തിരയുക

Vatican News
THAILAND-RELIGION-POPE THAILAND-RELIGION-POPE  (AFP or licensors)

ബുദ്ധവിഹാരത്തിലെ വരവേല്പും പ്രഭാഷണവും

നവംബര്‍ 21, വ്യാഴാഴ്ച : തായിലന്‍റിലെ ബുദ്ധമതത്തിന്‍റെ ശ്രേഷ്ഠാചാര്യനുമായുള്ള കൂടിക്കാഴ്ചയും ആശംസകളും

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രഭാഷണം മലയാളപരിഭാഷ - ശബ്ദരേഖ

തായിലന്‍റിലെ പരമോന്നത ബുദ്ധമതാചാര്യന്‍, സോംതേജ്  മഹാ മുനിവോങും  പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച നടന്നത് ബോങ്കോക്കിലെ “വത് രക്ഷതോഹിത് സതിത് മഹാസിമര ക്ഷേത്ര”ത്തിലായിരുന്നു.  പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു : 

1.  മൂല്യങ്ങളുടെയും പ്രബോധനങ്ങളുടെയും ശ്രീകോവില്‍
തായ് ജനതയ്ക്കുള്ള വിശ്വാസമൂല്യങ്ങളുടെയും അവര്‍ക്കുള്ള പ്രബോധനങ്ങളുടെയും പ്രതീകമാണ് ഈ ശ്രീകോവില്‍. ബഹുഭൂരിപക്ഷം ജനതയും ബൗദ്ധമതത്തിന്‍റെ സ്രോതസ്സുനുകരുന്നവരാണ്. ബുദ്ധമത വിശ്വാസികളുടെ ചിട്ടയുള്ള ജീവിതം, കഠിനാദ്ധ്വാനം, വിരക്തീഭാവം, ധ്യാനാത്മകത, ലാളിത്യമുള്ള ജീവിതശൈലി, ജീവനോടും പൂര്‍വ്വീകരോടുമുള്ള ആദരവ് എന്നിവ ഈ സ്രോതസ്സില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്. ഈ ഗുണഗണങ്ങള്‍ അവരെ “പുഞ്ചിരിക്കുന്നൊരു ജനത”യാക്കി മാറ്റുന്നു.

2. സംവാദത്തിന്‍റെ പാത തുറന്ന
മതനേതാക്കളുടെ കൂടിക്കാഴ്ചകള്‍

പരസ്പര ആദരവിന്‍റെയും അംഗീകാരത്തിന്‍റെയും അടയാളമാണ് കൂടിക്കാഴ്ച. മാത്രമല്ല സമൂഹങ്ങള്‍ തമ്മില്‍ സൗഹൃദം വളര്‍ത്തുവാനും ഇത് സഹായിക്കുന്നു. പുണ്യശ്രീ സോംതേജ് വാണരാതും സമൂഹവും, തന്‍റെ മൂന്‍ഗാമിയായ പോള്‍ ആറാമന്‍ പാപ്പായെ വത്തിക്കാനില്‍വന്നു കണ്ടതിന്‍റെ 50 വര്‍ഷങ്ങള്‍ പിന്നിട്ടത് പാപ്പാ ബുദ്ധവിഹാരത്തില്‍ നല്കിയ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ഈ ശ്രദ്ധേയമായ സംഭവമാണ് മതങ്ങള്‍ സംവാദത്തിന്‍റെ പാത തുറക്കാന്‍ ഇടയാക്കിയത്.

പിന്നീട് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഈ തീര്‍ത്ഥസ്ഥാനം സന്ദര്‍ശിച്ചതും, അന്നത്തെ ശ്രേഷ്ഠാചാര്യന്‍ സോംത്വേജ് ആര്യവംശ ഘട്നായുമായി കൂടിക്കാഴ്ച നടത്തിയതും പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തില്‍ അനുസ്മരിച്ചു.  വാട് ഫോ ബുദ്ധ ക്ഷേത്രത്തിലെ ബുദ്ധ സന്ന്യാസികളുടെ കൂട്ടം വത്തിക്കാനില്‍വന്ന് തന്നെ കണ്ടും, പാലി ലിപിയിലുള്ള ബുദ്ധമതത്തിന്‍റെ പുരാതന രേഖകളുടെ കൈയ്യെഴുത്തുപ്രതി സമ്മനിക്കുകയുമുണ്ടായി. അത് വത്തിക്കാന്‍റെ ചരിത്രഗ്രന്ഥ ശേഖരണത്തില്‍ സൂക്ഷിച്ചിട്ടുള്ളതും പാപ്പാ കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ചു.

3. മതങ്ങള്‍ സാഹോദര്യം വളര്‍ത്തണം
സംഘര്‍ഷവും വിവേചനവുമുള്ള ലോകത്ത് സൗഹൃദവും സാഹോദര്യവും വളര്‍ത്താന്‍ പോരുന്നതാണ് ഈ കൂടിക്കാഴ്ചകള്‍. മതങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ നിലനില്ക്കെ, പരസ്പരം ആദരിക്കുവാനും അംഗീകരിക്കുവാനും സാധിക്കുമെങ്കില്‍ ലോകത്തിനു തന്നെ നാം പ്രത്യാശപകരുകയും സംഘര്‍ഷങ്ങളുടെ നിഷേധാത്മകമായ ഭവിഷത്തുകള്‍ അനുഭവിക്കുന്നവര്‍ക്ക് പിന്‍തുണയും പ്രോത്സാഹനവുമായിത്തീരുകയും ചെയ്യും. മതങ്ങള്‍, അതിനാല്‍ പ്രത്യാശയുടെ പ്രകാശഗോപുരങ്ങളാകണം. സാഹോദര്യത്തിന്‍റെ പ്രയോക്താക്കളും ഉറപ്പേകുന്നവരുമാകണം.

4. സഹോദര്യത്തില്‍ ജീവിതങ്ങള്‍ സഫലമാക്കാം!
നാലു നൂറ്റാണ്ടോളമായി ക്രൈസ്തവരെ സാഹോദര്യത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ള തായ്മക്കളെ പാപ്പാ നന്ദിയോടെ അഭിനന്ദിച്ചു. കത്തോലിക്കര്‍ ന്യൂനപക്ഷമാണെങ്കിലും അവര്‍ തായിലന്‍റില്‍ മതസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. അവര്‍ ബുദ്ധമതക്കാരുമായി അന്നാട്ടില്‍ സാഹോദര്യത്തിലും സൗഹൃദത്തിലും ജീവിക്കുകയും ചെയ്യുന്നു. ജനതകളുടെ സുസ്ഥിതിക്കും സമാധാനത്തിനുമായി പരസ്പര വിശ്വാസത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാതയില്‍ ഇരുസമൂഹങ്ങളും തമ്മില്‍ ആദരപൂര്‍ണ്ണമായ സംവാദത്തിന്‍റെ വഴികള്‍ തുറക്കാന്‍ തനിക്കുള്ള വ്യക്തിപരമായ സമര്‍പ്പണവും, സഭയുടെ പൊതുതാല്പര്യവും അടിവരയിട്ടു പ്രസ്താവിക്കുന്നതായി പാപ്പാ അറിയിച്ചു.

5.  ഉപസംഹാരം
ഒരുമിച്ച് സാഹോദര്യത്തില്‍ ജീവിക്കാം, വളരാം. ലോകത്ത് എവിടെയായാലും കാരുണ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും സംസ്കാരം വളര്‍ത്തിയെടുക്കാം. അങ്ങനെ ദൈവംതന്ന ജീവിതങ്ങള്‍ നമുക്കു  സഫലമാക്കാം!
 

21 November 2019, 16:24