തിരയുക

Vatican News
2019.11.19 Viaggio Apostolico in Thailandia e Giappone Visita alla Sophia University,2019.11.19 Viaggio Apostolico in Thailandia e Giappone Visita alla Sophia University 2019.11.19 Viaggio Apostolico in Thailandia e Giappone Visita alla Sophia University,2019.11.19 Viaggio Apostolico in Thailandia e Giappone Visita alla Sophia University  (Vatican Media)

കിഴക്കിനു സമാധാനത്തിന്‍റെ വെളിച്ചമേകി‌യ പ്രേഷിതയാത്ര

തായിലന്‍റ്-ജപ്പാന്‍ അപ്പസ്തോലിക യാത്രയുടെ അവസാനദിവസം, ചൊവ്വാഴ്ചത്തെയും തിങ്കളാഴ്ച ഉച്ചതിരിഞ്ഞുമുള്ള പരിപാടികളുടെ റിപ്പോര്‍ട്ട്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ജപ്പാനില്‍ - അവസാനദിനം റിപ്പോര്‍ട്ട്

 

A തായിലാന്‍റ് – ജപ്പാന്‍ അപ്പസ്തോലികയാത്രയ്ക്ക്
പരിസമാപ്തിയായി

1. ഒരു നീണ്ട യാത്രയുടെ അവസാനഭാഗം
നവംബര്‍ 26, ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതയാത്രയുടെ ജപ്പാനിലെ അവസാനത്തെ ദിവസമാണ്. പ്രാദേശിക സമയം രാവിലെ 7.10-ന് വാസസ്ഥാനമായ ജപ്പാനിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും നൂന്‍ഷ്യോ, ആര്‍ച്ചുബിഷപ്പ് ജോസഫ് ചേന്നോത്തിനോടും, മറ്റു പ്രവര്‍ത്തകരോടും, കാണാനെത്തിയ ഏതാനും അഭ്യൂദയകാംക്ഷികളോടും യാത്രപറഞ്ഞ്, 4 കിലോമീറ്റര്‍ അകലെയുള്ള സോഫിയ യൂണിവേഴ്സിറ്റി കോളെജിലേയ്ക്കാണ് പാപ്പാ കാറില്‍ പുറപ്പെട്ടത്.

2. ജപ്പാനിലെ ഈശോസഭയുടെ “സോഫിയ” യൂണിവേഴ്സിറ്റി
സോഫിയ കോളെജ് ഈശോസഭാ സ്ഥാപനമാണ്. ജപ്പാനിലെ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ്. 1549-ല്‍ ഈശോസഭാംഗമായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് ജപ്പാനില്‍ വിശ്വാസ വിളക്കു കൊളുത്തിയത്. എന്നാല്‍ പിന്നീട് 1908-ല്‍ മൂന്നു ഈശോസഭാവൈദികര്‍ ഹെര്‍മന്‍ ഹോഫ്മാന്‍റെ (1864-1937) നേതൃത്വത്തിലാണ് ഒരു യൂണിവേഴ്സിറ്റിക്ക് തുടക്കമിട്ടത്. ഇന്ന് 29 ശാസ്ത്രവിഭാഗങ്ങളുള്ള വലിയ പ്രസ്ഥാനമായി സോഫിയ വളര്‍ന്നുനില്ക്കുന്നു.

3. ഈശോസഭാംഗങ്ങള്‍ക്കൊപ്പം
സഹോദര്യത്തിന്‍റെ ബലിയര്‍പ്പണം

തിങ്കളാഴ്ച പ്രാദേശിക സമയം 7.40-ന് പാപ്പാ യൂണിവേഴ്സിറ്റിയില്‍ എത്തിയ പാപ്പാ. അവിടത്തെ കപ്പേളയില്‍ ഈശോസഭാ സമൂഹത്തോടൊപ്പം ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് പ്രാതല്‍ കഴിക്കാനായി ഭക്ഷണശാലയിലേയ്ക്കു നടന്നു നീങ്ങി. അവിടെയുണ്ടായിരുന്ന മറ്റു ഈശോസഭാംഗങ്ങളെയും പാപ്പാ അഭിവാദ്യംചെയ്തു. പ്രാതലിനുശേഷം.

4. സോഫിയ യൂണിവേഴ്സിറ്റി കൂട്ടായ്മയില്‍
പ്രാദേശിക സമയം രാവിലെ 10 മണിക്ക് യൂണിവേഴിസിറ്റിയുടെ ചാന്‍സലര്‍ പ്രഫസര്‍, യോഷിയാക്കി തെറുമീച്ചിയും, ഈ ദിനങ്ങളില്‍ പാപ്പായുടെ ദ്വിഭാഷിയായിരുന്ന ജപ്പാനിലെ ഈശോസഭ പ്രവിഷ്യല്‍ സുപ്പീരിയര്‍, ഫാദര്‍ റെന്‍സോ ദി ലൂക്കായും ചേര്‍ന്ന് പാപ്പായെ യൂണിവേഴ്സിറ്റിയുടെ സംഗമ വേദിയിലേയ്ക്ക് ആനയിച്ചു. വിദ്യാര്‍ത്ഥിസംഘം ആമുഖഗീതി ആലപിച്ചു. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ Make me a channel of Your peace…! ദൈവമേ, എന്നെ അങ്ങേ സമാധാനദൂതനാക്കണമേ! എന്ന വിഖ്യാതമായ ഗീതത്തിന്‍റെ ജാപ്പനീസ് പരിഭാഷയായിരുന്നു.
ചാന്‍സലര്‍, പ്രഫസര്‍ യോഷിയാക്കി സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ വലിയ സമൂഹത്തെ പാപ്പാ അഭിസംബോധനചെയ്തു.
(പ്രഭാഷണം 10 - ചേര്‍ത്തിട്ടില്ല)
പ്രഭാഷണാന്തരം യുണിവേഴ്സിറ്റി അധികൃതരുമായി പാപ്പാ സമ്മാനങ്ങള്‍ കൈമാറി. എല്ലാവരോടും യാത്രപറഞ്ഞ് വേദിവിട്ടിറങ്ങുമ്പോള്‍ സമയം രാവിലെ 10.50 ആയിരുന്നു. പാപ്പാ കാറില്‍ പുറപ്പെട്ടത് 21 കി.മീ. അകലെയുള്ള ടോക്കിയോ നഗരത്തിലെ ഹനേഡാ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കാണ്.

5. യൂണിവേഴ്സിറ്റിയില്‍നിന്നും ടോക്കിയോ - ഹനേഡാ
വിമാനത്താവളത്തിലേയ്ക്ക്

11.20-ന് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പാപ്പാ വിശിഷ്ടാതിഥികള്‍ക്കുള്ള ലോഞ്ചില്‍വെച്ച് ദേശീയ മെത്രാന്‍ സംഘത്തോട് (Catholic Bishops’ Conference of Japan) യാത്രപറഞ്ഞു. എന്നിട്ട് ചവപ്പു പരവതാനിയിലൂടെ വിമാനത്തിലേയ്ക്കു നടന്നു നീങ്ങി. വിമാനപ്പടവുകള്‍ കയറിയ പാപ്പാ തിരിഞ്ഞുനിന്ന് എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ അഭിവാദ്യംചെയ്തു. എന്നിട്ടാണ് വിമാനത്തിലേയ്ക്കു കയറിയത്. ജനാവലി ഹസ്താരവം മുഴക്കിയും ആര്‍ത്തിരമ്പിയും നന്ദിയുടെ വികാരങ്ങള്‍ പ്രകടമാക്കി. പ്രാദേശിക സമയം കൃത്യം 11.35-ന് ജപ്പാന്‍റെ Nippon Airways 787-9 പ്രത്യേക വിമാനം മെഡിറ്ററേനിയന്‍റെ പടിഞ്ഞാറന്‍ ചക്രവാളങ്ങളിലേയ്ക്ക് റോമാനഗരം ലക്ഷ്യമാക്കി പറന്നുയര്‍ന്നതോടെ പാപ്പാ ഫ്രാന്‍സിസിന്‍റെ 32-Ɔമത് അപ്പസ്തോലിക യാത്രയ്ക്ക് പരിസമാപ്തിയായി.

(B) നവംബര്‍ 25 തിങ്കളാഴ്ച ഉച്ചതിരിഞ്ഞുള്ള
പരിപാടികളുടെ റിപ്പോര്‍ട്ട്

6. “ടോക്കിയോ ടോമി”ലെ (Tokyo Dome) സമൂഹബലിയര്‍പ്പണം
തിങ്കളാഴ്ച ഉച്ചതിരിഞ്ഞുള്ള പ്രധാന പരിപാടികള്‍ - (1) “ടോക്കിയോ ടോം” (Tokyo Dome) സ്റ്റേഡിയത്തിലെ സമൂഹബലിയര്‍പ്പണം, (2) ജപ്പാന്‍റെ രാഷ്ട്രപ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍, പൗരപ്രതിനിധികള്‍, മതനേതാക്കള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച എന്നിവയായിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 3.20-ന് പാപ്പാ ഫ്രാന്‍സിസ് കാറില്‍ പുറപ്പെട്ടത് 4 കി.മി. അകലെ “ടോക്കിയോ ടോം” രാജ്യാന്തര ഇന്‍റോര്‍ സ്റ്റേഡിയത്തിലേയ്ക്കാണ്. 42,000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുണ്ടവിടെ. പ്രാദേശിക സമയം 3.35-ന് സ്റ്റേഡിയത്തിന്‍റെ പ്രധാനകവാടത്തില്‍ എത്തിയ പാപ്പാ, തുറന്ന പേപ്പല്‍ വാഹനത്തില്‍ ജനമദ്ധ്യത്തിലൂടെ എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ട് ബലിവേദിയിലേയ്ക്കു നീങ്ങി. കുട്ടികളെ ആശീര്‍വ്വദിച്ചും, രോഗികളെ സാന്ത്വനപ്പെടുത്തിയുമാണ് പാപ്പാ മുന്നോട്ടു നീങ്ങിയത്.

7. ദിവ്യപൂജാക്രമം
പ്രാദേശിക സമയം 4 മണിയോടെ വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് പാപ്പാ ഫ്രാന്‍സിസ് സഹകാര്‍മ്മികര്‍ക്കൊപ്പം അള്‍ത്താരവേദിയില്‍ പ്രവേശിച്ചു. “ജീവന്‍റെ ദാന”ത്തിനുവേണ്ടിയുള്ള ദിവ്യബലിയര്‍പ്പണമായിരുന്നു..ലത്തീന്‍ ഭാഷയില്‍ ദിവ്യബലി ആരംഭിച്ചു.
In nomene Patris et Filius et Spiritus Sanctus…. Amen!
അനുതാപശുശ്രൂഷയെ തുടര്‍ന്ന് വചനപാരായണമായിരുന്നു.
ഒന്നാം വായന, ഉല്പത്തി പുസ്തകത്തില്‍നിന്നും പോര്‍ച്ചുഗീസ് ഭാഷയില്‍ പരായണംചെയ്തു.
(1, 1.26-31. താന്‍ സൃഷ്ടിച്ചതെല്ലാം നല്ലതായിരുന്നെന്ന് ദൈവം കണ്ടു.) തുടര്‍ന്ന്
പ്രതിവചനസങ്കീര്‍ത്തനം, അല്ലേലൂയ എന്നിവ ആലപിച്ചു.
സുവിശേഷം, വിശുദ്ധ മത്തായി (6, 24-34) രേഖപ്പെടുത്തിയിട്ടുള്ള “നാളയെക്കുറിച്ച് ആകുലപ്പെടേണ്ട” എന്ന ഭാഗം ജാപ്പനീസ് ഭാഷയില്‍ പ്രഘോഷിക്കപ്പെട്ടു.
പാപ്പാ വചനപ്രഭാഷണം നടത്തി.
(പ്രഭാഷണം 8 - ചേര്‍ത്തിട്ടില്ല)
വിശ്വാസികളുടെ പ്രാര്‍ത്ഥന ജാപ്പനീസ് ഭാഷയിലായിരുന്നു. കാഴ്ചവയ്പ്, സ്തോത്രയാഗ പ്രാര്‍ത്ഥന, സ്തോത്രയാഗകര്‍മ്മം എന്നിവയിലൂടെ ദിവ്യബലി സജീവ പങ്കാളിത്തത്തോടും ഭക്തിനിര്‍ഭരമായും മുന്നോട്ടുനീങ്ങി.

8. ദിവ്യബലിയുടെ സമാപനശുശ്രൂഷ
ദിവ്യകാരുണ്യ സ്വീകരണകര്‍മ്മത്തിനുശേഷം സന്ദര്‍ശനത്തിന് ആതിഥ്യം നല്കിയ ടോക്കിയോ അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് താര്‍സിയൂസ് ഈശാവോ കിക്കൂച്ചി പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു.
“എല്ലാതരത്തിലുമുള്ള ജീവനും സംരക്ഷിക്കപ്പെടണം,” എന്ന അപ്തവാക്യവുമായി ജപ്പാനിലേയ്ക്കു വന്ന പാപ്പാ ഫ്രാന്‍സിസ് ജീവന്‍റെ സേവനത്തിനായി ജപ്പാന്‍ ഇനിയും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു എന്ന് അനുസ്മരിപ്പിക്കുകയാണ്. കേഴുന്ന ഭൂമിയെ ഓര്‍ത്ത് ജീവന്‍ സംരക്ഷിക്കുവാനും, ഭാവിതലമുറയ്ക്കുവേണ്ടി ഭൂമിയെ പരിരക്ഷിക്കുവാനുമുള്ള ആഹ്വാനത്തിന് ജപ്പാനിലെ ജനതയുടെ പേരില്‍ ആര്‍ച്ചുബിഷപ്പ് കിക്കൂച്ചി പാപ്പായ്ക്ക് നന്ദിപറഞ്ഞു.
സമാപപ്രാര്‍ത്ഥന ചൊല്ലിയശേഷം പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.
May Almighty God bless you,
In the name of the Father + the Son + the Holy Spirit…
പാപ്പായും സഹകാര്‍മ്മികരും വേദിവിട്ടിറങ്ങുമ്പോള്‍ ഗായകസംഘം
സമാപാനഗാനം ആലപിച്ചു.

9. “സോരി കന്തേയി” - ജപ്പാന്‍റെ കേന്ദ്രഭരണ
കാര്യാലയത്തിലേയ്ക്ക്

തുടര്‍ന്ന് പാപ്പാ കാറില്‍ യാത്രയായത് 6 കിമീ. അകലെ “സോരി കന്തേയി” എന്നറിയപ്പെട്ട ജപ്പാന്‍റെ കേന്ദ്രഭരണകാര്യാലയത്തിലേയ്ക്കാണ്. പച്ചപ്പുള്ള വിശാലമായ തോട്ടത്തിലാണ് പ്രധാനമന്ത്രിയുടെ വസിതികൂടി ഉള്‍പ്പെടുന്ന “കാന്തേയി” സ്ഥിതിചെയ്യുന്നത്. ഷിന്‍സോ ആബേ 2012-മുതലാണ് രാഷ്ട്രത്തിന്‍റെ നേതൃത്വം ഏറ്റെടുത്തത്. 2014-ല്‍ കിന്‍ഷോ ആബേ വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുകയും, ജപ്പാന്‍ സന്ദര്‍ശിക്കാനുള്ള പാപ്പായുടെ ആഗ്രഹം മനസ്സിലാക്കുകയും ചെയ്തിട്ടുള്ളതാണ്. തുടര്‍ന്ന് 2016-ല്‍ ജപ്പാന്‍റെ ചക്രവര്‍ത്തിയും ചക്രവര്‍ത്തിനിയും വത്തിക്കാനില്‍വന്ന് പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രാദേശിക സമയം വൈകുന്നേരം 6.15-ന് കാന്തേയിയില്‍ എത്തിച്ചേര്‍ന്ന പാപ്പായെ പ്രധാനമന്ത്രി ഷിന്‍സോ ആബേ സ്വീകരണമുറിയിലേയ്ക്ക് ആനയിച്ചു. അവിടെ ആദ്യം ഏതാനും നിമിഷങ്ങള്‍ സ്വകാര്യകൂടിക്കാഴ്ചയില്‍ ചെലവഴിച്ചു. തുടര്‍ന്ന് അവര്‍ സമ്മാനങ്ങള്‍ കൈമാറി.

10. പാപ്പാ ഫ്രാന്‍സിസ് ഭരണകര്‍ത്താക്കളെയും
ജനപ്രതിനിധികളെയും അഭിസംബോധനചെയ്തു

കൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ രാഷ്ട്രപ്രതിനിധികളും, നയതന്ത്ര പ്രതിനിധികളുമായുള്ള നേര്‍ക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി ഷിന്‍സോ ആബേ പാപ്പായെ ക്യാബിനറ്റ് ഹാളിലേയ്ക്ക് ആനയിച്ചു. പ്രധാനമന്ത്രി ഷിന്‍സോ ആബേ പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു.
തന്നെ പോപ്പ് ഫ്രാന്‍സിസുമായി അടുപ്പിക്കുന്നത് ജീവനോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവും പാവങ്ങളോടുള്ള പ്രത്യേക വാത്സല്യവുമാണെന്ന് ഷിന്‍സോ ആബേ ആമുഖമായി വിവരിച്ചു. സമാധാനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള മാനവകുലത്തിന്‍റെ എല്ലാ പോരാട്ടങ്ങളിലും ജപ്പാന്‍ പങ്കുചേരുമെന്നും പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന... “ജീവന്‍ ഏതു തരത്തിലും എവിടെയും സംരക്ഷിക്കപ്പെടണം,” എന്ന ചിന്തയില്‍ അടിയുറച്ചു നില്ക്കാം. വെല്ലുവിളികള്‍ മറികടക്കാനുള്ളതാണെന്ന യാഥാര്‍ത്ഥ്യബോധം പാപ്പാ ഫ്രാന്‍സിസ് പകര്‍ന്നുനല്കുന്നുണ്ട്. അതിനാല്‍ സന്തോഷവും ധൈര്യവും സമര്‍പ്പണവും അടിയറവയ്ക്കാതെ പ്രത്യാശയോടെ മുന്നേറാം എന്ന വാക്കുകളോടെ പ്രധാനമന്ത്രി ഷിന്‍സെ ആബാ പാപ്പായ്ക്ക് സ്വാഗതംനേര്‍ന്നത്. തുടര്‍ന്ന് പാപ്പായുടെ ഊഴമായിരുന്നു.
(പാപ്പായുടെ പ്രഭാഷണം ചേര്‍ത്തിട്ടില്ല).

11. വത്തിക്കാന്‍റെ ടോക്കിയോയിലെ
മന്ദിരത്തിലേയ്ക്കു മടങ്ങി

പ്രഭാഷണാനന്തരം പ്രധാനമന്ത്രി ഷിന്‍സോ പാപ്പായെ കാന്തേയി മന്ദിരത്തിന്‍റെ പ്രധാന കവാടത്തിലേയ്ക്ക് ആനയിച്ചു. രാഷ്ട്രപ്രതിനിധികളോടു യാത്രപറഞ്ഞിറങ്ങുമ്പോള്‍ സമയം 7.15 ആയിരുന്നു. പാപ്പാ കാറില്‍ 3 കി.മീ. അകലെയുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കു മടങ്ങി. അത്താഴം കഴിച്ച് പാപ്പാ വിശ്രമിച്ചു.
 

26 November 2019, 19:29