ആത്മസാക്ഷാത്ക്കാരത്തിന് പരസഹായം ആവശ്യം, പാപ്പാ
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (25/11/19) ടോക്കിയോയില്‍, ബുങ്കിയൊ എന്ന സ്ഥലത്തുള്ള അമലോത്ഭവ മറിയത്തിന്‍റെ നാമത്തിലുള്ള കത്തീദ്രലില്‍ വച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാപ്പാ അവര്‍ക്കു നല്കിയ സന്ദേശത്തില്‍ നിന്ന്:
താനുമായുളള കൂടിക്കാഴ്ചയ്ക്കെത്തിയതിന് യുവതീയുവാക്കള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടും, അവരുടെ ഉത്സാഹവും ഊര്‍ജ്ജവും തനിക്കേകുന്ന ആനന്ദവും പ്രത്യാശയും വെളിപ്പെടുത്തികൊണ്ടും പാപ്പാ ആരംഭിച്ച പ്രഭാഷണം പ്രധാനമായും ലെയൊണാര്‍ദൊ, മിക്കി, മസാക്കൊ എന്നീ യുവജന പ്രതിനധികള്‍ പങ്കുവച്ച സാക്ഷ്യങ്ങളെയും അവര്‍ ഉന്നയിച്ച ചോദ്യങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു.
പങ്കുവയ്ക്കാന്‍ ധൈര്യം അനിവാര്യം
ഹൃദയത്തില്‍ സംവഹിക്കുന്നവ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് വലിയ ധൈര്യം ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ അവിടെ വിവിധ രാജ്യക്കാരായ യുവതീയുവാക്കളുടെ സാന്നിധ്യത്തില്‍ തന്‍റെ സന്തോഷം രേഖപ്പെടുത്തുകയും നമുക്കുവേണ്ട നാളത്തെ സമൂഹം ഒത്തോരുമിച്ചു കെട്ടിപ്പടുക്കുന്നതിന് പഠിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
സമാധാനത്തില്‍ ഒരുമയോടെ വസിക്കാന്‍......
ജപ്പാനില്‍ വസിക്കുന്ന യുവജനങ്ങളുടെ സാംസ്കാരിക-മതപരങ്ങളായ വൈവിധ്യം ആ തലമുറ ഭാവിക്കേകുന്ന ഒരു സൗന്ദര്യമാണെന്ന് പാപ്പാ പറഞ്ഞു. എല്ലാവരും തുല്ല്യരല്ലാതിരിക്കെ ഏകതാനതയിലും സമാധാനത്തിലും ജീവിക്കാന്‍ നമ്മുടെ മാനവകുടുംബം പഠിക്കേണ്ടത് എത്രമാത്രം ആവശ്യമായിരിക്കുന്നു. പാപ്പാ തുടര്‍ന്നു- സാഹോദര്യത്തിലും അപരനോടുള്ള കരുതലിലും വിഭിന്നങ്ങളായ അനുഭവങ്ങളോടുള്ള ആദരവിലും വ്യത്യസ്ത വീക്ഷണങ്ങളിലും നാം എത്രമാത്രം വളരേണ്ടിയിരിക്കുന്നു.
വിദ്യാലങ്ങളില്‍ നടക്കുന്ന ഉപദ്രവങ്ങള്‍ക്ക് തടയിടാന്‍......
തുടര്‍ന്നു പാപ്പാ ഈ കൂടിക്കാഴ്ചാവേളയില്‍ സാക്ഷ്യം നല്കിയ ലെയൊണാര്‍ദൊയുടെ വാക്കുകളിലേക്കു കടന്നു. മറ്റുള്ളവരുടെ ഉപദ്രവം, മുഠാളത്തരം പഠനകാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ലെയൊണാര്‍ദൊ പങ്കുവച്ചതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ വിദ്യാലയങ്ങളില്‍ നടക്കുന്ന ഇത്തരം ഉപദ്രവങ്ങള്‍ ക്രൂരതയാണെന്നും അത് ഒരുവന്‍റെ ആത്മാവിനും ആത്മാഭിമാനത്തിനും മുറിവേല്പ്പിക്കുന്നുവെന്നു പറഞ്ഞു. വിദ്യാലങ്ങളില്‍ അരങ്ങേറുന്ന ഇത്തരം മുഠാളത്തരങ്ങള്‍, ദുരന്തങ്ങള്‍ അവസാനിപ്പിക്കുന്നതിന് വിദ്യഭ്യാസ സ്ഥാപനങ്ങളും മുതിര്‍ന്നവരും സാധ്യമായതൊക്കെ ചെയ്താല്‍ മാത്രം പോരാ പ്രത്യുത ഈ തിന്മ അരുത് എന്ന് വിദ്യാര്‍ത്ഥികളെല്ലാവരും, അവരുടെ സഹപാഠികളും ചങ്ങാതിമാരും, ഏകസ്വരത്തില്‍ ഉദ്ഘോഷിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. നീ ചെയ്യുന്നത് ഗൗരവതരമായ ഒരു കുറ്റമാണെന്ന് സഹപാഠികളും സുഹൃത്തുക്കളും ഒത്തൊരുമിച്ചു പറയുന്നതിനെക്കാള്‍ വലിയൊരു പ്രതിരോധായുധം ഇല്ല എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഭയം
ഭയം നന്മയ്ക്ക് വിരുദ്ധമാണെന്നും കാരണം അത് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ശത്രുവാണെന്നും പറഞ്ഞ പാപ്പാ സഹിഷ്ണുത, ഏകതാനത, കാരുണ്യം എന്നിവയെക്കുറിച്ചു പഠിപ്പിക്കുന്ന മതങ്ങള്‍ ഭയത്തെയും ഭിന്നിപ്പിനെയും സംഘര്‍ഷത്തെയും കുറിച്ചല്ല പറയുന്നതെന്ന് അനുസ്മരിച്ചു.
വികസനത്തിന്‍റെ മാനദണ്ഡം
പരക്കംപായുകയും മത്സരത്തിലും ഉല്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ദൈവത്തിനിടം നല്കാന്‍ യുവതീയുവാക്കള്‍ക്ക് എങ്ങനെ സാധിക്കും എന്നതിനെക്കുറിച്ച് മിക്കി ഏകിയ സാക്ഷ്യവും പാപ്പാ അനുസ്മരിച്ചു. നമ്മുടെ സമൂഹത്തില്‍ യുവജനങ്ങളും മുതിര്‍ന്നവരുമുള്‍പ്പടെയുള്ളവര്‍ പലപ്പോഴും ഏകാന്തതയനുഭവിക്കുന്ന അവസ്ഥയുണ്ടാകുന്നതിനെക്കുറിച്ച് പാപ്പാ ഈ പശ്ചാത്തലത്തില്‍ പരാമര്‍ശിച്ചു. “ഏകാന്തതയും സ്നേഹിക്കപ്പെടുന്നില്ല എന്ന തോന്നലുമാണ് ഏറ്റം ഭീകരമായ ദാരിദ്ര്യം” എന്ന് വിശുദ്ധ മദര്‍ തെരേസ പറഞ്ഞിട്ടുള്ളതും പാപ്പാ അനുസ്മരിച്ചു. ഈ ആദ്ധ്യാത്മിക ദാരിദ്ര്യത്തിനെതിരെ പോരാടാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അതു നമ്മുടെ കടമയാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
ആത്മസാക്ഷാത്ക്കാരത്തിന് പരാശ്രയം
ഒരു വിദ്യാര്‍ത്ഥിയും ഒരു അദ്ധ്യാപകനുമെന്ന നിലയില്‍ തന്‍റെ അനുഭവങ്ങള്‍ പങ്കുവച്ച മസാക്കൊ അവനവന്‍റെ നന്മയും മൂല്യവും കണ്ടെത്താന്‍ യുവജനത്തെ എപ്രകാരം സഹായിക്കാന്‍ സാധിക്കും എന്ന ചോദ്യം ഉന്നയിച്ചതിനെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് പാപ്പാ നമ്മുടെ അനന്യതയും നന്മയും ആന്തരിക സൗന്ദര്യവും കണ്ടെത്താന്‍ ഒരു ദര്‍പ്പണത്തിനു മുന്നില്‍ നിന്നാല്‍ സാധിക്കില്ലെന്നും മറ്റുള്ളവരുടെ സഹായം അതിനാവശ്യമാണെന്നും, നമ്മില്‍ നിന്ന് നാം പുറത്തു കടക്കേണ്ടിയിരിക്കുന്നുവെന്നും ഉദ്ബോധിപ്പിച്ചു.
.................................
തന്‍റെ മുപ്പത്തിരണ്ടാമത്തെ വിദേശ അജപാലന സന്ദര്‍ശത്തിലെ രണ്ടാമത്തെ രാജ്യമായ ജപ്പാനില്‍ ശനിയാഴ്ച (23/11/19) ആണ് പാപ്പാ എത്തിയത്. പാപ്പായുടെ ഈ സന്ദര്‍ശനം ചൊവ്വാഴ്ച (26/11/19) സമാപിക്കും. ഈ അപ്പസ്തോലിക പര്യടനത്തിന്‍റെ പ്രഥമ വേദി തായ്‌ലന്‍റ് ആയിരുന്നു. പത്തൊമ്പതാം തീയതി (19/11/19) ചൊവ്വാഴ്ച വൈകുന്നേരം റോമില്‍ നിന്നു പുറപ്പെട്ട പാപ്പാ ബുധനാഴ്ച (20/11/19) ഉച്ചയോടെ തായ്‌ലന്‍റില്‍ എത്തി. ഇരുപത്തിമൂന്നു വരെ പാപ്പാ തായ്‌ലന്‍റില്‍ ഉണ്ടായിരുന്നു.