തിരയുക

Pope Francis - a file photo Pope Francis - a file photo 

ഓസോണ്‍ പാളി സംരക്ഷണ സഖ്യത്തിന് പാപ്പായുടെ സന്ദേശം

ഭൂമിയുടെ മുകളിലെ ഓസോണ്‍ സംരക്ഷണ വലയം സംബന്ധിച്ച മോണ്‍ട്രിയാല്‍ ഉടമ്പടി രാഷ്ട്രങ്ങളുടെ 31-Ɔο സമ്മേളനത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം.

1. ഭൂമിയുടെ ഓക്സിജന്‍ സംരക്ഷണവലയം – ഓസോണ്‍ പാളി
വിയെന്നയിലെ യുഎന്‍ കേന്ദ്രത്തിലാണ് നവംബര്‍ 7, 8 തിയതികളില്‍ സമ്മേളനം നടന്നത്. ഭൂമിയെ ആവരണംചെയ്യുന്ന ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന രാസവാതക ബഹിര്‍ഗമന സ്രോതസ്സുകള്‍ക്ക് എതിരായ രാഷ്ട്രങ്ങളുടെ ഒരു ഉടമ്പടി സഖ്യം ക്യാനഡയിലെ മോണ്‍ട്രിയാലില്‍ 1987-ല്‍ തുടക്കമിട്ടത്, 1989-മുതല്‍ പ്രാബല്യത്തില്‍ വരുകയുണ്ടായി. ഓസോണ്‍ പാളി സംരക്ഷിക്കുന്ന യുന്നിന്‍റെ പിന്‍തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണത്, Montreal Protocol. അതിന്‍റെ 31-Ɔമത് സമ്മേളനത്തിനാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചത്.

2. കാനഡിയിലെ മോണ്‍ട്രിയാലില്‍ രൂപിതമായ സഖ്യം
നല്ലകാര്യങ്ങള്‍ക്കായി സമര്‍പ്പിതരാകുന്നവര്‍ക്ക് എന്നും മാനവരാശിയുടെ പിന്‍തുണയുണ്ടാകും എന്നതിനു തെളിവാണ് മോണ്‍ട്രിയാല്‍ പ്രോട്ടൊകോളും അതിലെ 197 അംഗരാഷ്ട്രങ്ങളുമെന്ന് പാപ്പാ ചൂണ്ടികാട്ടി. ഓസോണ്‍ പാളി സംരക്ഷിക്കുന്നതു സംബന്ധിച്ച ആദ്യ കണ്‍വെന്‍ഷന്‍ വിയെന്നയിലെ യുഎന്‍ സെന്‍ററില്‍ നടന്നതിന്‍റെ 35-Ɔο വര്‍ഷമാണിതെന്നും പാപ്പാ ഫ്രാന്‍സിസ് അനുസ്മരിച്ചു. അതിനെ തുടര്‍ന്നുണ്ടായ പരിശ്രമത്തിന്‍റെ ഫലമായി ഓസോണ്‍ പാളിയുടെ ലയനവും നേര്‍മ്മിക്കലും നിയന്ത്രിക്കുവാനും മെച്ചപ്പെടുത്തുവാനും മോണ്‍ട്രിയാല്‍ സഖ്യത്തിനു സാധിച്ചതില്‍ പാപ്പാ അംഗരാഷ്ട്രങ്ങളെ അഭനന്ദിച്ചു.

3. ഭൂമിയുടെ സംരക്ഷണക്കൂട്ടായ്മ
ഓസോണ്‍ പാളിയുടെ സംരക്ഷണകൂട്ടായ്മയില്‍നിന്നും പഠിക്കേണ്ട പാഠങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. വൈവിധ്യമാര്‍ന്ന ശാസ്ത്രീയ, രാഷ്ട്രീയ, സാമ്പത്തിക, വ്യവസായ പ്രസ്ഥാനങ്ങളില്‍നിന്നും പൗരസമൂഹത്തില്‍നിന്നുമാണ് ഭൂമിയുടെ പരിരക്ഷണത്തിന് ആവശ്യമായ ഈ പ്രസ്ഥാനം വളര്‍ന്നുവന്നത്. ഉത്തരവാദിത്വപൂര്‍ണ്ണമായ ഐക്യദാര്‍ഢ്യത്തിന്‍റെയും, ഇന്നിന്‍റെയും നാളത്തെയും തലമുറയെ സംരക്ഷിക്കുന്നതിന്‍റെയും, സമഗ്രമാനവ പുരോഗതിയുടെയും നല്ല അരൂപിയില്‍ പരസ്പര സഹകരണത്തിലൂടെ സമുന്നതമായ ലക്ഷ്യങ്ങള്‍ ആര്‍ജ്ജിച്ചെടുക്കാന്‍ ഈ പ്രസ്ഥാനത്തിനു ഇന്നു സാധിക്കുന്നുണ്ട്.

4. മാനവികതയുടെ നന്മയ്ക്കായി ഒരു പരിവര്‍ത്തനം
സാങ്കേതികതയെ നിയന്ത്രിച്ചുകൊണ്ട്, വികസനത്തിന് നവമായ മുഖം നല്കിയും, വിനാശകരമായ പ്രക്രിയകളും ഉല്പാദനവും സാമ്പത്തികമായി നേട്ടമുണ്ടാക്കുമെങ്കിലും മാനവരാശിയുടെ നന്മയ്ക്കായി അവ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള സന്മസ്സു കാണിക്കാനാകേണ്ടതാണ് (അങ്ങേയ്ക്കു സ്തുതി, 165). അതായത് മാനവരാശിയുടെ പൊതുനന്മയ്ക്കായുള്ള ഒരു സാംസ്കാരിക പരിവര്‍ത്തനത്തിന് സന്നദ്ധമാകുന്ന രീതിയാണ് നാം ഇവിടെ പ്രകടമാക്കുന്നത്. പൊതുനന്മയ്ക്കായി പ്രതിസന്ധികളെ മനസ്സിലാക്കുവാനും, അത് കേള്‍ക്കുവാനും, ഫലപ്രദമായ സംവാദത്തില്‍ ഏര്‍പ്പെടുവാനുമുള്ള വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും തുറവാണ് ഇവിടെ കാണുന്നത്.

5. മാനവികതയുടെ നന്മയ്ക്കുള്ള നവമായ വീക്ഷണം
– മോണ്‍ട്രിയാല്‍ പ്രൊട്ടോകോള്‍

കഴിഞ്ഞ നൂറ്റാണ്ടിലെ വ്യവസായ വളര്‍ച്ചയെ ഏറ്റവും വലിയ ഉത്തരവാദിത്വ രാഹിത്യമെന്ന് വിശേഷിപ്പിക്കുമ്പോള്‍ 21-Ɔο നൂറ്റാണ്ടിന്‍റെ പുലരിയില്‍ മാനവികതയുടെ നന്മയ്ക്കായി ഉത്തരവാദിത്വത്തോടെ വികസനത്തെ കാണുന്നൊരു നവമായ വീക്ഷണവും നിലപാടും പ്രത്യാശപകരുന്നതാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2019, 19:15