തിരയുക

2019.1.30 Greccio santuario San Francesco Presepe Natale 2019.1.30 Greccio santuario San Francesco Presepe Natale 

പുല്‍ക്കൂടും അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഇറ്റലിയിലെ ഗ്രേച്യോ ഗുഹയില്‍ നടത്തിയ തിരുപ്പിറവിയുടെ രംഗചിത്രീകരണം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ജനകീയമായ പുല്‍ക്കൂടിന്‍റെ ചരിത്രം
ആഗമനകാലത്ത് ആരംഭിച്ച് ക്രിസ്തുമസിലൂടെ നീണ്ടു നില്ക്കുന്ന അലങ്കാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇടയില്‍ നൂറ്റാണ്ടുകളായി ഏറ്റവും ജനകീയമായത് പുല്‍ക്കൂടിന്‍റെ ദൃശ്യങ്ങളാണ്. കാലാതീതവും മഹത്തരവും വിശുദ്ധവുമായ ക്രിസ്തുവിന്‍റെ പിറവി അനുസ്മരിപ്പിക്കുന്ന പുല്‍ക്കൂടിന്‍റെ ഉത്ഭവം ജനപ്രീതിയാര്‍ജ്ജിച്ച വിശുദ്ധന്‍, അസ്സീസിയിലെ ഫ്രാന്‍സിസുമായി ബന്ധപ്പെട്ടിരിക്കുന്നു.

2. ഉണ്ണിയേശുവിനോടുള്ള വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഭക്തി
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന് ഉണ്ണിയേശുവിനോട് സവിശേഷമായ ഭക്തിയുണ്ടായിരുന്നു. 1223-ലെ ക്രിസ്തുമസ് രാത്രിയില്‍ ആദ്യത്തെ തിരുപ്പിറവി ദൃശ്യം അദ്ദേഹം സൃഷ്ടിച്ചതായി സമകാലികനും സംഭവത്തിന്‍റെ ദൃക്സാക്ഷിയുമായ വിശുദ്ധ ബൊനവെഞ്ചര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ നാട്ടിലേയ്ക്കുള്ള തീര്‍ത്ഥാടനത്തിനിടയില്‍ ക്രിസ്തുവിന്‍റെ ജന്മംകൊണ്ട് ചരിത്രമായി മാറിയ പലസ്തീനയിലെ ബെതലേഹം ഗ്രാമത്തിലെ ഗുഹ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹത്തിന് തന്‍റെ സമൂഹത്തിലും പുല്‍ക്കൂടു നിര്‍മ്മിക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവചരിത്രകാരന്‍ ചെലാനോ രേഖപ്പെടുത്തുന്നു.

3. ക്രിസ്തുവിന്‍റെ ലാളിത്യം മാതൃകയാക്കാന്‍
ബെതലേഹം ഗുഹയ്ക്കുള്ളിലെ ചെറിയ കാലിത്തൊഴുത്തായിരുന്നു ഫ്രാന്‍സിസിന്‍റെ പ്രചോദനം. അത്തരം എളിമയിലും ലാളിത്യത്തിലും ഭൂമിയിലേയ്ക്ക് ജാതനായ ദൈവപുത്രനായ ക്രിസ്തുവിനോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കാന്‍ ഈ സംഭവം സാഹയിക്കുമെന്ന് സിദ്ധന് ഉറപ്പായിരുന്നു.. വാസ്തവത്തില്‍ ഈ നന്മകള്‍ അനുകരിക്കാനാണ് അദ്ദേഹം സന്ന്യാസസഭ സ്ഥാപിച്ചതുതന്നെ. പുല്‍ക്കൂട് വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണത്തില്‍നിന്നും ലോകമെമ്പാടും ഇന്നും ക്രിസ്തുജയന്തിയുടെ ആത്മീയാനുഭൂതി ഓമ്മയില്‍ വിരിയിക്കുന്ന ദൃശ്യാവിഷ്ക്കരണമായി നിലകൊള്ളുന്നു.

4. തിരുപ്പിറവിയുടെ ആദ്യദൃശ്യം
ഇറ്റലിയിലെ ഗ്രേച്യോയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ നടത്തിയ ക്രിസ്തുമസ് രാത്രിയിലെ ദിവ്യബലിക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഇടയിലാണ് വിശുദ്ധ ഫ്രാന്‍സിസ് ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ദൃശ്യം പുനഃസൃഷ്ടിച്ചത്. തന്‍റെ പട്ടണത്തില്‍ത്തന്നെ തിരുപ്പിറവിയുടെ ആദ്യദൃശ്യം സൃഷ്ടിക്കുവാന്‍ ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം തന്‍റെ സഹോദരന്മാരില്‍ ഒരാളോടു പറഞ്ഞത് വിശുദ്ധ ബൊനവെഞ്ചര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാളയും കഴുതയും ചാരെ നില്ക്കേ, വൈക്കോലില്‍ കിടന്നുകൊണ്ട് ഭൗതികമായ കണ്ണുകള്‍കൊണ്ട് തന്‍റെ ശൈശവത്തിന്‍റെ അരിഷ്ടതകള്‍ ആ കുഞ്ഞ് എങ്ങനെ കണ്ടുവെന്ന് ഓര്‍മ്മപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടാക്കണമെന്ന ആഗ്രഹം ഫ്രാന്‍സിസിന് ഉണ്ടായതിന്‍റെയും ഫലമാണ് ഗ്രേച്യോയിലെ ആദ്യ പുല്‍ക്കൂട്!

5. സുവിശേഷ ദാരിദ്ര്യത്തിന്‍റെ മൗലികത
ഗുഹയ്ക്കുള്ളില്‍ അദ്ദേഹം ഒരു പുല്‍ത്തൊട്ടി സംഘടിപ്പിച്ചു. വയലിലെ മൃഗങ്ങള്‍ക്ക് തീറ്റകൊടുക്കുന്ന മരംകൊണ്ടുള്ള വലിയ തൊട്ടിയാണ് യേശുവിന്‍റെ പിള്ളത്തൊട്ടിലായി പരിണമിച്ചത്. ആദ്യക്രിസ്തുമസ് രാതിയില്‍ ബെതലഹേമില്‍ സംഭവിച്ചതുപോലെ ജീവനുള്ള ഒരു കാളയെയും കഴുതയെയും ആടുമാടുകളെയും അദ്ദേഹം ഈ പുല്‍ക്കൂട്ടില്‍ അണിനിരത്തി. ഈ ദൃശ്യഘടകങ്ങളിലൂടെ എന്തുമാത്രം അരിഷ്ടതയിലും ദാരിദ്യത്തിലൂമാണ് ക്രിസ്തു ഭൂമിയിലേക്കു വന്നതെന്ന് ലോകത്തെ കൂടുതല്‍ ആഴത്തില്‍ ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. സുവിശേഷത്തിലെ മൗലികമായ ദാരിദ്ര്യം കേന്ദ്രീകൃതമായ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ആത്മീയതയുടെയും വിശിഷ്ടമായ ലാളിത്യത്തിന്‍റെയും വീക്ഷണകോണിന്‍റെ മറ്റൊരു പ്രകടമായ ഉദാരഹണമായിരുന്നു ഇത്. ദൈവികമായ ദാരിദ്യത്തിന്‍റെ നന്മയില്‍ തീവ്രമായി സമര്‍പ്പിതനായിരുന്ന വിശുദ്ധ ഫ്രാന്‍സിസ് അക്കാലത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന ഭൗതികതയുടെയും ദ്രവ്യാര്‍ത്തിയുടെയും സംസ്കാരത്തെ മറികടക്കുവാനുള്ള പ്രചോദനമായിരുന്നു യഥാര്‍ത്ഥ തിരുപ്പിറവി ദൃശ്യത്തിന്‍റെ പുനരാവിഷ്ക്കരണമെന്നത് വ്യക്തമാണ്.

6. ബൊനവെഞ്ചറിന്‍റെ സാക്ഷ്യം
ഈ പുല്‍ക്കൂടിനു സാക്ഷിയായ വിശുദ്ധ ബൊനവെഞ്ചര്‍ തിരുപ്പിറവി ദൃശ്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഫ്രാന്‍സിസിന്‍റെ സമകാലീകനും അനുഗാമിയുമായിരുന്ന അദ്ദേഹം (1221-1274) ആദ്യത്തെ ജീവസ്സുറ്റ തിരുപ്പിറവി ദൃശ്യത്തിന്‍റെ രാത്രിയെക്കുറിച്ച് സമ്പൂര്‍ണ്ണമായ ഒരു വിവരണം നല്കുന്നുണ്ട്. വിശുദ്ധ ഫ്രാന്‍സിസിന്‍റെ മരണത്തിന് മൂന്നുവര്‍ഷം മുന്‍പാണ് ഇത് സംഭവിച്ചത്. ഗാഢമായ ഭക്തിയോടെ യേശുവിന്‍റെ തിരുപ്പിറവി ആചരിക്കുവാന്‍ ഗ്രേച്യോ നിവാസികളെ ആവേശ ഭരിതരാക്കുവാന്‍ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് ചെയ്തത്. ലാഘവത്തോടെയും ആര്‍ഭാടത്തോടെയുമല്ല, തികഞ്ഞ ഭക്തിയോടെ ഇത് ആചരിക്കണമെന്ന് വിശുദ്ധ ഫ്രാന്‍സിസിന് നിര്‍ബന്ധമുണ്ടായിരുന്നു. ‌അതുകൊണ്ടുതന്നെ അപ്രകാരം ഗ്രേച്യോ ഗുഹയില്‍ ബലിയര്‍പ്പിക്കുന്നതിനും ഉണ്ണിയേശുവിന്‍റെ ബെതലഹേമിലെ പുല്‍ക്കൂട് ജീവിക്കുന്ന കഥാപാത്രങ്ങളെക്കൊണ്ടു പുനരാവിഷ്ക്കരിക്കുന്നതിനുവേണ്ട അനുമതി അന്നത്തെ ആഗോളസഭാദ്ധ്യക്ഷന്‍, ബോണിഫസ് 8-Ɔമന്‍ പാപ്പായില്‍നിന്നു വാങ്ങിയിരുന്നതായി വിശുദ്ധ ബൊനവെഞ്ചര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഡിസംബര്‍ 1, ഞായര്‍ - പാപ്പാ ഫ്രാന്‍സിസ് ഗ്രേച്യോയില്‍
ഇറ്റലിയിലെ സമയം വൈകുന്നേറം 4.00 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 8.30-ന് വത്തിക്കാനില്‍ നിന്നും 100 കി.മീ. അകലെയുള്ള ഗ്രേച്യോ കുന്നിലെ പുല്‍ക്കൂട്ടില്‍ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കാന്‍ എത്തും.  പുല്‍ക്കൂടിന്‍റെ  ചരിത്രം ദൈവശാസ്ത്രം, സാമൂഹികത, സാംസ്കാരികത, ആത്മീയത എന്നിവ വ്യക്തമാക്കുന്ന അപ്പസ്തോലിക ലിഖിതവും അവിടെവച്ച് ലോകത്തിനായി പാപ്പാ പ്രബോധിപ്പിക്കും. ഗ്രേച്യോയിലെ പരിപാടികള്‍ തത്സമയം കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താം. 

https://www.youtube.com/watch?v=5YceQ8YqYMc 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2019, 19:08