തിരയുക

Vatican News
Pope Francis visits Japan Pope Francis visits Japan  (ANSA)

ആണവശക്തിക്കായുള്ള പാഴ്ച്ചിലവും പാവങ്ങളുടെ കരച്ചിലും

നാഗസാക്കിയിലെ സമാധാന സ്മാരകത്തില്‍ ആണവായുങ്ങളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഭാഷണം - 24 നവംബര്‍ 2019.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള അഭിവാഞ്ഛ
മാനവരാശി എന്തുമാത്രം പരസ്പരം വേദനിപ്പിക്കുവാനും ഭീതിപ്പെടുത്തുവാനും പ്രാപ്തരാണെന്ന് ഈ സ്ഥലം നമ്മില്‍ ആഴമായ ബോധമുണര്‍ത്തുന്നു. നാഗസാക്കിയിലെ തകര്‍ക്കപ്പെട്ട കത്തീഡ്രലില്‍ കണ്ടെത്തിയ കുരിശിന്‍റെയും പരിശുദ്ധ കന്യകാനാഥയുടെ പ്രതിമയുടെയും ശോച്യമായ അവസ്ഥ ഒരിക്കള്‍ക്കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, ആണവാക്രമണത്തിന്, ബോംബിങ്ങിന് ഇരയായവരുടെയും കുടുംബങ്ങളുടെയും പറഞ്ഞറിയിക്കാനാവാത്ത യാതനകളും ഭീതിയുമാണ്.   സുരക്ഷിതത്വത്തിനും സമാധാനത്തിനും സ്ഥിരതയ്ക്കുംവേണ്ടിയുള്ള അഭിലാഷം മാനവ ഹൃദയങ്ങളിലെ ഏറ്റവും ആഴമായ അഭിവാഞ്ഛകളിലൊന്നാണ്. ആണവായുധങ്ങളും ആള്‍നാശം വരുത്തുന്ന മറ്റ് ആയുധങ്ങളും കയ്യാളുന്നത് ഈ അഭിലാഷത്തിനു മറുപടിയല്ല. മറിച്ച് അവ എല്ലായിപ്പോഴും മനുഷ്യന്‍റെ സുസ്ഥിതിക്കും സമാധാനപരമായ ജീവിതത്തിനും ഭീഷണി ഉയര്‍ത്തുന്നു. സമാധാനവും സുസ്ഥിതിയും ഉറപ്പുവരുത്താനും സംരക്ഷിക്കുവാനും തെറ്റായ ഒരു സുരക്ഷാ ബോധത്തിലൂടെ ശ്രമിക്കുന്നത് വികലമായ ഒരു അധികാര ഘടനയില്‍ വളരുന്ന ലോകത്തിന്‍റെ ലക്ഷണമാണ്. ഭീതിയുടെയും അവിശ്വാസത്തിന്‍റെയും മനോഭാവത്തിലൂടെ നിലനിന്നു വരുന്ന ഒരു മിഥ്യയായ സുരക്ഷാബോധമാണിത്. എല്ലാ തരത്തിലുമുള്ള സംവാദങ്ങളെയും സമാധാന നീക്കങ്ങളെയും തടസ്സപ്പെടുത്തുന്നതും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വിഷലിപ്തമാക്കുന്നതുമായ അവസ്ഥയിലാണ് ഈ സുരക്ഷാബോധം അവസാനം കൊണ്ടെത്തിക്കാന്‍ പോകുന്നത്.

2. പൊരുത്തപ്പെടാത്ത ആണവായുധ നിര്‍മ്മാണവും
സമാധാന ചര്‍ച്ചകളും

ലോക സമാധാനവും സുസ്ഥിതിയും സര്‍വ്വനാശത്തിന്‍റെ ഭീഷണിയിലും പരസ്പര നശീകരണത്തിന്‍റെ ഭീതിയിലും പടുത്തുയര്‍ത്താനുള്ള ശ്രമങ്ങള്‍ പൊരുത്തപ്പെടുന്നവയല്ല. ഐക്യദാര്‍ഢ്യത്തിന്‍റെയും സഹകരണത്തിന്‍റെയും ആഗോള ധാര്‍മ്മികതയുടെയും അടിസ്ഥാനത്തില്‍ ഭാവിയെ സേവിക്കുവാനുള്ള ഒരു തുറന്ന മനഃസ്ഥിതിക്കു മാത്രമേ അത് സാക്ഷാത്ക്കരിക്കാനാകൂ. ഇന്നത്തെയും നാളെത്തെയും മാനവകുടുംബങ്ങളില്‍ ഒട്ടാകെ ഉത്തരവാദിത്വങ്ങള്‍ പരസ്പരാശ്രിതത്വത്തിലൂടെ പങ്കുവയ്ക്കുമ്പോള്‍ മാത്രമേ സമാധാനത്തിന്‍റെ സംസ്ക്കാരവും സംവാദരീതികളും ലോകത്ത് രൂപപ്പെടുത്താനാകൂ!

3. പണം ദുര്‍വ്യയംചെയ്യുന്നതും
സ്വരൂപിക്കുന്നതുമായ ആണവമേഖല

ആണവായുധ ആക്രമണത്തിന്‍റെ മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തപ്രത്യാഘാതങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച നാഗസാക്കി നഗരത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ആയുധമാത്സര്യത്തെക്കുറിച്ച് സംസാരിക്കാനുള്ള ശ്രമങ്ങള്‍ അപ്രസക്തമാണ്. പരിസ്ഥിതിയെ സ്വാഭാവികമായും സംരക്ഷിക്കേണ്ടതും ജനതകളുടെ സമഗ്രവികസനത്തിനായി പ്രയോജനപ്പെടുത്തേണ്ടതുമായ പ്രകൃതിയുടെ അമൂല്യമായ വിഭവസ്രോതസ്സുകള്‍ ഇന്ന് ആയുധ കിടമത്സരത്തിനായി പാഴാക്കുകയാണ്. മാരകമായ ആയുധങ്ങള്‍ക്കായി കൂടുതല്‍ കൂടുതല്‍ വിനാശകരമായ ആയുധങ്ങളുടെ ഉല്പനാദനത്തിലൂടെയും പരിഷ്ക്കരണത്തിലൂടെയും പരിപാലനത്തിലൂടെയും ലോകത്തിന്ന് ധാരാളം പണം രാഷ്ട്രങ്ങള്‍ ദുര്‍വ്യയംചെയ്യുകയും, സ്വരൂപിക്കുകയും ചെയ്യുമ്പോള്‍, മനുഷ്യാന്തസ്സില്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിന് പാവങ്ങളായ കുട്ടികളുടെയും കുടുംബങ്ങളുടെയും എത്തിപ്പിടിക്കുന്ന രോദനം സ്വര്‍ഗ്ഗത്തിലേയ്ക്ക്, ദൈവസന്നിധിയിലേയ്ക്ക് ഉയരുന്നുണ്ടെന്ന് നാം ഓര്‍ക്കണം.

4. പരസ്പര വിശ്വാസത്തില്‍ വളരേണ്ട സമാധാനം
ആണവായുധങ്ങളില്‍നിന്ന് വിമുക്തമായ ഒരു സമാധാനപൂര്‍ണ്ണമായ സമൂഹം ഇന്നു ലോകത്തുള്ള കോടാനുകോടി സ്ത്രീപുരുഷന്മാരുടെ അഭിലാഷവും സ്വപ്നവുമാണ്. ഈ സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാ തുറകളില്‍നിന്നുള്ളവരുടെയും പങ്കാളിത്തം ആവശ്യമാണ് : വ്യക്തികളും, മതസമൂഹങ്ങളും, പൗരസമൂഹങ്ങളും, ആയുധങ്ങള്‍ സൂക്ഷിക്കുന്നതും അല്ലാത്തതുമായ രാജ്യങ്ങളും, സ്വകാര്യമേഖലകളും, സൈന്ന്യങ്ങളും, അന്താരാഷ്ട്ര സംഘടനകളും ഈ സമാധാനശ്രമത്തിന് സന്നദ്ധമാവണം.
ഇന്നിന്‍റെ പരസ്പര വിശ്വാസമില്ലാത്ത ചുറ്റുപാടില്‍ ആണവായുധ സംസ്കാരത്തോടുള്ള നമ്മുടെ സംയുക്തമായ പ്രതികരണം പരസ്പര വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റേതും ഏകകണ്ഠേനയുള്ളതായിരിക്കണം. അവിശ്വാസത്തിന്‍റെ സമകാലീന കാലാവസ്ഥയെ മറികടക്കാന്‍ ഉതകുംവിധം പരസ്പര വിശ്വാസം പടുത്തുയര്‍ത്തുവാനുള്ള നിരന്തര പരിശ്രമങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതാകണം ഈ നീക്കം. 1963-ല്‍, “ഭൂമിയില്‍ സമാധാനം” (Pacem in Terris) എന്ന തന്‍റെ ചാക്രിക ലേഖനത്തില്‍ വിശുദ്ധ ജോണ്‍ 23-Ɔമന്‍ പാപ്പാ, ആണവായുധങ്ങളുടെ നിരോധനത്തിന് ആഹ്വാനം ചെയ്യുന്നതിനു പുറമേ, സായുധശക്തികളുടെ സന്തുലനത്തിലല്ല, മറിച്ച് പര്സപര വിശ്വാസത്തിലാണ് ആധികാരികവും ശാശ്വതവുമായ ലോക സമാധാനം സംലബ്ധമാകുന്നതെന്ന് ആഹ്വാനംചെയ്തിട്ടുണ്ട് (PT, 113).

5. ആയുധവളര്‍ച്ച കാരണമാക്കുന്ന കൂട്ടായ്മയുടെ ശോഷണം
അന്താരാഷ്ട്ര ആയുധനിയന്ത്രണ ചട്ടക്കൂടുകളെ തകര്‍ക്കുന്നതും, അപകടം ഒളിഞ്ഞിരിക്കുന്നതുമായ അവിശ്വാസത്തിന്‍റേതായ ഇന്നിന്‍റെ ആഗോള കാലാവസ്ഥയെ പൊളിച്ചടുക്കേണ്ട ആവശ്യവും ഇതിനിടയില്‍ നില്ക്കുന്നത് നിരീക്ഷിക്കേണ്ടതാണ്. നമ്മള്‍ ഇന്ന് സാക്ഷികളാകുന്ന പുതിയ രൂപത്തിലുള്ള സൈനിക സാങ്കേതികത വളര്‍ച്ചയുടെ വെളിച്ചത്തില്‍ ബഹുസ്വരതയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ഏറെ ആശങ്കാവഹമായ ശോഷണത്തിനാണ് നാം സാക്ഷികളാകുന്നത്. ഇത്തരം ഒരു സമീപനം പരസ്പരബന്ധിതമായി വളരുകയും ജീവിക്കുകയും ചെയ്യേണ്ട ലോകത്ത് വളരെ അസ്വീകാര്യമായി തോന്നുന്നു. പ്രാര്‍ത്ഥനയിലും, നിരായുധീകരണ ഉടമ്പടികള്‍ക്കുമായുള്ള പതറാത്ത പരിശ്രമത്തിലും ലോകം ഏറ്റവും ശക്തമെന്നു കരുതുന്ന ആണവ ആയുധങ്ങള്‍ക്ക് എതിരായ നില്യ്ക്കാത്ത സംവാദങ്ങളിലുമുള്ള വിശ്വാസം വളരണം. നീതിയും ഐക്യദാര്‍ഢ്യവും സമാധാനവുമുള്ള ലോകം വളര്‍ത്തിയെടുക്കാനുള്ള പ്രത്യാശയും സമൂഹത്തില്‍ പ്രശോഭിതമാകണം. എല്ലാ നേതാക്കളുടെയും ശ്രദ്ധയും പ്രതിബദ്ധതയും അടിയന്തിരമായി ആവശ്യപ്പെടുന്ന ഒരു ആഗോള സാഹചര്യമാണിത്.

6. ആണവായുധങ്ങളുടെ ഉച്ഛാടനത്തിനായി പ്രാര്‍ത്ഥന
ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള സമാധാനം വളര്‍ത്തുവാനുള്ള ശ്രമത്തില്‍ സഭയുടെ ഭാഗത്തുനിന്നുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണിത്. ലോകത്തിലെ ഓരോ സ്ത്രീ-പുരുഷന്മാര്‍ക്കും ദൈവത്തിനു മുന്‍പില്‍ ബാദ്ധ്യസ്ഥമായ ഒരു കടമയായി ഇതിനെ സഭ കരുതുന്നു. ആണവായുധ നിരോധനത്തിനുള്ള ഉടമ്പടി ഉള്‍പ്പെടെ, ആണവായുധ നിര്‍വ്യാപനത്തിനും ആണവായുധ വര്‍ജ്ജനത്തിനുമുള്ള അന്താരാഷ്ട്ര നിയമങ്ങളെ പിന്തുണ്യ്ക്കുവാനുള്ള ശ്രമങ്ങളില്‍ നാം ഒരിക്കലും ക്ഷീണിതരായിക്കൂടാ!

കഴിഞ്ഞ ജൂലൈ മാസത്തില്‍ ജപ്പാനിലെ മെത്രാന്മാര്‍ ചേര്‍ന്ന് ആണവായുധങ്ങളുടെ ഉച്ഛാടനത്തിനായി ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കുകയുണ്ടായി. ഇതിന്‍പ്രകാരം എല്ലാ ഓഗസ്റ്റു മാസത്തിലും പത്തു ദിവസം സമാധാനത്തിനായുള്ള പ്രാര്‍ത്ഥനായോഗങ്ങള്‍ ജപ്പാനിലെ പള്ളികളില്‍ നടത്തിവരുന്നു. സമാധാനത്തിന്‍റെ പുലര്‍ച്ച ആധികാരികമായി ഉറപ്പു നല്കുന്ന നീതിയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ഒരു ലോകം പടുത്തുയര്‍ത്തുവാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് വിശ്വാസവും പ്രചോദനവും പകരുന്ന അതിശക്തമായ “ആയുധങ്ങളായി” പ്രാ‍ര്‍ത്ഥനയും ആശയവിനിമയത്തിനുള്ള പ്രേരണകളും അക്ഷീണയത്നങ്ങളും സഹായകമാവട്ടെ!

7. ദുരന്തങ്ങളില്‍നിന്നും രക്ഷിക്കാന്‍ ആയുധങ്ങള്‍ക്കാവില്ല!
ആണവായുധങ്ങളില്ലാത്ത ഒരു ലോകം സാദ്ധ്യവും ആവശ്യവുമാണെന്ന് ബോധ്യത്തില്‍നിന്നുകൊണ്ടു രാഷ്ട്രീയ നേതാക്കളോടു പാപ്പാ ഇങ്ങനെ ആഹ്വാനം ചെയ്തു. ഇക്കാലത്തെ ദേശീയവും അന്താരാഷ്ട്രീയവുമായ സുരക്ഷിതത്വത്തിനു നേരെയുള്ള ഭീഷണികളില്‍നിന്ന് നമ്മെ സംരക്ഷിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് കഴിയുകയില്ല എന്ന സത്യം വിസ്മരിക്കരുത്. അവയുടെ വിന്യാസം ഉണ്ടാക്കുന്ന ദുരന്ത പ്രത്യാഘാതങ്ങളെക്കുറിച്ചും എല്ലാവരും കൂലങ്കഷമായി ആലോചിക്കേണ്ട ആവശ്യമുണ്ട്. പ്രത്യേകിച്ച്, മാനുഷികവും പാരിസ്ഥിതികവുമായ ഒരു നിലപാടില്‍നിന്ന് ആണവ നയങ്ങള്‍ രൂപപ്പെടുത്തുന്ന ശത്രുതയുടെയും അവിശ്വാസത്തിന്‍റെയും തീക്ഷ്ണമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ നിരാകരിക്കേണ്ടിയിരിക്കുന്നു.

8. ആണവായുധച്ചെലവിന്‍റെ ഓഹരി
പാവങ്ങള്‍ക്കുള്ള നിധിശേഖരം

ഏറെ സങ്കീര്‍ണ്ണവും ക്ലേശപൂര്‍ണ്ണവുമായ, 2030-ല്‍ പൂര്‍ത്തികരിക്കേണ്ട യുഎന്‍ സുസ്ഥിതി വികസന പദ്ധതിയുടെ പശ്ചാത്തലത്തില്‍ നമ്മുടെ ഗ്രഹത്തിന്‍റെ ഇന്നത്തെ അവസ്ഥയില്‍ അതിലെ പ്രകൃതി വിഭവങ്ങളെ എങ്ങനെ മാനവരാശിയുടെ സമഗ്ര പുരോഗതിക്കായി ഉപയോഗിക്കാമെന്ന് ഗൗരവകരമായി നാം ചിന്തിക്കേണ്ടതാണ്. സമഗ്രമായ മാനവിക വികസനം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുവാന്‍ ഇത് ആവശ്യമാണ്. സൈനിക ചെലവുകളില്‍നിന്ന് ഭാഗികമായി ഈടാക്കുന്ന ഒരു ആഗോള നിധിശേഖരം സ്ഥാപിച്ച് ഏറ്റവും നിര്‍ദ്ധനരായ ജനങ്ങളെ സഹായിക്കണമെന്ന് 1964-ല്‍ വിശുദ്ധനായ പോള്‍ 6-Ɔമന്‍ പാപ്പാ അദ്ദേഹത്തിന്‍റെ ജനതകളുടെ വികസനം, Populorum Porgressio എന്ന പ്രബോധനത്തില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി (cf ആഗോളമാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം, 1964, Populorum Progressio, 91).

9. അനുരഞ്ജനത്തിന്‍റെ സംസ്കാരം വളര്‍ത്താം
ഈ സന്ദര്‍ഭങ്ങള്‍ക്ക് അനുസരണമായി ഉയരാന്‍ പ്രാപ്തിയുള്ള നേതാക്കളെ കണക്കിലെടുത്ത്, പരസ്പര വികസനവും വിശ്വാസവും ഉറപ്പാക്കാനുള്ള ഉപാധികള്‍ സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഇവിടെ കാണുന്നത്. നമ്മെ ഓരോരുത്തരെയും ബാധിക്കുന്ന വെല്ലുവിളിയും ദൗത്യവുമാണിത്. ഇന്ന് നമ്മുടെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്ന കോടാനുകോടി സ്ത്രീ പുരുഷന്മാരുടെ യാതനകള്‍ക്കും ദുരിതങ്ങള്‍ക്കും മുമ്പില്‍ ആര്‍ക്കും നിസംഗത പുലര്‍ത്താനാവില്ല. ആര്‍ത്തരായി കേഴുന്ന നമ്മുടെ സഹോദരീ സഹോദരന്മാരുടെ രോദനങ്ങള്‍ക്ക് നേരെ അന്ധത നടിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. സംവാദത്തിന് ശേഷിയില്ലാത്ത ഒരു സംസ്കാരം സൃഷ്ടിക്കുന്ന ജീര്‍ണ്ണതയ്ക്കു മുന്നില്‍ കണ്ണടയ്ക്കാന്‍ ആര്‍ക്കു സാധിക്കും?  സാഹോദര്യത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും ജീവന്‍റെയും സംസ്കാരം വിജയശ്രീലാളിതമാക്കുന്ന ഹൃദയങ്ങളുടെ പരിവര്‍ത്തനത്തിനായും ഓരോ ദിവസവും പ്രാര്‍ത്ഥനയില്‍ ഒത്തുചേരുവാന്‍ എല്ലാവരോടും പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിക്കുന്നു. വൈവിദ്ധ്യങ്ങളെ ആദരിച്ചും അംഗീകരിച്ചും മാനവകിതയുടെ പൊതുവായ ഒരു ഭാവിഭാഗധേയത്തിലേയ്ക്ക് നടന്നു നീങ്ങാന്‍ സന്നദ്ധമായ ഒരു സാഹോദര്യമായിരിക്കും അത്.

10. അസ്സീസിയിലെ സിദ്ധന്‍റെ സമാധാനഗീതി
ഇവിടെ കൂടിയിരിക്കുന്നത് വിവിധ മതക്കാരാണ്, ക്രൈസ്തവര്‍ മാത്രമല്ല. എങ്കിലും എല്ലാവര്‍ക്കും സുപരിചിതനാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും അദ്ദേഹത്തിന്‍റെ വിശ്വാശാന്തിക്കായുള്ള പ്രാര്‍ത്ഥനയും. അതു നമുക്ക് ഉരുവിടാം :

ദൈവമേ, എന്നെ അങ്ങേ സമാധാനത്തിന്‍റെ ദൂതനാക്കണമേ!
വിദ്വേഷമുള്ളിടത്ത് ഞാന്‍ സ്നേഹം വിതയ്ക്കാനും
മുറിപ്പെട്ടവരെ സൗഖ്യപ്പെടുത്തുവാനും
സംശയമുള്ളിടത്ത് വിശ്വാസം പകര്‍ന്നുകൊടുക്കുവാനും
നിരാശയില്‍ പ്രത്യാശ പകരാനും
ഇരുട്ടില്‍ വെളിച്ചമേകാനും, ദുഃഖങ്ങളില്‍ സന്തോഷം നല്കാനും
ദൈവമേ, എന്നെ അങ്ങനെ സമാധാനത്തിന്‍റെ ഉപകരണമാക്കണമേ!

11. പ്രാര്‍ത്ഥനാപൂര്‍വ്വം ഉപസംഹാരം
നിസ്സംഗതയില്‍നിന്ന് നമ്മെ ഉണര്‍ത്താന്‍ കെല്പുള്ള ഈ സ്മൃതിമണ്ഡപത്തില്‍നിന്നുകൊണ്ട് വിശ്വാസത്തോടെ ദൈവത്തിലേയ്ക്ക് തിരിയുന്നത് എല്ലാംകൊണ്ടും അര്‍ത്ഥവത്താണ്. സമാധാനത്തിന്‍റെ ഫലപ്രദമായ ഉപകരണങ്ങളാകുവാനും, ഭൂതകാലത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനും കരുത്തു തരണമേയെന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കാം.
എല്ലാ കുടുംബങ്ങളും, ഈ നാട് ഒട്ടാകെയും സാമൂഹിക ഐക്യത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും അനുഗ്രഹങ്ങള്‍ അനുഭവിക്കാന്‍ ഇടയാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു! പ്രാര്‍ത്ഥനാശംസയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
 

24 November 2019, 18:56