തിരയുക

ഫ്രാന്‍സീസ് പാപ്പാ യേശുവിന്‍റെയും മറിയത്തിന്‍റെയും സന്ന്യാസിനി സമൂഹത്തിന്‍റെ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 05/10/2019 ഫ്രാന്‍സീസ് പാപ്പാ യേശുവിന്‍റെയും മറിയത്തിന്‍റെയും സന്ന്യാസിനി സമൂഹത്തിന്‍റെ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 05/10/2019 

ദൈവം നോക്കുന്നതു പോലെ കാരുണ്യത്തോടെ നോക്കുക!

ദൈവിക സ്നേഹം പകര്‍ന്നു നല്കുന്നതിന് മൂന്നു സരണികള്‍:കാരുണ്യഭരിതമായ ദൈവിക നന്മയ്ക്ക് സാക്ഷ്യമേകുക, സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ജീവിതം നയിക്കുക, വിവേചനബുദ്ധിയും അതിരുകള്‍ക്കപ്പുറം കടക്കാനുള്ള ധൈര്യവും പുലര്‍ത്തുക.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവത്തിന്‍റെ സ്നേഹവും സകല നന്മയും സംവേദനം ചെയ്തുകൊണ്ട് സന്തോഷത്തോടും പ്രത്യാശയോടും ചരിക്കാന്‍ കഴിയുന്നതിന് പാപ്പാ ത്രിവിധ സരണികള്‍ നിര്‍ദ്ദേശിക്കുന്നു.

1818 ഒക്ടോബര്‍ 6-ന് ഫ്രാന്‍സില്‍ സ്ഥാപിതമായ യേശുവിന്‍റെയും മറിയത്തിന്‍റെയും സന്ന്യാസിനിസമൂഹത്തിന്‍റെ മുപ്പത്തിയേഴാം പൊതുസംഘത്തില്‍, അഥവാ, ജനറല്‍ചാപ്റ്ററില്‍ സംബന്ധിക്കുന്ന എഴുപതോളം പേരെ ശനിയാഴ്ച (05/10/2019) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

കാരുണ്യഭരിതമായ ദൈവിക നന്മയ്ക്ക് സാക്ഷ്യമേകുക, സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ജീവിതം നയിക്കുക, വിവേചനബുദ്ധിയും അതിരുകള്‍ക്കപ്പുറം കടക്കാനുള്ള ധൈര്യവും പുലര്‍ത്തുക എന്നിവയാണ് പാപ്പാ നിര്‍ദ്ദേശിച്ച മൂന്നു പാതകള്‍.

ക്ഷമിക്കുന്ന കാരുണ്യവാനായ ദൈവത്തിന്‍റെ നന്മയെക്കുറിച്ചുള്ള അറിവ് ഈ സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയായ വിശുദ്ധ ക്ലൗദീന തേവ്നെറ്റിന്‍റെ മൗലികമായ അനുഭവമായിരുന്നുവെന്ന് പാപ്പാ ദൈവിക നന്മയ്ക്ക് സാക്ഷ്യമേകുക എന്ന ഒന്നാമത്തെ പാതയെക്കുറിച്ചു വിശദീകരിക്കവെ അനുസ്മരിച്ചു.

തന്‍റ രണ്ടു സഹോദരങ്ങളുടെ ഘാതകരോടു പൊറുത്തുകൊണ്ട് വിശുദ്ധ ക്ലൗദിന യാഥാര്‍ത്ഥ്യത്തെ,  ദൈവത്തിന്‍റെ, നന്മനിഞ്ഞവനും മനുഷ്യരെ നിരുപാധികം സ്നേഹിക്കുന്നവനുമായ ദൈവത്തിന്‍റെ, നയനങ്ങളിലൂടെ നോക്കിക്കണ്ടുവെന്ന് പാപ്പാ പറഞ്ഞു.

ഭയവും മുന്‍വിധികളുമില്ലാത, ദൈവം നോക്കുന്നതുപോലെതന്നെയാണ് നമ്മളും ലോകത്തെ സഹാനുഭൂതിയോടെ നോക്കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ജീവിതം നയിക്കുകയെന്ന രണ്ടാമത്തെ പാതയെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ സമര്‍പ്പിതജീവിത സമൂഹത്തില്‍ നയിക്ക്കുന്ന സാഹോദര്യ ജീവിതം ലോകത്തിന് ഒരു പ്രവാചക ശബ്ദമാണെന്ന് പ്രസ്താവിച്ചു.

മൂന്നാമത്തെ പാതയായ വിവേചനബുദ്ധിയെയും പുറത്തേക്കു കടക്കുന്നതിനുള്ള ധൈര്യത്തെയും കുറിച്ചു വിശദീകരിച്ച പാപ്പാ ദൈവം സ്വയം തുറന്നുകൊണ്ട് ലോകത്തില്‍ പ്രവേശിക്കുകയും മനുഷ്യപ്രകൃതി സ്വീകരിക്കുകയും ചെയ്തത് അനുസ്മരിച്ചു.

ദൈവത്തിന്‍റെ ഈ പ്രകിയയാല്‍ ദൈവം പ്രഥമ പ്രേഷിതന്‍ ആയിത്തീരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.  

യേശുവിന്‍റെയും മറിയത്തിന്‍റെയും സന്ന്യാസിനി സമൂഹം രണ്ടു ശതാബ്ദക്കാലംകൊണ്ട് നാലു ഭൂഖണ്ഡങ്ങളിലായി 28 നാടുകളില്‍ വ്യാപിച്ചിരിക്കുന്നതും പാപ്പാ അനുസ്മരിച്ചു

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2019, 12:48