തിരയുക

തായ്‌ലാന്‍റിലെ  ഭരണാധികാരികളും പൗരസമൂഹത്തിലെ പ്രതിനിധികളും നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ച്ചയില്‍ പാപ്പാ പ്രഭാഷണം നല്‍കുന്നു. തായ്‌ലാന്‍റിലെ ഭരണാധികാരികളും പൗരസമൂഹത്തിലെ പ്രതിനിധികളും നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ച്ചയില്‍ പാപ്പാ പ്രഭാഷണം നല്‍കുന്നു.  

പാപ്പായുടെ മുപ്പത്തിരണ്ടാമത്തെ അപ്പോസ്തോലിക സന്ദർശനത്തിന്‍റെ ആദ്യഘട്ടം തായ്‌ലാന്‍റില്‍

"ക്രിസ്തുവിന്‍റെ ശിഷ്യന്മാർ, മിഷനറി ശിഷ്യന്മാർ" എന്ന പ്രമേയവുമായി മുപ്പത്തി രണ്ടാമത്തെ അപ്പോസ്തോലിക സന്ദർശനത്തിന്‍റെ ആദ്യഘട്ടം തായ്‌ലന്‍റില്‍ നടത്തുന്ന പാപ്പാ സമാധാനത്തിന്‍റെയും, മതസൗഹാര്‍ദ്ദത്തിന്‍റെയും പ്രതീകമായാണ് തന്‍റെ ഇടയ സന്ദര്‍ശനം നടത്തുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക യാത്ര പരിപാടികളുടെ ശബ്ദരേഖ

ബാങ്കോക്ക് രാഷ്ട്രഭവനം: നവംബർ 21ആം തിയതി രാവിലെ 8.45ന്  കാറിൽ രാഷ്ട്രഭവനിലേക്ക് പാപ്പാ യാത്രയായി. പ്രധാനമന്ത്രിയുടേയും മറ്റു മന്ത്രിമാരുടെയും ഓഫീസുകളും, ആലോഷങ്ങളും ഔദ്യോഗിക സ്വീകരണങ്ങളും നടക്കുന്നത് ഇവിടെയാണ്. ഡൂസിറ്റി എന്ന സ്ഥലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാരമായ ഇതാണ് സർക്കാരിന്‍റെ ഭരണകേന്ദ്രം. കഴിഞ്ഞ നൂറ്റാണ്ടിൽ റാമാ അഞ്ചാമൻ രാജാവ് ബാങ്കോക്കിലെ വലിയ രാജകീയ കൊട്ടാരത്തിന്‍റെ ബഹളങ്ങളിൽ നിന്ന് മാറി നിൽക്കാനായി യൂറോപ്യൻ മാതൃകയിൽ രാജകീയ താമസത്തിനായി പണിതീർത്തതാണിത്. ഇറ്റാലിയൻ വാസ്തു ശില്‍പിയായ ഹാനിബാൾ റ്റഗോട്ടി 1923 ൽ രാജാവിന്‍റെ പ്രിയപ്പെട്ട ഒരു സൈനീകത്തലവന്‍റെ കുടുംബത്തിന് താമസിക്കാനായി  രൂപകല്‍പന ചെയ്ത ഇതിന്‍റെ നിർമ്മാണം 1925 ലെ രാജാവിന്‍റെ മരണം മൂലം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. 1941ൽ സർക്കാർ കെട്ടിടം വാങ്ങുകയും  പ്രധാനമന്ത്രിയുടെ ഓഫീസാക്കി പണിപൂർത്തിയാക്കാൻ ഇറ്റാലിയൻ കലാകാരനും ശില്‍പിയുമായ കൊറാദോ ഫെറോച്ചിയെ ഏല്പ്പിക്കികയും ചെയ്തു. വെസേനിയൻ ഗോഥിക്കിന്‍റെയും ബൈസൈന്‍റെയിൻ കലകളുടേയും, തായ് ശൈലിയും ചേർന്ന നിർമ്മിതിയിൽ, ഏറ്റം മുകളിലായി ബ്രഹ്മാവിന്‍റെ രൂപം ഇരിക്കുന്നിടത്ത് സ്വർണ്ണ താഴികക്കുടവും, വെനീസിലെ ക‘ദ്’ഓറോ കൊട്ടാരത്തിന്‍റെ സ്വർണ്ണ തൂണുകളെപ്പോലുള്ള തൂണുകളുമായുള്ള ഈ കൊട്ടാരത്തെ വർഷത്തിലൊരിക്കല്‍ അതായത് കുട്ടികളുടെ ദേശീയ ദിനമായ ജനുവരിയിലെ രണ്ടാമത്തെ ശനിയാഴ്ചയില്‍ മാത്രമാണ് സന്ദർശിക്കാന്‍ അനുവാദമുള്ളത്.

ബാങ്കോക്ക് രാഷ്ട്ര ഭവനില്‍ പാപ്പായ്ക്ക് സ്വീകരണം: 9.00  മണിയോടെ ബാങ്കോക്ക് രാഷ്ട്രഭവനിലെത്തിയ പാപ്പായെ പ്രവേശന കവാടത്തിൽ പ്രധാനമന്ത്രി ജനറൽ പ്രയൂത്ത് ചാൻ-ഓക്ക സ്വീകരിച്ച് പ്രസംഗപീഠത്തിലേക്കാനയിച്ചു. സൈനീക ബഹുമതിയും ഗാനാലാപനങ്ങളുമായി പാപ്പായ്ക്ക് സ്വാഗതം ആശംസിച്ച ശേഷം പരസ്പരം പ്രതിനിധികളെ പരിചയപ്പെടുത്തിയ ശേഷം പാപ്പായും പ്രധാനമന്ത്രിയും ഉള്ളിലെ ഐവറി മുറിയിലേക്ക് പ്രവേശിച്ചു. നഖോൺ റാറ്റ്ചസീമയിൽ 1954ൽ ജനിച്ച ജനറൽ പ്രയൂത്ത് ചാൻ - ഓക്ക തന്‍റെ പOനങ്ങൾക്കു ശേഷമാണ് സൈന്യത്തിൽ ചേർന്നത്. 2005 ൽ ഡെപ്യൂട്ടി ജനറൽ കമാന്‍റരായ അദ്ദേഹം ആ വർഷം തന്നെ കമാന്‍റര്‍ ജനറലായി. പടിപടിയായി ഉയർത്തപ്പെട്ട അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 2014 മെയ് മാസത്തില്‍ നടത്തിയ അട്ടിമറിയിൽ പ്രധാനമന്ത്രിയായി സ്വയം സ്ഥാനമേറ്റു. 2014ൽ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും കോടതി അസാധുവാക്കി. 2019 ൽ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 9.15ന് പ്രധാനമന്ത്രിയുമായുള്ള സ്വകാര്യ സന്ദർശനത്തിനായി പാപ്പാ ഐവറി മുറിയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി ഔദ്യോഗീകമായ ഫോട്ടൊ എടുക്കുകയും Book of Honour ൽ ഒപ്പുവയ്ക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും പ്രധാനമന്ത്രിയുടെ ഭാര്യയെ പരിചയപ്പെടുത്തുകയും ചെയ്തു.  കൂടികാഴ്ച്ചയ്ക്ക് ശേഷം 9.30ന് പ്രധാനമന്ത്രിയും പാപ്പായും ഉള്ളിലെ ശാന്തി മൈത്രി ഹാളിൽ പ്രവേശിച്ച് ഭരണാധികാരികളും പൗരസമൂഹത്തിലെ പ്രതിനിധികളും നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചക്കായി എത്തിച്ചേർന്നു. പ്രധാനമന്ത്രിയുടെ ആശംസയ്ക്കു ശേഷം മാർപാപ്പാ തന്‍റെ പ്രഭാഷണം ആരംഭിച്ചു. പ്രസംഗം കഴിഞ്ഞയുടനെ പ്രധാനമന്ത്രി പാപ്പായെ പുറത്തേക്കാനയിച്ചു. 9.50 ന് 3.2 കി.മി. അകലെയുള്ള വാറ്റ്റച്ചബോഫിത്ത് സഹിത് മഹാ സിമാരം ക്ഷേത്രത്തിലേക്ക് യാത്രയായി.

വാറ്റ്റച്ചബോഫിത്ത് സഹിത് മഹാ സിമാരം ക്ഷേത്രം

വാറ്റ് റച്ചബോഫിത്ത് സഹിത് മഹാ സിമരം എന്ന ക്ഷേത്രം തായ് സന്യാസികളുടെയും അവരുടെ അത്യുന്നത പാത്രിയാർക്കിന്‍റെയും ചരിത്രപരമായ വീടാണ്. റാമാ അഞ്ചാമൻ രാജാവ് എല്ലാ ചക്രവർത്തികൾക്കും അവരുടെ ക്ഷേത്രം വേണമെന്ന പാരമ്പര്യമനുസരിച്ച് 1869 ആണ് ബുദ്ധസന്യാസികളുടെ ഈ ചരിത്ര ക്ഷേത്രം പണിതീർത്തത്. തായ് പാരമ്പര്യവും, യൂറോപ്പിന്‍റെ ഗോഥിക് കത്തീഡ്രലുകളുടെ ശൈലിയും ഒരുമിച്ച് പണിയപ്പെട്ടിരിക്കുന്നത് ഈ ക്ഷേത്രത്തിനകത്ത് നമുക്ക് കാണാൻ കഴിയും. നീളമുള്ള തൂണുകൾ കത്തോലിക്കാ ദേവാലയങ്ങളെ ഓർമ്മിപ്പിക്കുമെങ്കിലും അതിലെ മൊസായിക്കും, സ്വർണ്ണപണികളും വ്യത്യസ്ഥമാണ്. ഇറ്റാലിയൻ വാസ്തുശില്പ രീതികളും കാണാൻ കഴിയും. പരിശുദ്ധ ഹാളിലേക്കും, അഭിഷേക ഹാളിലേക്കും ചേർന്നുള്ള വൃത്താകൃതിയിലുള്ള നടുമുറ്റത്ത് സ്വർണ്ണത്തിൽ പൊതിഞ്ഞ 40 മീറ്റർ ഉയരമുള്ള ഒരു കേദിയും (ബുദ്ധസ്മാരകം) ബുദ്ധന്‍റെ തിരുശേഷിപ്പടക്കം ചെയ്ത ഒരു സ്വര്‍ണ്ണ ഗോളവും കാണാം. വാറ്റ്റച്ച്ബോഫിത്തിൽ തെക്കുഭാഗത്തായി രാജകുടുംബത്തിലെ മരണമടഞ്ഞവരുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടള്ള രാജകീയ ശ്മശാനവും, ഒരു ക്രിസ്തീയ ദേവാലയവുമുണ്ട്. ജോൺ പോൾ രണ്ടാമൻ തന്‍റെ ഏഷ്യയിലേക്കുള്ള അപ്പോസ്തോലിക യാത്രയിൽ 18 ആം ബുദ്ധ പാത്രിയാർക്ക് സോംദേജ് ഫ്രാ അരിയ വോങ് സാഗതനനയുമായി സന്ദർശനം നടത്തിയ ക്ഷേത്രമാണിത്.

ബുദ്ധമതക്കാരുടെ പരമോന്നത പാത്രിയാര്‍ക്ക്:ഉംപോൺ ഉമ്പാ- രൗ എന്ന പേരിൽ അറിയപ്പെടുന്ന സോംദേജ് ഫ്രാ മഹാ മുനീവോങ് ബുദ്ധമതക്കാരുടെ ഇരുപതാമത്തെ പാത്രീയാർക്കാണ്. 1872 ൽ റാമാ ഒന്നാമൻ മഹാരാജാവാണ് പരമോന്നത പാത്രിയർക്ക് സ്ഥാനം സ്ഥാപിച്ചത്. സംഘാ എന്ന ബുദ്ധമത ഉന്നത കൗൺസിലിനെ നയിക്കുന്നതിനും, ബുദ്ധമതത്തെ  അഭിവൃദ്ധിപ്പെടുത്തുന്നതിനും ബുദ്ധന്‍റെ പഠനങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധയും, നേതൃത്വവും നൽകുന്നതിനും, ബുദ്ധമത കൗൺസിൽ സ്ഥാപിച്ച ആചാരാനുഷ്ടാനങ്ങളെ അഭ്യസിക്കുന്നതിൽ ശ്രദ്ധ നൽകുന്നതിനും വേണ്ടിയാണ് ഈ സ്ഥാനം നൽകപ്പെട്ടത്. 2017, ഫെബ്രുവരി 12ന് രാജ്യത്തിന്‍റെ ഏറ്റവും പവിത്രമെന്നു കരുതപ്പെടുന്ന ഫ്രാ ശ്രീ റത്താനാ സസ്‌-സദാരാം ക്ഷേത്രത്തിന്‍റെ ഉത്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച റാമാ രണ്ടാമൻ രാജാവാണ് ഇപ്പോഴത്തെ പാത്രീയാർക്ക് സോംദേജ് ഫ്രാ മഹാ മുനീവോങിനെ നിയമിച്ചത്.

സോംദേജ് ഫ്രാ മഹാ മുനീവോങ് പാത്രീയാർക്ക്:1927ൽ ജനിച്ച സോംദേജ് ഫ്രാ മഹാ മുനീവോങ് പത്താം വയസ്സിൽ ബുദ്ധ മത  നോവിസായി അഭിഷിക്തനായി. അദ്ദേഹം 1950ൽ സന്യാസജീവിതം ആരംഭിച്ചു. ഏഴ് വർഷത്തിന് ശേഷം മഹാമകുട്ട് ബുദ്ധ സർവ്വകലാശാലയിൽ മതപഠനത്തിൽ ബിരുദവും ഇന്ത്യയില്‍ ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും നേടി. 1973ൽ ഓസ്ട്രേലിയായിലെ സിഡ്നിയിൽ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ തലവനായി അദ്ദേഹത്തെ നിയമിച്ചു. 2008 മുതൽ പാത്രിയർക്കീസിന്‍റെ നിയമനം നല്‍കപ്പെടുന്നത് വരെ രാജചോർപിറ്റ്-സദിത്ത്-മഹാസിമരം എന്ന ക്ഷേത്രത്തിന്‍റെ മഠാധിപതിയായി സേവനമനുഷ്ഠിച്ചു. ഇത് 1869ൽ റാമാ അഞ്ചാമൻ രാജാവിന്‍റെ ഭരണകാലത്ത് പണികഴിപ്പിച്ചതാണ്. വിദ്യാഭ്യാസരംഗത്തും, നോവിസ്മാരുടെയും, സന്യാസികളുടെയും അച്ചടക്കക്രമത്തിന്‍റെയും മേഖലയില്‍ പ്രാവീണ്യം നേടിയ വ്യക്തിയെന്ന നിലയില്‍ നിയമവും, ഭാഷയും കൈകാര്യം ചെയ്യുന്ന കമ്മിറ്റി അംഗവും മഹാമകുത്ത് ബുദ്ധ സർവ്വകലാശാല കൗൺസിൽ പ്രസിഡന്‍റുമായിരുന്നു. 2009ൽ അദ്ദേഹത്തിന് ബുദ്ധമതത്തിൽ ബഹുമാനാര്‍ത്ഥമായ ബിരുദം (Honorary) ലഭിച്ചു. ബുദ്ധന്‍റെ പഠനങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സോംദേജ് ഫ്രാ മഹാ മുനീവോങ് പാത്രീയാർക്കിന്‍റെ   ശാസ്ത്രവിദ്യാസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് 2010ൽ ഡോക്ടറേറ്റ് ലഭിച്ചു.

10.00 മണിക്ക് ഫ്രാൻസിസ് പാപ്പായെ ബുദ്ധമതക്കാരുടെ പരമോന്നത പാത്രിയര്‍ക്കിന്‍റെ സെക്രട്ടറി ക്ഷേത്ര പ്രവേശന കവാടത്തിൽ വന്നു സ്വീകരിക്കുകയും അവർ രണ്ടു പേരും ക്ഷേത്രത്തിലേക്ക് പോകുകയും ചെയ്തു. അവിടെയെത്തിയപ്പോൾ പരമോന്നത പാത്രിയാർക്ക് പാപ്പായെ സ്വാഗതം ചെയ്തു. തുടർന്ന് പാപ്പാ പ്രഭാഷണം  നൽകി. പ്രഭാഷണത്തിന് ശേഷം പാപ്പായും പാർത്രിയാർക്കും തമ്മിൽ പരസ്പരം സമ്മാനങ്ങൾ കൈമാറി. അതിനെ തുടർന്ന് ഹ്രസ്വ അഭിമുഖ സംഭാഷണം സ്വകാര്യമായുണ്ടായിരുന്നു. അഭിമുഖത്തിന് ശേഷം പാപ്പാ ബഹുമതി പുസ്തകത്തിൽ (Book of Honour) ഒപ്പു വച്ചു. തുടർന്ന് ഔദ്യോഗികമായ ഫോട്ടോ എടുപ്പിനു ശേഷം പരമോന്നത പാത്രിയാർക്കിനോടു വിട പറഞ്ഞ പാപ്പാ അവിടെ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പ് പ്രധാന മുറ്റത്തു നിന്ന് വാറ്റ് ഫോ ആശ്രമത്തിലുള്ള 35 സന്യാസിമാരുമായി ഫോട്ടോയെടുക്കുകയും ചെയ്തു. അതിനു ശേഷം അവിടെ നിന്ന് ഏഴ് കി.മീ  അകലെ പ്രവർത്തിക്കുന്ന വിശുദ്ധ ലൂയിസിന്‍റെ നാമഥേയത്തിലുള്ള ആതുരാലയത്തിലേക്ക് പാപ്പാ യാത്രയായി. ജനമദ്ധ്യത്തിലൂടെ സഞ്ചരിച്ചുകൊണ്ടാണ് പാപ്പാ അവിടെ എത്തിയത്.

വിശുദ്ധ ലൂയിസ് ആതുരാലയം:വിശുദ്ധ ലൂയിസിന്‍റെ നാമഥേയത്തിലുള്ള ഈ ആതുരാലയം ലാഭേച്ച മന്യേ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയാണ്. 1898ൽ അന്നത്തെ അതിരൂപതാ മെത്രാപ്പോലീത്തയും സിയാമിലെ കത്തോലിക്കാ മിഷന്‍റെ അപ്പോസ്തോലിക് വികാരായി സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് ലൂയിസ് വേയാൽ സ്ഥാപിതമായതാണ്. ഇതിന്‍റെ ആരംഭകാലത്തിൽ "കരുണ എവിടെയുണ്ടോ അവിടെ ദൈവമുണ്ട്‌" എന്ന ആദർശത്തോടെ പ്രേഷിത പ്രവർത്തനം നടത്തിയിരുന്ന സെന്‍റ് പോൾ ദേ ചാർട്ട്റസ് എന്ന സന്യാസിനി സമൂഹമാണ് ചുമതല  നിർവ്വഹിച്ചിരുന്നത്. ഇന്ന് ഈ സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് വൈദ്യ മേഖലയിൽ പ്രത്യേക പഠനം പൂർത്തിയാക്കിയവരും നേഴ്‌സുമാരും, ഗവേഷകരുമാണ്. അവർ സങ്കീർണ്ണമായ ചിഹിത്സാ ഉപകരണങ്ങൾ ഉപയോഗിച്ച് കിടപ്പു രോഗികളെയും പുറത്തു നിന്ന് ചിത്സയ്ക്കായെത്തുന്നവരെയും സഹായിക്കുന്നു.

വിശുദ്ധ ലൂയിസ് നാമധേയത്തിലുള്ള ആതുരാലയത്തിലെ പ്രവർത്തകരുമായുള്ള കൂടികാഴ്ച്ചയും, പാപ്പായുടെ പ്രഭാഷണവും: 11.55ന് വിശുദ്ധ ലൂയിസിന്‍റെ നാമധേയത്തിലുള്ള ആതുരാലയത്തിലെത്തിയ പാപ്പായെ അതിന്‍റെ റുവാൻചിറ്റ്പിയന്താം എന്ന കെട്ടിടത്തിന്‍റെ        പ്രവേശന കവാടത്തിൽ വെച്ച് ബാങ്കോക്കിലെ കർദിനാള്‍ ആർച്ച് ബിഷപ്പും, ആശുപത്രി ഡയറക്ടറും, ആശപത്രിയുടെ പ്രവർത്തന ഘടനയുടെ ഡയറക്ടർ ജനറലും ചേർന്ന് സ്വീകരിച്ചു. നഴ്സിംഗ് ജീവനക്കാരുടെ  മതപരമായ കാര്യങ്ങളിൽ ഉത്തരവാദിത്തമുള്ള വ്യക്തി മാർപാപ്പായ്ക്ക് പുഷ്പങ്ങൾ അർപ്പിചു. അതിനു ശേഷം പാപ്പാ എലിവേറ്ററിലൂടെ  ആശുപത്രിയുടെ ഓഡിറ്റോറിയത്തിൽ എത്തി. അവിടെ ഡോക്ടർമാർ, നഴ്‌സുമാർ, ആശുപത്രി ജീവനക്കാർ, മറ്റ് സാധുജനസേവന കേന്ദ്രങ്ങളിൽ നിന്നുള്‍പ്പടെ 700 ഓളം പേര്‍ സന്നിഹിതരായിരുന്നു. അവിടെ പാപ്പായെ അഭിവാദ്യം ചെയ്തു കൊണ്ട്  ആശുപത്രി ഡയറക്ടര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സമ്മാനം കൈമാറുകയും ചെയ്തു. അതിന് ശേഷം പാപ്പാ  പ്രഭാഷണം നല്‍കി. പ്രഭാഷണത്തിന് ശേഷം പാപ്പാ സമ്മാനം നല്‍കുകയും, ബാങ്കോക്കിലെ കർദിനാൾ ആർച്ച് ബിഷപ്പ്, കർദിനാൾ എമെറിറ്റസ്, ആശുപത്രിയിലെ 14 ജീവനക്കാര്‍എന്നിവരുമൊത്ത് ഗ്രൂപ്പ് ഫോട്ടോയെടുക്കുകയും ചെയ്തു. അവസാനം പാപ്പാ ആശുപത്രിയുടെ പ്രധാന ഹാളിലേക്ക് ചെന്നു.  12:00 മണിക്ക് വിശുദ്ധ ലൂയിസ് ആതുരാലയത്തിൽ വെച്ചു മറ്റു സാധുജനസേവന കേന്ദ്രങ്ങളിൽ നിന്നുള്ള രോഗികളും, വിശുദ്ധ ലൂയിസ് ആതുരാലയത്തിൽ തന്നെ കഴിയുന്ന അംഗവൈകല്യമുള്ളവരുമടക്കം 40 പേരെ  പാപ്പാ സ്വകാര്യമായി സന്ദർശിച്ചു. 12.30 മണിക്ക് ഒരു കി.മി.ദൂരെയുള്ള വത്തിക്കാന്‍ സ്ഥാനപതി മന്ദിരത്തിലേക്ക് പാപ്പാ യാത്രയായി.12.35ന് എത്തിച്ചേർന്ന പാപ്പാ അവിടെ ഉച്ചഭക്ഷണം കഴിച്ചു. ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തി രണ്ടാമത്തെ അപ്പോസ്തോലിക സന്ദർശനത്തിന്‍റെ  ആദ്യഘട്ടമായി തായ്‌ലാന്‍റില്‍ നവംബർ 21ആം തിയതി രാവിലെ മുതല്‍ ഉച്ചവരെ നടന്ന പരിപാടികള്‍ ഇതോടെ പൂര്‍ത്തിയായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2019, 15:01