തിരയുക

2019.11.07 Segretario per la Giustizia sociale e l'Ecologia della Compagnia di Gesu' 2019.11.07 Segretario per la Giustizia sociale e l'Ecologia della Compagnia di Gesu' 

ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാവങ്ങള്‍ ഒരു സാദ്ധ്യത

“പാവങ്ങളുമായുള്ള കൂടിക്കാഴ്ച ക്രിസ്തുവുമായുള്ളൊരു കൂടിക്കാഴ്ചയുടെ സാദ്ധ്യതയാണ്!” - പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സമൂഹിക നീതിക്കും പരിസ്ഥിതി സംരക്ഷണത്തിനുമായുള്ള ഈശോ സഭാംഗങ്ങളുടെ രാജ്യാന്തര സംഗമത്തെ (International Gathering of Jesuits on Social Justice and Ecology) നവംബര്‍ 7-Ɔο തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

1. ക്രിസ്തുവിന്‍റെ ചാരത്ത് വിനയാന്വിതരായി
ബെതലഹേമിന്‍റെ ലാളിത്യവും വിനീതാവസ്ഥയും വിവരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ആരംഭിച്ചത്. തന്‍റെ തന്നെ ജനങ്ങളുടെ പക്കലേയ്ക്കു വരികയും, എന്നാല്‍ പരിത്യക്തനാവുകയും ചെയ്ത ഒരു പാവം ശിശുവില്‍ ദൈവിക മഹത്വം ധ്യാനിക്കാന്‍ ഒരോ വര്‍ഷവും ആരാധനക്രമകാലം നമ്മെ ക്ഷണിക്കുന്നു (യോഹ. 1, 11). വിശുദ്ധ ഇഗ്നേഷ്യസിന്‍റെ വാക്കുകളില്‍ തിരുക്കുടുംബത്തിന്‍റെ തുണ മേരിയാണ്. ആ അമ്മയുടെ ചാരത്ത് ശുശ്രൂഷകരായ അജപാലകരും സഭാംഗങ്ങളും നിലയുറപ്പിക്കണമെന്നാണ് വിശുദ്ധ ഇഗ്നേഷ്യസ് ഉദ്ബോധിപ്പിച്ചിട്ടുള്ളത്. പാവപ്പെട്ട ആ കുടുംബത്തിന്‍റെ ചാരത്ത് സ്വന്തം അയോഗ്യതയില്‍, തങ്ങള്‍തന്നെയും, നാം ഓരോരുത്തരും ദരിദ്രരും വിനീതരുമാണെന്ന ബോധ്യത്തോടും ധാരണയോടുംകൂടെ അവരുടെ ആവശ്യങ്ങളില്‍ ധ്യാനാത്മകമായി സഹായിക്കുന്നവരായി അവിടെ യഥാര്‍ത്ഥത്തില്‍ സന്നിഹിതരായിരിക്കുന്ന മനോഭാവത്തോടെയാണ്, ഇന്ന് സഭാപ്രവര്‍ത്തകര്‍ പാവങ്ങളെ സമീപിക്കേണ്ടതും ശുശ്രൂഷിക്കേണ്ടതുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

2. പാവങ്ങളില്‍ ദൈവത്തെ ധ്യാനിക്കുന്ന ആത്മീയശൈലി
ദൈവത്തെ സജീവമായി ധ്യാനിക്കുന്ന ആത്മീയ ശൈലിയാണ് പാവപ്പെട്ടവരുടെ സജീവമായ ശുശ്രൂഷയിലൂടെ വിശുദ്ധ ഇഗ്നേഷ്യസ് തന്‍റെ മക്കള്‍ക്കായി കൈമാറിയിട്ടുള്ളത്. ഇവിടെ ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ച് നേരിട്ടു പരാമര്‍ശിച്ചില്ലെങ്കിലും,  ദൈവത്തെ ധ്യാനാത്മകമായി ഉള്‍ക്കൊള്ളുന്ന അരൂപിയില്‍ സമൂഹത്തിലെ പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ശുശ്രൂഷിക്കുന്ന രീതിയാണ് എളിയവരുടെ മദ്ധ്യേ സജീവമാകുന്ന ആദ്ധ്യാത്മികതയെന്ന് പാപ്പാ വിശേഷിപ്പിച്ചു. പാവങ്ങള്‍ ആയിരിക്കുന്ന നന്മയിലും, അവസ്ഥയിലും, സംസ്കാരത്തിലും, വിശ്വാസ സാഹചര്യങ്ങളിലും, അവരെ വിലമതിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്യുന്ന രീതിയെ ഒരിക്കലും പകരംവെയ്ക്കാനാവില്ലെന്ന് പാപ്പാ, പ്രസ്താവിച്ചു (സുവിശേഷ സന്തോഷം EG, 199).

പാവങ്ങളുടെ സാന്നിദ്ധ്യമറിയുന്ന മനോഭാവം
ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറ്റവും സമുചിതമായൊരു സ്ഥാനമായി പാവങ്ങളുടെ സാന്നിദ്ധ്യത്തെ കാണാവുന്നതാണ്. അങ്ങനെ പാവങ്ങളെയും അവരുടെ സാന്നിദ്ധ്യത്തെയും തിരിച്ചറിയുക എന്നത് ക്രിസ്തുവിനെ അനുകരിക്കുന്ന ഒരോരുത്തരുടെയും ജീവിതത്തില്‍ ഏറെ വിലപ്പെട്ട സമ്മാനമാണ്. വിവിധങ്ങളായ സാമൂഹ്യസാഹചര്യങ്ങളില്‍ ഇരകളാക്കപ്പെട്ടവരിലും, ദാരിദ്ര്യം അനുഭവിക്കുന്നവരിലും ക്രിസ്തുവിനെ ദര്‍ശിക്കുവാനുള്ള അമൂല്യമായ സമ്മാനംതന്നെയാണ് നാം സ്വീകരിക്കുന്നത്. ക്രിസ്തുവിനു പ്രിയപ്പെട്ടവരായ പാവങ്ങളുടെ മദ്ധ്യേയുള്ള സാന്നിദ്ധ്യം അജപാലകരുടെ വിശ്വാസത്തിന്‍റെ പ്രതിഫലനമായിരിക്കും. വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ജീവിതത്തെ ആഴപ്പെടുത്തിയതും ബലപ്പെടുത്തിയതും പാവങ്ങളോടുള്ള സാമീപ്യവും അനുഭവവുമാണ്.

പാവങ്ങളുടെ സമീപത്തായിരുന്നുകൊണ്ട്
ക്രൂശിതന്‍റെയും ചാരത്തായിരിക്കാം

ക്രൈസ്തവരുടെ വിശിഷ്യ അജപാലകരുടെ വിശ്വാസം കൂടുതല്‍ സ്നേഹമുള്ളതും കരുണയുള്ളതും, സുവിശേഷാത്മകവും ലാളിത്യമാര്‍ന്നതുമാകേണ്ടത് പാവങ്ങളുടെ ശുശ്രൂഷയിലൂടെയാണെന്ന്, സാമൂഹിക സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ഈശോ സഭാംഗങ്ങളെ പാപ്പാ അനുസ്മരിപ്പിച്ചു. പാവങ്ങളുടെ യാതനകളെയും വേദനകളെയും കുറിച്ചുള്ള പ്രശാന്തമായ ധ്യാനം നമ്മെ വ്യക്തിപരമായും യഥാര്‍ത്ഥമായും രൂപാന്തരപ്പെടുത്തും. രൂപാന്തരപ്പെടല്‍ മാനസാന്തരമാണ്. അത് ക്രൂശിതനായ ക്രിസ്തുവിന്‍റെ വദനത്തിന്‍റെ ദര്‍ശന സാന്നിദ്ധ്യവുമാണ്. പാവങ്ങളുടെ കൂടെയായിരുന്നുകൊണ്ട് നമുക്കു ക്രൂശിതന്‍റെ ചാരത്തായിരിക്കാം. പാവങ്ങളുടെ വേദനയും ക്ലേശങ്ങളും ശമിപ്പിച്ചുകൊണ്ട് നമുക്കു ക്രിസ്തുവിനെ അവിടുത്തെ കുരിശിലെ ക്ലേശങ്ങളില്‍നിന്നും സാന്ത്വനപ്പെടുത്താം, മെല്ലെ താഴെയിറക്കാം!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2019, 10:02