തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ പ്രതിവാര പൊതുദര്‍ശനം അനുവദിക്കാന്‍ എത്തുന്നു, 06/11/2019 ബുധന്‍ ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ പ്രതിവാര പൊതുദര്‍ശനം അനുവദിക്കാന്‍ എത്തുന്നു, 06/11/2019 ബുധന്‍ 

സംസ്കാരങ്ങളിലേക്കിറങ്ങുന്ന സുവിശേഷ പ്രഘോഷണം!

സംസ്കാരങ്ങളുമായും വിശ്വാസികളൊ അവിശ്വാസികളൊ ആയവരുമായും നമ്മില്‍ നിന്ന് വിഭിന്നമായ വിശ്വാസം പുലര്‍ത്തുന്നവരുമായും സേതുബന്ധങ്ങള്‍ തീര്‍ക്കുന്നതിന് നമ്മെ പഠിപ്പിക്കാന്‍ നമുക്ക് പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിക്കാം, ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പതിവുപോലെ ഈ ബുധനാഴ്ചയും (06/11/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. ഈ ദിനങ്ങളില്‍ റോമില്‍ കാലാവസ്ഥ പൊതുവെ മോശമാണെങ്കിലും ബുധനാഴ്ച രാവിലെ തെളിമ അനുഭവപ്പെട്ടു. എന്നാല്‍ പൊതുദര്‍ശന പരിപാടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മഴപെയ്തു. എല്ലവരും കുടയൊ മഴവസ്ത്രമൊ കൈയ്യില്‍ കരുതിയിരുന്നത് ആശ്വാസമായി. വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണംതന്നെ ആയിരുന്നു പൊതുകൂടിക്കാഴ്ചാവേദി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ചത്വരത്തിലെത്തിയപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദം അണപൊട്ടിയൊഴുകി. കരഘോഷങ്ങളാലും ആരവങ്ങളാലും ആ സന്തോഷം ആവിഷ്കൃതമായി.
ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവരുന്ന കുഞ്ഞുങ്ങളെ പാപ്പാ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

(22) അരെയോപ്പാഗസിന്‍റെ മദ്ധ്യത്തില്‍ നിന്നുകൊണ്ട് പൗലോസ് ഇപ്രകാരം പ്രസംഗിച്ചു: ഏഥന്‍സ് നിവാസികളേ, എല്ലാ വിധത്തിലും മതനിഷ്ഠയുള്ളവരാണ് നിങ്ങള്‍ എന്നു ഞാന്‍ മനസ്സിലാക്കുന്നു. (23) ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 17:22-23)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു.

ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന  പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌,‍

വിശുദ്ധ പൗലോസപ്പസ്തോലന്‍ ഏഥന്‍സില്‍
നടപടിപ്പുസ്തകത്തിലൂടെയുള്ള പ്രയാണം നമുക്കു തുടരാം. ഫിലിപ്പിയായിലും തെസലൊണിക്കായിലും ബെറോയിലും ഉണ്ടായ പരീക്ഷണങ്ങള്‍ക്കു ശേഷം പൗലോസ്, ഗ്രീസിന്‍റെ ഹൃദയഭാഗമായ ഏഥന്‍സില്‍ കാലുകുത്തുന്നു. രാഷ്ട്രീയമായി അധോഗതിയിലാണെങ്കിലും ഈ നഗരം പുരാതന പെരുമകളുടെ നിഴലില്‍ ജീവിക്കുകയും സാംസ്കാരികമായ പ്രാഥമ്യം കാത്തുസൂക്ഷിക്കുകയുമായിരുന്നു. “ഇവിടം വിഗ്രഹങ്ങളാല്‍ നിറഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ പൗലോസപ്പസ്തോലന്‍റെ മനസ്സില്‍ വലിയ ക്ഷോഭം ഉണ്ടായി” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 17:16). വിഗ്രഹാരാധനയുമായുള്ള ഈ കൂട്ടിമുട്ടല്‍ അപ്പസ്തോലനെ അവിടെ നിന്നു പലായനം ചെയ്യുന്നതിനല്ല, പ്രത്യുത ആ സംസ്കാരവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിന് ഒരു സേതുബന്ധം തീര്‍ക്കാനാണ് പ്രേരിപ്പിക്കുന്നത്.

വിഗ്രഹരാധകര്‍ക്കു മദ്ധ്യേ സേതുബന്ധംതീര്‍ക്കുന്ന പൗലോസ്
ആ നഗരത്തെ അടുത്തു പരിചയപ്പെടുകയെന്ന മാര്‍ഗ്ഗം അദ്ദേഹം തിരഞ്ഞെടുക്കുന്നു. അങ്ങനെ പൗലോസ് ഏഥന്‍സിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പ്രമുഖരുമായി ഇടപഴകാനും തുടങ്ങി. വിശ്വാസ ജീവിതത്തിന്‍റെ പ്രതീകമായ സിനഗോഗിലും, പൗരജീവിതത്തിന്‍റെ പ്രതീകമായ ചത്വരത്തിലും രാഷ്ട്രീയ-സാംസ്കാരിക ജീവിതങ്ങളുടെ പ്രതീകമായ അരെയോപ്പാഗസിലും അദ്ദേഹം എത്തുന്നു. യഹൂദരുമായും എപ്പിക്കൂറിയന്‍ ചിന്തകരും സ്റ്റോയിക് ചിന്തകരുമായും ഇതര വ്യക്തികളുമായും പൗലോസ് നേര്‍ക്കാഴ്ച നടത്തുന്നു. അദ്ദേഹം സകല ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു, സ്വയം അടച്ചിടുന്നില്ല. അങ്ങനെ, അദ്ദേഹം ഏഥന്‍സിന്‍റെ സംസ്കൃതിയെയും ചുറ്റുപാടുകളെയും നിരീക്ഷിക്കുന്നു.

സകലയിടത്തും ദൈവത്തെ ദര്‍ശിക്കാന്‍ കഴിയുന്ന നയനങ്ങള്‍

“നഗരങ്ങളിലെ ഭവനങ്ങളിലും അവയിലെ തെരുവുകളിലും ചത്വരങ്ങളിലും ദൈവത്തെ ദര്‍ശിക്കുന്ന ഒരു ദൃഷ്ടിയോടുകൂടി”യാണ് പൗലോസ് ഇതു ചെയ്തത്. ശത്രുതയോടെയല്ല, മറിച്ച്, വിശ്വാസത്തിന്‍റെ നയനങ്ങളോടുകൂടിയാണ് പൗലോസ് ഏതന്‍സ് നഗരത്തെയും വിജാതീയ ലോകത്തെയും നോക്കുന്നത്. ഇത്, നാം എപ്രകാരമാണ് നമ്മുടെ നഗരങ്ങളെ നോക്കുന്നത് എന്ന് ആത്മശോധന ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നിസ്സംഗതയോടയാണോ നമ്മുടെ നിരീക്ഷണം? പുച്ഛത്തോടെയാണോ നാം നോക്കുന്നത്? അതോ, അജ്ഞാതരുടെ കൂട്ടത്തിലുള്ള ദൈവമക്കളെ തിരിച്ചറിയാന്‍ കഴിയുന്ന വിശ്വാസത്തോടുകൂടിയാണോ നാം നോക്കുന്നത്?

സുവിശേഷത്തിന്‍റെ സാംസ്കാരികാനുരൂപണം
സുവിശേഷത്തിനും വിജാതീയ ലോകത്തിനുമിടയില്‍ ഒരു പാത തുറക്കാന്‍ പ്രേരിപ്പിക്കുന്നതായ ഒരു വീക്ഷമാണ് പൗലോസ് തിരഞ്ഞെടുക്കുന്നത്. പുരാതന ലോകത്തിലെ വിഖ്യാത വ്യവസ്ഥാപന വിഭാഗങ്ങളില്‍ ഒന്നിന്‍റെ ഹൃദയഭാഗത്ത്, അതായത് അരെയോപ്പാഗസില്‍ അദ്ദേഹം വിശ്വാസത്തിന്‍റെ സന്ദേശത്തിന്‍റെ സാംസ്കാരികാനുരൂപണത്തിന്‍റെ അനന്യസാധാരണമായ ഒരു മാതൃക സാക്ഷാത്ക്കരിക്കുന്നു. അദ്ദേഹം വിഗ്രഹാരാധകരോട് യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നു. അത് ബലാല്‍ക്കാരമായിട്ടല്ല, മറിച്ച്, പാലം പണിയുന്നവനായിത്തീര്‍ന്നുകൊണ്ടാണ്.
അതിന് അദ്ദേഹം ആധാരമാക്കുന്നത് ആ നഗരത്തില്‍ “അജ്ഞാത ദൈവത്തിന്” പ്രതിഷ്ഠിതമായ അള്‍ത്താരയാണ്. “അജ്ഞാത ദൈവത്തിന്” എന്ന് ഉല്ലേഖനം ചെയ്ത ഒരു അള്‍ത്താര അവിടെ ഉണ്ടായിരുന്നു. ഈ ലിഖിതമല്ലാതെ ചിത്രമൊ, മറ്റെന്തെങ്കിലും രൂപങ്ങളൊ ഒന്നും തന്നെ അതില്‍ ഇല്ലായിരുന്നു. “അജ്ഞാത ദൈവത്തോട്” തന്‍റെ ശ്രോതാക്കള്‍ള്ള ഭക്തി ചവിട്ടുപടിയാക്കിയാണ് പൗലോസ് നഗരവാസികളുടെ സ്നേഹം പിടിച്ചുപറ്റുകയും, അവരുടെ മദ്ധ്യേ വസിക്കുന്ന ദൈവത്തെക്കുറിച്ച് അവരോടു പ്രഘോഷിക്കുകയും ചെയ്യുന്നത്. ആത്മാര്‍ത്ഥമായ ഒരു ഹൃദയത്തോടുകൂടി തന്നെ അന്വേഷിക്കുന്നവരില്‍ നിന്ന്, അവര്‍ അപ്രകാരം ചെയ്യുന്നത് അവ്യക്തവും ചിട്ടയില്ലാത്തതുമായ ഒരു രീതിയില്‍ താല്‍ക്കാലികമായിട്ടാണെങ്കില്‍പ്പോലും, ദൈവം തന്നെത്തന്നെ മറയ്ക്കില്ല. ഈ സാന്നിധ്യത്തെ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന പൗലോസ് പറയുന്നു: നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 17:23)

"അറിയപ്പെട്ട അജ്ഞാതന്‍"

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ മനോഹരമായ ഒരു പ്രയോഗമുണ്ട്, അത് ഇതാണ്: “അറിയപ്പെട്ട അജ്ഞാതനെ” ആണ് പൗലോസ് പ്രഘോഷിക്കുന്നത്. അജ്ഞതയുടെ കാലങ്ങള്‍ക്കപ്പുറം കടക്കാനും ആസന്നമായ വിധി മുന്നില്‍ക്കണ്ട് മാനസാന്തരത്തിനായി പരിശ്രമിക്കാന്‍ തീരുമാനിക്കാനും പൗലോസ് ക്ഷണിക്കുന്നുണ്ട്.
ഇവിടെ ഒരു പ്രശ്നം ഉദിക്കുന്നു. ഹൃദയഹാരിയായ ഒരു കാര്യമായിരുന്നതിനാല്‍ ശ്വാസമടക്കിപ്പിടിച്ച് കേള്‍ക്കത്തക്കവിധം തന്‍റെ ശ്രോതാക്കളെ ഇതുവരെ പിടിച്ചിരുത്തിയ പൗലോസിന്‍റെ വചനം ഇപ്പോള്‍ ഒരു കരിങ്കല്ലിന്‍റെ മുന്നിലാണ്. അതായത്, ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവും ഒരു ഭോഷത്തമായി പ്രത്യക്ഷപ്പെടുന്നു,. അത് അപഹാസത്തിനും നിന്ദനത്തിനും കാരണമാകുന്നു. പൗലോസ് അകന്നു പോകാന്‍ ശ്രമിക്കുന്നു. അവന്‍റെ ശ്രമം പരാജിതമായി എന്നൊരു പ്രതീതിയുളവാകുന്നു. എന്നാല്‍ ചിലരാകട്ടെ അവന്‍റെ വാക്കുകളോടു യോജിക്കുകയും വിശ്വാസത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു.

പാലം പണിയുന്നവരാകുക
സംസ്കാരങ്ങളുമായും വിശ്വാസികളൊ അവിശ്വാസികളൊ ആയവരുമായും നമ്മില്‍ നിന്ന് വിഭിന്നമായ വിശ്വാസം പുലര്‍ത്തുന്നവരുമായും സേതുബന്ധങ്ങള്‍ തീര്‍ക്കുന്നതിന് നമ്മെ പഠിപ്പിക്കാന്‍ നമുക്ക് പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിക്കാം. എന്നും പാലങ്ങളുടെ ശില്പികളാകുക, സദാ കരം നീട്ടുക, ബലപ്രയോഗം ഒരിക്കലും അരുത്. കഠിന ഹൃദയങ്ങള്‍ക്കും ചൂടു പകരുന്നതായ ഒരു സ്നേഹത്താല്‍ പ്രചോദിതമായ ധ്യാനാത്മക ദൃഷ്ടി ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയില്‍ കഴിയുന്നവരുടെ മേല്‍ പതിച്ചുകൊണ്ട് നമുക്ക് വിശ്വാസത്തിന്‍റെ സന്ദേശം ലാളിത്യത്തോടെ സംസ്ക്കാരങ്ങളോടു ചേര്‍ക്കാനുള്ള കഴിവ് ലഭിക്കുന്നതിനായി പരിശുദ്ധാരൂപിയോടു യാചിക്കാം. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങള്‍, നവമ്പറിന്‍റെ സവിശേഷത

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ നവമ്പര്‍ പരേതരെ ഓര്‍മ്മിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനുമുള്ള പ്രത്യേക മാസമാണെന്ന് ഓര്‍മ്മിപ്പിച്ചു.
മാനവാസ്തിത്വത്തിന്‍റെയും നിത്യജീവിതത്തിന്‍റെയും പൊരുളെന്തെന്ന് എല്ലാവര്‍ക്കും പുനര്‍വിചിന്തനം ചെയ്യാനുള്ള ഒരു അവസരമായി ഭവിക്കട്ടെ നവമ്പര്‍ മാസമെന്ന് പാപ്പാ ആശംസിച്ചു.
അവനവനു മാത്രമല്ല ദൈവത്തിനും മറ്റുള്ളവര്‍ക്കുമായുള്ള ഒരു ദാനമായി ജീവിക്കുകയാണെങ്കില്‍ ജീവിതത്തിന് വലിയൊരു മൂല്യം ഉണ്ടെന്ന് ഗ്രഹിക്കുന്നതിന് പ്രചോദനം പകരുന്ന ഒരു സമയമായിരിക്കട്ടെ ഈ മാസമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്, എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.
 

06 November 2019, 13:00