തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രതിവാര പൊതുദര്‍ശനം അനുവദിക്കാന്‍ എത്തുന്നു, ബുധന്‍ 13/11/2019 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രതിവാര പൊതുദര്‍ശനം അനുവദിക്കാന്‍ എത്തുന്നു, ബുധന്‍ 13/11/2019  (ANSA)

ദിവ്യകാരുണ്യാലയമായി ഭവിക്കുന്ന ഭവനങ്ങളും കുടുംബങ്ങളും!

അല്മായര്‍, അവരുടെ മാമ്മോദീസാ വഴി, വിശ്വാസ മുന്നേറ്റത്തിന്‍റെ ഉത്തരവാദിത്വം പേറുന്നവരാണ്, ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇറ്റലിയില്‍, വെനീസ് ഉള്‍പ്പടെയുള്ള പലഭാഗങ്ങളിലും, മഴയും വെള്ളപ്പൊക്കവും തണുപ്പും പ്രതികൂല കാലാവസ്ഥ സംജാതമാക്കുകയും ജനജീവിതം താറുമാറാക്കുകയും ചെയ്തിരിക്കയാണ്. റോമിലും മഴയും തണുപ്പും പിടിമുറുക്കിയിരിക്കുന്നു. എന്നിരുന്നാലും പതിവുപോലെ ഈ ബുധനാഴ്ചയും (13/11/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണംതന്നെ ആയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ നിരവധിപ്പേര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. കാലാവസ്ഥ മോശമായിരുന്നതിനാല്‍ ബസിലിക്കയുടെ അടുത്തുള്ള പോള്‍ ആറാമന്‍ ശാലയില്‍ വച്ച്  രോഗികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് പാപ്പാ  ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയത്. അപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആരവങ്ങളും ഉയര്‍ന്നു. 

ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ, എതാനും ബാലികാബാലന്മാരെ വാഹനത്തിലേറ്റി, ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, ആ വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവരുന്ന കുഞ്ഞുങ്ങളെ പാപ്പാ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് ആദ്യം കുട്ടികളും തുടര്‍ന്ന് പാപ്പായും വാഹനത്തില്‍ നിന്നിറങ്ങി. തദ്ദനന്തരം പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.വായന

(1) ഇതിനുശേഷം പൗലോസ് ഏഥന്‍സ് വിട്ട് കോറിന്തോസില്‍ എത്തി. (2) അവന്‍ പോന്തസുകാരനായ അക്വീലാ എന്ന യഹൂദനെ കണ്ടുമുട്ടി. അവന്‍ ഭാര്യ പ്രിഷീല്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍ നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളു. എന്തെന്നാല്‍ എല്ലാ യഹൂദരും റോമാ വിട്ടുകൊളളണമെന്ന് ക്ലാവുദിയൂസിന്‍റെ  കല്പനയുണ്ടായിരുന്നു. പൗലോസ് അവരുടെ വീട്ടില്‍ ചെന്നു.(3) അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതുകൊണ്ട് അവന്‍ അവരുടെ കൂടെ താമസിക്കുകയും ഒന്നിച്ചു ജോലി ചെയ്യുകയും ചെയ്തു. കൂടാരപ്പണിയായിരുന്നു അവരുടെ ജോലി”  (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 18:1-3)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു.

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന,  പ്രഭാഷണത്തില്‍ നിന്ന്:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌,‍

ആമുഖം

ഇന്നു (13/11/19) രണ്ടുഘട്ടമായിട്ടാണ് കൂടിക്കാഴ്ച അരങ്ങേറുന്നത്. ഇരുന്നൂറ്റിയമ്പതോളം വരുന്ന രോഗികള്‍ പോള്‍ ആറാമന്‍ ശാലയിലുണ്ട്. അവരെ ഞാന്‍ അഭിവാദ്യം ചെയ്യുകയും ആശീര്‍വദിക്കുകയും ചെയ്തു. മഴകാരണം അവര്‍ക്ക് സൗകര്യപ്രദമായ ഇടം ബസിലിക്കാങ്കണമല്ല, പോള്‍ ആറാമന്‍ ശാലയാണ്. എന്നിരുന്നാലും അവര്‍ ഭീമന്‍ ടെലവിഷന്‍ സ്ക്രീനിലുടെ നമ്മെ വീക്ഷിക്കുന്നുണ്ട്. അവരെ നമുക്ക് കൈയ്യടിയോടെ അഭിവാദ്യം ചെയ്യാം. ഈ ആമുഖവാക്കുകളോടെ പ്രഭാഷണം ആരംഭിച്ച പാപ്പാ തുടര്‍ന്ന് പ്രബോധന പരമ്പരയിലേക്കു കടന്നു.

പൗലോസപ്പസ്തോലന്‍റെ പ്രേഷിത തീക്ഷ്ണത

അക്ഷീണ സുവിശേഷവത്ക്കരണകര്‍ത്താവായ പൗലോസ്, ഏഥന്‍സിലെ വാസത്തിനു ശേഷം, ലോകത്തില്‍ സുവിശേഷ പ്രയാണം മുന്നോട്ടു കൊണ്ടു പോകുന്നതായി അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നു. അദ്ദേഹത്തിന്‍റെ പ്രേഷിതയാത്രയുടെ നൂതന വേദി, റോമന്‍ പ്രവിശ്യയായിരുന്ന അക്കായിയയുടെ തലസ്ഥാനമായ കോറിന്തോസ് ആയിരുന്നു. സുപ്രധാന തുറമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ആഗോളപ്രാധാന്യമുള്ള വ്യാവസായിക നഗരവുമായിരുന്നു അത്.

അക്വീലാ-പ്രെഷീല്ല ദമ്പതികളുടെ അതിഥി

ക്ലാവുദിയൂസ് ചക്രവര്‍ത്തി, യഹൂദര്‍  റോമാ വിട്ടുപോകണമെന്ന കല്പന പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് റോമാ നഗരത്തില്‍ നിന്ന് കോറിന്തോസിലേക്കു താമസം മാറ്റാന്‍ നിര്‍ബന്ധിതരായ  അക്വീലാ-പ്രെഷീല്ല ദമ്പതികളുടെ അതിഥിയായിരുന്നു പൗലോസ് എന്ന് അപ്പസ്തോലപ്രവര്‍ത്തനം, പതിനെട്ടാം അദ്ധ്യായത്തില്‍ നാം വായിക്കുന്നു.

യഹൂദര്‍ പീഡിപ്പിക്കപ്പെടരുത്

ഇവിടെ ഒരുകാര്യം പ്രത്യേകം പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്:  യഹൂദ ജനത, ചരിത്രത്തില്‍, ഏറെ ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അവര്‍ തുരത്തപ്പെട്ടു, പീഢിപ്പിക്കപ്പെട്ടു.... കഴിഞ്ഞ നൂറ്റാണ്ടിലും അവര്‍ക്കെതിരായ നിരവധി ക്രൂരതകള്‍ അരങ്ങേറി. അതൊക്കെ അവസാനിച്ചുവെന്ന് നാമെല്ലാവരും കരുതി. എന്നാല്‍ യഹൂദരെ പീഡിപ്പിക്കുന്ന പതിവ് അങ്ങിങ്ങായി വീണ്ടും തുടങ്ങിയിരിക്കുന്നു. പ്രിയ സഹോദരീസഹോദരന്മാരേ, ഇത് മാനുഷികമോ ക്രൈസ്തവികമോ അല്ല. അവര്‍ പീഢിപ്പിക്കരുത്. മനസ്സിലായോ?

പരദേശിയുടെ അവസ്ഥയും അപരനെ ഉള്‍ക്കൊള്ളുന്ന മനോഭാവവും

ദൈവത്തോടു ഹൃദയം നിറഞ്ഞ വിശ്വസമുള്ളവരും സഹോദരങ്ങളോടു ഉദാരമാനസ്സരും, തങ്ങളെപ്പോലെതന്നെ, പരദേശിയുടെതായ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക്, ഇടം നല്കാന്‍ പ്രാപ്തരുമായിട്ടാണ് അക്വീലാ-പ്രഷീല്ല ദമ്പതികളെ നാം കാണുക. അവരുടെ ഈ സഹതാപഗുണം ആതിഥ്യമെന്ന ക്രിസ്തീയ കലയുടെ അഭ്യസനത്തിന് അഹം വിട്ട് പുറത്തേക്കിറങ്ങുന്നതിനും പൗലോസപ്പസ്തോലനെ സ്വീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു. അങ്ങനെ അവര്‍ പ്രേഷിതനെ മാത്രല്ല അവന്‍ സംവഹിക്കുന്ന ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ  വിളംബരവും സ്വീകരിക്കുന്നു. “വിശ്വസിക്കുന്നവന് രക്ഷയേകുന്ന ദൈവശക്തിയാണ്” ക്രിസ്തുവിന്‍റെ സുവിശേഷം. ആ സമയം മുതല്‍ അവരുടെ ഭവനം, ഹൃദയങ്ങള്‍ക്ക്  ചൈതന്യം പകരുന്ന ജീവിക്കുന്ന വചനത്തിന്‍റെ പരിമളത്താല്‍ പൂരിതമാകുന്നു.

ക്രിസ്തുവില്‍ സഹോദരങ്ങളായവര്‍ക്ക് തുറന്നിടുന്ന ഭവന കവാടങ്ങള്‍

കോറിന്തോസില്‍ അക്വീലയുടെയും പ്രഷീല്ലയുടെയും ഭവനത്തിന്‍റെ വാതില്‍ അപ്പസ്തോലനു മാത്രമല്ല ക്രിസ്തുവില്‍ സഹോദരീസഹോദരങ്ങളായ എല്ലാവര്‍ക്കുമായി തുറക്കുന്നു. വാസ്തവത്തില്‍ അവരുടെ ഭവനത്തില്‍ സമ്മേളിക്കുന്ന ഒരു സമൂഹത്തെക്കുറിച്ചു സംസാരിക്കാന്‍ പൗലോസിന് കഴിയുന്നു. അത് “ഗാര്‍ഹിക സഭ”- “ദോമൂസ് എക്ലേസിയെ” ആയി, വചനശ്രവണത്തിന്‍റെയും വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണത്തിന്‍റെയും ഇടമായി, മാറുന്നു. ഇന്നും, മതസ്വാതന്ത്ര്യം ഇല്ലാത്ത, ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം ഇല്ലാത്ത, ചില നാടുകളില്‍, ക്രൈസ്തവര്‍ പ്രാര്‍ത്ഥനയ്ക്കും ദിവ്യപൂജാര്‍പ്പണത്തിനുമായി, വീടുകളില്‍ രഹസ്യമായി സമ്മേളിക്കുന്നുണ്ട്. ദിവ്യകാരുണ്യാലയമായി ഭവിക്കുന്ന വീടുകളും കുടുംബങ്ങളും ഇന്നുമുണ്ട്.

പൗലോസ് എഫേസോസില്‍

കോറിന്തോസില്‍ ഒന്നര വര്‍ഷത്തെ വാസത്തിനു ശേഷം പൗലോസ് അക്വീലയോടും പ്രിഷീല്ലയോടുമൊപ്പം അവിടം വിട്ട് എഫേസോസില്‍ എത്തുന്നു. അവിടെയും അവരുടെ ഭവനം മതബോധനവേദിയായി പരിണമിക്കുന്നു. അവസാനം ഈ ദമ്പതികള്‍ റോമില്‍ തിരിച്ചെത്തുന്നു. പൗലോസപ്പസ്തോലന്‍ റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ ഈ ദമ്പതികളെ പ്രശംസിക്കുന്നുണ്ട്. “യേശുക്രിസ്തുവില്‍ എന്‍റെ സഹപ്രവര്‍ത്തകരായ പ്രീസ്ക്കയ്ക്കും അക്വീലായക്കും വന്ദനം പറയുവിന്‍. എന്‍റെ ജീവനുവേണ്ടി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയവരാണ് അവര്‍. ഞാന്‍ മാത്രമല്ല, വിജാതീയരുടെ സകല സഭകളും അവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നു” (റോമാ 16:3-4). പീഡന കാലത്ത് എത്രയെത്ര കുടുംബങ്ങളാണ് പീഡിതരെ ഒളിപ്പിക്കുന്നതിന് ജീവന്‍ പണയപ്പെടുത്തിയത്. അത്യധികം ദൗര്‍ഭാഗ്യകരമായ വേളകളിലും ആതിഥ്യമരുളുന്ന കുടുബങ്ങള്‍ക്കുള്ള പ്രഥമ മാതൃകയാണിത്.

മാതൃകാ ദമ്പതികള്‍

ക്രൈസ്തവസമൂഹം മുഴുവന്‍റെയും സേവനത്തില്‍ ഉത്തരവാദിത്വബോധത്തോടെ മുഴുകിയ ദാമ്പത്യജീവിതത്തിന്‍റെ മാതൃകകകളാണ്, പൗലോസിന്‍റെ നിരവധിയായ സഹകാരികളില്‍, അക്വീലയും പ്രിഷീല്ലയും..... വാസ്തവത്തില്‍ ജനങ്ങളാകുന്ന മണ്ണില്‍ വേരുപിടിക്കുന്നതിനും ഓജസ്സോടെ വളരുന്നതിനും ഇത്തരം കുടുംബങ്ങളുടെ പ്രയത്നം ആവശ്യമായിരുന്നു. ചിന്തിച്ചു നോക്കൂ, ആരംഭത്തില്‍ അല്‍മായരും ക്രിസ്തുമത പ്രഘോഷകരായിരുന്നു. അല്മായരേ, നിങ്ങളുടെ മാമ്മോദീസാ വഴി നിങ്ങളും വിശാസ മുന്നേറ്റത്തിന്‍റെ ഉത്തരവാദിത്വം ഉള്ളവരാണ്.

ഗാര്‍ഹിക സഭ

അക്വീലയുടെയും പ്രിഷീല്ലയുടെയും മാതൃക പിന്‍ചെന്നുകൊണ്ട് എല്ലാ ക്രൈസതവദമ്പതികളും, അവരുടെ ഹൃദയം ക്രിസ്തുവിനും സഹോദരങ്ങള്‍ക്കും  വേണ്ടി തുറന്നിടുന്നതിനും തങ്ങളുടെ ഭവനങ്ങളെ “ഗാര്‍ഹിക സഭകളാക്കി” മാറ്റുന്നതിനും വേണ്ടി ദൈവാരൂപിയെ വര്‍ഷിക്കാന്‍, തന്‍റെ ജീവന്‍ തുടിക്കുന്ന യഥാര്‍ത്ഥ  പ്രതിരൂപമാക്കി മാറ്റാന്‍ ദമ്പതികളെ തിരഞ്ഞെടുത്ത ദൈവപിതാവിനോട് നമുക്കു പ്രാര്‍ത്ഥിക്കാം.

നമ്മുടെ കുടുംബത്തില്‍ നാം, വിശുദ്ധരായ അക്വീലയെയും പ്രിസ്കയെയും പോലെ  ആയിത്തീരുന്നതിന് നമ്മെ പഠിപ്പിക്കാനും നാം ആ വിശുദ്ധരോടു പ്രാര്‍ത്ഥിക്കണം.          

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

അഭ്യര്‍ത്ഥന

അക്രമപ്രവര്‍ത്തനങ്ങളുടെ വേദിയായി പരിണമിച്ചിരിക്കുന്ന ബുര്‍ക്കിനൊ ഫാസൊയ്ക്കുയ്ക്കുവേണ്ടി പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിച്ചു. മതാന്തരസംവാദവും ഏകതാനതയും പരിപോഷിപ്പിക്കാന്‍ പാപ്പാ പൗര-മത നേതാക്കളോടും സന്മനസുള്ള സകലരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ താന്‍ തായ്ലന്‍റിലും ജപ്പാനിലും അടുത്തവാരം ആരംഭിക്കാന്‍ പോകുന്ന ഇടയസന്ദര്‍ശനത്തിനു വേണ്ടി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു.  

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്,  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

13 November 2019, 13:26