തിരയുക

Vatican News
Pope Francis visits Japan Pope Francis visits Japan  (ANSA)

നാഗസാക്കിയുടെ ദുരന്തഭൂമിയില്‍ സമാധാനദൂതുമായ്

ജപ്പാനിലെ രണ്ടാം ദിവസം പാപ്പാ ഫ്രാന്‍സിസ് നാഗസാക്കിയിലെ ആറ്റോമിക് ഹൈപ്പര്‍ പാര്‍ക്കിലും, രക്തസാക്ഷി മണ്ഡപത്തിലും - ശബ്ദരേഖയോടെ റിപ്പോര്‍ട്ട് :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നാഗസാക്കി റിപ്പോര്‍ട്ട് - സന്ദേശങ്ങളോടെ

പാപ്പാ ഫ്രാന്‍സിസിന്‍റെ 32-Ɔമത് അപ്പസോതോലിക യാത്രയുടെ 6-Ɔο ദിവസം, ഞായറാഴ്ച രാവിലെ ജപ്പാനിലെ നാഗസാക്കി നഗരത്തിലെ ആറ്റോമിക് സ്മാരക പാര്‍ക്കില്‍ നല്കിയ ആണവനിരായുധീകരണ സ്ന്ദേശവും, നഗരപ്രാന്തത്തിലെ നിഷിസാക്കി കുന്നിലെ രക്തസാക്ഷിമണ്ഡപത്തില്‍ നല്കിയ പ്രണാമപ്രഭാഷണവും കേള്‍ക്കാം.

ജപ്പാനിലെ രണ്ടാം ദിവസം
തായിലാന്‍റ് സന്ദര്‍ശനത്തിനുശേഷം ശനിയാഴ്ച നവംബര്‍ 23-Ɔο തിയതി ശനിയാഴ്ച വൈകുന്നേരം തലസ്ഥാന നഗരമായ ടോക്കിയോയിലെത്തിയ പാപ്പാ ഫ്രാന്‍സിസ് ദേശീയ മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ വിശ്രമിച്ചു.

ഞായറാഴ്ച, നവംബര്‍ 24, രാവിലെ 10 മണിക്ക് വിമാനമാര്‍ഗ്ഗം നാഗസാക്കി നഗരത്തിലെത്തി. വിമാനത്താവളത്തില്‍നിന്നും കാറില്‍ 35 കി.മീ സഞ്ചരിച്ച് നഗരമദ്ധ്യത്തിലെ വിഖ്യാതമായ ആറ്റോമിക് ബോംബ് ഹൈപ്പോ സെന്‍റര്‍ പാര്‍ക്കില്‍ ( Atomic Bomb Ypocenter Park) എത്തിച്ചേര്‍ന്നു. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാനിലെ നാഗസാക്കിയില്‍ സംഭവിച്ച ആണവബോംബാക്രമണ ചരിത്ര ദുരന്തത്തിന്‍റെ സ്മാരകമാണിത്. നാഗസാക്കി നഗരാധിപന്‍ പാപ്പായെ വരവേറ്റു. ആണവദുരന്തിന് ഇരകളായ രണ്ടുപേര്‍ പാപ്പായെ സ്മാരകവേദിയിലേയ്ക്ക് ആനയിച്ചു. വേദിയില്‍ പാപ്പാ ശാന്തിദീപം തെളിയിച്ചു, ഏതാനും നിമിഷങ്ങള്‍ മൗനമായി പ്രാര്‍ത്ഥിച്ചശേഷം സന്ദേശം നല്കി.

A.  ജപ്പാനിലെ പ്രഭാഷണം 2 : നാഗസാക്കിയിലെ
ആറ്റോമിക് ഹൈപ്പര്‍ സെന്‍ററില്‍

ആണവായുധങ്ങളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് നാഗസാക്കിയിലെ സമാധാനസ്മാരകത്തില്‍ നടത്തിയ പ്രഭാഷണം - 24 നവംബര്‍ 2019.

1.  മാനവരാശി എന്തുമാത്രം പരസ്പരം വേദനിപ്പിക്കുവാനും ഭീതിപ്പെടുത്തുവാനും പ്രാപ്തരാണെന്ന് ഈ സ്ഥലം നമ്മില്‍ ആഴമായ ബോധമുണര്‍ത്തുന്നു. നാഗസാക്കിയിലെ തകര്‍ക്കപ്പെട്ട കത്തീഡ്രലില്‍ കണ്ടെത്തിയ കുരിശിന്‍റെയും പരിശുദ്ധ കന്യകാനാഥയുടെ പ്രതിമയുടെയും ശോച്യമായ അവസ്ഥ ഒരിക്കള്‍ക്കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, ആണവാക്രമണത്തില്‍ ബോംബിങ്ങിന് ഇരയായവരുടെയും കുടുംബങ്ങളുടെയും പറഞ്ഞറിയിക്കാനാവാത്ത യാതനകളും ഭീതിയുമാണ്.

2. സുരക്ഷിതത്വത്തിനും സമാധാനത്തിനും സ്ഥിരതയ്ക്കുംവേണ്ടിയുള്ള അഭിലാഷം മാനവ ഹൃദയങ്ങളിലെ ഏറ്റവും ആഴമായ അഭിവാഞ്ഛകളിലൊന്നാണ്. ആണവായുധങ്ങളും ആള്‍നാശം വരുത്തുന്ന മറ്റ് ആയുധങ്ങളും കയ്യാളുന്നത് ഈ അഭിലാഷത്തിനു മറുപടിയല്ല. മറിച്ച് അവ എല്ലായിപ്പോഴും മനുഷ്യന്‍റെ സുസ്ഥിതിക്കും സമാധാനപരമായ ജീവിതത്തിനും ഭീഷണി ഉയര്‍ത്തുന്നു. സമാധാനവും സുസ്ഥിതിയും ഉറപ്പുവരുത്താനും സംരക്ഷിക്കുവാനും തെറ്റായ ഒരു സുരക്ഷാ ബോധത്തിലൂടെ ശ്രമിക്കുന്നത് വികലമായ ഒരു അധികാര ഘടനയില്‍ വളരുന്ന ലോകത്തിന്‍റെ ലക്ഷണമാണ്. ഭീതിയുടെയും അവിശ്വാസത്തിന്‍റെയും മനോഭാവത്തിലൂടെ നിലനിന്നു വരുന്ന ഒരു മിഥ്യയായ സുരക്ഷാബോധമാണിത്. എല്ലാ തരത്തിലുമുള്ള സംവാദങ്ങളെയും സമാധാന നീക്കങ്ങളെയും തടസ്സപ്പെടുത്തുന്നതും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വിഷലിപ്തമാക്കുന്നതുമായ അവസ്ഥയിലാണ് ഈ സുരക്ഷാബോധം അവസാനം കൊണ്ടെത്തിക്കാന്‍ പോകുന്നത്.

3. ലോക സമാധാനവും സുസ്ഥിതിയും സര്‍വ്വനാശത്തിന്‍റെ ഭീഷണിയിലും പരസ്പര നശീകരണത്തിന്‍റെ ഭീതിയിലും പടുത്തുയര്‍ത്താനുള്ള ശ്രമങ്ങള്‍ പൊരുത്തപ്പെടുന്നവയല്ല. ഐക്യദാര്‍ഢ്യത്തിന്‍റെയും സഹകരണത്തിന്‍റെയും ആഗോള ധാര്‍മ്മികതയുടെയും  അടിസ്ഥാനത്തില്‍ ഭാവിയെ സേവിക്കുവാനുള്ള ഒരു തുറന്ന മനഃസ്ഥിതിക്കു മാത്രമേ അത് സാക്ഷാത്ക്കരിക്കാനാകൂ. ഇന്നത്തെയും നാളെത്തെയും മാനവകുടുംബങ്ങളില്‍ ഒട്ടാകെ ഉത്തരവാദിത്വങ്ങള്‍ പരസ്പരാശ്രിതത്വത്തിലൂടെ പങ്കുവയ്ക്കുമ്പോള്‍ മാത്രമേ സമാധാനത്തിന്‍റെ സംസ്ക്കാരവും സംവാദരീതികളും ലോകത്ത് രൂപപ്പെടുത്താനാകൂ!

ആണവായുധ ആക്രമണത്തിന്‍റെ മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തപ്രത്യാഘാതങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഈ നഗരത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ആയുധമാത്സര്യത്തെക്കുറിച്ച് സംസാരിക്കാനുള്ള ശ്രമങ്ങള്‍ അപ്രസക്തമാണ്. പരിസ്ഥിതിയെ സ്വാഭാവികമായും സംരക്ഷിക്കേണ്ടതും ജനതകളുടെ സമഗ്രവികസനത്തിനായി പ്രയോജനപ്പെടുത്തേണ്ടതുമായ പ്രകൃതിയുടെ അമൂല്യമായ വിഭവസ്രോതസ്സുകള്‍ ഇന്ന് ആയുധ കിടമത്സരത്തിനായി പാഴാക്കുകയാണ്. മാരകമായ ആയുധങ്ങള്‍ക്കായി കൂടുതല്‍ കൂടുതല്‍ വിനാശകരമായ ആയുധങ്ങളുടെ ഉല്പാദനത്തിലൂടെയും പരിഷ്ക്കരണത്തിലൂടെയും പരിപാലനത്തിലൂടെയും ലോകത്തിന്ന് ധാരാളം പണം രാഷ്ട്രങ്ങള്‍ ദുര്‍വ്യയംചെയ്യുകയും, സ്വരൂപിക്കുകയും ചെയ്യുമ്പോള്‍, മനുഷ്യാന്തസ്സില്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിന് പാവങ്ങളായ കുട്ടികളുടെയും കുടുംബങ്ങളുടെയും എത്തിപ്പിടിക്കുന്ന രോദനം സ്വര്‍ഗ്ഗത്തിലേയ്ക്ക്, ദൈവസന്നിധിയിലേയ്ക്ക് ഉയരുന്നുണ്ടെന്ന് നാം ഓര്‍ക്കണം.

5. ആണവായുധങ്ങളില്‍നിന്ന് വിമുക്തമായ ഒരു സമാധാനപൂര്‍ണ്ണമായ സമൂഹം ഇന്നു ലോകത്തുള്ള കോടാനുകോടി സ്ത്രീപുരുഷന്മാരുടെ അഭിലാഷവും സ്വപ്നവുമാണ്. ഈ സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാ തുറകളില്‍നിന്നുള്ളവരുടെയും പങ്കാളിത്തം ആവശ്യമാണ് : വ്യക്തികളും, മതസമൂഹങ്ങളും, പൗരസമൂഹങ്ങളും, ആയുധങ്ങള്‍ സൂക്ഷിക്കുന്നതും അല്ലാത്തതുമായ രാജ്യങ്ങളും, സ്വകാര്യമേഖലകളും, സൈന്ന്യങ്ങളും, അന്താരാഷ്ട്ര സംഘടനകളും ഈ സമാധാനശ്രമത്തിന് സന്നദ്ധമാവണം.
ഇന്നിന്‍റെ പരസ്പര വിശ്വാസമില്ലാത്ത ചുറ്റുപാടില്‍ ആണവായുധ സംസ്കാരത്തോടുള്ള നമ്മുടെ സംയുക്തമായ പ്രതികരണം പരസ്പര വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റേതും ഏകകണ്ഠേനയുള്ളതായിരിക്കണം. അവിശ്വാസത്തിന്‍റെ സമകാലീന കാലാവസ്ഥയെ മറികടക്കാന്‍ ഉതകുംവിധം പരസ്പര വിശ്വാസം പടുത്തുയര്‍ത്തുവാനുള്ള നിരന്തര പരിശ്രമങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതാകണം ഈ നീക്കം. 1963-ല്‍, “ഭൂമിയില്‍ സമാധാനം” (Pacem in Terris) എന്ന തന്‍റെ ചാക്രിക ലേഖനത്തില്‍ വിശുദ്ധ ജോണ്‍ 23-Ɔമന്‍ പാപ്പാ, ആണവായുധങ്ങളുടെ നിരോധനത്തിന് ആഹ്വാനം ചെയ്യുന്നതിനു പുറമേ, സായുധശക്തികളുടെ സന്തുലനത്തിലല്ല, മറിച്ച് പര്സപര വിശ്വാസത്തിലാണ് ആധികാരികവും ശാശ്വതവുമായ ലോക സമാധാനം സംലബ്ധമാകുന്നതെന്ന് ആഹ്വാനംചെയ്തിട്ടുണ്ട് (PT, 113).

6. അന്താരാഷ്ട്ര ആയുധനിയന്ത്രണ ചട്ടക്കൂടുകളെ തകര്‍ക്കുന്നതും, അപകടം ഒളിഞ്ഞിരിക്കുന്നതുമായ അവിശ്വാസത്തിന്‍റേതായ ഇന്നിന്‍റെ ആഗോള കാലാവസ്ഥയെ പൊളിച്ചടുക്കേണ്ട ആവശ്യവും ഇതിനിടയില്‍ നില്ക്കുന്നത് നിരീക്ഷിക്കേണ്ടതാണ്. നമ്മള്‍ ഇന്ന് സാക്ഷികളാകുന്ന പുതിയ രൂപത്തിലുള്ള സൈനിക സാങ്കേതികത വളര്‍ച്ചയുടെ വെളിച്ചത്തില്‍ ബഹുസ്വരതയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ഏറെ ആശങ്കാവഹമായ ശോഷണത്തിനാണ് സാക്ഷികളാകുന്നത്. ഇത്തരം ഒരു സമീപനം പരസ്പരബന്ധിതമായി വളരുകയും ജീവിക്കുകയും ചെയ്യേണ്ട ലോകത്ത് വളരെ അസ്വീകാര്യമായി തോന്നുന്നു.
പ്രാര്‍ത്ഥനയിലും, നിരായുധീകരണ ഉടമ്പടികള്‍ക്കുമായുള്ള പതറാത്ത പരിശ്രമത്തിലും ലോകം ഏറ്റവും ശക്തമെന്നു കരുതുന്ന ആണവ ആയുധങ്ങള്‍ക്ക് എതിരായ നില്യ്ക്കാത്ത സംവാദങ്ങളിലുമുള്ള വിശ്വാസം വളരണം. നീതിയും ഐക്യദാര്‍ഢ്യവും സമാധാനവുമുള്ള ലോകം വളര്‍ത്തിയെടുക്കാനുള്ള പ്രത്യാശയും സമൂഹത്തില്‍ പ്രശോഭിതമാകണം. എല്ലാ നേതാക്കളുടെയും ശ്രദ്ധയും പ്രതിബദ്ധതയും അടിയന്തിരമായി ആവശ്യപ്പെടുന്ന ഒരു ആഗോള സാഹചര്യമാണിത്.

7. ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള സമാധാനം വളര്‍ത്തുവാനുള്ള ശ്രമത്തില്‍ സഭയുടെ ഭാഗത്തുനിന്നുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണിത്. ലോകത്തിലെ ഓരോ സ്ത്രീ-പുരുഷന്മാര്‍ക്കും ദൈവത്തിനു മുന്‍പില്‍ ബാദ്ധ്യസ്ഥമായ ഒരു കടമയായി ഇതിനെ സഭ കരുതുന്നു. ആണവായുധ നിരോധനത്തിനുള്ള ഉടമ്പടി ഉപ്പെടെ, ആണവായുധ നിര്‍വ്യാപനത്തിനും ആണവായുധ വര്‍ജ്ജനത്തിനുമുള്ള അന്താരാഷ്ട്ര നിയമങ്ങളെ പിന്തുണ്യ്ക്കുവാനുള്ള ശ്രമങ്ങളില്‍ നാം ഒരിക്കലും ക്ഷീണിതരായിക്കൂടാ. കഴിഞ്ഞ ജൂലൈ മാസത്തില്‍ ജപ്പാനിലെ മെത്രാന്മാര്‍ ചേര്‍ന്ന് ആണവായുധങ്ങളുടെ ഉച്ഛാടനത്തിനായി ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കുകയുണ്ടായി. ഇതിന്‍പ്രകാരം എല്ലാ ഓഗസ്റ്റു മാസത്തിലും പത്തു ദിവസം സമാധാനത്തിനായുള്ള പ്രാര്‍ത്ഥനായോഗങ്ങള്‍ ജപ്പാനിലെ പള്ളികളില്‍ നടത്തിവരുന്നു. സമാധാനത്തിന്‍റെ പുലര്‍ച്ച ആധികാരികമായി ഉറപ്പു നല്കുന്ന നീതിയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ഒരു ലോകം പടുത്തുയര്‍ത്തുവാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് വിശ്വാസവും പ്രചോദനവും പകരുന്ന അതിശക്തമായ “ആയുധങ്ങളായി” പ്രാ‍ര്‍ത്ഥനയും ആശയവിനിമയത്തിനുള്ള പ്രേരണകളും അക്ഷീണയത്നങ്ങളും സഹായകമാവട്ടെ!

8. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സാദ്ധ്യവും ആവശ്യവുമാണെന്ന് ബോധ്യത്തില്‍നിന്നുകൊണ്ടു രാഷ്ട്രീയ നേതാക്കളോടു പാപ്പാ ഇങ്ങനെ ആഹ്വാനം ചെയ്തു. ഇക്കാലത്തെ ദേശീയവും അന്താരാഷ്ട്രീയവുമായ സുരക്ഷിതത്വത്തിനു നേരെയുള്ള ഭീഷണികളില്‍നിന്ന് നമ്മെ സംരക്ഷിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് കഴിയുകയില്ല എന്ന സത്യം വിസ്മരിക്കരുത്.

അവയുടെ വിന്യാസം ഉണ്ടാക്കുന്ന ദുരന്ത പ്രത്യാഘാതങ്ങളെക്കുറിച്ചും എല്ലാവരും കൂലങ്കഷമായി ആലോചിക്കേണ്ട ആവശ്യമുണ്ട്. പ്രത്യേകിച്ച്, മാനുഷികവും പാരിസ്ഥിതികവുമായ ഒരു നിലപാടില്‍നിന്ന് ആണവ നയങ്ങള്‍ രൂപപ്പെടുത്തുന്ന ശത്രുതയുടെയും അവിശ്വാസത്തിന്‍റെയും തീക്ഷ്ണമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ നിരാകരിക്കേണ്ടിയിരിക്കുന്നു.

ഏറെ സങ്കീര്‍ണ്ണവും ക്ലേശപൂര്‍ണ്ണവുമായ 2030-ല്‍ പൂര്‍ത്തികരിക്കേണ്ട യുഎന്‍ സുസ്ഥിതി വികസന പദ്ധതിയുടെ പശ്ചാത്തലത്തില്‍ നമ്മുടെ ഗ്രഹത്തിന്‍റെ ഇന്നത്തെ അവസ്ഥയില്‍ അതിലെ പ്രകൃതി വിഭവങ്ങളെ എങ്ങനെ മാനവരാശിയുടെ സമഗ്ര പുരോഗതിക്കായി ഉപയോഗിക്കാമെന്ന് ഗൗരവകരമായി നാം ചിന്തിക്കേണ്ടതാണ്. സമഗ്രമായ മാനവിക വികസനം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുവാന്‍ ഇത് ആവശ്യമാണ്. സൈനിക ചെലവുകളില്‍നിന്ന് ഭാഗികമായി ഈടാക്കുന്ന ഒരു ആഗോള നിധിശേഖരം സ്ഥാപിച്ച് ഏറ്റവും നിര്‍ദ്ധനരായ ജനങ്ങളെ സഹായിക്കണമെന്ന് 1964-ല്‍ വിശുദ്ധനായ പോള്‍ 6-Ɔമന്‍ പാപ്പാ അദ്ദേഹത്തിന്‍റെ ജനതകളുടെ വികസനം, Populorum Porgressio എന്ന പ്രബോധനത്തില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി (cf ആഗോളമാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം, 1964, Populorum Progressio, 91).

9. ഈ സന്ദര്‍ഭങ്ങള്‍ക്ക് അനുസരണമായി ഉയരാന്‍ പ്രാപ്തിയുള്ള നേതാക്കളെ കണക്കിലെടുത്ത്, പരസ്പര വികസനവും വിശ്വാസവും ഉറപ്പാക്കാനുള്ള ഉപാധികള്‍ സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഇവിടെ കാണുന്നത്. നമ്മെ ഓരോരുത്തരെയും ബാധിക്കുന്ന വെല്ലുവിളിയും ദൗത്യവുമാണിത്. ഇന്ന് നമ്മുടെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്ന കോടാനുകോടി സ്ത്രീ പുരുഷന്മാരുടെ യാതനകള്‍ക്കും ദുരിതങ്ങള്‍ക്കും മുമ്പില്‍ ആര്‍ക്കും നിസംഗത പുലര്‍ത്താനാവില്ല. ആര്‍ത്തരായി കേഴുന്ന നമ്മുടെ സഹോദരീ സഹോദരന്മാരുടെ രോദനങ്ങള്‍ക്ക് നേരെ അന്ധത നടിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. സംവാദത്തിന് ശേഷിയില്ലാത്ത ഒരു സംസ്കാരം സൃഷ്ടിക്കുന്ന ജീര്‍ണ്ണതയ്ക്കു മുന്നില്‍ കണ്ണടയ്ക്കാന്‍ ആര്‍ക്കു സാധിക്കും?

10. സാഹോദര്യത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും ജീവന്‍റെയും സംസ്കാരം വിജയശ്രീലാളിതമാക്കുന്ന ഹൃദയങ്ങളുടെ പരിവര്‍ത്തനത്തിനായും ഓരോ ദിവസവും പ്രാര്‍ത്ഥനയില്‍ ഒത്തുചേരുവാന്‍ എല്ലാവരോടും പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിക്കുന്നു. വൈവിദ്ധ്യങ്ങളെ ആദരിച്ചും അംഗീകരിച്ചും മാനവകിതയുടെ പൊതുവായ ഒരു ഭാവിഭാഗധേയത്തിലേയ്ക്ക് നടന്നുനീങ്ങാന്‍ സന്നദ്ധമായ ഒരു സാഹോദര്യമായിരിക്കും അത്.

11. ഇവിടെ കൂടിയിരിക്കുന്നത് വിവിധ മതക്കാരാണ്, ക്രൈസ്തവര്‍ മാത്രമല്ല. എങ്കിലും എല്ലാവര്‍ക്കും സുപരിചിതനാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും അദ്ദേഹത്തിന്‍റെ വിശ്വാശാന്തിക്കായുള്ള പ്രാര്‍ത്ഥനയും. അതു നമുക്ക് ഉരുവിടാം :

12. ദൈവമേ, എന്നെ അങ്ങേ സമാധാനത്തിന്‍റെ ദൂതനാക്കണമേ!
വിദ്വേഷമുള്ളിടത്ത് ഞാന്‍ സ്നേഹം വിതയ്ക്കാനും
മുറിപ്പെട്ടവരെ സൗഖ്യപ്പെടുത്തുവാനും
സംശയമുള്ളിടത്ത് വിശ്വാസം പകര്‍ന്നുകൊടുക്കുവാനും
നിരാശയില്‍ പ്രത്യാശ പകരാനും
ഇരുട്ടില്‍ വെളിച്ചമേകാനും, ദുഃഖങ്ങളില്‍ സന്തോഷം നല്കാനും
ദൈവമേ, എന്നെ അങ്ങനെ സമാധാനത്തിന്‍റെ ഉപകരണമാക്കണമേ!

13. നിസ്സംഗതയില്‍നിന്ന് നമ്മെ ഉണര്‍ത്താന്‍ കെല്പുള്ള ഈ സ്മൃതിമണ്ഡപത്തില്‍നിന്നുകൊണ്ട് വിശ്വാസത്തോടെ ദൈവത്തിലേയ്ക്ക് തിരിയുന്നത് എല്ലാംകൊണ്ടും അര്‍ത്ഥവത്താണ്. സമാധാനത്തിന്‍റെ ഫലപ്രദമായ ഉപകരണങ്ങളാകുവാനും, ഭൂതകാലത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനും കരുത്തു തരണമേയെന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കാം.

14. എല്ലാ കുടുംബങ്ങളും, ഈ നാട്  ഒട്ടാകെയും സാമൂഹിക ഐക്യത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും അനുഗ്രഹങ്ങള്‍ അനുഭവിക്കാന്‍ ഇടയാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു! പ്രാര്‍ത്ഥനാശംസയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

B.  നിഷിസാക്കായിലെ രക്തസാക്ഷികളുടെ മണ്ഡപത്തില്‍
നിഷിസാക്കാ കുന്ന്

പ്രാദേശിക സമയം 10.35-ന് പാപ്പാ ഫ്രാന്‍സിസ് കാറില്‍ പുറപ്പെട്ടത്, 3 കി. മീ. ദൂരത്ത് നാഗസാക്കിയില്‍ത്തന്നെയുള്ള നിഷിസാക്കാ കുന്നിലേയ്ക്കാണ്. 1597-ല്‍ ജപ്പാനിലെ മതപീഡനകാലത്ത്, അധികവും കുരിശില്‍തറച്ച് കൊല്ലപ്പെട്ട രക്ഷസാക്ഷികളുടെ സ്മരണാര്‍ത്ഥം 1962-ല്‍ പണിതീര്‍ത്ത സ്മൃതിമണ്ഡപവും പ്രാര്‍ത്ഥനാകേന്ദ്രവുമാണത്. ആഗോളസഭ ക്രിസ്തുരാജന്‍റെ തിരുനാള്‍ ആഘോഷിക്കുന്ന ദിനത്തിലാണ് ഈ സന്ദര്‍ശനം.
രക്തസാക്ഷിയായ വിശുദ്ധ പോള്‍ മിക്കിയുടെയും അനുചരന്മാരുടെയും നാമത്തിലാണ് അതിന്ന് അറിയപ്പെടുന്നത്. ഈശോ സഭയിലെ അര്‍ത്ഥിയായിരിക്കെ 22 വയസ്സുള്ളപ്പോള്‍ പോള്‍മിക്കി ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി ബന്ധിയാക്കപ്പെട്ടു. മറ്റു വിശ്വാസകള്‍ക്കൊപ്പം നിഷിസാക്കാ കുന്നില്‍ രക്തസാക്ഷിത്വം വരിച്ചു.

ആ പുണ്യസ്ഥാനത്ത് പാപ്പാ ഫ്രാന്‍സിസ് പ്രാദേശിക സമയം രാവിലെ 10.45-ന്  കാറില്‍  എത്തിച്ചേര്‍ന്നു. സ്മാരകവേദിയുടെ (Monument of Martyrs) സൂക്ഷിപ്പുകാരനായ ഈശോസഭാംഗം പാപ്പായെ സ്വീകരിച്ച്, മണ്ഡപത്തിലേയ്ക്ക് ആനയിച്ചു. രക്തസാക്ഷികളുടെ കൂട്ടത്തിലെ പിന്‍തുടര്‍ച്ചക്കാരായ ഒരു കുടുംബം സ്മാരകവേദിയില്‍ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍, പാപ്പാ ഫ്രാന്‍സിസ് ദീപാര്‍ച്ചന നടത്തി. പിന്നെ അവിടെ നമ്രശിരസ്കനായിനിന്ന് ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥിച്ചശേഷം  സന്ദേശം നല്കി.

ജപ്പാനിലെ പ്രഭാഷണം 3
ജപ്പാനിലെ നിഷിസാക്കാ കുന്നില്‍ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വഹിച്ചവരുടെ സ്മൃതിമണ്ഡപത്തിനു മുന്നില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രണാമമായിരുന്നു ഈ പ്രഭാഷണം.
24 നവംബര്‍ 2019

1. താന്‍ കാത്തിരുന്നൊരു ദിവസമാണിത്. സ്വപ്നസാക്ഷാത്ക്കാരമാണിത്. നാഗസാക്കിയില്‍ രക്തസാക്ഷികളുടെ നിഷിസാക്കാ കുന്നില്‍ (Nishizaka Hills) ഒരു തീര്‍ത്ഥാടകനായി നില്കുകയാണു താനെന്ന് പാപ്പാ പ്രസ്താവിച്ചു. ഇന്നാട്ടിലെ ചെറിയ അജഗണത്ത വിശ്വാസത്തില്‍ ദൃഢപ്പെടുത്തുവാനും, ഇനിയും രക്തസാക്ഷികളായ സഹോദരങ്ങളുടെ വിശ്വാസത്താല്‍ ദൃഢപ്പെട്ടു ജീവിക്കാനും സാക്ഷ്യമേകാനും കരുത്താകട്ടെ ഏവര്‍ക്കും ഈ പ്രാര്‍ത്ഥനാ സാന്നിദ്ധ്യം. തനിക്കേകിയ ഹൃദ്യമായ സ്വീകരണത്തിനും പാപ്പാ നന്ദിയര്‍പ്പിച്ചു.

2. 1597 ഫെബ്രുവരി 5-ന് നഗസാക്കി കുന്നില്‍ കൊല്ലപ്പെട്ട പോള്‍ മിക്കിയും അനുചരന്മാരും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ ചിന്തിയ രക്തത്താലും അവരുടെ പീഡനങ്ങളാലും പവിത്രവും മുദ്രിതവുമാണീ തീര്‍ത്ഥസ്ഥാനം.

3. എന്നാല്‍ ഈ തീര്‍ത്ഥാടനത്തിന്‍റെ തിരുനടയില്‍ ഇനി മരണത്തെക്കുറിച്ചല്ല, മരണത്തെ കീഴടക്കിയ ജീവനെക്കുറിച്ചാണ് പ്രഘോഷിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഈ കുന്നില്‍നിന്നു പറഞ്ഞത്, “ഇത് രക്തസാക്ഷികളുടെ കുന്നല്ല, സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളുടെ കുന്നാണ്. കാരണം ഇവിടെ മനുഷ്യഹൃദയങ്ങള്‍ രക്ഷസാക്ഷികളുടെ ജീവസമര്‍പ്പണത്തിന്‍റെ ചൈതന്യത്താലും പരിശുദ്ധാത്മ ശക്തിയാലും തിന്മകളില്‍നിന്നും സ്വാര്‍ത്ഥതതയില്‍നിന്നും, നിസംഗതയില്‍നിന്നും, സുഖലോലുപതയില്‍നിന്നും, അഹങ്കാരത്തില്‍നിന്നും സ്വതന്ത്രമാക്കപ്പെടുന്ന പുണ്യസ്ഥാനമാണിത്” (GE, 65).

4. ഈ മല ക്രിസ്തുവിന്‍റെ ഉയര്‍പ്പിന്‍റെ സ്മാരകമാണ്. കാരണം എല്ലാ വിപരീത സാക്ഷ്യങ്ങള്‍ക്കും എതിരെ മരണത്തെ ജയിച്ച് ഉത്ഥാനംചെയ്ത ക്രിസ്തുവിന്‍റെ ജീവനു സാക്ഷ്യവഹിച്ചവരാണ് രക്തസാക്ഷികള്‍. അതിനാല്‍ രക്തസാക്ഷിത്വത്തിന്‍റെ ജീവസമര്‍പ്പണത്തിനുമപ്പുറം ജീവനും പ്രകാശവും പുനരുത്ഥാനവും നമുക്കു കാണാമിവിടെ. വിശ്വാസസാക്ഷികളായ രക്തസാക്ഷികള്‍ നമ്മെ വിശ്വാസത്തില്‍ ദൃഢപ്പെടുത്തുന്നു.  ജീവസമര്‍പ്പണത്തിന്‍റെ നിശബ്ദമായ രക്ഷസാക്ഷിത്വവും സഹനങ്ങളുംവഴി നാം നവീകരിക്കപ്പെടുകയും, ജീവന്‍റെ സംസ്ക്കാരം വളര്‍ത്തുകയും, ജീവനെ സംരക്ഷിക്കുവാനുള്ള പ്രേഷിതചൈതന്യം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

5. താന്‍ ഈ കുന്നില്‍ നില്കുന്നത് തീര്‍ത്ഥകനായിട്ടാണ്. പാപ്പാ അങ്ങ് വിദൂരസ്ഥമായൊരു നാട്ടിലിരുന്ന് ഈശോസഭയിലെ യുവസെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ ജപ്പാനിലെ രക്തസാക്ഷികളുടെ വിശ്വാസധീരതയോര്‍ത്ത് ആവേശംകൊണ്ടതും, ഈ പുണ്യഭൂമിയിലെ മിഷണറിയാകണെന്ന് ആഗ്രഹിച്ചതും പാപ്പാ അനുസ്മരിച്ചു.

രക്ഷസാക്ഷികളുടെ ത്യാഗസമര്‍പ്പണം അനശ്വരമാണ്! അവര്‍ ഗതഗാലത്തെ തിരുശേഷിപ്പായി വണങ്ങി ആദരവോടെ സൂക്ഷിക്കപ്പെടേണ്ടതല്ല, മറിച്ച് ഈ മണ്ണിലെ സുവിശേഷചൈതന്യത്തെയും സുവിശേഷവത്ക്കരണത്തെയും ഇന്നും നവീകരിക്കുകയും പ്രചോദിപ്പിക്കുകയുംചെയ്യേണ്ട ആത്മീയ ചൈതന്യമാണവര്‍. വഴിയും സത്യവുമായ ക്രിസ്തുവിന്‍റെ സുവിശേഷ സന്തോഷവും മനോഹാരിതയുമാണ് പോള്‍ മിക്കിയും അനുചരന്മാരും നാഗസാക്കി കുന്നിലെ കുരിശില്‍ കിടന്നുകൊണ്ടു പ്രഘോഷിച്ചതും സാക്ഷ്യപ്പെടുത്തിയതും (യോഹ. 14, 6). ആ സ്നേഹചൈതന്യം ഇന്നും ജപ്പാനിലെ വിശ്വാസികള്‍ക്ക് ജീവിതയാത്രയില്‍ വഴിവിളക്കാവട്ടെ!
ജീവിതത്തില്‍ നമ്മെ പിന്നോട്ടു വലിക്കുകയും തളര്‍ത്തുകയും ചെയ്യുന്ന നിഷേധാത്മകമായ കാര്യങ്ങള്‍ എളിമയോടെ മറികടന്ന് യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിലും, സ്നേഹത്തിലും, ദൈവികതയിലും വളരാന്‍ ക്രിസ്തുവിന്‍റെ സ്നേഹപ്രഭ വഴിതെളിക്കട്ടെ!

6. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡനങ്ങല്‍ സഹിക്കുന്ന ക്രൈസ്തവരുമായി ഈ കുന്നില്‍നില്ക്കുന്ന സകലരും ഐക്യപ്പെടുന്നുണ്ട്. സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളാല്‍ പ്രചോദിതരായി സഹിക്കുകയും കുരിശിലേറ്റപ്പെടുകയും ചെയ്യുന്നവര്‍ 21-Ɔο നൂറ്റാണ്ടിലും നിരവധിയാണ്. അവര്‍ക്കൊപ്പവും അവര്‍ക്കുവേണ്ടും പ്രാര്‍ത്ഥിക്കാം. മതസ്വാതന്ത്ര്യം ഇനിയും ലോകത്ത് എവിടെയും പൂവണിയണമെന്ന് സകലരും പ്രഖ്യാപിക്കണം, അതിനായി രാഷ്ട്രങ്ങളും നേതാക്കളും മതസ്വാതന്ത്ര്യത്തെ മാനിക്കുന്നവരും, ആദരിക്കുന്നവരുമാകണം. മൗലികവാദവും, വിഭിന്നതയും, ലാഭേച്ഛയും, വംശീയതയും, മനുഷ്യരുടെ ചിന്തകളെയും പ്രവൃത്തികളെയും വഴിതെറ്റിക്കുന്ന വികലമായ മീമാംസകളും ഇല്ലാതാക്കാം (അബുദാബി പ്രഖ്യാപനം, 4 ഫെബ്രുവരി 2019).

7. തങ്ങളുടെ ജീവിതങ്ങള്‍കൊണ്ട് ചരിത്രത്തില്‍ ഉടനീളം ദൈവിക മഹിമാതിരേകങ്ങള്‍ പ്രഘോഷിക്കുന്ന രക്തസാക്ഷികളുടെ രാജ്ഞിയായ കന്യകാനാഥയോടും, ജപ്പാന്‍റെ രക്തസാക്ഷികളായ പോള്‍ മിക്കിയോടും അനുചരന്മാരോടും ഈ നാടിനും ആഗോളസഭയ്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം. അവരുടെ ജീവിതസാക്ഷ്യം സകലരെയും സുവിശേഷസന്തോഷത്തില്‍ നയിക്കട്ടെ! പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

പ്രഭാഷണാനന്തരം പാപ്പാ ഫ്രാന്‍സിസ് ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലി. അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. തുടര്‍ന്ന് കാറില്‍ നാഗസാക്കി അതിരൂപതയുടെ ആസ്ഥാനത്തേയ്ക്ക് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പുറപ്പെട്ടു.

ഗായകസംഘം അസ്സീസിയിലെ സിദ്ധന്‍റെ സമാധാനഗീതം, ദൈവമേ, എന്നെ സമാധാനദുതനാക്കണമേ!... അലപിക്കുന്നുണ്ടായിരുന്നു.

ജപ്പാനിലെ രണ്ടാം ദിവസം, രാവിലെ നാഗസാക്കിയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശങ്ങളും യാത്രയുടെ ലഘുവിവരണവും.  അവതരിപ്പിച്ച്ത് ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും.
 

24 November 2019, 17:45