തിരയുക

ഫ്രാന്‍സീസ് പാപ്പാ, ഇക്കൊല്ലം  മൃതിയടഞ്ഞ കര്‍ദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും ആത്മശാന്തിക്കായി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, തിങ്കളാഴ്ച (04/11/19) രാവിലെ  ദിവ്യബലി അര്‍പ്പിച്ചപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ, ഇക്കൊല്ലം മൃതിയടഞ്ഞ കര്‍ദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും ആത്മശാന്തിക്കായി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, തിങ്കളാഴ്ച (04/11/19) രാവിലെ ദിവ്യബലി അര്‍പ്പിച്ചപ്പോള്‍ 

"നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തില്‍"

ഉയിര്‍ത്തെഴുന്നേല്ക്കുക എന്ന നമ്മുടെ വിളിക്കുത്തരം നല്കുന്നതിനുള്ള പ്രഥമ സഹായമെത്തുന്നത് യേശുവില്‍ നിന്നാണെന്ന് ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നാം ലോകത്തിലേക്കു വന്നത് ഉയിര്‍ത്തെഴുന്നേല്ക്കാനാണെന്ന് മാര്‍പ്പാപ്പാ.

നടപ്പുവര്‍ഷത്തില്‍ മൃതിയടഞ്ഞ കര്‍ദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും ആത്മശാന്തിക്കായി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, തിങ്കളാഴ്ച (04/11/19) രാവിലെ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ ദൈവവചന വിശകലനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ മരണത്തിന്‍റെ പൊരുളെന്തെന്നു വിശദീകരിച്ചുകൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

ഈ ഉദ്ബോധനത്തിന് ഉപോദ്ബലകമായി പാപ്പാ “നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്” എന്ന പൗലോസപ്പസ്തോലന്‍റെ വാക്കുകള്‍, ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം, മൂന്നാം അദ്ധ്യായം, ഇരുപതാം വാക്യം, ഉദ്ധരിച്ചു.

ഉയിര്‍ത്തെഴുന്നേല്ക്കുക എന്ന നമ്മുടെ വിളിക്കുത്തരം നല്കുന്നതിനുള്ള പ്രഥമ സഹായമെത്തുന്നത് യേശുവില്‍ നിന്നാണെന്ന് പാപ്പാ വിശദീകരിച്ചു.

“എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയില്ല” (യോഹന്നാന്‍ 6,37) എന്ന യേശുവിന്‍റെ വാക്കുകള്‍ ഈ സഹായത്തിന്‍റെ അച്ചാരമായി എടുത്തുകാട്ടിയ പാപ്പാ, യേശു നമ്മെ അവിടത്തെ പക്കലേക്കു വിളിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.

“എന്‍റെ അടുത്തേക്കു വരുവിന്‍” എന്ന് നമ്മെ വിളിക്കുന്ന യേശുവിന്‍റെ പക്കലേക്ക് നമ്മുടെ അനുദിന ജീവിതത്തില്‍ നാം പോകുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യുന്നതിനു സഹായകമായ ചോദ്യങ്ങള്‍ പാപ്പാ നിരത്തി.

എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയില്ലെന്ന യേശുവിന്‍റെ   വാക്കുകളില്‍ അവിടത്തെ പക്കലണയാത്ത ക്രൈസ്തവന്‍ തള്ളിക്കളയപ്പെടും എന്ന ധ്വനിയുണ്ടെന്നു പാപ്പാ വിശദീകരിച്ചു.

താന്‍ യേശുവിന്‍റെതാണെന്നു പറയുന്നവന് ആത്മകേന്ദ്രീകൃതനായി കറങ്ങാനാകില്ലെന്നും യേശുവിനുള്ളവന്‍ ക്രിസ്തോന്മുഖനായി നീങ്ങുമെന്നും പാപ്പാ പറഞ്ഞു.

ജീവിതം എന്നും പുറത്തേക്കുള്ള ഈ നീക്കത്തിലാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അമ്മയുടെ ഉദരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക്, ശൈശവത്തില്‍ നിന്ന് കൗമാരത്തിലേക്ക്, ആ ഘട്ടത്തില്‍ നിന്ന് യൗവനപ്രാപ്തിയിലേക്ക്, അങ്ങനെ ഈ ലോകത്തില്‍ നിന്നു പുറത്തു കടക്കുന്നതു വരെ പുറത്തേക്കുള്ള യാത്രയിലാണ് ജീവിതം എന്ന് പാപ്പാ വിശദീകരിച്ചു.

ഉത്ഥിതനുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഈ ജീവിതത്തില്‍ നിന്നു പുറത്തുകടന്ന, അതായത്, പരേതരായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് ഒരു കാര്യം വിസ്മരിക്കനാകില്ല, അതായത്, ഈ പുറത്തു കടക്കലാണ് ഏറ്റം പ്രധാനവും ഏറ്റം ആയാസകരവും മറ്റെല്ലാ ബഹിര്‍ഗമനങ്ങള്‍ക്കും, നമ്മില്‍ നിന്നു തന്നെ പുറത്തു കടക്കുന്ന പ്രക്രിയയ്ക്ക്, അര്‍ത്ഥം പ്രദാനം ചെയ്യുന്നതും എന്ന് പാപ്പാ പറഞ്ഞു.

നമ്മില്‍ നിന്നു പുറത്തു കടക്കുകവഴി മാത്രമെ നമുക്കു കര്‍ത്താവിങ്കലേക്കുള്ള വാതില്‍ തുറക്കാന്‍ സാധിക്കുകയുള്ളുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2019, 13:18