്തിച്ചു പ്ര്യാപിക്കുന്നു. യുദ്ധത്തിനായി ആണോവോര്‍ജ്ജം  ഉപയോഗപ്പെടുത്തുന്നത് അധാര്‍മ്മികമാണ്. അതുപോലെതന്നെ അധാര്‍മ്മികമാണ്,ഞാന്‍ രണ്ടു വര്‍ഷം മുമ്പ് പറഞ്ഞതുപോലെ, അണുവായുധം കൈവശം വയ്ക്കുന്നതും.

സത്യാധിഷ്ഠിത സമാധാനം

സത്യത്തില്‍ അധിഷ്ഠിതവും നീതിക്കനുസൃതം പടുത്തുയര്‍ത്തുന്നതും ഉപവിയാല്‍ ചൈതന്യവത്ക്കരിക്കപ്പെടുന്നതും പൂര്‍ത്തീകരിക്കപ്പെടുന്നതുമല്ലെങ്കില്‍ സമാധാനമെന്നത് പൊള്ളയായ പദം മാത്രമായി അവശേഷിക്കും.

                                                                                        ...............................

തന്‍റെ മുപ്പത്തിരണ്ടാമത്തെ വിദേശ അജപാലന സന്ദര്‍ശത്തിലെ രണ്ടാമത്തെ രാജ്യമായ ജപ്പാനില്‍ ശനിയാഴ്ച (23/11/19) ആണ് പാപ്പാ എത്തിയത്. പാപ്പായുടെ ഈ സന്ദര്‍ശനം ചൊവ്വാഴ്ച (26/11/19) സമാപിക്കും. ഈ അപ്പസ്തോലിക പര്യടനത്തിന്‍റെ പ്രഥമ വേദി തായ്‌ലന്‍റ് ആയിരുന്നു. പത്തൊമ്പതാം തീയതി (19/11/19) ചൊവ്വാഴ്ച വൈകുന്നേരം റോമില്‍ നിന്നു പുറപ്പെട്ട പാപ്പാ ബുധനാഴ്ച (20/11/19) ഉച്ചയോടെ തായ്‌ലന്‍റില്‍ എത്തി. ഇരുപത്തിമൂന്നു വരെ പാപ്പാ തായ്‌ലന്‍റില്‍ ഉണ്ടായിരുന്നു.

 

25 November 2019, 09:49